
ഡോ. പി. സി. അനിയൻകുഞ്ഞ്
ആമുഖം
അധികാരത്തെ സംബന്ധിച്ചുള്ള അല്മായ വീക്ഷണം സഭയുടെ വീക്ഷണം തന്നെയായിരിക്കണം. എന്നാൽ അത് ഹയരാർക്കിയുടെ പക്ഷംചേർന്നുള്ളതോ അല്മായരുടെ പക്ഷം ചേർന്നുള്ളതോ ആയ വീക്ഷണമല്ല; മറിച്ച് ഈശോയുടെയും അവിടുത്തെ തുടർച്ചയായ സഭയുടെയും വീക്ഷണമാണ്. ഈ വീക്ഷണം സഭയുടെ എല്ലാ ഘടകങ്ങൾക്കും ഒരേപോലെ എല്ലായ്‌പോഴും ഉൾക്കൊള്ളുവാൻ സാധിച്ചുവെന്നുവരുകയില്ല. അധികാരം ദൈവജനത്തെ സഭാധികാരികളിൽ നിന്ന് അകറ്റുവാനുള്ളതല്ല, പ്രത്യുത ചേർത്തുനിർത്തുവാനുള്ളതാണ്. എന്നാൽ അധികാരനിർവ്വഹണത്തിന്റെ രീതിക്കും തുറവിക്കുമനുസരിച്ച് ഇക്കാര്യത്തിൽ മാറ്റംമറിച്ചിൽ ഉണ്ടാകുന്നു. ഇടയന്റെ യഥാർത്ഥ കരുത്ത് അവൻ തന്റെ ജനത്തെ തന്നോട് ചേർത്തു നിർത്തുമ്പോൾ മാത്രമാണ്. ഓരോ ഇടവകയിലും സംഘടനയിലും രൂപതയിലും ഏതാനും കുറെ ആളുകൾ ചേർന്നു നിൽക്കുവാനും കാര്യങ്ങൾ നടത്തുവാനും ഉള്ളതുകൊണ്ടു മാത്രം ആശ്വാസം കണ്ടെത്തുന്ന തരത്തിലുള്ളതാകരുത് ഈശോയുടെ പൗരോഹിത്യത്തിന്റെ അധികാരവിനിയോഗം. അകന്നു നിൽക്കുന്നവരിലേക്ക് കടന്നു ചെല്ലുവാനുള്ള ആഭിമുഖ്യം വളർത്തിയെടുക്കുവാൻ ശ്രദ്ധിക്കുമ്പോൾ സമൂഹത്തിനുണ്ടാകുന്ന മാറ്റം വിസ്മയകരമായിരിക്കും. അധികാരവും അനുസരണയും ജീവിക്കുന്ന രീതിയും അവയ്ക്കു ചെവികൊടുക്കുന്ന രീതിയും തിരുസ്സഭയിലും സമൂഹത്തിലും സമീപ വർഷങ്ങളിൽ വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത വിസ്മരിക്കാവുന്നതല്ല. അനിയന്ത്രിതമായ സ്വാതന്ത്ര്യ ബോധവും, വ്യക്തിയുടെ സ്വയംഭരണാവകാശവും, സുഖലോലുപതയും, ക്ഷമാപൂർവ്വം കാത്തിരിക്കുവാനുള്ള
വിമുഖതയും അധികാരത്തോട് ഒരു നിഷേധാത്മക സമീപനം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
കുടുംബങ്ങളിൽ തുടങ്ങി, വിദ്യാലയങ്ങളിൽ, കലാലയങ്ങളിൽ, ഇടവകകളിൽ, രൂപതകളിൽ ഒക്കെ ഇതിന്റെ പ്രതിഫലനങ്ങൾ ഏറെനാളുകളായി കണ്ടുവരുന്നു. ഒപ്പം അടിസ്ഥാന അച്ചടക്കവും അനുസരണയും പാലിച്ചില്ലെങ്കിൽ അരാജകത്വം അനുഭവിക്കേണ്ടിവരുമെന്നുള്ള ബോധവും സമൂഹചിന്തയിൽ ഉണ്ട്. അച്ചടക്കരാഹിത്യത്തിന്റെയും അരാജകത്വത്തിന്റെയും സംഘടിത നീക്കങ്ങളും പ്രസ്ഥാനങ്ങളും അണിയറയിൽ കോപ്പു കൂട്ടിവരുന്നു. അധികാരത്തോടുള്ള അതൃപ്തി വർദ്ധമാനമാക്കുവാനും, സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിക്കുവാനും, ഊതിപ്പെരുപ്പിക്കുവാനും, പുകമറ സൃഷ്ടിക്കുവാനും ശ്രമങ്ങൾ നടക്കുന്നു. അധികാരം ശ്രദ്ധയോടും വിവേകത്തോടും കൂടിയും പൊതുനന്മയെ മാത്രം ലക്ഷ്യമാക്കി വിനിയോഗിക്കുന്നതിലുള്ള ബന്ധപ്പെട്ടവരുടെ വീഴ്ചകളും സാമൂഹിക അസ്വസ്ഥതക്കു കാരണമാകുന്നു. ഇത്തരമൊരു കാലഘട്ടത്തിൽ സഭയിലുള്ള അധികാരത്തിന്റെ ഉറവിടവും നിശ്ചയിക്കപ്പെട്ടു നൽകിയിരിക്കുന്ന ശൈലിയും ലക്ഷ്യവും എന്തെന്നുള്ള അന്വേഷണം ഏറെ പ്രധാനപ്പെട്ടതുതന്നെ. ദൈവവചനത്തിന്റെയും സഭാപ്രബോധനങ്ങളുടെയും വെളിച്ചത്തിൽ നടത്തേണ്ട ഈ ഒരന്വേഷണത്തിൽ അധികാരത്തോടുള്ള അല്മായ വീക്ഷണം പ്രകടമായി വരും. കാരണം, അല്മായ വീക്ഷണം – ദൈവശാസ്ത്രം എന്നത് സഭാ വീക്ഷണം അഥവാ സഭാവിജ്ഞാനീയം തന്നെയാണെന്നുള്ള യുവ് കോംഗാറിന്റെ (Yues Congar) പഠനം
ഇന്നും പ്രസക്തമത്രേ. ഇത്തരമൊരു അന്വേഷണമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യവും.
1. അധികാരത്തിന്റെ ഉറവിടം ദൈവം
സഭയിലായാലും രാഷ്ട്രത്തിലായാലും എല്ലാ അധികാരത്തിന്റെയും ഉറവിടം ദൈവമാണെന്നുള്ള സഭയുടെ ബോദ്ധ്യം വി. ഗ്രന്ഥാധിഷ്ഠിതമാണ്. ഇക്കാരണത്താൽ ന്യായമായ അധികാരത്തെ മാനിക്കുവാനും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുവാനും എല്ലാ സഭാതനയർക്കും കടമയുണ്ട്. ഈ
അധികാരം ദൈവത്തിൽ നിന്നു ലഭിക്കുന്ന ധാർമ്മിക ശക്തിയാണ്. വി. പൗലോസ് ഇപ്രകാരം പഠിപ്പിക്കുന്നു: ”ഒരോരുത്തനും മേലധികാരികൾക്കു വിധേയനായിരിക്കട്ടെ. എന്തെന്നാൽ, ദൈവത്തിൽ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവൻ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവൻ തങ്ങൾക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും” (റോമ 13, 1-12). സഭയുടെ അടിസ്ഥാനങ്ങളായ ശ്ലീഹന്മാർക്ക് ഈശോ നേരിട്ടാണ് അധികാരം നൽകിയത് (മത്താ. 10, 1-14; മർക്കോ. 3, 15).
ഒപ്പം, അധികാരികളുടെ ആത്മാർത്ഥമായ എളിമയുടെ മനോഭാവവും സമീപനവും വളരെ പ്രധാനപ്പെട്ടതു തന്നെ. തങ്ങളുടെ യോഗ്യത ദൈവത്തിൽ നിന്നാണെന്ന ബോദ്ധ്യം, അനുദിനം ഇടപഴകുന്ന വിശ്വാസി സമൂഹത്തിന് അനുഭവവേദ്യമാകുന്ന ശൈലി ബോധപൂർവ്വം വളർത്തിയെടുക്കുവാൻ സഭാധികാരികൾ ശ്രദ്ധിക്കണം. ”സ്വന്തമായി എന്തെങ്കിലും മേന്മ അവകാശപ്പെടാൻ ഞങ്ങൾ യോഗ്യരല്ല. ഞങ്ങളുടെ യോഗ്യത ദൈവത്തിൽ നിന്നാണ് (2 കോറി. 3, 5) എന്നുള്ള ഓർമ്മപ്പെടുത്തൽ ശ്രദ്ധേയമത്രേ. ദൈവത്തിന്റെ സഹപ്രവർത്തകരാകുവാൻ സവിശേഷ വിളി ലഭിച്ചിരിക്കുന്നവരായ പുരോഹിതർ തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദൈവകൃപ
വ്യർത്ഥമാക്കരുതെന്ന് പൗലോസ് ശ്ലീഹാ ഓർമ്മപ്പെടുത്തുന്നു (2 കോറി. 6, 1). പൗരോഹിത്യശുശ്രൂഷയിലൂടെ ലഭ്യമാകുന്ന അനുഗ്രഹം അനുഭവിക്കുന്നതുവഴി ദൈവജനത്തിന് ദൈവത്തെ മഹത്ത്വപ്പെടുത്തുവാൻ കഴിയണം
(മത്താ. 9, 8). ലോകം അധികാരത്തെ കാണുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന രീതികൾ സഭാധികാരത്തെയും ഏറെ സ്വാധീനിച്ചിട്ടുള്ളതായി, വ്യതിചലനങ്ങൾ നടന്നതായി ചരിത്രം സാക്ഷിക്കുന്നു. അത്തരമൊരു സ്വാധീനത്തിന്റെ വഴിയിൽ പോകുവാനുള്ള സാധ്യത ഇന്ന് ബോധപൂർവ്വം തിരിച്ചറിഞ്ഞ് ജീവിക്കുവാൻ ശ്രദ്ധിച്ചെങ്കിൽ മാത്രമേ കരഗതമാകുന്ന ദൈവിക അധികാരത്തിന്റെ മാറ്റ് കുറയാതെ ശുശ്രൂഷ ചെയ്യുവാനും ദൈവികമായ സംതൃപ്തി അനുഭവിക്കുവാനും കഴിയുകയുള്ളു. മറിച്ച്, പൗരോഹിത്യത്തിന്റെ വിവിധ പദവികളിൽ എത്തുംതോറും സമൂഹവും വ്യക്തികളും നല്കുന്ന ബഹുമാനാദരവുകളുടെ മാസ്മരികതയിൽ പെട്ട്, അറിഞ്ഞോ അറിയാതെയോ ചരിത്രപരമായ ഈ ഒരു സ്വാധീനത്തിൽ പെട്ടുപോകുവാനും, ദൈവജനത്തോടുള്ള സ്‌നേഹവും കരുതലും കുറഞ്ഞ പരിഗണനാ വിഷയങ്ങളായി കാണുവാനും കാരണമായേക്കാം. ഇതുവഴി പൗരോഹിത്യത്തിന്റെ ദൈവികത
യാണ് കളങ്കിതമാകുന്നതും പരാജയപ്പെടുന്നതും.
2. അധികാരവിനിയോഗത്തിന്റെ അടിസ്ഥാനം സ്‌നേഹം
അധികാരം ഭരിക്കാനുള്ളതല്ല സ്‌നേഹിക്കാനുള്ളതാണ്. സകലത്തിന്മേലും അധികാരമുള്ള സ്രഷ്ടാവായ ദൈവം തന്റെ മനുഷ്യാവതാര കാലത്ത് ഭരിച്ചില്ല; സ്‌നേഹിച്ചു. സ്‌നേഹിക്കാതെ ഭരിക്കുന്നതും സ്‌നേഹിച്ചു ഭരിക്കുന്നതും വലിയ വ്യത്യാസങ്ങൾ ഉളവാക്കുന്നു. ഈ ദൈവിക സ്‌നേഹത്തിന്റെ പ്രവാചകരും പ്രചാരകരുമാകുവാൻ പ്രത്യേകം അവരോധിക്കപ്പെടുന്നവരാണ് സഭയിലെ അധികാരികൾ. ഈ ഒരു പ്രവാചകത്വം ദൈവജനത്തിനിടയിൽ നിലച്ചു പോയാൽ, അതു സൃഷ്ടിക്കുന്ന വിടവിൽ കയറിക്കൂടുന്നതു പൗരോഹിത്യ മേധാവിത്വമാണ് (Clericalism) എന്ന് ഫ്രാൻസിസ് മാർപ്പാപ്പാ ഓർമ്മപ്പെടുത്തുന്നു (പ്രഭാത പള്ളിപ്രസംഗങ്ങൾ 1-ാം വാല്യം പേജ് 529). സഭയിലെ അധികാരത്തിന്റെ ആദ്യതലമുറയ്ക്ക് അധികാരം ഏല്പിക്കുന്നതിനു മുൻപ് കർത്താവായ ഈശോമിശിഹാ പരിശോധിച്ചതും ഉറപ്പുവരുത്തിയതും വിശ്വാസത്തോടൊപ്പം സ്‌നേഹത്തെയാണ് (യോഹ. 21, 15-19). ഒരു കാര്യം മൂന്നു പ്രാവശ്യം ആവർത്തിച്ച് ചോദിച്ചുറപ്പാക്കുന്നത് അത് ഏറ്റവുമധികം പ്രധാനപ്പെട്ടതായതുകൊണ്ടാണല്ലോ. ”ഇവരേക്കാൾ അധികമായി എന്നെ നീ സ്‌നേഹിക്കുന്നുവോ?” എന്ന് മൂന്നു തവണ ആവർത്തിച്ചുകൊണ്ട് ശിമയോൻ പത്രോസിനെഅധികാരപ്പെടുത്തുമ്പോൾ, അധികാരത്തിന്റെ അടിസ്ഥാനം സ്‌നേഹമായിരിക്കണമെന്ന് അസന്നിഗ്ദ്ധമായി അവിടുന്ന് പഠിപ്പിക്കുകയായിരുന്നു. സ്‌നേഹമെന്നത് എല്ലാം അനുവദിച്ചു കൊടുക്കുന്നതല്ല; തിരുത്തലുകൾ ഉണ്ട്, ശിക്ഷണവും ഉണ്ട്. എന്നാൽ അതിലൂടെയെല്ലാം പ്രകടമാകേണ്ടത് അധികാരികളുടെ സ്‌നേഹമായിരിക്കണം; കാരണം അധികാരവിനിയോഗത്തിന്റെ ആത്യന്തികലക്ഷ്യം ജനത്തിന്റെ നന്മയാണ്. ഈ ഒരു പ്രക്രിയയിൽ അധികാരികൾ ഒരു പക്ഷേ സഹനത്തിന്റെ പാതയിൽ കൂടി നീങ്ങേണ്ടതായി വന്നേക്കാം. അതെല്ലാം സഭയുടെ ഉപരി വിശുദ്ധീകരണത്തിന് കാരണമാകും. മിക്ക പ്രബോധനങ്ങളിലും സഭയെ ഒരു കുടുംബമായിട്ടാണല്ലോ അവതരിപ്പിച്ചിരിക്കുന്നത്. സാർവ്വത്രിക കത്തോലിക്കാ സഭാകുടുംബത്തിൽ അപ്പനോ
ടുള്ള വികാരവായ്‌പോടും ആദരവോടും സ്‌നേഹത്തോടും കൂടെ പരിശുദ്ധ പിതാവിനെ കാണുവാനുള്ള പരിശീലനം കുഞ്ഞുന്നാൾ തുടങ്ങി ലഭിക്കുന്നതാണ്. അദ്ദേഹത്തെ മാർപ്പാപ്പാ – നാഥനായ അപ്പൻ – എന്ന് വിളിക്കുന്നതിന്റെ പാരമ്പര്യം അന്ന് പത്രോസ് ശ്ലീഹാ കർത്താവിനു കൊടുത്ത സ്‌നേഹിക്കാമെന്ന ഉറപ്പാണ്.
കർത്താവിനോടുള്ള സ്‌നേഹം അധികാരികൾ ജീവിച്ചിരിക്കുമ്പോൾ പ്രകടമാക്കേണ്ടത് അജപാലനത്തിലൂടെയാണ് – സഭാമക്കളോടുള്ള ബന്ധത്തിലൂടെയും കരുതലിലൂടെയുമാണ്. പൂർണ്ണമായി ഈ സ്‌നേഹത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടവർ, സ്‌നേഹം വറ്റിവരളുന്ന ഈ പൊതു സാഹചര്യത്തിൽ, സ്‌നേഹത്തോടെ ഇടപെടുവാനുള്ള ജാഗ്രത അജപാലനത്തിൽ ഇന്ന് പണ്ടെന്നത്തേക്കാളും പ്രാധാന്യമർഹിക്കുന്നു. എല്ലാറ്റിനേയും കൂട്ടിയിണക്കി പരിപൂർണ്ണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവാൻ പൗലോസ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നു (കൊളോ. 3, 14).
(തുടരും…)