വിശുദ്ധ ജോൺ ഡമസീൻ

ഉപക്രമം
പൗരസ്ത്യസഭയിലെ പ്രഭാപൂരിതരായ സഭാപിതാക്കന്മാരുടെ നിരയിലെ അവസാ നത്തെ കണ്ണിയാണ് വിശുദ്ധ ജോൺ ദമസീൻ. തമിഴ് ശൈലിയിൽ ”പേനാവും നാവും” (തൂലികയും നാവും) ഒരുപോലെ വിശ്വാസസംരക്ഷണത്തിനായി ഉപയോഗിച്ച ഇദ്ദേഹം വിശ്രുതനായ ഒരു വേദപാരംഗതനാണ്. വിശ്വാസത്തെപ്രതി രക്തസാക്ഷികളെപ്പോലെ സഹിച്ച ഈ പുണ്യാത്മാവിന്റെ ജീവിതകഥ അത്യന്തം ഉത്തേജകമാണ്.
ജനനം, ബാല്യം, ദൈവവിളി
വിശുദ്ധ ജോൺ ജനിച്ചത് സിറിയായിലെ ഡമാസ്‌കസ് എന്ന നഗരത്തിലാണ്. അതുകൊണ്ടാണ് ജോൺ എന്ന പേരിനോടു കൂടി ”ഡമസീൻ” എന്ന പദം കൂട്ടിച്ചേർക്കപ്പെട്ടത്. വിശുദ്ധന്റെ പിതാവ് ഒരു ഉറച്ച ക്രിസ്ത്യാനിയായിരുന്നെങ്കിലും സിറിയായിലെ കാലിഫിനു പ്രിയങ്കരനായ ഒരു സാമ്പത്തികോപദേഷ്ടാവായിരുന്നു. കോസ്‌മോസ് എന്ന ഒരു സന്ന്യാസിയായിരുന്നു ജോണിന്റെ അദ്ധ്യാപകൻ. ബുദ്ധിമാനും സൽസ്വഭാവിയുമായിരുന്ന ആ ബാലനിൽ വിശ്വാസത്തിന്റെയും, ഭക്തിയുടെയും, ക്രിസ്തീയ സുകൃതങ്ങളുടെയും വിത്തുവിതയ്ക്കാൻ ഗുരു പരിശ്രമിച്ചു. ആ ശ്രമം വിജയിച്ചുവെന്ന് കാലം തെളിയിച്ചു.
സ്വപിതാവിന്റെ മരണശേഷം ജോൺ, കാലിഫിന്റെ സിറിയായിലെ മുഖ്യ കൗൺസിലറായി നിയമിക്കപ്പെട്ടു. തിരുസ്വരൂപവണക്കത്തെ – പ്രതിമാവണക്കത്തെ – എതിർത്തിരുന്ന ലെയോ ഈസോറിൻ ആരംഭിച്ച മർദ്ദനത്തെ ജോൺ ശക്തമായി എതിർത്തു. മിശിഹായുടെ സ്‌നേഹിതരായ വിശുദ്ധരെ ആദരിക്കുന്നത് ദൈവത്തിനു പ്രീതികരമാണെന്ന് അദ്ദേഹം വാദിച്ചു. ആ വണക്കം ആരാധനയല്ല, ആദരിക്കൽ മാത്രമാണെന്നും (only venera tion, not adoration) അദ്ദേഹം വ്യക്തമാക്കി.
730-ൽ ജോൺ ജറുസലേമിനു സമീപമുണ്ടായിരുന്ന വിശുദ്ധ സാബാസിന്റെ സന്ന്യാസാശ്രമത്തിൽ ചേർന്നു. ജറുസലേം പാത്രിയാർക്കീസായിരുന്ന ജോൺ പഞ്ചമൻ അദ്ദേഹത്തിനു പട്ടം കൊടുത്തു. പരിശുദ്ധാത്മാവിന്റെ ചൈതന്യത്താൽ നിറഞ്ഞ ഫാദർ ജോൺ വിശ്വാസത്തിന്റെ ജ്വലിക്കുന്ന ഒരു പന്തമായി മാറി.
പ്രേഷിതജീവിതം
പണ്ഡിതനും പുണ്യചരിതനുമായിരുന്ന ഫാദർ ജോൺ നല്ലൊരു വാഗ്മിയുമായിരുന്നു.
അദ്ദേഹത്തിന്റെ വാഗ്‌വിലാസം അനേകായിരങ്ങളുടെ ഹൃദയപരിവർത്തനത്തിനു കാരണമായി. നിസ്തുലങ്ങളായ പല ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. തന്നിമിത്തം അദ്ദേഹത്തെ മധ്യയുഗങ്ങളിലെ സ്‌കൊളാസ്റ്റിക് ദൈവശാസ്ത്രത്തിന്റെ മുന്നോടിയായി കരുതിപ്പോരുന്നു. പൗരസ്ത്യ പിതാക്കന്മാരുടെ ഗ്രന്ഥ തല്ലജങ്ങളുടെ സംക്ഷേപമാണ് അദ്ദേഹത്തിന്റെ ”സനാതനവിശ്വാസപ്രദീപം” എന്ന പുസ്തകം. തിരുസ്വരൂപവണക്കത്തെ യുക്തിയുക്തമായി സമർത്ഥിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വാദങ്ങളുടെ മുനയൊടിക്കാൻ പ്രതിമാഭഞ്ജകർക്കു (iconoclasts) കഴിഞ്ഞില്ല. എങ്ങിനെയും അദ്ദേഹത്തെ നശിപ്പിക്കാനായിരുന്നു പിന്നത്തെ ശ്രമം. എന്നാൽ ദൈവകരങ്ങളിൽ അദ്ദേഹം സുരക്ഷിതനായിരുന്നു.
ദൈവത്തിനു വേണ്ടി ജീവിക്കുകയും സഹിക്കുകയും മരിക്കുകയും ചെയ്ത രക്ത
സാക്ഷികളെയും മറ്റു വിശുദ്ധരെയും നാം ബഹുമാനിക്കുകയും അവരെ അനുകരിക്കുകയും ചെയ്യണമെന്ന് ഫാദർ ജോൺ ഉറക്കെപ്പറഞ്ഞു.
ദൈവമാതാവിനോട് ഈ വിശുദ്ധനുണ്ടായിരുന്ന ഭക്തിയും സ്‌നേഹവും അന്യാദൃശ
മായിരുന്നു. പരിശുദ്ധ അമ്മയുടെ തിരുനാൾ ദിനങ്ങളിൽ അദ്ദേഹം നടത്തിയിരുന്ന പ്രഭാഷണങ്ങൾ അത്യധികം ഭക്തിനിർഭരങ്ങളായിരുന്നു. ജനങ്ങൾ ആ പ്രസംഗങ്ങൾ കേൾക്കാൻ തടിച്ചുകൂടി.
വെട്ടപ്പെട്ട കൈ ഒട്ടിച്ചർന്ന സംഭവം
ഫാദർ ജോണിന്റെ തൂലികയും നാവും പ്രതിമാഭഞ്ജകനായ ലെയോ ഈസോറിന് ഒരു ഭീഷണിയായിത്തീർന്നു. അയാൾ ഫാദർ ജോണിന്റെ പേരിൽ ഒരു കള്ള എഴുത്തുണ്ടാക്കി കാലിഫിന് അയച്ചുകൊടുത്തു. ഒരു സൈന്യവുമായി ഡമാസ്‌കസിലേക്കു വന്നാൽ നഗരം പിടിച്ചടക്കാൻ സഹായിക്കാമെന്ന് ഫാദർ ജോൺ ലെയോൻ രാജാവിന് എഴുതിയിരിക്കുന്നതായിട്ടാണു കത്ത്. ക്ഷിപ്രകോപിയായ കാലിഫ് സത്യം അന്വേഷിക്കാതെ വേഗം തന്നെ ഫാദർ ജോണിനെ വിളിച്ചുവരു ത്തിയിട്ട് അദ്ദേഹത്തിന്റെ വലത്തുകൈ വെട്ടി തെരുവിന്റെ മദ്ധ്യത്തിൽ കഴുമരത്തിൽ കെട്ടിത്തൂക്കിയിട്ടു.
വിശുദ്ധൻ, കാലിഫിന്റെ അനുമതിയോടെ വെട്ടപ്പെട്ട കൈയുമായി ദൈവാ ലയത്തിലെത്തി. മാതാവിനോടു പ്രാർത്ഥിച്ച ശേഷം വെട്ടപ്പെട്ട കൈ ചേർത്തുവച്ചു. അത്ഭുതം! ഉടനടി ആ കൈ ഒട്ടിച്ചേർന്ന് പഴയതുപോലെയായി.
ഈ അത്ഭുതസംഭവത്തെപ്പറ്റി കേട്ട കാലിഫ്, ഫാദർ ജോണിനെ വിളിച്ചു വരുത്തി മാപ്പു ചോദിക്കുകയും, എന്തെങ്കിലും ഒരുഅനുഗ്രഹം ആവശ്യപ്പെട്ടുകൊള്ളാൻ പറയു
കയും ചെയ്തു. മന്ത്രി ജോലിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നു മാത്രമാണ് വിശുദ്ധൻ ആവശ്യപ്പെട്ടത്. അവശിഷ്ടജീവിതം ദൈവമാതൃഭക്തിയിൽ ജീവിച്ച് അദ്ദേഹം സ്വർഗ്ഗീയസമ്മാനം നേടി.
ഉപസംഹാരം
”അനുദിനവിശുദ്ധർ” എന്ന ഗ്രന്ഥത്തിൽ കൊടുത്തിരിക്കുന്ന വിചിന്തനം ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം:
”തീക്ഷ്ണമായ പ്രാർത്ഥന കൂടാതെയുള്ള ബുദ്ധിജീവിതം മനപ്പകർച്ചക്കു മാത്രമേ സഹാ
യിക്കൂ. കാറ്റു വിളക്കു കെടുത്തുന്നതുപോലെ യുക്തിവാദം പലപ്പോഴും പ്രാർ ത്ഥനയുടെ ആന്തരിക ചൈതന്യം നശിപ്പിക്കുന്നു.”