വിഴുങ്ങപ്പെടുന്ന വിശുദ്ധദിനങ്ങൾ

0
627

വിശുദ്ധ ദിനങ്ങൾ വിശുദ്ധമായി തന്നെ ആചരിക്കാൻ ഉള്ളതാണ്. കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്നത് മൂന്നാമത്തെ ദൈവകൽപനയാണ്. ഇതിനെക്കുറിച്ച് ചാവറയച്ചന്റെ ചാവരുളിൽ പറയുന്ന കാര്യങ്ങൾ വളരെ പ്രസക്തമാണ് ‘കടമുള്ള ദിവസങ്ങളിൽ കുർബാന കണ്ടതുകൊണ്ട് മതിയാകാതെ ദിവസത്തിന്റെ മുഖ്യപങ്കും പ്രസംഗം കേൾക്കുക, നല്ല പുസ്തകങ്ങൾ വായിക്കുക, തുടങ്ങിയ സത്കർമ്മങ്ങളിലും രോഗികളെ, പ്രത്യേകിച്ച്, സാധുക്കളായ ദീനക്കാരെ ചെന്ന് കണ്ട് അവർക്ക് ശുശ്രൂഷ ചെയ്യുന്നതിലും ചെലവഴിക്കുക. ‘കർത്താവിന്റെ ദിവസം’ എന്ന ശ്ലൈഹിക ലേഖനത്തിൽ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പായും ഇതേ കാര്യങ്ങൾ പറയുന്നുണ്ട്. ഇത് ദൈവാരാധന ഉള്ള ദിവസമാണ്. അനേക ദിവസത്തെ അധ്വാനത്തിന് ശേഷം വിശ്രമിക്കാനുള്ള അവസരമാണ്. കുടുംബത്തോടൊപ്പം ആയിരിക്കാനും സന്തോഷിക്കാനും ഉല്ലസിക്കാനും ഉള്ള സമയമാണ്. വചന വായനയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സൗഹൃദ സന്ദർശനത്തിനുമുള്ള ദിവസമാണ്. ഇവയൊക്കെയാണ് മനുഷ്യജീവിതത്തെ സന്തുഷ്ടവും അർത്ഥ പൂർണവുമാക്കുന്നത്. വിശ്രമത്തെ കുറിച്ച് തിരുവചനം പറയുന്നത് ‘നിന്റെ കാളയും കഴുതയും വിശ്രമിക്കട്ടെ. നിന്റെ ദാസിയുടെ പുത്രനും പരദേശിയും ക്ഷീണം തീർക്കട്ടെ’ (പുറപ്പാട് 23,12) എന്നാണ്.
എന്നാൽ ഇന്ന് അധ്വാന വ്യഗ്രതയിൽ ഉഴറുന്നവരായി നമ്മുടെ സമൂഹം മാറിക്കൊണ്ടി
രിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ഞായറാഴ്ച ആചരണത്തിന്റെയും ക്രിസ്തുമസ്, പെസഹാ, ദുഃഖവെള്ളി, ഉയിർപ്പുഞായർ തുടങ്ങിയ വിശുദ്ധ ദിനങ്ങളുടെയും കഴുത്തു ഞെരുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സർക്കാരുകളുടെ ഭാഗത്തുനിന്ന് ഈ ദിനങ്ങൾ കയ്യേറാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകുന്നു. ക്രൈസ്തവ സ്ഥാപനങ്ങൾ പ്രത്യേകിച്ച് വിദ്യാലയങ്ങളും അവിടുത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ഒക്കെ താൽക്കാലിക ലാഭങ്ങൾക്കു വേണ്ടി അവ അനുവദിച്ചു കൊടുക്കുന്നു. ഇവയുടെ അനന്തരഫലങ്ങൾ ദൂരവ്യാപകമാണ്. ദൈവത്തിനും ദൈവാരാധനയ്ക്കും കൊടുക്കേണ്ട പ്രാധാന്യം നഷ്ടപ്പെടുന്നു എന്നത് ഒരു പ്രധാന വശമാണ്. കത്തോലിക്കാ സന്ന്യസ്തരും അല്മായരുമായ അദ്ധ്യാപകരും പോലും കുട്ടികളെ ഇതിനായി നിർബന്ധിക്കുമ്പോൾ അവർ പറയാതെ പഠിപ്പിക്കുന്ന ഒരു സംഗതിയാണ്. ‘ദൈവപ്രമാണങ്ങൾക്കും സഭയുടെ വിശ്വാസ അനു ഷ്ഠാനങ്ങൾക്കും അത്ര വലിയ പ്രാധാന്യം ഒന്നും കൊടുക്കേണ്ട കാര്യമില്ല, അവ സൗകര്യപൂർവ്വം എപ്പോൾ വേണമെങ്കിലും മാറ്റി വയ്ക്കാവുന്ന കാര്യമാണ്, അവയെക്കാൾ പ്രധാനപ്പെട്ടത് ക്യാമ്പുകളും കോച്ചിംഗുകളും പിക്‌നിക്കുകളും ഒക്കെയാണ്’ എന്നത്.
സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് സഭ എന്ത് ഉദ്ദേശിക്കുന്നു എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്: ”സവിശേഷമായ കാരണത്താൽ വിദ്യാഭ്യാസം നൽകേണ്ടത് സഭയുടെ ചുമതലയാണ്… സർവ്വോപരി രക്ഷയുടെ മാർഗ്ഗം എല്ലാ മനുഷ്യർക്കും പ്രഘോഷിക്കുവാനും വിശ്വസിക്കുന്നവർക്ക് മിശിഹായുടെ ജീവൻ പകർന്നു കൊടുക്കുവാനും ഈ ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് എത്തിച്ചേരാൻ അവർക്ക് കഴിയും വിധം അവരെ നിരന്തരമായ താൽപര്യത്തോടെ സഹായിക്കാനും അവൾക്ക് ചുമതല ഉള്ളതുകൊണ്ടാണ്’ (വിദ്യാഭ്യാസം, 3).
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രഖ്യാപന പ്രകാരം സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഭാംഗങ്ങൾ അല്ലാത്തവരോട് വിശ്വാസം പ്രഘോഷിക്കാനും സഭാംഗങ്ങളെ വിശ്വാസത്തിൽ വളർത്താനും വേണ്ടിയുള്ളതാണ്. എന്നാൽ ഈ ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമായി എതിർ സാക്ഷ്യം നൽകുന്നതിനാണോ തങ്ങൾ ഇത്രയും ത്യാഗങ്ങൾ സഹിച്ച് ഈ സമർപ്പണ ജീവിതം തെരഞ്ഞെടുത്തത് എന്ന സ്ഥാപന വ്യഗ്രതയിൽ മുഴുകിയിരിക്കുന്ന സന്ന്യസ്തരും യഥാർത്ഥ ക്രൈസ്തവ ദൗത്യം എന്തെന്ന് ഇതിന് കുടപിടിക്കുന്ന അത്മായരും ചിന്തിക്കുന്നത് ദൈവം തമ്പുരാന് വളരെ ഇഷ്ടമുള്ള കാര്യമാണ്. സ്ഥാപന അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന ഇത്തരം പ്രവണതകൾ മാതാപിതാക്കൾക്ക് ഉതപ്പായി മാറുകയും അവർ ഞായറാഴ്ച ആചരണം കൂടുതൽ ലാഘവത്തോടെ കാണുകയും ചെയ്യാൻ ഇടയാകുന്നു.
പൊതുസമൂഹത്തിൽ ക്രൈസ്തവ സംസ്‌കാരത്തിന്റെ സ്വാധീനം കുറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി സർക്കാർ തലങ്ങളിൽ പ്രത്യേകിച്ച് കേരളാ വിദ്യാഭ്യാസവകുപ്പിൽ ഞായറാഴ്ച പ്രവൃത്തി ദിവസവും വെള്ളിയാഴ്ച അവധി ദിവസവും ആയി മാറിക്കൊണ്ടിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ പല പൊതു പരീക്ഷകളും ഞായറാഴ്ചയാണ് നടത്തപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇപ്രാവശ്യം കേരളത്തിലെ അദ്ധ്യാപക യോഗ്യതാ പരീക്ഷ ആയ K-TET നവംബർ 24 ഞായറാഴ്ച രാവിലെയാണ് നടത്തപ്പെട്ടത്. ധാരാളം സന്ന്യാ സിനികൾ എഴുതുന്ന പരീക്ഷയായിട്ടും യാതൊരു പ്രതിഷേധ സ്വരവും സഭയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഒരേ അതിക്രമം പലപ്രാവശ്യം ആവർത്തിക്കപ്പെടുമ്പോൾ നമ്മൾ അതിനു അടിമപ്പെട്ടു പോകുന്നതിന്റെ ഒരു ഉദാഹരണമാണ് ഇത്. തത്പരകക്ഷികൾ ഇത്തരം ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുമ്പോഴാണ് സഭാ സ്ഥാപനങ്ങൾ പരസ്പരമത്സരത്തിന്റെ ഭാഗമായി ഞായറാഴ്ചകളിലും പെസഹാ വ്യാഴാഴ്ച പോലും എൻട്രൻസ് കോച്ചിംഗുകളും മറ്റു പ്രോഗ്രാമുകളും പിക്‌നിക്കുകളും നടത്തുന്നത്. ഈ ഞായറാഴ്ചകൾ മുടക്കി എൻട്രൻസ് പഠിച്ച് എൻജിനീയറിങ് പാസായ എത്രയെണ്ണം മൊബൈലും ചുരണ്ടി കാലക്ഷേപം കഴിക്കുന്നുണ്ട് എന്ന ഒരു കണക്ക് എടുക്കുന്നത് നല്ലതായിരിക്കും. തങ്ങളുടെ നിലനില്പിനു വേണ്ടി മാത്രം മാതാ പിതാക്കളെ ബ്രെയിൻ വാഷ് ചെയ്ത്, കുട്ടികളുടെ ഞായറാഴ്ചകളും അവധിദിനങ്ങളും നഷ്ടപ്പെടുത്തി, അവരുടെ ജീവിതത്തിലെ ഉല്ലാസങ്ങളും സന്തോഷങ്ങളും തല്ലിക്കെടുത്തി, അവരെ അനാവശ്യമായ സ്ട്രസിനും ഹൈപ്പർ ടെൻഷനും ഇരയാക്കി, അതിൽ നിന്ന് രക്ഷ നേടുവാൻ അവർക്ക് കഞ്ചാവും മറ്റു ലഹരിപദാർത്ഥങ്ങളെയും ആശ്രയിക്കേണ്ട ഗതികേടിൽ എത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് കർത്താവ് പറഞ്ഞിട്ടുണ്ട്. നല്ല ഫലങ്ങൾ കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിൽ എറിയപ്പെടും.
ഈ ലേഖനം എഴുതുന്നതിനുള്ള കാരണം ക്രിസ്തുമസ് ആണ് ക്രിസ്തുമസിന്റെ ദിവസങ്ങൾ നാടുമുഴുവൻ ആഘോഷങ്ങളും വർണ്ണപ്പൊലിമകളും കൊണ്ട് നിറയുന്ന അവസരമാണ്. എന്നാൽ കുറച്ച് കുട്ടികൾക്ക് മാത്രം ഇവയെല്ലാം നിഷേധിക്കപ്പെടുന്നു. തങ്ങളുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും എല്ലാം ദൈവാരാധനയിൽ പങ്കെടുക്കുകയും ആഘോഷങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്ന ക്രിസ്തുമസിന്റെ ദിവസത്തിലും അവസരങ്ങളിലും ഈ പാവങ്ങൾ റോഡ് തൂക്കുകയോ കുഴിവെട്ടുകയോ വേസ്റ്റ് കോരുകയോ ആയിരിക്കും ചെയ്യുന്നത്.
നാഷണൽ സർവീസ് സ്‌കീം (NSS) പോലെയുള്ള ക്യാമ്പുകൾ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച് വിദ്യാർത്ഥികളെ സമൂഹത്തിന്റെ ആഘോഷങ്ങളിൽ നിന്ന് അകറ്റിനിർത്തുന്ന മനുഷ്യാവകാശ ലംഘനത്തെയും ദൈവാരാധന നിഷേധിക്കുക എന്ന ഭരണഘടന അനുവദിച്ച മത സ്വാതന്ത്ര്യത്തിന്റെയും ന്യൂനപക്ഷ അവകാശത്തിന്റെയും ലംഘനത്തെ കുറിച്ചാണ് ഇവിടെ പറഞ്ഞത്.
ആഘോഷങ്ങളും വിശ്രമങ്ങളും ദൈവം അനുവദിച്ചു നൽകിയിട്ടുള്ളതാണ്. പഴയനിയമ ഭാഗങ്ങളിൽ ഇത് വളരെ വ്യക്തമാണ്. തിരുന്നാളുകളിൽ പങ്കെടുക്കുന്ന ഈശോയെ സുവിശേഷത്തിലും കാണാൻ സാധിക്കും. ദൈവാരാധനയ്ക്കും ദൈവ ശുശ്രൂഷയ്ക്കും ആയി നീക്കി വെയ്‌ക്കേണ്ട സമയം മറ്റ് ഭൗതിക കാര്യങ്ങൾക്ക് വേണ്ടി മാറ്റി വെയ്ക്കുന്നത് ദൈവകല്പനയുടെ ഗുരുതരമായ ലംഘനം തന്നെയാണ്. മാത്രമല്ല ക്രൈസ്തവ സംസ്‌കാരത്തെ തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ തത്പര കക്ഷികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോൾ അതിനെ ചെറുക്കേണ്ടത് യഥാർത്ഥ ക്രൈസ്തവ ധർമ്മം കൂടെയാണ്.