മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 34 പാറേമ്മാക്കൽ തോമ്മാക്കത്തനാരുടെ പിൻഗാമികൾ (1799-1838) പണ്ടാരി പൗലോസ് മെത്രാൻ

റോമിന്റെ കീഴിലുള്ള കർമ്മലീത്താ മിഷണറിമാരുടെ ശക്തമായ എതിർപ്പുമൂലം പാറേമ്മാക്കൽ തോമ്മാക്കത്തനാർക്ക് മെത്രാൻസ്ഥാനം ലഭിക്കുകയില്ലെന്ന് മാർത്തോമ്മാ നസ്രാണികൾക്ക് മനസ്സിലായി. തന്മൂലം ഒരു സ്വജാതി മെത്രാനെ ലഭിക്കുന്നതിന് അപേക്ഷകളുമായി ഒരു ദൗത്യസംഘം പുത്തൻചിറക്കാരനായ പോൾ പണ്ടാരിയുടെ നേതൃത്വത്തിൽ 1792-ൽ ബാഗ്ദാദിലേക്കു പോയി. അപ്പോൾ കൽദായ പാത്രിയാർക്കീസായിരുന്ന ജോസഫ് ഔദോ നാലാമൻ സ്ഥലത്തില്ലായിരുന്നു. അദ്ദേഹത്തിനുവേണ്ടി പാത്രിയാർക്കേറ്റിന്റെ ഭരണം നിർവ്വഹിച്ചിരുന്നത് അഡ്മിനിസ്‌ട്രേറ്റർ ജോൺ ഹോർമ്മീസ് മെത്രാപ്പോലീത്തയായിരുന്നു. ദൗത്യസംഘം മാർ ഹോർമ്മീസിനെ കാണുകയും അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തു. ഹോർമ്മീസ് റോമിലേക്കെഴുതിയെങ്കിലും മറുപടി ലഭിക്കായ്കയാൽ മാർ ഹോർമ്മീസ് പണ്ടാരി പൗലോസിനെ മെത്രാനായി വാഴിച്ചു. പൗലോസ് മെത്രാൻ മാർ അബ്രാഹം എന്ന പേരു സ്വീകരിച്ചു. മാർ അബ്രാഹം മെത്രാൻ പാറേമ്മാക്കലിന്റെ മരണം വരെ സുറിയാനിസഭയുടെ ഭരണകാര്യങ്ങളിൽ ഇടപെട്ടില്ല. പാറേമ്മാക്കലിന്റെ മരണശേഷം (20 മാർച്ച് 1799) അബ്രാഹം മെത്രാനും കാനോനിസ്തന്മാരും വൈദികരും തച്ചിൽ മാത്തു തരകനും ചങ്ങനാശേരി പള്ളിയിൽ സമ്മേളിച്ച് സഭയുടെ ഭരണകാര്യങ്ങളെ പറ്റി ചർച്ച നടത്തി. അതിനെ തുടർന്ന് കാനോനിസ്തന്മാരിൽ ഒരാളായ കട്ടക്കയത്തിൽ അബ്രാഹം മല്പാനെ കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണ്ണദോരായി തെരഞ്ഞെടുത്തു. പണ്ടാരി മെത്രാന്റെ അന്ത്യത്തെക്കുറിച്ച് പല അഭിപ്രായങ്ങളാണുള്ളത്. അദ്ദേഹം വരാപ്പുഴയിൽവച്ച് നിര്യാതനായി എന്നും,   അതല്ല മെസെപ്പൊട്ടേമിയായിലേക്കു പോയെന്നും അവിടെവച്ച് മരിച്ചു എന്നും പറയപ്പെടുന്നുണ്ട്.
കട്ടക്കയത്തിൽ അബ്രാഹം മല്പാൻ
കട്ടക്കയത്തിൽ അബ്രാഹം മല്പാൻ പാലാ ഇടവകക്കാരനായിരുന്നു. പാറേമ്മാക്കലനുശേഷം ഇദ്ദേഹം കൊടുങ്ങല്ലൂരിന്റെ ഗോവർണ്ണദോരായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഇത് സാധുവായ ഒരു തെരഞ്ഞെടുപ്പായി അന്നത്തെ സഭാധികാരികൾ അംഗീകരിച്ചില്ല. പാറേമ്മാക്കലിന്റെ കാലത്ത് സുറിയാനി പള്ളി ക്കാരെല്ലാം അങ്കമാലിയുടെ കീഴിലായിരുന്നു. എന്നാൽ ഗോവർണ്ണദോരിന്റെ മരണ
ശേഷം അവരെ വരാപ്പുഴ ഭരണത്തിൻ കീഴിൽ കൊണ്ടുവരുന്നതിന് കർമ്മലീത്ത മിഷനറിമാർ ശ്രമിച്ചു. അതുകൊണ്ട് അവർ കട്ടക്കയത്തിൽ അബ്രാഹം മല്പാന്റെ തെരഞ്ഞെടുപ്പു സാധുതയെ ചോദ്യം ചെയ്തു. എന്നാൽ പാറേമ്മാക്കലനുശേഷം കട്ടക്കയത്തിൽ അബ്രഹാം മല്പാൻ ഗോവർണ്ണദോർ സ്ഥാനം ഏറ്റെടുക്കുകയും മാർത്തോമ്മാ ആറാമന്റെ പുനരൈക്യത്തിനായി പരിശ്രമിക്കുകയും ചെയ്തു. കട്ടക്കയത്തിൽ അബ്രാഹം മല്പാൻ ഒന്നരക്കൊല്ലം ഗോവർണ്ണദോരായി ഭരണം നടത്തി.
ശങ്കുരിക്കൽ ഗീവർഗ്ഗീസ് മല്പാൻ                                                                                    കൊടുങ്ങല്ലൂർ അതിരൂപതയുടെമേൽ ഗോവ മെത്രാപ്പോലീത്ത അധികാരം നൽ
കിയിരുന്ന ലൂയിസ് ജോസഫ് റീബാമറിന്റെ പക്കൽ നിന്നും ശരിയായ അംഗീകാരം
അബ്രാഹം കട്ടക്കയത്തിൽ മല്പാന്റെ നിയമനത്തിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് കട്ടക്കയത്തിൽ അബ്രാഹം മല്പാന്റെ നിയമനത്തെ അസാധുവായി പോർട്ടുഗീസുകാർ കണ്ടത്. പ്രശ്‌നപരിഹാരത്തിനായി വരാപ്പുഴ മെത്രാന്റെ പ്രേരണയനുസരിച്ച് 1800-ൽ റീബാമർ ഏതാനും സുറിയാനി പള്ളിക്കാരെ ആലപ്പുഴ മാർ സ്ലീവാ പള്ളിയിൽ വിളിച്ചുകൂട്ടി. ആ യോഗം ശങ്കുരിക്കൽ ഗീവർഗ്ഗീസ് മല്പാനെ ഗോവർണ്ണദോരായി തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിനെ ഗോവ മെത്രാപ്പോലീത്ത അംഗീകരിച്ചു. സമുദായ ഐക്യം സംരക്ഷിക്കാൻ കട്ടക്കയവും മാത്തുതരകനും പുതിയ ഗോവർണ്ണദോരുടെ നേതൃത്വം സ്വീകരിച്ചു. സുറിയാനിക്കാർക്കിടയിൽ കക്ഷി ഭിന്നതകളും മത്സരങ്ങളും ഉണ്ടാകാതിരിക്കാൻ കട്ടക്കയം അബ്രാഹം മല്പാൻ ഗോവർണ്ണദോർ സ്ഥാനം രാജിവച്ചു. ശങ്കുരിക്കൽ ഗോവർണ്ണദോർ 1801-ൽ നിര്യാതനായി.
പദ്രുവാദോ ഭരണാധിപന്മാർ
ശങ്കുരിക്കൽ ഗീവർഗ്ഗീസിനുശേഷം 1821 വരെ കൊടുങ്ങല്ലൂരിൽ മൂന്ന് അഡ്മിനിസ്‌ട്രേറ്റർമാർ ഭരണം നടത്തി. അവർ യഥാക്രമം ഡൊമിനിക്ക്, ജൊവാക്കിം ബോളോ, തോമസ് അക്വിനാസ് എന്നിവരാണ്. ഇവരിൽ തോമസ് അക്വീനാസ് 1821-
1823 വരെ മെത്രാപ്പോലീത്തയായി ഭരണം നടത്തി. പദ്രുവാദോ ഭരണത്തിലെ അവസാനത്തെ മെത്രാപ്പോലീത്തയാണദ്ദേഹം. സെമിനാരിയാക്കണമെന്ന ഉദ്ദേശ്യത്തോടെ തോമസ് അക്വിനാസ് പൊതുമുതൽ മുടക്കി പണികഴിപ്പിച്ചതാണ് ചങ്ങനാശേരിയിലെ പഴയ പള്ളിമുറി. 1823 ഡിസംബർ 19-ാം തീയതി കൊല്ലത്തുവച്ച് നിര്യാതനായ അദ്ദേഹത്തിന്റെ മൃതദേഹം ചങ്ങനാശേരിയിൽ സംസ്‌കരിച്ചു.
1823-1825 വരെ ജൊവാക്കിം എന്നൊരാൾ അഡ്മിനിസ്‌ട്രേറ്ററായിരുന്നു. 1826- 1838 വരെ ഡോഫോർട്ടേയും ഗോവർണ്ണദോരായി. 1838 ഏപ്രിൽ 24-ാം തീയതി ”മുൾത്താ പ്രെക്ലാരെ” എന്ന തിരുവെഴുത്തിലൂടെ ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പാ പദ്രുവാദോ ഭരണം നിർത്തലാക്കിയപ്പോൾ ഇന്ത്യയിലെ പദ്രുവാദോ ഭരണത്തിന് തൽക്കാല വിരാമമായി.