പഞ്ചവത്സര അജപാലന പദ്ധതി മൂന്നാം വർഷം

പഞ്ചവത്സര അജപാലന പദ്ധതി 2017 ഡിസംബർ മംഗളവാർത്താക്കാലാരംഭത്തോടെ അതിരൂപതയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. നവംബർ 30 ശനിയാഴ്ചയിലെ ആഘോ ഷമായ സായാഹ്ന നമസ്‌കാരത്തോടെ നാം പുതിയ ആരാധനവത്സരത്തിലേയ്ക്കു പ്രവേശിക്കുന്നതോടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം വർഷം ആരംഭിക്കുന്നു. അതിരൂപതയിലെ അജപാലന പ്രവർത്തനങ്ങളുടെ ഏകോപനവും അവയെ കൂടുതൽ സജീവവും സഭാത്മകവും കാലിക പ്രസക്തവുമാക്കുകയാണ് ഈ അജപാലന പദ്ധതിയുടെ ലക്ഷ്യം. നമ്മുടെ അതിരൂപത ഊന്നൽ നല്കുന്ന 10 അജപാലന മേഖലകളിലെ പ്രവർത്തനം ആരാധാനവത്സരത്തിന്റെ ചൈതന്യത്തിനനുസൃതം ക്രമീകരിച്ചുകൊണ്ട് സഭാത്മക ജീവിതവും ആരാധനാക്രമാധിഷ്്ഠിതമായ ആദ്ധ്യാത്മികതയും കെട്ടിപടുക്കുകയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
നമ്മുടെ വിശ്വാസ ജീവിതത്തിന്റെ രണ്ടു അഭിവാജ്യ ഘടകങ്ങളാണ് ശരിയായ വിശ്വാസവും (Orthodoxy) ഈ വിശ്വാസമനുസരിച്ച ജീവിതവും (Orthopraxis). ഈ വിശ്വാസ ജീവിതത്തിനു നമ്മെ സഹായിക്കുന്ന പഠനവിഷയങ്ങളാണ് ഓരോ വർഷത്തേക്കും നാം തെരഞ്ഞെടുത്തിരിക്കുന്നത്. ക്രൈസ്തവ ജീവിതം സഭയോടൊത്തുള്ള ജീവിതമാണ്. കാരണം സഭയുടെ വിശ്വാസത്തിലാണ് നാം പങ്കുകാരാകുന്നത്; വി. മാമ്മോദീസായിലൂടെ സഭയിൽ അംഗത്വം നല്കി സഭാ കൂട്ടായ്മയിൽ നമ്മെ ഉൾച്ചേർക്കുന്നതും സഭയാണ്. ഈ വിശ്വാസം നാം ഇന്നു ജീവിക്കുന്നത് ഒരു സമുദായമാകുന്ന കൂട്ടായ്മയിലുമാണ്. ഇക്കാരണത്താൽ ഒന്നാം വർഷം ജീവിതം സഭയോടൊത്ത് നയിക്കുവാൻ മാതൃസഭയുടെ ചരിത്രം സഭാജീവിതം സമുദായബോധം എന്നിവ ആഴത്തിൽ മനസ്സിലാക്കുവാൻ ശ്രദ്ധിച്ചു.
സഭയുടെ വിശ്വാസം ദൈവത്തിന്റെ വെളിപാടിനുള്ള മറുപടിയാണ്. ദൈവത്തിന്റെ വെളിപാടിന്റെ രണ്ടു ഘട്ടങ്ങളാണ് പഴയനിയമകാല ഘട്ടവും പുതിയനിയമ കാലഘട്ടവും. പഴയനിയമ കാലഘട്ടത്തിൽ വാക്കിലും പ്രവൃത്തിയിലും അടയാളങ്ങളിലും അത്ഭുതങ്ങളിലും വെളിപ്പെടുത്തിയ ദൈവം പുതിയ നിയമകാലഘട്ടത്തിൽ തന്റെ പുത്രനിലൂടെ സ്വയം വെളിപ്പെടുത്തി. പുത്രൻ തമ്പുരാനിൽ വെളിപാടിന്റെ പൂർണ്ണതയും പൂർത്തീകരണവും സംഭവിച്ചു. ദൈവത്തിന്റെ വെളിപാടിന്റെ ഉള്ളടക്കം ഇന്ന് നമുക്കു ലഭിക്കുന്നത് എഴുതപ്പെട്ട വചനമായ വി. ഗ്രന്ഥത്തിലൂടെയും എഴുതപ്പെടാത്ത ദൈവവചനമായ വി.പാരമ്പര്യത്തിലൂടെയുമാണ്. ജീവിത വെളിച്ചമായ ഈ വചനമാണ് രണ്ടാം വർഷം നാം പഠനവിഷയമാക്കിയത്.
സഭ: ആരാധനാ സമൂഹം
ക്രൈസ്തവ സമൂഹം അടിസ്ഥാനപരമായി ഒരു ആരാധനാസമൂഹമാണ്. വിശ്വാസി കളുടെ ആത്മബോധത്തിന്റെ ഭാഗമാകേണ്ടതും ഈ അടിസ്ഥാന ബോധ്യമാണ്.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ വിശ്വാസിസമൂഹം സത്താപരമായി  വിശ്വസിക്കുകയും പ്രത്യാശിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ആരാധനാ സമൂഹമാണ്. വാക്കിലും പ്രവൃത്തിയിലും (വചനം)വെളിപ്പെടുത്തിയ ദൈവത്തിന് വിശ്വാ സമാകുന്ന മറുപടി നല്കി ദൈവത്തിലും അവിടുന്ന് പുത്രനിലും പുത്രനിലൂടെയും പൂർത്തിയാക്കിയ രക്ഷാകര പദ്ധതിയിലും പ്രത്യാശർപ്പിച്ച്, പുത്രൻ തമ്പുരാൻ പകർന്നുനല്കിയ സ്‌നേഹത്തിന്റെ പ്രമാണം (പങ്കുവയ്ക്കൽ) ജീവിതവ്രതമാക്കിയ ആരാധനാ സമൂഹമാണ് ക്രൈസ്തവ സമൂഹം. പുതിയനിയമ ആരാധന സത്യത്തിലും ആത്മാവിലുമുള്ള ആരാധനയാണ് (യോഹന്നാൻ 4, 23). ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും പങ്കുവയ്ക്കലിന്റെ ജീവിതവുമാണ് ഒരു വ്യക്തിയെ ദൈവസ്വീകാര്യതയുള്ള ആരാധനയ്ക്ക് യോഗ്യമാക്കുന്നത്. മനുഷ്യരക്ഷയ്ക്കുള്ള ദൈവത്തിന്റെ പദ്ധതി അഥവാ സ്വപുത്രനിലൂടെ പൂർത്തിയാക്കിയ രക്ഷാകര പദ്ധതിയുടെ അനുസ്മരണവും ആഘോഷവുമാണ് സഭയുടെ ആരാധന.
ആദിമ ക്രൈസ്തവ സമൂഹം വ്യത്യസ്തമായിരുന്നത് ഒരു ആരാധനാ സമൂഹമെന്ന നിലയിലാണ്. മാമ്മോദീസാ സ്വീകരിച്ചവർ ശ്ലീഹന്മാരുടെ പ്രബോധനം, പ്രാർത്ഥന, പങ്കുവയ്ക്കൽ, കൂട്ടായ്മ എന്നിവയിൽ സദാതാല്പര്യപൂർവ്വം പങ്കുചേർന്നിരുന്നു (അപ്പ.
2, 42).
ആരാധന: സഭയോടൊത്ത്
വിശ്വാസം രക്ഷാകര ഹസ്യങ്ങളുടെ ഓർമ്മയാണെന്നും ഈ ഓർമ്മയുടെ (വിശ്വാ
സത്തിന്റെ) ആഘോഷമാണ് ആരാധനയെന്നും നാം കണ്ടു. ഈ ഓർമ്മയും ആരാധനയും സഭാത്മകവുമാണ്. സഭയോടൊത്താണ് നാം ആരാധന അർപ്പിക്കുന്നത്; സഭയാണ് നമ്മെ ആരാധനയ്ക്ക് യോഗ്യരാക്കുന്നതും, ക്ഷണിക്കുന്നതും. കാരണം സഭയിലുംസഭയോടൊത്തുമുള്ള ഓർമ്മയാണിത്.
മൂന്നാം വർഷത്തെ ചിന്തയുടെയും പഠനത്തിന്റെയും പ്രവർത്തനങ്ങളുടെയും കേന്ദ്രമാകുന്നത് സഭയുടെ ആരാധനയാണ്. വിശ്വാസ ജീവിതത്തിന്റെ കേന്ദ്രം ആരാധനയാണ്. പഞ്ചവത്സര അജപാലന പദ്ധതി പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലറിൽ അഭിവന്ദ്യ പിതാവ് ഇപ്രകാരം എഴുതി: ”സഭയിൽ മുഖ്യസ്ഥാനം ആരാധനയ്ക്കാണ്. വിശ്വാസത്തിന്റെ ആഘോഷമായ ലിറ്റർജിയാണ് ഓരോ സഭയുടെയും വ്യക്തിത്വത്തിന്റെയും തനിമയുടെയും മുഖ്യ ഘടകം”. അതുപോലെ അജപാലന പദ്ധതിയുടെ മൂന്നാം വർഷത്തെ സംബന്ധിച്ചു പുറപ്പെടുവിച്ച ഇടയലേഖനത്തിൽ പിതാവ് കുറിച്ചു: ”സഭയുടെ ആത്മീയ പിതൃസ്വത്തിന്റെ ഏറ്റവും ഉന്നതമായ പ്രകാശനമാണ് ലിറ്റർജി. ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും ശിക്ഷണക്രമവുമെല്ലാം ഈ പിതൃസ്വത്തിന്റെ ഇതര ഘടകങ്ങളാണ്.”
രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാരും അടിവരയിട്ടു പറഞ്ഞിട്ടുള്ള കാര്യം നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുള്ളതാണ്: ”സഭയുടെ പ്രവർത്തനം തന്നെ ആരാധനാക്രമമാകുന്ന അത്യുച്ചസ്ഥാനത്തേയ്ക്കാണു തിരിഞ്ഞിരിക്കുന്നത്. അവളുടെ ശക്തിമുഴുവനും നിർഗ്ഗളിക്കുന്നതും അവിടെനിന്നുതന്നെ.” (ആരാധനാക്രമം 10).
സഭയുടെയും വിശ്വാസികളുടെയും ജീവിതത്തിന്റെ ആരാധനയ്ക്കും ആരാധനാ
ക്രമത്തിനുമുള്ള പ്രാധാന്യം അനുസ്മരിച്ചുകൊണ്ടാണ് അഭിവന്ദ്യ പെരുന്തോട്ടം പിതാവ് പഞ്ചവത്സര അജപാലന പദ്ധതിയുടെ ഹൃദയമാണ് മൂന്നാം വർഷമെന്ന് നമ്മെ ഓർമ്മപ്പെടുത്തിയത്.
അതിനാൽ ഈ മൂന്നാം വർഷത്തിൽ നമ്മുടെ ആത്മീയതയുടെ യഥാർത്ഥ ഉറവിടം
ദൈവാരാധന അഥവാ ആരാധനക്രമമാണെന്ന ബോദ്ധ്യത്തിൽ പരി. കുർബാനയിലും ഇതര കൂദാശകളിലും കൂദാശാനുകരണങ്ങളിലും യാമപ്രാർത്ഥനകളിലും കേന്ദ്രീകരിച്ചതും ആരാധനവത്സരത്തിന് അുസൃതമായ ആദ്ധ്യാത്മിക ജീവിതം രൂപപ്പെടുത്താൻ സഹായിക്കുക എന്നതായിരിക്കണം ഈ വർഷത്തെ പഠന ങ്ങളുടെയും പ്രവർത്തനങ്ങളുടെയും പ്രത്യേകലക്ഷ്യം.