തൂണിന്മേൽ ശെമയോൻ (ca. 386 – 459 AD)

പ്രാചീന സുറിയാനി താപസചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർത്ത മഹാതാപസികനും വിശുദ്ധനുമായ തൂണിന്മേൽ ശെമയോൻ നൂറ്റാണ്ടുകൾക്കിപ്പുറം ഇന്നും സാമാന്യ മനുഷ്യരിൽ വിസ്മയം ജനിപ്പിക്കുന്ന അപൂർവ്വ വ്യക്തിത്വത്തിന് ഉടമയാണ്. ഇദ്ദേഹം ഒരു മനുഷ്യനാണോ?, എന്നത് അദ്ദേഹത്തിന്റെ സമകാലികരായിരുന്ന സഹസന്ന്യാസിമാരിലും, കാതോലിക്കാമാരും ചക്രവർത്തിമാരും ഉൾപ്പെട്ടിരുന്ന അദ്ദേഹത്തിന്റ സന്ദർശകരിലും, സമീപവാസികളിലുമെന്നതുപോലെ തന്നെ മാർ ശെമയോന്റെ ജീവചരിത്രം വായിക്കുന്ന ആരിലും ജനിച്ചിരുന്ന ന്യായമായ സംശയമായിരുന്നു. അദ്ദേഹത്തിന്റെ കഠിനമായ താപസികജീവിതത്തിന് ദൃക്‌സാക്ഷിയായിരുന്ന സൈറസ്സിലെ മെത്രാനായിരുന്ന തെയോഡൊറ്റെറ്റ് താനെഴുതിയ മാർ ശെമയോന്റെ ചരിത്രം കെട്ടുകഥയായി വായനക്കാർക്ക് തോന്നിയേക്കുമോയെന്ന് ഭയപ്പെട്ടിരുന്നു. ലോകത്തിന് അത്ഭുതവിഷയമായിരുന്ന ശെമയോൻ റോമായിലും, പേർഷ്യയിലും, എദ്ദേസ്സായിലും, എത്യോപ്യായിലും അറിയപ്പെട്ടിരുന്ന വിശുദ്ധനായിരുന്നു.
സിറിയായിലെ ആലപ്പോയ്ക്കടുത്ത് സിലീസിയായിൽ ഏകദ്ദേശം AD 386ൽ ജനിച്ച ശെമയോൻ തന്റെ ചെറുപ്പകാലത്ത് ഒരു ഇടയനായിരുന്നു. തന്റെ ജോലിക്കിടയിൽ ഒരിക്കൽ പ്രാർത്ഥിക്കാനായി ദൈവാലയത്തിൽ കയറിയപ്പോൾ അവിടെ പ്രഘോ
ഷണം ചെയ്യപ്പെട്ട സുവിശേഷഭാഗ്യങ്ങളെക്കുറിച്ചുള്ള വചനങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു. ദൈവവചനമാകുന്ന ആ നല്ല വിത്തുകൾ സ്വീകരിച്ച് തന്റെ ആത്മാവിന്റെ ആഴങ്ങളിൽ അവയെ ശേഖരിച്ചുകൊണ്ട് അടുത്തുള്ള രക്തസാക്ഷികളുടെ കബറിടത്തിലെത്തിയ ശെമയോൻ, കമഴ്ന്നുവീണ് തന്നെ താഴ്മയിലേക്ക് നയിക്കണമേയെന്ന് പ്രാർത്ഥിച്ചു. അവിടെ വച്ച് അദ്ദേഹത്തിനുണ്ടായ ഒരു മൗതിക ദർശനം ശെമയോന്റെ ജീവിതത്തിന്റെ ഗതി മാറ്റി. തന്റെ ഭവനത്തെ ആഴത്തിൽ കുഴിച്ച് അടിസ്ഥാനമിടാൻ സ്വപ്നത്തിൽ ലഭിച്ച നിർദ്ദേശത്തെ പരിത്യാഗപ്രവർത്തികളുടെ കാഠിന്യം വർദ്ധിപ്പിക്കാനുള്ള ആഹ്വാനമായാണ് ശെമയോൻ വ്യാഖ്യാനിച്ചത്. താമസിയാതെ അദ്ദേഹം ഒരു ദയറായിൽ ചേർന്നെങ്കിലും അവിടെ അദ്ദേഹം പാലിച്ചുപോന്ന വിചിത്രമായ തപശ്ചര്യകൾ സഹസന്ന്യാസിമാർ അനുകരിച്ചാലോ എന്നു ഭയന്ന ആശ്രമാധിപൻ, അദ്ദേഹത്തെ അവിടെനിന്ന് പുറത്താക്കി. പിന്നീട് ശെമയോൻ ഏകാന്തവാസിയായി തന്റെ താപസജീവിതം തുടർന്നു. തന്നെ തേടിയെത്തിയ സന്ദർശകരുടെ ബാഹുല്യം നിമിത്തം അദ്ദേഹം തന്റെ താമസം ഉയർന്ന ഒരു തൂണിനു മുകളിൽ പ്ലാറ്റ്‌ഫോം കെട്ടിയുണ്ടാക്കി അവിടേക്ക് മാറ്റി. ഏകദ്ദേശം 37 വർഷങ്ങൾ തൂണിന്മേൽ കഴിഞ്ഞ അദ്ദേഹം, സ്വർഗ്ഗത്തേക്ക് പറന്നുയർന്ന് ഈ ലോകത്തിലെ ജീവിതത്തിൽ നിന്ന് അകലുവാൻ ആഗ്രഹിച്ചുകൊണ്ട് വർഷങ്ങൾ കഴിയുംതോറും തൂണിന്റെ ഉയരം കൂട്ടിയിരുന്നു. അവസാന കാലഘട്ടങ്ങളിൽ ഏകദ്ദേശം 60 അടി ഉയരത്തിലായിരുന്നു അദ്ദേഹത്തിന്റെ വാസം. സ്തംഭത്തിനു മുകളിൽ പകലിന്റെ ചൂടും, രാത്രിയുടെ തണുപ്പും സഹിച്ച് നിന്നുകൊണ്ട് പ്രാർത്ഥിച്ചിരുന്ന ആ മനുഷ്യൻ കാഴ്ചക്കാർക്ക് ഒരു വിസ്മയമായിരുന്നു. കഠിനമായ ഈ തപസ്സിന്റെ അഗ്നിയിൽ, ഉലയിൽ വയ്ക്കപ്പെട്ട സ്വർണ്ണംപോലെ അദ്ദേഹം തന്റെ ശരീരത്തെ ശുദ്ധീകരിച്ച ്, അതിനെ ദൈവത്തിന്റെ കൃപയുടെ ആവിഷ്‌ക്കാരവേദിയാക്കി രൂപാന്തരപ്പെടുത്തി. തൂണിന്മേലുള്ള ശെമയോന്റെ വാസം പലരുടേയും വിമർശനങ്ങൾക്ക് കാരണമായെങ്കിലും അനേകർ അദ്ദേഹത്തെ അനുകരിച്ച് സ്തംഭവാസികളായി.
പീഠത്തിൽ സ്ഥാപിച്ച വിളക്കുപോലെ തൂണിന്മേൽ നിന്ന് തപസ്സനുഷ്ഠിച്ച മാർ ശെമയോനിൽ നിന്ന് എല്ലാ ദിശകളിലേക്കും പ്രകാശം പരന്നു. തൂണിന്മേലുള്ള അദ്ദേഹത്തിന്റെ നിൽപ്പുകണ്ട് അവിശ്വാസികളായ പതിനായിരക്കണക്കിനാളുകൾ വിശ്വാസം സ്വീകരിച്ചു. സൂര്യാസ്തമയം മുതൽ ഉദയം വരെ കരങ്ങൾ സ്വർഗ്ഗത്തിലേക്ക് നീട്ടി അദ്ദേഹം നടത്തിയിരുന്ന പ്രാർത്ഥനകളും അദ്ദേഹത്തിന്റെ ആശീർവാദവും അനേകം അത്ഭുതങ്ങൾക്ക് കാരണമായി. രോഗസൗഖ്യവും, സന്താനലബ്ദിയും മാർ ശെമയോനിലൂടെ നിരവധിപ്പേർക്ക് ലഭിച്ചു. നാട്ടിലുണ്ടാകാനിരുന്ന വരൾച്ചയും പ്ലേഗും മുൻകൂട്ടി പ്രവചിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എന്നാൽ ഈ കഠിന തപസ്സും, തന്നിലൂടെ സംഭവിക്കുന്ന അത്ഭുതങ്ങളുമൊന്നും അദ്ദേഹത്തിന്റെ എളിമയെ ബാധിച്ചില്ല. സ്വയം നിസ്സാരനായി കരുതിയിരുന്ന മാർ ശെമയോൻ സ്തംഭത്തിനു മുകളിലായിരുന്നെങ്കിലും തന്നെ സമീപിക്കുന്ന എല്ലാവർക്കും പ്രാപ്യനായിരുന്നു. ദൈവത്തിൽനിന്ന് പഠിപ്പിക്കാനുള്ള വരം ലഭിച്ചിരുന്ന അദ്ദേഹം ദിവസത്തിൽ രണ്ടു തവണ തന്റെ സന്ദർശകരോട് സംസാരിക്കുകയും സ്വർഗ്ഗീയരഹസ്യങ്ങളെക്കുറിച്ച് അവരെ പ്രബോധിപ്പിക്കുകയും ചെയ്തിരുന്നു. ചിലപ്പോഴൊക്കെ അവരുടെ തർക്കങ്ങൾക്ക് അദ്ദേഹം മാദ്ധ്യസ്ഥ്യം വഹിച്ചിരുന്നു. എന്നാൽ സൂര്യാസ്തമയത്തോടെ സന്ദർശകരിൽനിന്ന് മുഖം തിരിച്ച് മാർ ശെമയോൻ ദൈവവുമായുള്ള തന്റെ സംഭാഷണ മാരംഭിച്ചിരുന്നു.
സ്തംഭത്തിനുമുകളിൽ കഴിഞ്ഞിരുന്ന ഈ മഹാതാപസികൻ പക്ഷേ സഭാസംബന്ധ
മായ തന്റെ ഉത്തരവാദിത്വങ്ങൾ ഉപേക്ഷിച്ചിരുന്നില്ലായെന്ന് അദ്ദേഹത്തിന്റെതായി നമുക്ക് ലഭിച്ചിട്ടുള്ള ഏതാനും കത്തുകൾ വ്യക്തമാക്കുന്നു. പാഷണ്ഡതകൾക്കെതിരെ പോരാടിയ അദ്ദേഹം യഹൂദരുടെ ഗർവ്വ് ഇല്ലായ്മ ചെയ്യുകയും ഈ വക കാര്യങ്ങളെക്കുറിച്ച് ചക്രവർത്തിമാർക്കുപോലും നിർദ്ദേശങ്ങൾ കൊടുക്കുകയും, ദൈവികകാര്യങ്ങളിൽ ഭരണകർത്താക്കൾക്ക് ശുഷ്‌കാന്തി പകരുകയും അജപാലകരെ ഉപദേശിക്കുകയും ചെയ്തുപോന്നു. ഇദ്ദേഹം മനുഷ്യൻ തന്നെയോ? എന്നു സംശയിച്ചിരുന്നവർക്കു മുന്നിൽ AD 459ൽ താൻ വെറുമൊരു മനുഷ്യനായിരുന്നുവെന്ന് തന്റെ മരണംകൊണ്ട് അദ്ദേഹം തെളിയിച്ചു. എന്നാൽ മരണശേഷവും വിശ്വാസികളുടെ ഹൃദയങ്ങളിൽ അദ്ദേഹം ജീവിക്കുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് എന്നപോലെ തന്നെ ഇന്നും മാർ ശെമയോന്റെ കല്ലറയിലും, അദ്ദേഹത്തിന്റെ ധീരതയുടെ സ്മാരകമായ തൂണിനു സമീപവും അത്ഭുതങ്ങൾ നടക്കുന്നു. ജീവിച്ചിരുന്നപ്പോൾ ലോകത്തിനു മുമ്പിൽ വിസ്മയമായിരുന്ന മാർ ശെമയോൻ മരിച്ചിട്ടും വിസ്മയമായി തുടരുന്നു.