ആരാധനക്രമത്തിലെ വാക്കുകൾ, അടയാളങ്ങൾ, പ്രതീകങ്ങൾ തുടങ്ങിയവയുടെ അർത്ഥങ്ങൾ വിവരിക്കുന്ന പംക്തി റൂഹാക്ഷണ പ്രാർത്ഥന തെയദോറിന്റെ അനാഫൊറയിൽ

കഴിഞ്ഞ പ്രാവശ്യം നമ്മൾ കണ്ടത് അദ്ദായി മാറി അനാഫൊറയിലെ റൂഹാക്ഷണ പ്രാർത്ഥനയായിരുന്നു. ഈ പ്രാവശ്യം നമ്മൾ തെയദോർ അനാഫൊറയിലെ റൂഹാക്ഷണ പ്രാർത്ഥനയാണ് കാണുന്നത്. അദ്ദായി മാറി അനാഫൊറയിൽ നിന്ന് വ്യത്യസ്തമായി വളരെ വളരെ വിപുലമായ പ്രാർത്ഥനയാണ് ഇത്.
പരിശുദ്ധാത്മാവിന്റെ കൃപ
ഈ റൂഹാക്ഷണ പ്രാർത്ഥനയിൽ കാർമ്മികൻ പരിശുദ്ധാത്മാവിന്റെ കൃപയ്ക്കായി പ്രാർത്ഥിക്കുന്നു. ബലിവസ്തുക്കളും പരിശുദ്ധ കുർബാന അർപ്പിക്കുന്ന ദൈവജനവും ഒരുപോലെ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയട്ടെ എന്ന് കാർമ്മികൻ പ്രാർത്ഥിക്കുന്നു. പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് അപ്പത്തെയും വീഞ്ഞിനെയും മിശിഹായുടെ ശരീരവും രക്തവും ആക്കി മാറ്റുന്നതുപോലെ ആരാധകരായ വ്യക്തികളുടെ മേലും ഇറങ്ങിവന്ന് മാനസാന്തര ചൈതന്യം നൽകി അവരെ പുതിയ വ്യക്തികൾ ആക്കി മാറ്റട്ടെ എന്നാണ് ഈ പ്രാർത്ഥനയുടെ അർത്ഥം.
കുർബാന അർപ്പണത്തിന്റെ പൂർത്തീകരണം
അപ്പവും വീഞ്ഞും മിശിഹായുടെ ശരീരവും രക്തവും ആയി മാറുന്നത് റൂഹാക്ഷണ പ്രാർത്ഥനയോടുകൂടി ആണ് എന്ന് ഈ പ്രാർത്ഥന വ്യക്തമാക്കുന്നു. പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് ത്രിത്വത്തിന്റെ നാമത്തിൽ ഇവയെ ആശീർവദിക്കുകയും പവിത്രീ കരിക്കുകയും മുദ്രിതമാക്കുകയും ചെയ്യട്ടെ എന്നാണ് കാർമ്മികൻ പ്രാർത്ഥിക്കുന്നത്. ജനത്തിന് ഇത് മാമ്മോദീസ അനുഭവം പ്രദാനം ചെയ്യുന്നു. റൂഹാ ജനത്തിന്റെ മേലും ഇറങ്ങിവന്ന് തിരുശരീര രക്തങ്ങളെയെന്ന പോലെ അവരെയും ത്രിത്വത്തിന്റെ നാമത്തിൽ മുദ്രിതമാക്കുന്നു. ഇതുവഴി മാമ്മോദീസയിലൂടെ ദൈവത്തിന്റെ സ്വന്തമാക്കി മാറ്റപ്പെട്ട ജനം ആ അനുഭവത്തെ വീണ്ടും പുതുക്കുകയാണ്.
കർത്താവിന്റെ നാമത്തിൽ ശക്തി
കർത്താവേ അങ്ങയുടെ നാമത്തിന്റെ ശക്തിയാൽ ഈ അപ്പവും ഈ കാസായും മിശിഹായുടെ ശരീരവും രക്തവുമായി ഭവിക്കട്ടെ എന്ന് പുരോഹിതൻ പ്രാർത്ഥിക്കുന്നു.കർത്താവിന്റെ നാമം വളരെ ശക്തിയേറിയതാണ്. ശ്ലീഹന്മാരുടെ നടപടിയിൽ നമുക്ക് അത് കാണുവാൻ സാധിക്കും. ശ്ലീഹന്മാർ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് കർത്താവിന്റെ നാമത്തിന്റെ ശക്തിയിലാണ്. നസ്രായനായ ഈശോമിശിഹായുടെ നാമത്തിൽ എഴുന്നേറ്റ് നടക്കുക (നടപടി 3,6) എന്ന് പത്രോസ് മുടന്തനോട് പറയുന്നത് നാം കാണുന്നു. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവുംനല്കപ്പെട്ടിട്ടില്ല (നടപടി 4,12). ദൈവ നാമത്തിന്റെ ശക്തി പ്രത്യേകമായി അനുസ്മരിക്കുന്നത് ഈ പ്രാർത്ഥനയിൽ നമുക്ക് കാണുവാൻ സാധിക്കും.
ഫലങ്ങൾ
സത്യവിശ്വാസത്തോടെ ഈ അപ്പത്തിൽ നിന്ന് ഭക്ഷിക്കുകയും കാസയിൽ നിന്ന് പാനം ചെയ്യുകയും ചെയ്യുന്നവർക്ക് വലിയആത്മീയ ഫലങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.ഈ ഫലങ്ങൾ ലഭിക്കുവാൻ സത്യവിശ്വാസം ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിശ്വാസം ഉണ്ടാകണമെങ്കിൽ സ്‌നേഹം ഉണ്ടാകണം. സ്‌നേഹിക്കുന്നവരെയാണ് നാം ഏറ്റവും അധികം വിശ്വസിക്കുന്നത്. മിശിഹായെ സ്‌നേഹിക്കുന്നവർക്കാണ് അവിടുത്തെ ആഴമായി വിശ്വസിക്കുവാനും അവിടുത്തെ ശരീര രക്തങ്ങൾ ഉൾക്കൊണ്ട് ആത്മീയ ഫലങ്ങൾ സ്വന്തമാക്കുവാനും സാധിക്കുന്നത്. കടങ്ങളുടെ പൊറുതി, പാപങ്ങളുടെ മോചനം, ഉയിർപ്പിലുള്ള വലിയ പ്രത്യാശ, ആത്മശരീരങ്ങളുടെ രക്ഷ, നിത്യ സൗഭാഗ്യം അനുഭവിക്കുവാനുള്ള യോഗ്യത എന്നിവയാണ് ഈ ആത്മീയ ഫലങ്ങൾ. ക്രിസ്തീയ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം എന്തെന്ന് ഈ പ്രാർത്ഥന നമ്മെ അനുസ്മരിപ്പിക്കുന്നു.