കുടുംബം മതബോധനവേദി

‘Blood is thicker than water’ (രക്തമാണ് വെള്ളത്തേക്കാൾ കട്ടിയുള്ളത്) എന്നത് പലപ്പോഴും നാം കേട്ടിട്ടുണ്ടല്ലോ. വാച്യാർത്ഥത്തിൽ ഇത് നൂറുശതമാനം ശരിയാണ് എന്ന് എല്ലാവരും സമ്മതിക്കും. കുടുംബബന്ധത്തെ സൂചിപ്പിക്കാനും നാം ഈ ചൊല്ല് ഉപയോഗിക്കാറുണ്ടല്ലോ. വാസ്തവത്തിൽ കുടുംബബന്ധങ്ങൾക്ക് മറ്റ് സൗഹൃദങ്ങളെക്കാൾ ആഴമുണ്ട്, മൂർച്ചയുണ്ട് എന്ന് പൊതുവെ ധാരണയുണ്ടെന്നു പറയാം. കുടുംബത്തിൽ ചെറുപ്പത്തിൽതന്നെ കുട്ടികൾക്ക് പിണക്കവും ഇണക്കവുമെല്ലാം ഉണ്ടാകാം. എന്നാലും അവയെല്ലാം പെട്ടെന്ന് മറന്ന് പോവുകയാണ്
പതിവ്. കൊച്ചുകുട്ടികൾ തമ്മിൽ വീട്ടിൽ ശണ്ഠയുണ്ടായാലും അതെല്ലാം പെട്ടെന്ന് മാറിമറയും. മാതാപിതാക്കന്മാർ പോലും അവയെ തമാശുപോലെയേ കരുതാറുള്ളു.
കുടുംബങ്ങളുടെ കെട്ടുറപ്പ്
കുടുംബങ്ങളുടെ കെട്ടുറപ്പ് ഇന്നും ഒരു യാഥാർത്ഥ്യമാണെന്ന് പറയാം. പക്ഷേ ഇതിനു വ്യത്യസ്തമായ നിലപാടുകൾ ഇന്നു വളർന്നുവരുകയാണ്. മക്കൾക്ക് താൻപോരി
മാഭാവം വരുമ്പോൾ മാതാപിതാക്കന്മാർക്ക് കൊടുക്കുന്ന ബഹുമാനവും സ്ഥാനവും നിലച്ചുപോകുന്നതായിട്ടാണ് അനുഭവം. പണ്ട് കൃഷി കേന്ദ്രീകൃതമായി ജീവിച്ചിരുന്നപ്പോൾ കുടുംബ നാഥനെ ആശ്രയിച്ചും സ്‌നേഹിച്ചും ജീവിക്കുന്ന കുടുംബമാണ് നാം കണ്ടിരുന്നത്. ഇന്ന് പലർക്കും സ്വന്തമായി ജോലിയും വരുമാനവും ഉണ്ട്. പലരും പല സ്ഥലങ്ങളിലുമായിരിക്കും ജീവിക്കുക. വിദേശരാജ്യങ്ങളിൽ ജോലി കിട്ടിപോകുമ്പോൾ മാതാപിതാക്കൾ നാട്ടിൽ ഉപേക്ഷിക്കപ്പെടുന്നത് പതിവാണ്. ഗൾഫ് രാജ്യങ്ങളിൽ പോകുന്നവർ തിരിച്ച് വന്ന് അവരുടെ മാതാപിതാക്കൾക്ക് തണലാകുമ്പോൾ അമേരിക്കയിലും യൂറോപ്പിലും മറ്റും പോകുന്നവർ അവിടങ്ങളിൽ തന്നെ കുടിയേറ്റക്കാരാവുകയും അവരുടെ മാതാപിതാക്കൾ നാട്ടിലെ വീടുകളിൽ ഒറ്റപ്പെടുകയും ചെയ്യുന്നു.
നവമാധ്യമങ്ങളുടെ സ്വാധീനം
1969-ലാണ് ഞാൻ ഇംഗ്ലണ്ടിലെത്തിയത്. അവിടെവച്ചാണ് എനിക്ക് ഒരു ടി.വി. കാണാൻ കഴിഞ്ഞത്. ചന്ദ്രനിൽ മനുഷ്യൻ നടക്കുന്ന ചിത്രമാണ് അതിൽ ആദ്യമായി കാണാൻ ഇടയായത്. അങ്ങനെയുള്ള കാഴ്ചകൾ കാണാൻ സഹായിക്കുന്ന ഉപകരണങ്ങൾ തീർച്ചയായും ഫലപ്രദമായ ഉപകരണങ്ങളാണ്. അവയെ നമുക്ക് മാറ്റിനിർത്താനാവില്ല. പക്ഷേ മാധ്യമങ്ങളിലൂടെ ചപ്പും ചവറും ഒഴുകിവരുന്നത് കാണാനാവുമല്ലോ. ഇന്ന് അനാവശ്യമായ പലതും ആകർഷകമായി അവതരിപ്പിക്കപ്പെടുന്നതും നമ്മുടെ കുട്ടികളുടെ സമയം പലപ്പോഴും അപഹരിക്കുന്നുണ്ട് എന്ന് നമുക്കറിയാം.
ഇതുവഴി കുടുംബബന്ധങ്ങൾ ഉറപ്പിക്കാൻ ഇടയാകുന്ന സമയം നഷ്ടപ്പെടുകമാത്രമല്ല ഇവ കുടുംബങ്ങളെ ഉലയ്ക്കുവാനും ഇടയാക്കും. കുടുംബബന്ധങ്ങൾ ഉലയുന്നത് നിസ്സാര കാര്യമല്ല, അത് സമൂഹത്തിന്റെ ശൈഥില്യത്തിലേയ്ക്ക് വഴിതെളിക്കാവുന്നതുമാണ്. ഏറെ അപകടമായിമാറാവുന്നത് കുട്ടികൾക്ക് കുടുംബാംഗങ്ങളോടും മറ്റുള്ളവരോടുമുള്ള ബന്ധത്തിൽ സമയം കുറയ്ക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. അങ്ങനെ കുടുംബാംഗങ്ങളോടുള്ള ഇടപെടലുകളേക്കാൾ കൂടുതൽ സമയം മറ്റുള്ളവരുമായിട്ടാകുമ്പോൾ കുടുംബബന്ധങ്ങൾ തേഞ്ഞുമായുകയാണ്. കുടുംബാംഗങ്ങൾ ഒന്നുചേർന്ന് പ്രാർത്ഥിക്കുവാനുള്ള സമയം കുറയുമ്പോൾ പുതിയ തലമുറ ദൈവത്തിൽനിന്നകലുകയാണെന്നും പറയാം. കുടുംബാംഗങ്ങളിലൂടെയുള്ള വിശ്വാസകൈമാറ്റത്തിന് ഇത് തടസ്സമാവുകയാണ്.
മാധ്യമങ്ങളിൽനിന്ന് അകറ്റി നിർത്തണമെന്നല്ല പറഞ്ഞുവരുന്നത്. മാധ്യമങ്ങൾ നമുക്ക് ഏറെ അറിവ് പകർന്നു തരുന്നുണ്ട്. മാധ്യമങ്ങൾ നൽകുന്ന തെറ്റും ശരിയും തമ്മിൽ വേർതിരിച്ചെടുക്കാൻ നമുക്ക് സാധിക്കണം. സമൂഹത്തെ നന്മയുടെ വഴിയിലൂടെ നയിക്കാൻ നമ്മുടെ മക്കളുടെ സ്വാധീനം നാം ഉപയോഗിക്കണം. നമ്മുടെ സമൂഹത്തെ നന്മയിലൂടെ നയിക്കാൻ കഴിയുന്ന മാധ്യമങ്ങൾ വളർത്തിയെടുക്കുകയാണ് വേണ്ടത്, ദീപികപോലെയുള്ള പത്രങ്ങൾക്കും മാധ്യമങ്ങൾക്കും നാം കൂടുതൽ പിന്തുണ നൽകുകയും വേണം.
കുടുംബങ്ങളിലെ വിശ്വാസശോഷണം
വിവിധ ഗ്രന്ഥങ്ങളിലൂടെയും ചില മാധ്യമങ്ങളിലൂടെയും നമ്മുടെ വിശ്വാസത്തിന് ശോഷണം സംഭവിക്കുന്നുണ്ട് എന്നുള്ളത് നിഷേധിക്കാനാവില്ല. തിരുക്കുടുംബത്തിന്റെ ചൈതന്യം കുടുംബജീവിതത്തിൽ പ്രതിഫലിക്കണമെന്നുംമറ്റും ഒരുകാലത്ത് നാം പറഞ്ഞു പഠിപ്പിക്കുന്നുണ്ടായിരുന്നു. പല വീടുകളിലും സായാഹ്നപ്രാർത്ഥനയും പ്രഭാതപ്രാർത്ഥനയും മുടങ്ങാതെയുണ്ടായിരുന്നു. മിക്ക വീടുകളിലും ത്രികാല ജപവും പതിവായിരുന്നു. പല വീടുകളിലും വല്യപ്പന്മാരും വല്യമ്മമാരും ദിവസവും പള്ളിയിൽ പോകുകയും വി. കുർബാനയിലും മറ്റും പങ്കാളികളാവുകയും ചെയ്യുമായിരുന്നു.
കുടുംബങ്ങളിൽ മാതാപിതാക്കൾ കഴിവിനനുസരിച്ച് വിശ്വാസകാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുകയും ദിനചര്യകളെ ക്രമപ്പെടുത്താൻ സഹായിക്കുകയും ചെയ്യുമായിരുന്നു. സൺഡേസ്‌കൂളുകൾ ആരംഭിക്കുന്നതിന് മുമ്പ് മാതാപിതാക്കൾ വിശ്വാസകാര്യങ്ങൾ വിശദീകരിക്കുകയും നല്ല മാതൃകകൾ നൽകുകയും ചെയ്തിരുന്നു. കുട്ടികളുടെ ഭാഗത്ത് ഇങ്ങനെയുള്ള കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ മുതിർന്നവർ തെറ്റ് ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്യുകയായിരുന്നു പതിവ്.
എന്റെ ചെറുപ്പകാലത്ത് വേദപാഠ ക്ലാസ്സുകൾ മിക്കവാറും ഇടവകകളിൽ ഇല്ലായിരുന്നു. പക്ഷേ വീടുകളിൽ വിശ്വാസകാര്യങ്ങൾ പഠിപ്പിക്കുകയും വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങൾ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഉദാഹരണമായി, സന്ധ്യക്കു വിളക്കുകത്തിച്ചാലുടനെ കൂട്ടായ പ്രാർത്ഥന പതിവായിരുന്നല്ലോ. വണക്കമാസ പുസ്തകവായനയും വിശ്വാസരൂപീകരണത്തിന് വലിയ പങ്കുവഹിച്ചിരുന്നു. അനേക വിശുദ്ധരുടെ മാതൃകകൾ ഈ പുസ്തകങ്ങൾ കുട്ടികൾക്ക് ചൂണ്ടിക്കാണിച്ചിരുന്നു. പല രക്തസാക്ഷികളെയുംകുറിച്ച് ബാല്യകാലത്ത് ഞാൻ മനസ്സിലാക്കിയത് വണക്കമാസവായനയിൽ നിന്നാണ്. വണക്കമാസപുസ്തകവായനയിലൂടെയും വിശുദ്ധരുടെയും രക്തസാക്ഷികളുടെയും ജീവിതത്തെക്കുറിച്ചുള്ള പുസ്തകങ്ങളുടെ വായനയിലൂടെയും അവരുടെ ജീവിത മാതൃകകൾ മനസ്സിലാക്കാൻ സഹായകമായിരുന്നു. രക്തസാക്ഷികളെക്കുറിച്ചുള്ള വിവരണങ്ങൾ കേട്ട് എന്നെയും ഒരു രക്തസാക്ഷിയാക്കണമേ എന്നു പ്രാർത്ഥിച്ച ചെറുപ്പകാലം ഞാൻ ഓർക്കുന്നു.
കുടുംബരംഗത്തെ നവീകരണം
ഇന്ന് കുടുംബരംഗത്തെ പ്രേഷിതപ്രവർത്തനത്തിൽ ശ്രദ്ധിക്കണമെന്ന ആഹ്വാനം നമുക്ക് പലപ്പോഴും ലഭിക്കുന്നുണ്ട്. നല്ല പുസ്തകങ്ങളും മാസികകളും ഈ രംഗത്ത് നമുക്ക് ലഭ്യമായിട്ടുണ്ട് എന്നത് മാർപ്പാപ്പാമാരും മെത്രാൻ സംഘങ്ങളും നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നുമുണ്ട്. പക്ഷേ അത് കുട്ടികളുടെ പരിശീലനത്തിന് ഉപകരിക്കണം. കുടുംബങ്ങളിൽ ഇങ്ങനെയുള്ള കാര്യങ്ങൾ പ്രതിഫലിക്കുന്ന പുസ്തകങ്ങളും മാസികകളും ലഭ്യമാക്കണം. കത്തോലിക്കാ പ്രസിദ്ധീകരണങ്ങൾ ഇന്ന് പലപ്പോഴും പുറംതള്ളപ്പെടുകയാണ്. ഇത്തരത്തിലുള്ള ചിന്താഗതികൾ മാറണം.
ഫലപ്രദമായ വിശ്വാസ കൈമാറ്റത്തിനു കുടുംബങ്ങൾ സജ്ജമാകണം. പുതിയ തലമുറയുടെ പരിശീലനത്തിൽ വിശ്വാസപരമായ കാര്യങ്ങൾക്ക് മാതാപിതാക്കൾ കൂടതൽ പ്രാധാന്യം നൽകണം. നല്ല മാതൃകയും ഫലപ്രദമായ ഉദ്‌ബോധനവും അതിനു സഹായകമാകണം. നമ്മുടെ രൂപതകളും ഇടവകകളുമെല്ലാം ഇക്കാര്യത്തിൽ കൂടുതൽ ഊന്നൽ നൽകാതെ പറ്റില്ല.