”സഭ ചുളിവുകളും മുറിവുകളും ഉള്ള ഒരു വൃദ്ധയാണ്. എന്നാലും അവൾ എന്റെ അമ്മയാണ്. എന്റെ അമ്മയെ ഞാൻ എപ്പോഴും സ്‌നേഹിക്കുന്നു.” സഭ ക്രൂരമായി വിമർശിക്കപ്പെട്ടപ്പോൾ ദൈവശാസ്ത്രജ്ഞനായ കാൾ റാണർ പറഞ്ഞ ഈ വാക്കുകൾക്ക് ഇന്ന് പ്രസക്തിയേറുന്നു. മാനുഷിക ബലഹീനതകളുടെയും പോരായ്മകളുടെയും പേരിൽ സഭയുടെ ആന്തരിക ഘടന പോലും ആക്രമണ വിധേയമാക്കുമ്പോൾ നമുക്ക് നിശബ്ദത പാലിക്കാൻ ആവില്ല. ജ്വലിക്കുന്ന അധര
ങ്ങൾ കൊണ്ട് മിശിഹായുടെ സത്യം പ്രഘോഷിക്കേണ്ട സമയമാണിത്. ഒപ്പം മാധ്യമ വിചാരണയും ആശയപീഡനവും നടത്തുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനുള്ള അവസരവും. അവസരത്തിലും അനവസരത്തിലും തിരുസ്സഭയെ വിമർശിക്കുന്നവർ അവളെ ശരിയായി മനസ്സിലാക്കിയിട്ടില്ല. പകരം തെറ്റായി പലതും മനസ്സിലാക്കി വെച്ചിട്ടുമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ എന്താണ് തിരുസ്സഭ?
തിരുസ്സഭ മിശിഹായുടെ മണവാട്ടി
തന്റെ തിരുരക്ത ശരീരങ്ങൾ സ്ത്രീധനമായി നല്കി മിശിഹാ സ്വന്തമാക്കിയ മണവാട്ടിയാണ് തിരുസ്സഭ. വെളിപാടിന്റെ പുസ്തകത്തിൽ ഈ ആശയം വളരെ വ്യക്തമായി കാണുവാൻ സാധിക്കും. ”നമുക്ക് ആനന്ദിക്കാം; ആഹ്ലാദിച്ച് ആർപ്പുവിളിക്കാം. അവിടുത്തേക്ക് മഹത്ത്വം നല്കാം. എന്തെന്നാൽ, കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരിങ്ങിക്കഴിഞ്ഞു” (വെളി. 19,7). മിശിഹാ ശിരസും തിരുസ്സഭ അവന്റെ ശരീരവുമാണ്. അതിനാൽ മിശിഹായെയും സഭയെയും രണ്ടായി വ്യാഖ്യാനിക്കാനുള്ള ശ്രമം അറിവില്ലായ്മയും അന്യായവുമാണ്. തിരുസ്സഭ ചൂണ്ടിക്കാണിക്കുന്ന മിശിഹാ അല്ലാതെ മറ്റൊരു മിശിഹാ ഇല്ല. അതുകൊണ്ട് ഈശോമിശിഹായെ നിഷേധിക്കാതെ തിരുസ്സഭയെ തള്ളിപ്പറയുവാൻ ആർക്കുമാവുകയില്ല.
തിരുസ്സഭ നമ്മുടെ അമ്മ
ഈശോയും തിരുസ്സഭയും തമ്മിലുള്ള ആത്മീയ ബന്ധത്തിൽ സഭയുടെ ഗർഭപാത്രമായ മാമ്മോദീസാ തൊട്ടിയിൽ ദൈവമക്കളായി ജനിച്ചവരാണ് നമ്മൾ. അതിനാൽ തിരുസ്സഭ നമ്മുടെ അമ്മയാണ്. വചനം ഇത് സാക്ഷ്യപ്പെടുത്തുന്നു: ”എന്തെന്നാൽ, സ്വർഗ്ഗീയ ജറുസലെം സ്വതന്ത്രയാണ്. അവളാണ് നമ്മുടെ
അമ്മ” (ഗലാ.4,26). അലക്‌സാണ്ട്രിയായിലെ വി. ക്ലെമന്റ് പറയുന്നു: ”എത്ര വിസ്മയമായ ഒരു രഹസ്യം. എല്ലാവർക്കും പിതാവായി ഒരുവൻ, രക്ഷകനായി ഒരു വചനം, സഹായകനായി ഒരു റൂഹാ, കന്യകയായ ഒരു അമ്മ, അവളെ സഭ എന്ന് വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.” വി. സിപ്രിയാൻ പറയുന്നു: ”സഭയെ അമ്മയായി സ്വീകരിക്കാതെ ദൈവത്തെ പിതാവ് എന്നു വിളിക്കാൻ ആർക്കും സാധിക്കുകയില്ല.”
തിരുസ്സഭ ദൈവീക രഹസ്യം
തിരുസ്സഭ ഒരു സ്ഥാപനമോ സംഘടനയോ അല്ല ദൈവീക രഹസ്യമാണ് (Church is a mystery). പാപികളായ മക്കളുടെ രക്ഷയ്ക്കുവേണ്ടി നിരന്തരം യത്‌നിക്കുന്ന വിശുദ്ധ അമ്മയാണ് അവൾ. പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായ ഈശോമിശിഹായെപ്പോലെ ഒരേസമയം ദൈവീകവും മാനുഷികവുമായ യാഥാർത്ഥ്യങ്ങളുടെ ഒത്തുചേരലാണ് തിരുസ്സഭ. ഇതൊരു മഹാ രഹസ്യമാണ്. വിശ്വാസം കൊണ്ടു മാത്രം വായിച്ചെടുക്കാൻ സാധിക്കുന്ന അനശ്വര സത്യങ്ങളാണ് രഹസ്യങ്ങൾ (Mysteies).
തിരുസ്സഭ ദൈവജനം
മാമ്മോദീസ സ്വീകരിച്ച് തിരുസ്സഭയിൽ അംഗമാകുന്ന എല്ലാവരും ഈ ദൈവജനമാണ്. അവർ ഈശോയുടെ രാജകീയ പൗരോഹിത്യത്തിൽ പങ്കാളികളാകുന്നു. മിശിഹായാകുന്ന സത്യം എവിടെയും പ്രഘോഷിക്കാൻ ഉള്ള പ്രവാചകദൗത്യം അവർക്കുണ്ട്. മിശിഹായിൽ വീണ്ടും ജനിക്കുന്നവർ എല്ലാം രാജാക്കന്മാരുമാണ്; ശുശ്രൂഷ ചെയ്യുവാൻ അധികാരം ലഭിച്ചവരും നിയോഗിക്കപ്പെട്ടവരുമായ രാജാക്കന്മാർ.
അതുല്യമായ ദൗത്യവും വെല്ലുവിളിയും
ദൈവശാസ്ത്രജ്ഞനായ കാൾ റാണർ പറയുന്നു: ”മിശിഹായും സഭയും ചേർന്ന് സമ്പൂർണ്ണ മിശിഹായായി മാറുന്നു” (Christ and Church constitute in the whole Christ). ഇത് സഭയുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു. സഭയുടെ പ്രഥമ ദൗത്യം സുവിശേഷ
പ്രഘോഷണം ആണ്. സുവിശേഷപ്രഘോഷണത്തിനും അതുവഴി സംജാതമാകുന്ന മനുഷ്യരക്ഷയ്ക്കും വേണ്ടിയാണ് മിശിഹാ സഭ സ്ഥാപിച്ചത്. അസ്തിത്വപരമായ ഈ ദൗത്യം വിസ്മരിച്ച് മറ്റു കാര്യങ്ങളിൽ കാണിക്കുന്ന വ്യഗ്രത നമുക്ക് വിനയായി മാറും. ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പായുടെ വാക്കുകൾ ശക്തമായ മുന്നറിയിപ്പാണ്: ”വെറും സാമൂഹിക പ്രവർത്തകനും മനഃശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമായ പുരോഹിതൻ തകർക്കപ്പെടുക തന്നെ ചെയ്യും.” സ്ഥാപനവത്ക്കരണത്തെക്കാൾ ആത്മാവിലും സത്യത്തിലും ഉള്ള ശുശ്രൂഷ വഴിയേ സഭയെ പടുത്തുയർത്താനാവൂ.
ആത്മവിമർശനം അനിവാര്യം
തിരുസ്സഭ സ്വയം സമ്പൂർണ്ണയാണെങ്കിലും അപൂർണ്ണമായ മനുഷ്യരുടെ സമ്പൂർണ്ണ സമർപ്പണംകൊണ്ടേ സഭയ്ക്കു അതിന്റെ ലക്ഷ്യത്തിൽ എത്താൻ സാധിക്കൂ.
സത്യവിശ്വാസം പങ്കുവയ്ക്കുന്നതിലും ആഘോഷിക്കുന്നതിലും ആണ് സഭയുടെ വ്യക്തിത്വവും അസ്തിത്വവും ഉറപ്പിച്ചിരിക്കുന്നത്. പലപ്പോഴും സമർപ്പിതരുടെപോലും സമയത്തിന്റെയും കാര്യശേഷിയുടെയും സിംഹഭാഗവും സാമൂഹിക സേവനത്തിന് മാത്രമായി മാറ്റിവെയ്ക്കപ്പെടുന്നു. ഇത് തിരുസ്സഭയെ ദുർബ്ബലയും അംഗവൈകല്യമുള്ളവളുമാക്കുന്നു. നമ്മുടെ മുൻഗണനാക്രമത്തിൽ കാതലായ ചില അഴിച്ചുപണികൾ നടത്താൻ ഇനിയും വൈകിയാൽ നഷ്ടം അപരിഹാര്യമായിരിക്കും.
ഉപസംഹാരം
എക്ലേസിയ എന്ന വാക്കിന് വിളിച്ചുകൂട്ടപ്പെട്ടവർ എന്നാണ് അർത്ഥം. വിളിക്കപ്പെട്ടവർ വളരെയാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവർ ചുരുക്കം എന്ന മുന്നറിയിപ്പ് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. പെരുന്നാൾ സ്ഥലങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ, ധ്യാനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കാണുന്ന ജനത്തിരക്ക് വിശ്വാസവളർച്ചയുടെ ശരിയായ മാനദണ്ഡമല്ല. സഭ ശക്തമാകേണ്ടത് കുടുംബങ്ങളിലും കുടുംബകൂട്ടായ്മകളിലും ഇടവകകളിലുമാണ്. പരിശുദ്ധ കുർബാന കേന്ദ്രീകൃതമായ രഹസ്യാത്മക ആത്മീയ ശൈലി (Mystical spirituality) ആണ് സഭയെ സന്തുലിതമായി പടുത്തുയർത്തുന്നത്. അതിന് നമ്മൾ ഒത്തൊരുമിച്ച് രാപകൽ അദ്ധ്വാനിക്കണം. ആഴങ്ങളിലേക്ക് വല ഇറക്കണം. ഒരു ആത്മീയ പ്രൊഫഷണലിസം സഭയുടെ എല്ലാ മേഖലകളിലും ഉണ്ടായിരിക്കണം. വ്യക്തതയും കൃത്യതയും ചടുലതയും ധീരതയും വേണം. നിത്യരക്ഷയിൽ ഊന്നിയുള്ള ചലനാത്മക പ്രവർത്തനങ്ങൾ വേണം. അവയെ സമഗ്രമായി ഏകോപിപ്പിക്കണം. സഭ തന്റെ വിഭവങ്ങൾ അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലേക്ക് തിരിച്ചു വിടണം. കുടുംബ കൂട്ടായ്മകൾ മുതൽ സൂനഹദോസുകൾ വരെ ഒരേ ലക്ഷ്യത്തിനായി; അതായത് മനുഷ്യവംശത്തിന്റെ നിത്യ രക്ഷയ്ക്കായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണം. അപ്പോൾ മുപ്പതും അറുപതും നൂറും മേനി വിളവ് നല്കി വിളവിന്റെ നാഥൻ നമ്മെ അനുഗ്രഹിക്കും.