യോഹന്നാൻ ദല്‌യാസാ (ca. AD +790)

ഭൗമികതീർത്ഥാടനം പൂർത്തിയാക്കി ദൈവപിതാവിന്റെ സന്നിധിയിലെത്തി സ്വർഗ്ഗീയമഹത്ത്വമണിഞ്ഞുനില്ക്കുന്ന സഭാമാതാവിനെക്കുറിച്ച് ധ്യാനിക്കുന്ന ഈ നാളുകളിൽ, ഭൂമിയിലായിരിക്കുമ്പോൾ തന്നെ സ്വർഗ്ഗീയജീവിതത്തിൽ പങ്കുചേരാനുള്ള കുറുക്കുവഴികളെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്ന, 8-ാം നൂറ്റാണ്ടിൽ സുറിയാനിസഭയിൽ ജീവിച്ചിരുന്ന താപസപിതാവായ യോഹന്നാൻ ദല്‌യാസായെ നമുക്ക് പരിചയപ്പെടാം. ‘യോഹന്നാൻ സാബാ’ (John the Elder / John the Venerable) എന്ന പേരിലും അദ്ദേഹം വിഖ്യാതനാണ്. നിനവേ സമതലത്തിലുള്ള ബേസ് നുഹാദ്രായിൽ ജനിച്ച യോഹന്നാൻ വളരെ ചെറുപ്പത്തിൽതന്നെ പരന്ന വായനയുണ്ടായിരുന്ന വ്യക്തിയായിരുന്നു. സമീപപ്രദേശത്തുള്ള ഗ്രന്ഥശാലകളിലെ പുസ്തകങ്ങളെല്ലാംതന്നെ അദ്ദേഹം വായിച്ചുതീർത്തിരുന്നു. ചെറുപ്പത്തിൽ തന്നെ വി.ഗ്രന്ഥവും, ആരാധനക്രമവും, പിതാക്കന്മാരുടെ ലിഖിതങ്ങളുമൊക്കെ അദ്ദേഹം പഠന വിഷയമാക്കിയിരുന്നു. അദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാരും ദയറാകളിൽ ചേർന്ന് സന്ന്യാസിമാരായി. അവരുടെ ചുവടടികൾ പിന്തുടർന്ന് യോഹന്നാൻ കർദുവിലെ മാർ യൂസാദാക്കിന്റെ ദയറായിൽ വച്ച് സന്ന്യാസവസ്ത്രം സ്വീകരിച്ചു. എന്നാൽ താമസിയാതെ തന്നെ ഏകാന്തവാസിയാകുവാൻ തീരുമാനിച്ച അദ്ദേഹം ബേസ്-ദല്‌യാസായിലെ മലനിരകളിൽ താമസമാക്കി. അവിടെയായിരുന്ന വേളകളിൽ തന്റെ ആത്മീയ ദർശനങ്ങളും ചിന്തകളുമൊക്കെ ചെറിയ കുറിപ്പുകളായി സഹോദരന്മാർക്ക് അയക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഈ കുറിപ്പുകളാണ് പിന്നീട് അദ്ദേഹത്തിന്റെ കൃതികളായി ക്രോഡീകരിക്കപ്പെട്ട് നമുക്ക് ലഭ്യമായത്. അദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുള്ള അമ്പതോളം കത്തുകളും ഇരുപത്തിരണ്ടോളം പ്രസംഗങ്ങളും, മറ്റു ചില ചെറിയ ആത്മീയകൃതികളും പല
ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. രചനാസൗകുമാര്യവും, പ്രതീകാത്മകതയുടെ സൗന്ദര്യവും സമ്മേളിച്ചിരിക്കുന്ന അദ്ദേഹത്തിന്റ രചനകൾ സ്വർഗ്ഗീയജീവിതത്തിന്റെ മനോഹാരിതയെപ്പറ്റി ഏറെ വർണ്ണിക്കുന്നുണ്ട്.
പ്രകൃതിയിലെ മൃഗങ്ങളോടും സസ്യങ്ങളോടും വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിക്കുണ്ടായിരുന്ന ഹൃദയബന്ധം വിഖ്യാതമാണല്ലോ. അവ അദ്ദേഹത്തിന് സഹോദരരായിരുന്നു. യോഹന്നാൻ ദല്‌യാസായും അപ്രകാരം തന്നെ പ്രകൃതിയുമായി ഏറെ ഇണങ്ങി ജീവിച്ച മഹാതാപസികനായിരുന്നു. വന്യമൃഗങ്ങൾപോലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. ദൈവത്തോട് ഒട്ടി ചേർന്നിരുന്ന ഈ വയോധികനായ സന്ന്യാസിയിലൂടെ പ്രസരിച്ച സ്രഷ്ടാവിന്റെ പരിമളം തിരിച്ചറിഞ്ഞ മൃഗങ്ങൾ ശാന്തരായി ആദരവോടെ അദ്ദേഹത്തോട് ഇണങ്ങികഴിഞ്ഞിരുന്നത് കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരുന്നു. പ്രകൃതിയിൽ നിറഞ്ഞുനില്ക്കുന്ന അദൃശ്യമായ ദൈവികശക്തിയെക്കുറിച്ച് അദ്ദേഹത്തിന് ഉൾകാഴ്ചയുണ്ടായിരുന്നു. സൃഷ്ടലോകത്തിലും, വി. ഗ്രന്ഥത്തിലും സന്നിഹിതമായിരിക്കുന്ന പ്രതീകങ്ങൾ ദൈവത്തെക്കുറിച്ച് വാചാലമാകുന്നത് മാർ യോഹന്നാനിൽ അത്ഭുതം (തെഹറാ) നിറച്ചിരുന്നു. അവയ്ക്ക് വെളിപ്പെടുത്താൻ കഴിയാത്ത ദൈവത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ ഈശോ തന്റെ മനുഷ്യശരീരത്തിൽ വെളിവാക്കിയെന്ന് അദ്ദേഹം പഠിപ്പിച്ചു. മാലാഖാമാരും മനുഷ്യരും തമ്മിലുള്ള സൗഹൃദവും ഈ മഹാതാപസികൻ വർണ്ണിക്കുന്നുണ്ട്. ദൈവികമഹത്ത്വത്തിലേക്കുള്ള നമ്മുടെ യാത്രയിൽ സ്‌നേഹവും കരുതലുമുള്ള കാവൽക്കാരായി നിലകൊള്ളുന്നത് മാലാഖാമാരാണ്. ദൈവത്തിന്റെ മഹത്ത്വത്തോടു ചേർന്നിരിക്കുന്നതുകൊണ്ട് ദൈവസഹജമായ സൗന്ദര്യം അവർ തങ്ങളിൽ പ്രതിഫലിപ്പിക്കുന്നു. മനുഷ്യരെ സ്‌നേഹിക്കുകയും അവരെ കരുതലോടെ സംരക്ഷിക്കുകയും ചെയ്യുന്ന മാലാഖാമാർ അവരുമായി ഇഴുകിച്ചേർന്ന് സാവകാശം അവരെ ദൈവത്തിലേക്ക് നയിക്കുന്നു; ദൈവത്തിന്റെ കൃപ അവരിലേക്ക് മഴ പോലെ വർഷിക്കുന്നു. മാലാഖാമാരുമായുള്ള നിരന്തര സഹവർത്തിത്വം അവരെ ‘ഭൂമിയിലെ മാലാഖാമാർ’എന്ന പേരിന് അർഹരാകത്തക്ക വിധം ദൈവോന്മുഖരാക്കുന്നു. ഭൂമിയിൽ മാലാഖാമാരെപ്പോലെ ഹൃദയ നൈർമല്യത്തോടെ ജീവിക്കാനാരംഭിക്കുമ്പോൾ മനുഷ്യർക്ക് ദൈവത്തിന്റെ രഹസ്യങ്ങൾ അറിയാനുള്ള വരം സിദ്ധിക്കുന്നു. ഭൂമിയിലായിരിക്കുമ്പോൾ തന്നെ സ്വർഗ്ഗം കാണാനും, സ്വർഗ്ഗീയമഹത്ത്വം ആസ്വദിക്കാനും സഹായിക്കുന്ന ഈ സവിശേഷ വരം എങ്ങനെ നേടാനാകുമെന്ന് മാർ യോഹന്നാൻ ദല്‌യാസാ നമുക്ക് പറഞ്ഞു
തരുന്നത് ഹൃദയംകൊണ്ട് നമുക്ക് ശ്രവിക്കാം:
ഈശോയുടെ നിരന്തരസ്മരണയാൽ നിന്റെ ആത്മാവിനെ നീ പവിത്രീകരിക്കുക. അവന്റെ സ്‌നേഹത്തിന്റെ അഗ്നിയിൽ നീ അവനുമായി നിന്നെ കൂട്ടിയിണക്കൂ. ഈ സ്‌നേഹം നിന്റെ ആത്മാവിൽ അവനെ പിതാവിനോടും റൂഹായോടുമൊപ്പം കുടിയിരുത്തട്ടെ. ഈ സ്‌നേഹത്താൽ നീ അഗാധങ്ങളുടെ ആഴവും, സ്വർഗ്ഗത്തിന്റെ ഔന്നത്യവും ഗ്രഹിക്കും. ഈ സ്‌നേഹം ആത്മാവിന്റെ രഹസ്യങ്ങൾ നിന്നോട് മന്ത്രിക്കും. ഈ സ്‌നേഹത്തിൽ നിന്റെ ഉള്ളിലുള്ളവ തിളങ്ങും; നിന്റെ മുന്നിലുള്ളവ മഹത്തായ പ്രകാശം ചൊരിയും ദാസനായ നീ രാജത്വം വരിക്കും. യുഗാന്ത്യത്തിൽ നിനക്കായി സൂക്ഷിക്കപ്പെട്ടിട്ടുള്ള കിരീടം ഇന്നേ നീ അണിയും.