കത്തോലിക്കാസഭയുടെ പ്രമാണങ്ങൾക്ക് വിരുദ്ധമായി ഇതര വിഭാഗങ്ങളിലും മതങ്ങളിലും പെട്ടവരുമായി അവരുടെ ആചാരരീതിയനുസരിച്ച് നടത്തുന്ന വിവാഹങ്ങളിൽ കത്തോലിക്കരായ വിശ്വാസികൾക്ക് സജീവമായി പങ്കെടുക്കാൻ സാധിക്കുമോ?
മേൽപറഞ്ഞ രീതിയിലുള്ള വിവാഹങ്ങളോടു സഹകരിക്കുകയും അതിനു നേതൃത്വം നല്കുകയും ചെയ്യുന്നവർക്കെതിരെ നടത്തപ്പെടുന്ന ശിക്ഷണ നടപടിളെക്കുറിച്ച് നമുക്ക് അറിവുള്ളതാണല്ലോ. ഏറ്റവും അടുത്ത ബന്ധുക്കൾ അത്തരം വിവാഹങ്ങൾ നടത്തിക്കൊടുക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് സഭ ആഗ്രഹിക്കുന്നത്. അടുത്ത ബന്ധത്തിൽ പെട്ടവരാണെങ്കിൽ കൂടി കത്തോലിക്കാസഭയുടെ നിയമത്തിനു വിരുദ്ധമായി നടത്തപ്പെടുന്ന നിയമാനുസൃതമല്ലാത്ത വിവാഹത്തിൽ സംബ ന്ധിക്കാമോ എന്നതിനെ സംബന്ധിച്ച് സഭാനിയമം പ്രത്യേകമായ അനുശാസനകൾ നല്കുന്നില്ല. സാധുവായ ഒരു കത്തോലിക്കാവിവാഹം എന്താണ്? നിയമപരമായ ക്രമം പാലിച്ചു നടത്തപ്പെടുന്ന വിവാഹമാണ് സാധുവും നിയമാനുസൃതവുമായ വിവാഹം. ഉദാഹരണമായി, രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ, അധികാരമുള്ള പുരോഹിതനാൽ ആശീർവദിക്കപ്പെട്ട കർമ്മം, സാധുതയ്ക്ക് ആവശ്യമാണ്. എന്നാൽ, നിയമപരമായ ക്രമങ്ങളിൽ നിന്നും, നിയമപരമായ വിടുതൽ വാങ്ങാതെ, അകത്തോലിക്കാ ആരാധനാലയങ്ങളിലോ, രജിസ്ട്രാഫീസുകളിലോ നടത്തപ്പെടുന്ന വിവാഹങ്ങൾ കത്തോലിക്കാ നിയമപ്രകാരം നിയമാനുസൃതമായ വിവാഹമായി പരിഗണിക്കപ്പെടില്ല.
സഭാവിരുദ്ധമായി നടത്തപ്പെടുന്ന വിവാഹങ്ങൾക്ക് പ്രത്യേക ക്ഷണം ലഭിച്ച് അതിൽ സംബന്ധിക്കുന്ന കത്തോലിക്കാ വിശ്വാസിയുടെ ഭാഗഭാഗിത്വം അത്തരം വിവാഹ
ങ്ങളെ അംഗീകരിക്കുന്നു എന്ന ധ്വനി വരുത്തിയേക്കാം. സഭയുടെ നിയമസംഹിത
യെക്കാൾ ഉപരി, ദൈവശാസ്ത്രപരവും അജപാലനപരവുമായ സമീപനമാണ് ഈ
വിഷയത്തിൽ സ്വീകരിക്കേണ്ടത്. ഒരു കത്തോലിക്കാ വിശ്വാസിയെ സംബന്ധിച്ച്, തനിക്ക് ധാർമ്മികമായി ശരിയല്ലായെന്ന് ബോധ്യമുള്ള ഒരു വിവാഹത്തിൽ എന്തിനു സംബന്ധിക്കണമെന്ന് സ്വയം ചോദിക്കേണ്ട വിഷയമാണ്.കത്തോലിക്കാ വിശ്വാസിയുടെ അത്തരം വിവാഹത്തിലുള്ള ഭാഗഭാഗിത്വം ഇടർച്ചക്കു കാരണമാകാമെന്ന് സൂചിപ്പിച്ചല്ലോ. സഭയുടെ മതബോധനം പഠിപ്പിക്കുന്നു: ”ഇടർച്ചയെന്നാൽ അതൊരു പെരുമാറ്റമോ സ്വഭാവമോ ആകാം. അത് മറ്റൊരുവനെ തെറ്റിലേക്കു നയിക്കുന്നു. ഇടർച്ച നല്കുന്നവൻ അയൽക്കാരന് പ്രലോഭകനായി മാറുന്നു. സഹോദരന്റെ ആത്മീയ മരണത്തിനു കാരണമാകുന്ന ഉപേക്ഷയാലോ പ്രവൃത്തിയാലോ ഉള്ള പ്രലോഭനം ഗൗരവമായ തെറ്റാണ്.” സഭാവിരുദ്ധമായി നടത്തപ്പെടുന്ന ഒരു വിവാഹത്തിൽ സജീവമായി പങ്കെടുക്കേണ്ട ഘട്ടം വരുമ്പോൾ, ദുർബ്ബലമായ വിശ്വാസജീവിതമുള്ളവരുടെ ആത്മീയ ഉന്നതിക്ക് ഹാനി സംഭവിക്കുന്നതിനെ സംബന്ധിച്ച് ഗൗരവമായ ചിന്തയുണ്ടാകണം. സഭാവിരുദ്ധമായി നടത്തപ്പെടുന്ന വിവാഹ കർമ്മങ്ങൾ ഗൗരവമായ തെറ്റുതന്നെയാണെന്ന് ഓർമ്മ പ്പെടുത്തേണ്ട കടമ ഓരോ സഭാവിശാസിക്കുമുണ്ട്.
സഭയെ ധിക്കരിച്ച് നടത്തപ്പെടുന്ന ഒരു വിവാഹത്തിൽ സംബന്ധിക്കുവാൻ ക്ഷണം
ലഭിക്കുമ്പോൾ, അതിനോട് സ്‌നേഹപൂർവ്വകമായ രീതിയിൽ നിരസിക്കന്നത് വിശ്വാസജീവിതത്തിൽ ദുർബ്ബലരായവരുടെ വിശ്വാസപരിപോഷണത്തിന് അത് കാരണമാകും. ഏതൊരു തെറ്റും തിരുത്തുവാനും സഭയുമായി പൂർണ്ണ ഐക്യത്തിൽ വരുവാനും നമ്മുടെ ”നിസ്സഹകരണം” വഴി സാധ്യമാകാം. നമ്മോടുള്ള അടുപ്പം കൊണ്ടോ ബന്ധംകൊണ്ടോ അത്തരം വിവാഹങ്ങൾക്ക് ക്ഷണിക്കപ്പെടുമ്പോൾ നമ്മോടു ബന്ധപ്പെട്ട കുടുംബത്തിനുണ്ടാകാവുന്ന ആത്മീയ വിപത്തിനെക്കുറിച്ച് നാം വിവേചിച്ചറിയണം. സഭാനിയമം, നിയമാനുസൃതമല്ലാത്ത വിവാഹത്തിൽ സജീവമായി സംബന്ധിക്കുന്നവർക്കെതിരെയുള്ള അനുശാസനകൾ നല്കുന്നില്ലെങ്കിലും അജപാലനപരവും വേദശാസ്ത്രപരവുമായ ചിന്തകളുടെ വെളിച്ചത്തിൽ, മറ്റൊരാളുടെ ആത്മീയ ഉൽക്കർഷത്തിന് തടസ്സമാകുന്ന തരത്തിലുള്ള സജീവമായ പങ്കാളിത്തത്തിൽ നിന്നും അകന്നു നില്ക്കുകയാണു വേണ്ടത്.