വെളിപാടു പുസ്തകം: ആമുഖവിചിന്തനങ്ങൾ മല്പാൻ

കത്തോലിക്കർ അധികം ഉപയോഗിക്കാത്തതും അതേസമയം സഭാവിരുദ്ധ ഗ്രൂപ്പുകൾ വളരെയധികം ഉപയോഗിക്കുന്നതുമായ ഒരു ഗ്രന്ഥമാണ് ‘വെളിപാടു പുസ്തകം’. വായിച്ചാൽ മനസ്സിലാക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള പുസ്തകമാണിത്. പ്രതിരൂപങ്ങളും പ്രതീകങ്ങളും സംഖ്യകളുംകൊണ്ട് സന്ദേശം നല്കുന്ന ഒരു ഭാഷ-അപ്പോക്കലിപ്റ്റിക്ക് ഭാഷ-യാണ് വെളിപാടുപുസ്തകത്തിന്റേത്. ഈ ഭാഷയുടെ പ്രത്യേകതകളും പുസ്ത കമെഴുതിയ ചരിത്രപശ്ചാത്തലവും കണക്കിലെടുത്തുമാത്രമേ വെളിപാടുപുസ്തകം വ്യാഖ്യാനിക്കാവൂ.
ബി. സി. രണ്ടാം നൂറ്റാണ്ടിനും എ. ഡി. രണ്ടാം നൂറ്റാണ്ടിനും ഇടയ്ക്കുള്ള കാല ഘട്ടത്തിൽ വളർന്നു വികസിച്ച ഒരു ഭാഷയാണ് അപ്പോക്കലിപ്റ്റിക്ക് ഭാഷ. തങ്ങളുടെ എല്ലാ ശത്രുക്കളെയും നിർമ്മാർജ്ജനം ചെയ്ത് ലോകജനതയുടെ തലപ്പത്ത് കയറി പ്പറ്റാമെന്നുള്ള യഹൂദരുടെ പ്രത്യാശയാണ് ഈ സാഹിത്യരൂപത്തിനു ജന്മംകൊടുത്തത്. ചരിത്രം യഹൂദരുടെ പ്രതീക്ഷ തകർത്തു. തങ്ങളുടെ ശത്രുക്കളിൽനിന്നും തങ്ങളെ രക്ഷിക്കാൻ മനുഷ്യർക്കൊന്നും കഴിവില്ലെന്ന് അവർക്കു ബോദ്ധ്യമായി. തത്ഫലമായി അന്ത്യാത്മകമായ – ദൈവത്തിന്റെ പ്രവർത്തനഫലമായ – ഒരു വിമോചനവും ഭരണവും അവരുടെ പ്രതീക്ഷയുടെ വിഷയമായി. ഇതിന്റെ വെളിച്ചത്തിൽ അവർ ചരിത്രത്തെ രണ്ടു ഘട്ടങ്ങളായി തിരിച്ചു: 1. വർത്തമാനകാലഘട്ടം – തിന്മ നിറഞ്ഞതും അടിമത്തത്തിന്റേതുമായ കാലഘട്ടം; 2. ഭാവികാലഘട്ടം – നന്മയും സത്യവും സ്‌നേഹവും നീതിയും നിത്യം നിലനില്ക്കുന്ന കാലഘട്ടം. ഈ ഭാവി കൈവ രുത്തുന്നതു ദൈവം. കർത്താവിന്റെ ദിനത്തിൽ ഭയാനകമായ അടയാള ങ്ങളോടുകൂടി ദൈവം ഈ ഭാവിഭരണം ഉദ്ഘാടനം ചെയ്യും. വർത്തമാന കാലത്തെ പീഡനങ്ങളെ ക്ഷമയോടെ നേരിടാനും, വിശ്വാസത്തിൽ സ്ഥിരതയോടെ നിലനില്ക്കുവാനും ഈ പ്രത്യാശ യഹൂദജനതയെ സഹായിച്ചു. ഈ സന്ദേശം അവർക്കു നല്കുവാനായി മതപീഡനകാലത്ത് വികസിപ്പിച്ചെടുത്ത സാഹിത്യരൂപമാണ് അപ്പോക്കലിപ്റ്റിക്ക് ഭാഷ.
വെളിപാടുപുസ്തകം രചിച്ചിരിക്കുന്നത് മുഖ്യമായും അപ്പോക്കലിപ്റ്റിക്ക് സാഹി
ത്യരൂപത്തിലാണെങ്കിലും മറ്റു ചില സാഹിത്യരൂപങ്ങളുടെയും സ്വാധീനം ഈ ഗ്രന്ഥത്തിലുണ്ട്.
1. പ്രവചനം: ഈശോമിശിഹായിൽനിന്നു ലഭിച്ച വെളിപാട് എന്ന് പുസ്തകത്തെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, താൻ എഴുതിയിരിക്കുന്നത് ഒരു പ്രവാചകഗ്രന്ഥമാണെന്ന് ഗ്രന്ഥകാരൻതന്നെ പുസ്തകത്തിന്റെ ആരംഭത്തിലും (1,3) അവസാനത്തിലും (22,18) എടുത്തുപറയുന്നുണ്ട്. വെളിപാടുപുസ്തകത്തിൽ പ്രവാചകശബ്ദം മുഴങ്ങിക്കേൾക്കാം. ശാസനയും വിമർശനവും കുറ്റാരോപണവും ശിക്ഷയുടെ മുന്നറിയിപ്പും സാന്ത്വനവും രക്ഷയുടെ വാഗ്ദാനവുമെല്ലാം വെളിപാടുഗ്രന്ഥകാരൻ ഉപയോഗിക്കുന്നുണ്ട്. ജീവൻ ത്യജിച്ചും കർത്താവിനോടു വിശ്വസ്തത പുലർത്താനുള്ള ആഹ്വാനവും മരണംവരെ വിശ്വസ്തത പുലർത്തുന്നവർക്കു ലഭിക്കാനിരിക്കുന്ന മഹത്ത്വവും ഈ പുസ്തകത്തിൽ കാണാം.
2. ഇടയലേഖനം: സഭയുടെ ആനുകാലികപ്രശ്‌നങ്ങൾ കണക്കിലെടുത്തുകൊണ്ട് വിശ്വാസസത്യങ്ങൾ വിശദീകരിക്കുകയും വിശ്വാസത്തിന്റെ വെളിച്ചത്തിൽ പ്രശ്‌നങ്ങളെ നേരിടാൻ പ്രചോദനം നല്കുകയുമാണ് ലേഖനങ്ങൾ ചെയ്യുക. അഭി സംബോധന, ആശംസകൾ, പ്രശംസകൾ, ഉപദേശങ്ങൾ, താക്കീതുകൾ, സമാപ നാശംസ, ആശീർവാദം എന്നിവയാണ് ലേഖനങ്ങളിൽ പൊതുവെ കാണുക. ഏഷ്യയിലെ ഏഴു സഭകൾക്കുള്ള ലേഖനങ്ങളായിട്ടാണ് വെളിപാടു പുസ്തകത്തിന്റെ ആദ്യത്തെ മൂന്നദ്ധ്യായങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്. അവസാനത്തെ അദ്ധ്യാ യത്തിലും ഈ ലേഖനശൈലി കാണാം.
3. ലിറ്റർജിക്കൽ രൂപം: സഭയുടെ ലിറ്റർജിയുമായി ബന്ധപ്പെട്ട പല പ്രതീകങ്ങളും ശൈലീവിശേഷങ്ങളും വെളിപാടുപുസ്തകത്തിൽ കാണാം. കൊല്ലപ്പെട്ടതായി തോന്നുന്ന കുഞ്ഞാട്, ബലിപീഠം, അഗ്നി, ധൂപം മുതലായവ ആരാധനയുമായി ബന്ധപ്പെട്ട പ്രതീകങ്ങളാണ്. സ്വർഗ്ഗീയസിംഹാസനത്തിനു മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്ന ശ്രേഷ്ഠന്മാർ, ദൈവസ്തുതി പാടുന്ന ജീവികൾ, കീർത്തനങ്ങളാലപിക്കുന്ന വിശുദ്ധർ, പല തവണ ആവർത്തിക്കപ്പെടുന്ന ദൈവസ്തുതികൾ ഇവയെല്ലാം ആരാധനക്രമത്തിന്റെ പ്രതീതിയാണു നല്കുന്നത്.
4. നാടകം: വെളിപാടു പുസ്തകം മുഴുവൻ ഒരു വലിയ നാടകത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതുപോലെതോന്നും. പ്രപഞ്ചമാണ് വേദി; നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് പ്രമേയം. ദൈവത്തിന്റെ കുഞ്ഞാടും മാലാഖമാരും സഭയും ഒരു വശത്ത്; സാത്താനും അവന്റെ സേവകരായ പിശാചുക്കളും ഉപകരണങ്ങളായ സാമ്രാജ്യശക്തികളും മറുവശത്ത്. ഏഴ് അങ്കങ്ങളും, ഓരോ അങ്കത്തിലും ഏഴു രംഗങ്ങളും ഉള്ള ഒരു വലിയ നാടകത്തിന്റെ പ്രതീതിയാണ് വെളിപാടുഗ്ര ന്ഥത്തിനുള്ളത്.
പ്രധാനപ്പെട്ട സാഹിത്യരൂപം അപ്പോക്കലിപ്റ്റിക്ക് രൂപമാണെങ്കിലും മേൽവിവരിച്ച സാഹിത്യരൂപങ്ങളും വെളിപാടു പുസ്തകത്തെ സ്വാധീനിച്ചിട്ടുണ്ട്.
ഈ ലോകത്തിന്റെ അധികാരിയായ സാത്താനെതിരെ ദൈവം നടപ്പാക്കുന്ന ശിക്ഷാവിധിയുടെ ചിത്രമാണ് വെളിപാടുപുസ്തകം വരച്ചുകാട്ടുന്നത്. സാത്താനും അവന്റെ അനുയായികളും, ദൈവത്തിനും അവിടുത്തെ ജനത്തിനും എതിരെ നടത്തുന്ന യുദ്ധമായിട്ടാണ് മതപീഡനങ്ങളെ ഗ്രന്ഥകാരൻ കാണുന്നത്. നന്മയും തിന്മയും തമ്മിലുള്ള ഈ യുദ്ധം പ്രപഞ്ചത്തെ മുഴുവൻ ഗ്രസിക്കുന്നതാണ്. പ്രതീകങ്ങളിലൂടെമാത്രമേ ഇതിനെ വിവരിക്കാൻ കഴിയൂ. പഴയനിയമത്തിലും വെളിപാടുസാഹിത്യകൃതികളിലും പൊതുവേ ഉപയോഗിക്കപ്പെട്ടിരുന്ന പ്രതീകങ്ങളാണവ.
ഈ പ്രതീകങ്ങളെ പൊതുവേ ആറു ഗണങ്ങളായി തിരിക്കാം: 1. സംഖ്യകൾ; 2. നിറങ്ങൾ; 3. വ്യക്തികൾ; 4. വസ്തുക്കൾ; 5. ശരീരാവയവങ്ങൾ; 6. പ്രപഞ്ചം.
1. സംഖ്യകൾ: കൃത്യമായി എണ്ണത്തെ സൂചിപ്പിക്കാനല്ല; പൂർണ്ണതയെയോ അപൂ ർണ്ണതയെയോ സൂചിപ്പിക്കുന്ന പ്രതീകങ്ങളായിട്ടാണ് വെളിപാടുപുസ്തകം സംഖ്യകളെ ഉപയോഗിക്കുന്നത്. പൂർണ്ണസംഖ്യകൾ: 3,4,7,10,12 ഇവയും ഇവയുടെ ഗുണിതങ്ങളും. അപൂർണ്ണസംഖ്യകൾ: ഭിന്നസംഖ്യകൾ, പൂർണ്ണസംഖ്യകളുടെ പകുതി, അവയിൽ ഒന്നു കുറവുള്ളത്.
2. നിറങ്ങൾ: ‘വെള്ള’ വിജയത്തിൽ സന്തോഷം, നിർമ്മലത എന്നിവയെ സൂചിപ്പി ക്കുന്നുവെങ്കിൽ (1,9), ‘ചുവപ്പ്’ വിപ്ലവം, യുദ്ധം, രക്തച്ചൊരിച്ചിൽ (6,4) എന്നിവയെ സൂചിപ്പിക്കുന്നു. ‘കറുപ്പ്’ മരണത്തെ സൂചിപ്പിക്കുന്നെങ്കിൽ (6,5), ‘വിളറിയ നിറം’ (മഞ്ഞ) പകർച്ചവ്യാധികൾ മൂലമുണ്ടാകുന്ന മരണത്തെ സൂചിപ്പിക്കുന്നു (6,7-8). ‘ധൂമ്രം’ സീമാതീതമായ സുഖഭോഗങ്ങളെ സൂചിപ്പിക്കുമ്പോൾ (17,4), ‘സ്വർണ്ണം’ രാജകീയ മഹത്ത്വത്തെ സൂചിപ്പിക്കുന്നു.
3. വ്യക്തികൾ-മൃഗങ്ങൾ:
‘മനുഷ്യപുത്രൻ’ – മരണത്തിലൂടെ തിന്മയുടെമേൽ വിജയംവരിച്ച ഉത്ഥിതനായ മിശിഹാ
‘ദൈവദൂതൻ’ – ദൈവഹിതം അറിയിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവൻ
‘കുഞ്ഞാടിന്റെ മണവാട്ടി’ – സഭ: വിശ്വാസികളുടെ സമൂഹം
‘ശ്രേഷ്ഠന്മാർ’ – മഹത്ത്വീകരിക്കപ്പെട്ട ദൈവജനം
‘സ്ത്രീ’ – ദൈവജനത്തിന്റെ പ്രതീകം
‘വേശ്യ’ – ബാബിലോൺ: ദൈവജനത്തെ പീഡിപ്പിക്കുന്ന സാമ്രാജ്യശക്തി
‘നാലുജീവികൾ’ – ദൈവമഹത്ത്വം പ്രകടമാക്കുന്ന സൃഷ്ടപ്രപഞ്ചം
‘കുഞ്ഞാട്’ – പാപമോചനത്തിനായി സ്വയം ബലിയർപ്പിച്ച മിശിഹാ
‘മൃഗം’ – സാമ്രാജ്യശക്തി (13,1.11)
‘സർപ്പം’ – തിന്മയുടെ ശക്തി: സാത്താൻ (12,3; 20,2)
‘തവളകൾ’ – നുണപ്രചരണം
4. വസ്തുക്കൾ
‘കിരീടം’, ‘സിംഹാസനം’ – രാജകീയാധികാരം
‘രത്‌നങ്ങൾ’ – മനോഹാരിത, സമ്പത്ത്
‘വാൾ’ – ദൈവവചനം (1,16), ശിക്ഷാവിധി (19, 15), നാശം (6,4)
‘കാഹളം’ – ദൈവത്തിന്റെ ആജ്ഞാസ്വരം (1,11)
‘നീണ്ട അങ്കി’ – പൗരോഹിത്യം (1,13)
‘കുരുത്തോല’ – വിജയം
5. ശരീരാവയവങ്ങൾ
‘തല’ – അധികാരവും അധികാരമുള്ളവനും
‘കൊമ്പ്’ – ശക്തി, രാജത്വം
‘കണ്ണ്’ – അറിവ്, ജ്ഞാനം
‘ചിറക്’ – വേഗത
6. പ്രപഞ്ചം
‘സ്വർഗ്ഗം’ – ദൈവികമേഖല
‘ഭൂമി’ – മാനുഷികമേഖല
‘ആകാശം’ – മനുഷ്യനും ദൈവത്തിനുമിടയ്ക്കുള്ള ശക്തിയുടെ മേഖല
‘കടൽ’ – അപകടമേഖല
‘പാതാളം’ – ശിക്ഷയുടെ സ്ഥലം, സാത്താന്റെ അധിവാസസ്ഥലം
‘കൊയ്ത്ത്’ – രക്ഷാവിധി, നിത്യരക്ഷ
‘മുന്തിരി വിളവെടുപ്പ്’ – ശിക്ഷാവിധി, നിത്യശിക്ഷ
‘പ്രപഞ്ചശക്തികളിൽ വ്യതിയാനം’ – വിധി നടപ്പാക്കുന്ന ദൈവസാന്നിദ്ധ്യം
ഈ പ്രതീകങ്ങളെല്ലാംതന്നെ പഴയനിയമഗ്രന്ഥങ്ങളിൽനിന്ന് എടുത്തവയാണ്. അതിമനോഹരവും അതിഭീകരവുമായ ചിത്രങ്ങളാണ് ഗ്രന്ഥകാരൻ വരച്ചുകാട്ടുന്നത്.
മനോഹരവും ആകർഷകവുമായതെല്ലാം ദൈവത്തെയും ദൈവം നല്കുന്ന രക്ഷയെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. തിന്മയുടെ ശക്തിയെയും അവനും അനുയായികൾക്കും ലഭിക്കാനിരിക്കുന്ന ശിക്ഷയെയും സൂചിപ്പിക്കാനാവട്ടെ ഭയാനകവും ബീഭത്സവുമായ ചിത്രങ്ങളാണ് അവതരിപ്പിക്കുന്നത്. മതമർദ്ദനത്തിൽ മനം തകരാതെ, ദൈവത്തോടു വിശ്വസ്തത പുലർത്താൻ 22 സ്വർഗ്ഗഭാഗ്യത്തിന്റെ വാഗ്ദാനം പ്രചോദനം നല്കുന്നു. അതേസമയം അവിശ്വസ്തർക്കു ലഭിക്കാനിരിക്കുന്ന നിത്യശിക്ഷയുടെ ഭീകരചിത്രം താല്ക്കാലികപീഡനങ്ങളെ ഭയന്ന് വിശ്വാസം ത്യജിക്കാൻ ഒരുങ്ങുന്നവർക്കു കർശനമായ താക്കീതായിരിക്കും. ഓരോ പ്രതീക ത്തിന്റെയും വിശദാംശങ്ങളിൽ തങ്ങിനില്ക്കാതെ അവ കൺമുമ്പിലൂടെ കടന്നുപോകാൻ അനുവദിക്കുകയും അവയിൽനിന്നു പൊതുവായി ലഭിക്കുന്ന പ്രതീതി അനുഭവിച്ചറിയുവാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടാണ് വെളിപാടു പുസ്തകം വായിക്കേണ്ടത്.
1. വെളിപാടു പുസ്തകം ഏതു സാഹിത്യരൂപത്തിലാണ് എഴുതപ്പെട്ടത്? അതിന്റെ പ്രത്യേകതകൾ ഏവ?
2. വെളിപാടു പുസ്തകത്തിലെ മറ്റു സാഹിത്യരൂപങ്ങൾ ഏവ?
3. വെളിപാടു പുസ്തകത്തിലെ പ്രതീകങ്ങൾ ഏവ?
4. ഈ പ്രതീകങ്ങളെ നാം എങ്ങനെ മനസ്സിലാക്കണം?
(തുടരും)