മഹാനായ ഡിലനായി
ഓരോ അവസരത്തിലും നടന്നുകൊണ്ടിരുന്ന എല്ലാക്കാര്യങ്ങളും ദേവസാഹായം തന്റെ ഉറ്റമിത്രമായ ഡിലനായിയെ അറിയിച്ചുകൊണ്ടിരുന്നു. മഹാനായ ആ സൈന്യാധിപന്റെ വിശ്വാസദാർഢ്യവും, വ്യക്തിപ്രഭാവവും, പ്രാർത്ഥനയും രക്തസാക്ഷിത്വത്തിൽ ദേവസഹായത്തിന് ഉത്തേജനം പകർന്നുവെന്നത് തീർച്ചയാണ്. ഡിലനായിയുടെ സ്വാധീനവും ദേവസഹായത്തിന്റെ ധീരമായ സഹനവും മാർത്താണ്ഡവർമ്മയെപ്പോലും പിടിച്ചുലച്ചുവത്രെ! ഒരു ഘട്ടത്തിൽ ക്രിസ്തുവിശ്വാസം സ്വീകരിച്ചാലോ എന്ന് അദ്ദേഹം കാര്യമായി ചിന്തിച്ചുവെന്ന് പറയപ്പെടുന്നു.
ദേവസഹായത്തിന്റെമേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ക്രമേണ മയപ്പെട്ടു.
ഭടന്മാർ കോഴവാങ്ങി അദ്ദേഹത്തെ സന്ദർശിക്കാൻ പലരെയും അനുവദിച്ചു. ഈ അവസരമുപയോഗിച്ച് ഒരു ദിവസം ബഹുമാനപ്പെട്ട മധുരേന്ദ്രർ അച്ചൻ രഹസ്യമായി അദ്ദേഹത്തിന്കുമ്പസാരവും കുർബാനയും നൽകി. തടവിലാക്കപ്പെട്ടശേഷം ആദ്യമായിട്ടാണ് അദ്ദേഹത്തിന് വിശുദ്ധ കൂദാശകൾ സ്വീകരിക്കാൻ സാധിച്ചത്. ഈ അനുഭവം അദ്ദേഹത്തിന് സ്വർഗ്ഗീയമായ സമാധാനവും സന്തോഷവും നൽകി.
ദേവസഹായത്തിന്റെ കാവലിനായി നിയോഗിക്കപ്പെട്ടിരുന്ന രണ്ടു ഭടന്മാർ, കാവൽ നിന്നു മുഷിഞ്ഞതിനാൽ, അദ്ദേഹത്തെ രഹസ്യമായി കൊന്നുകളയാൻ തീരുമാനിച്ചു. വിഷം കൊടുക്കാനായിരുന്നു പ്ലാൻ. ഇതറിഞ്ഞ ആരാച്ചാർ വിവരം ദേവസഹായത്തെ അറിയിക്കുകയും വേഗം എവിടേക്കെങ്കിലും ഓടി രക്ഷപെട്ടുകൊള്ളാൻ ഉപ ദേശിക്കുകയുംചെയ്തു.
ഇക്കാര്യങ്ങളെല്ലാം ദേവസഹായം ഉടനെതന്നെ മധുരേന്ദ്രർ അച്ചനെ എഴുതി അറിയിച്ചു. ഒളിച്ചോടരുതെന്നും ഒരു വിശ്വാസി അവസാനംവരെ സഹിച്ച് രക്തസാക്ഷിത്വം വരിക്കുകയാണ് വെണ്ടതെന്നും അച്ചൻ മറുപടി നൽകി. തന്നെ അളവറ്റ വിധം സ്‌നേഹിക്കുന്ന ദൈവത്തിനുവേണ്ടി മരിക്കാൻ ഒരിക്കൽ കൂടി മനസ്സിലുറപ്പിച്ച ദേവസഹായം ആരാച്ചാരുടെ ദാക്ഷിണ്യം തള്ളിക്കളഞ്ഞു. പീഡനങ്ങൾക്കു വിധേയരായി സത്യവിശ്വാസം ഉപേക്ഷിച്ച പലരിലും പശ്ചാത്താപം ഉളവാക്കാനും അവരെ വിശ്വാസത്തിലേക്കു തിരിയെ കൊണ്ടുവരാനും അദ്ദേഹത്തിന്റെ സഹനവും വിശ്വാസതീക്ഷ്ണതയും സഹായിച്ചു.
വിധിത്തീർപ്പ്
പെരുവിളയിൽ കൊണ്ടുപോയി പട്ടിണിക്കിട്ടു കൊന്നുകളയാൻ ആരാച്ചാരോട് ഏർപ്പാടു ചെയ്തിരുന്നെങ്കിലും അതു സാധിക്കാതെ വന്നപ്പോൾ ബ്രാഹ്മണർ പിന്നെയും പരാതിയുമായി രാജസന്നിധിയിലെത്തി. ആവരെ തൃപ്തിപ്പെടുത്തുന്നതിനായി രാജാവ് പുതിയൊരു കല്പന നൽകി. ദൈവസഹായത്തെ ആരുവാമൊഴി കോട്ടവാതിലിനു സമീപം കൊണ്ടുചെന്ന് വിലങ്ങു തറച്ച് തടവിൽ പാർപ്പിക്കാനായിരുന്നു കല്പന. അതനുസരിച്ച് പഴയ ഭടന്മാരെ നീക്കി ക്രൂരരായ പുതിയ ഭടന്മാരെ നിയമിച്ചു. അവർ അദ്ദേഹത്തെ കാൽനടയായി ആരുവാമൊഴിയിൽ കൊണ്ടുപോയി ഒരു പൂവരശിന്റെ ചോട്ടിൽ വിലങ്ങു തറച്ച് ബലമായി ബന്ധിച്ചു. കിടക്കാനും ഇരിക്കാനും കഴിയാത്ത വിധമായിരുന്നു ബന്ധനം. ഭക്ഷണവും കൊടുത്തിരുന്നില്ല.
ദേവസഹായം ഇത്ര ക്രൂരമായ പീഡനങ്ങളേറ്റിട്ടും അതെല്ലാം സസന്തോഷം അനുഭവിക്കുന്നതു കണ്ട ജനങ്ങൾ അദ്ദേഹത്തെ ഒരു ”വേദസാക്ഷി”യായി വണങ്ങി ആദരിച്ചു തുടങ്ങി.
പ്രതികാരദാഹികളായ ബ്രാഹ്മണരുടെ വാക്കുകേട്ട് മഹാരാജാവ് അന്തിമ വിധി നൽകി, നിലകണ്ഠനെ ആരുമറിയാതെ കാറ്റാടി മലയിൽ കൊണ്ടുചെന്ന് വെടിവച്ചു കൊല്ലാനായിരുന്നു വിധി. ഈ രാജകല്പന കേട്ട ബ്രാഹ്മണർ അത്യധികം സന്തോഷിച്ചു. അവർ ആ കല്പന നടപ്പാക്കാനുള്ള ഒരുക്കങ്ങളെല്ലാം ആരുവാമൊഴിയിൽ നടത്തി. ദിവസവും തീരുമാനിച്ചു.
ഭാര്യയുമായുള്ള കൂടിക്കാഴ്ചയും യാത്രാമൊഴിയും
മരണത്തിന് എട്ടുദിവസം മുമ്പ് ദേവസഹായത്തിന് തന്നെ തേടിയെത്തിയ തന്റെ പ്രിയതമയെ കാണാനും അന്ത്യയാത്ര പറയാനും അവസരം ലഭിച്ചു. രണ്ടുപേരും തേങ്ങിക്കരഞ്ഞു. അദ്ദേഹം അവളുടെ കണ്ണീർ തുടച്ച് അവളെ ആശ്വസിപ്പിച്ചു. തന്റെ മരണശേഷം അവൾ വടക്കൻകുളത്തുപോയി താമസിക്കണമെന്നും ആ നാട്ടിൽ താമസിക്കരുതെന്നും അദ്ദേഹം പ്രിയതമയോടു പറഞ്ഞു. എല്ലാം ക്ഷമാപൂർവ്വം സഹിച്ചാൽ സ്വർഗ്ഗത്തിൽ വീണ്ടും തങ്ങൾ ഒത്തുചേരുമെന്നും ആ ”കൈകെട്ടിയ പുണ്യവാൻ” അവളെ ഓർമ്മിപ്പിച്ചു.
ഭാര്യയോട് അന്ത്യയാത്ര പറഞ്ഞശേഷം തന്റെ അടുക്കൽ ജനങ്ങൾ കൊണ്ടുവന്ന മഹോദരരോഗിയായ ഒരു സ്ത്രീയെ അദ്ദേഹം സുഖപ്പെടുത്തി. വൈകാതെ അവൾ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു.
സ്വർഗ്ഗത്തിലേക്ക്
സർവ്വശക്തനായ ദൈവം ദേവസഹായത്തെ ആസന്നമായ രക്തസാക്ഷിത്വത്തിന്റെ വിവരം അത്ഭുതകരമായി അറിയിച്ചിരുന്നു. ഇതു ഗ്രഹിച്ച ഉടൻ വിശുദ്ധന്റെ ഹൃദയം ആനന്ദഭരിതമായി.
1752 ജനുവരി 14-ാം തീയതി വെള്ളിയാഴ്ച. അന്ന് ദേവസഹായം പിള്ള ജനിച്ചിട്ട് 40 വർഷവും, മാമ്മോദീസ സ്വീകരിച്ചിട്ട് 7 വർഷവും ബന്ധനത്തിലായിട്ട് 3 വർഷവും 40 ദിവസവുമായിരുന്നു. തന്റെ ജീവിതദൗത്യം പൂർത്തിയായെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
ഭടന്മാർ അദ്ദേഹത്തെ കാറ്റാടി മലയിലേക്കു കൊണ്ടുപോയി. മരണത്തിനു മുമ്പിലും അദ്ദേഹത്തിന്റെ മുഖത്തു കണ്ട പ്രസന്നതയും സമാധാനവും ഭടന്മാരെ അത്ഭുതപ്പെടുത്തി. അവർ അദ്ദേഹത്തെ ഒരു പാറക്കെട്ടിനു മുകളിൽ കയറ്റി നിർത്തി. അല്പനേരം മുട്ടുകുത്തി നിന്നു പ്രാർത്ഥിച്ചശേഷം തങ്ങൾക്കു ലഭിച്ച കല്പന നിറവേറ്റാൻ അദ്ദേഹം അവരോടു പറഞ്ഞു. ”എന്റെ ഈശോയെ എന്നെ രക്ഷിക്കണെ! എന്റെ അമ്മേ എന്നെ സഹായിക്കണെ” എന്നിങ്ങനെ പ്രാർത്ഥനാമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ നേർക്ക് ഭടന്മാർ മൂന്നു നിറയൊഴിച്ചു. അദ്ദേഹം പാറയുടെ ചുവട്ടിലേക്കു മറിഞ്ഞുവീണു. ”വേദസാക്ഷി മരിച്ചിട്ടില്ല” എന്നു പറഞ്ഞുകൊണ്ട് അവർ വീണ്ടും മൂന്നു വെടിവച്ചു. ഒന്ന് ലക്ഷ്യം തെറ്റി. മറ്റു രണ്ടു വെടിയുണ്ടകളും അദ്ദേഹത്തിന്റെ നെഞ്ചിൽ തുളഞ്ഞു കയറി. അങ്ങനെ ദിവ്യനാഥനെപ്പോലെ അഞ്ചു മുറിവുകളോടെ വിശുദ്ധൻ തന്റെ സ്വർഗ്ഗയാത്ര ആരംഭിച്ചു.
പൂജ്യാവശിഷ്ടങ്ങൾ, സംസ്‌കാരം
ഭടന്മാർ ആ പൂജ്യശരീരത്തെ സമീപസ്ഥമായ പാറക്കെട്ടുകളുടെ മറവിൽ ഉപേക്ഷിച്ചു. ദേവസഹായത്തിന്റെ വധശിക്ഷ രഹസ്യമായി നടത്തിയതിനാൽ ക്രൈസ്തവർ ഈ വാർത്തകളൊന്നും അറിഞ്ഞിരുന്നില്ല. അവർ പതിവുപോലെ അദ്ദേഹത്തെ തേടിയെത്തി. ഭടന്മാർ തന്നെ ആ രക്തസാക്ഷിത്വം വെളിപ്പെടുത്തി.
കുറ്റവാളികളുടെ മൃതശരീരങ്ങൾ വിട്ടുകൊടുക്കുന്ന പതിവില്ലാതിരുന്നതിനാൽ ക്രിസ്ത്യാനികൾക്ക് ആ പൂജ്യശരീരം ലഭിച്ചില്ല. ഏതാനും ദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ അസ്ഥികൾ കാറ്റാടി മലയിൽ നിന്നും അവർ രഹസ്യമായി എടുത്തുകൊണ്ടുപോയി കോട്ടാറിലെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ദൈവാലയത്തിന്റെ അൾത്താരയ്ക്കു മുന്നിൽ ഭക്ത്യാദരങ്ങളോടെ അടക്കം ചെയ്തു.
അന്ന് തെക്കൻ തിരുവിതാംകൂർ കൊച്ചി മെത്രാന്റെ കീഴിലായിരുന്നു. അദ്ദേഹം തന്റെ രൂപതയിൽ ഈ മഹാ രക്തസാക്ഷിക്കായി ”തെദേവും” എന്ന സ്‌തോത്രഗീതം പാടുകയും പൊന്തിഫിക്കൽ പാട്ടുകുർബാന അർപ്പിക്കുകയും ചെയ്തു. വിശുദ്ധന്റെ വിശ്വാസതീക്ഷ്ണതയെക്കുറിച്ചും വീരോചിത സഹനത്തെക്കുറിച്ചും അദ്ദേഹം പള്ളി
യിൽ പ്രസംഗിക്കുകയും ചെയ്തു.
ഭാര്യയുടെ മരണം
ദേവസഹായത്തിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഭാര്യ വടക്കൻ കുളത്തുപോയി താമസിച്ചു. 14 കൊല്ലത്തെ വിശുദ്ധജീവിതത്തിനുശേഷം അവർ സ്വർഗ്ഗത്തിലേക്കു യാത്രയായി.
പള്ളിയും കുരിശും
ദേവസഹായം മരിച്ചുവീണ സ്ഥലത്ത് അവിടത്തെ ക്രിസ്ത്യാനികൾ പരിശുദ്ധ മാതാവിന്റെ നാമത്തിൽ മനോഹരമായ ഒരു പള്ളി പണിയിച്ചു. ആ പൂജ്യശരീരം കാണപ്പെട്ട സ്ഥലത്ത് ഒരു കുരിശും സ്ഥാപിച്ചു. ഓരോ വർഷവും അനേകായിരം പേർ ഈ തിർത്ഥസ്ഥലം സന്ദർശിച്ചുകൊണ്ടിരിക്കുന്നു.
ഉപസംഹാരം
രക്തസാക്ഷികളുടെ ധീരമായ മരണങ്ങൾ ലോകത്തിനു പിടികിട്ടാത്ത ഒരു രഹ
സ്യമാണ്. ലോകം കണ്ടിട്ടുള്ള മഹാരക്തസാക്ഷികളിൽ ഒരാളായ ദേവസഹായം പിള്ളയുടെ വീരോചിതമായ സഹനവും സുകൃതങ്ങളും പഠിച്ച സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ അവരോധിച്ചു കഴിഞ്ഞു (2012 ഡിസംബർ 2). അദ്ദേഹത്തെ വേഗം തന്നെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനായി നമുക്കു പ്രാർത്ഥിക്കാം. അദ്ദേഹത്തിന്റെ പ്രചോദനത്തിലൂടെ പതിനായിരങ്ങൾ സത്യവിശ്വാസം കണ്ടെത്തി. ഇന്നും ആ മഹാപുരുഷൻ തലമുറകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. വാഴ്ത്തപ്പെട്ട ദേവസഹായം, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണെ!