ഭൗമികമാലാഖാമാരും സ്വർീയമനുഷ്യരും

ലോകമതങ്ങളിലെല്ലാം തന്നെ സന്ന്യാസത്തിന്റെ വിവിധ രൂപങ്ങളും ഭാവങ്ങളും ദൃശ്യമാണെങ്കിലും ക്രൈസ്തവ സന്ന്യാസം പല കാരണങ്ങളാൽ അനന്യമാണ്. സന്ന്യാസത്തെ ദൈവത്തിന്റെ വരദാനമായി കരുതുന്ന സഭ, സന്ന്യസ്തരായ തന്റെ മക്കളെ, എക്കാലവും ആദരപൂർവ്വമാണ് വീക്ഷിച്ചിട്ടുള്ളത്. ഇതരമതങ്ങളിലും സംസ്‌ക്കാരങ്ങളിലുംപെട്ടവർക്കും ക്രൈസ്തവ സന്ന്യാസിമാർ ആദരണീയർ തന്നെ. എന്നാൽ ഈ അടുത്ത നാളുകളിൽ, നമ്മുടെ നാട്ടിൽ പ്രത്യേകിച്ച്, സഭയിലെ സന്ന്യാസത്തിന്റെ ഭാവാത്മകതയും പ്രസക്തിയും സമൂഹ
മാദ്ധ്യമങ്ങളിലും പൊതുവേദികളിലും ചർച്ചാവിഷയമാവുകയും സന്ന്യസ്തസമൂഹം നിരന്തര ആക്ഷേപങ്ങൾക്കിരയാകുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ഏതാനുംപേർ സൃഷ്ടിക്കുന്ന ഈ കോലാഹലങ്ങൾ പരിഗണിക്കപ്പെടാൻ മാത്രം വിലയുള്ളതല്ലെങ്കിൽപോലും പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നുള്ളത് വാസ്തവം. സ്വർഗ്ഗസ്ഥനായ ദൈവത്തിനുചുറ്റും അനുസരണവും, ദാരിദ്ര്യവും ബ്രഹ്മചര്യവുമാകുന്ന വ്രതത്രയങ്ങളിലൂന്നി സഭ ചിട്ടപ്പെടുത്തി നല്കിയ ഭ്രമണപഥത്തിലൂടെ സഭയുടെ ആരംഭകാലംമുതൽ ഇന്നുവരെയും ചിട്ടയായി ചരിച്ചുപോരുന്ന പതിനായിരക്കണക്കിനു സന്ന്യസ്തതാരകങ്ങൾക്കിടയിൽ നിന്ന് തെന്നി മാറി, ഭ്രമണപഥത്തിനുവെളിയിലൂടെ, അല്പകാലത്തേക്കുകൂടി വർദ്ധിച്ച ശോഭയോടെ എന്നു തോന്നിക്കുമാറ് പ്രയാണംതുടർന്ന്, എരിഞ്ഞടങ്ങുന്ന ഏതാനും ചിലരുടെ ജല്പനങ്ങളായിരിക്കരുത് സഭയിലെ സന്ന്യാസത്തെ നിർവചിക്കേണ്ടതും അതിന്റെ മാർഗ്ഗരേഖ ചിട്ടപ്പെടുത്തേണ്ടതും. മനുഷ്യസ്വാതന്ത്ര്യത്തിന് അമിതപ്രധാന്യം നല്കുന്ന തത്ത്വശാസ്ത്രങ്ങളോ, സ്ത്രീ സമത്വ – സ്ത്രീശാക്തീകരണ വാദികളുടെ പ്രത്യയശാസ്ത്രങ്ങളോ ഉപയോഗിച്ച് ക്രൈസ്തവ സന്ന്യാസത്തിന് വിശദീകരണം നല്കാൻ ശ്രമിച്ചാൽ ദൂരമളക്കേണ്ട അളവുകൊണ്ട് ഭാരമളക്കാൻ ശ്രമിക്കുന്നതുപോലെയാകും. കാരണം, ക്രൈസ്തവ സന്ന്യാസം നങ്കൂരമുറപ്പിച്ചിരിക്കുന്നത് ഈ ലോകത്തിലല്ല. ചേറ്റിൽ വളരുന്നെങ്കിലും ചെളിയുടെ സ്പർശനമേല്ക്കാതെ വിടർന്നുനിൽക്കുന്ന താമരപൂവ് പോലെ, ലോകത്തിലെങ്കിലും ലോകത്തിന്റേതല്ലാതെ ജീവിക്കുവാൻ കടപ്പെട്ടവരാണ് സന്ന്യസ്തർ. അവരുടെ സംസ്‌ക്കാരം ലോകത്തിന്റെ ദൃഷ്ടിയിൽ ബദൽ സംസ്‌ക്കാരമാണ്. ലോകം അമൂല്യമായി കരുതുന്നവ സന്ന്യാസിക്ക് വെറും തൃണവും, ലോകം തൃണമായി കരുതുന്ന പലതും അയാൾക്ക് അമൂല്യവുമാണ്.
1. സന്ന്യസ്തർ: സ്വർഗ്ഗീയപൗരന്മാർ
ക്രൈസ്തവസന്ന്യാസിമാർക്കിടയിൽ പലതരത്തിലുള്ള ജീവിതശൈലി അനുവർത്തിക്കുന്നവരുണ്ട്. സ്വന്തം വീടും നാടുമുപേക്ഷിച്ച് മരുഭൂമികളിലും, ഗുഹകളിലും, പഴയകോട്ടകളിലും, ഉയർന്ന സ്തംഭങ്ങളിലും വസിക്കുന്ന ഏകാന്തവാസികളും, സന്ന്യാസഭവനങ്ങൾക്കുള്ളിൽ താമസിച്ച് കൂട്ടജീവിതം നയിക്കുന്നവരും അവരിൽ തന്നെ ധ്യാനാത്മകജീവിതത്തിന് മുൻതൂക്കം നല്കുന്നവരും, വിവിധങ്ങളായ ശുശ്രൂഷകളിലൂടെ സഹജർക്ക് സ്‌നേഹത്തിന്റെ സുവിശേഷം പകരുന്നവരും ഉൾപ്പെടുന്നു. പക്ഷേ ഏതവസ്ഥയിലാണെങ്കിലും സ്വർഗ്ഗരാജ്യത്തിന്റെ ജ്വലിക്കുന്ന പ്രതീകങ്ങളാണവർ. ലോകത്തിലാണ് തങ്ങൾ ജീവിക്കുന്നതെങ്കിലും തങ്ങളുടെ പൗരത്വം സ്വർഗ്ഗത്തിലാണെന്നും, തങ്ങൾ സ്വർഗ്ഗത്തിന്റെ സ്വന്തമാണെന്നും, ഭൂമിയിൽ തങ്ങൾ വ്യാപരിക്കേണ്ടത് ദൈവത്തിന്റെ സ്ഥാനപതികളായാണെന്നും അവർക്കറിയാം. ശരീരത്തിൽ ജീവിക്കുന്നവരെങ്കിലും ശരീരത്തിന്റെ പരിധിക്കപ്പുറത്തേക്ക് ഉയർന്ന് സ്വർഗ്ഗത്തോളമെത്താൻ സിദ്ധിയുള്ളവരും, അല്ലെങ്കിൽ സ്വർഗ്ഗത്തെ ഭൂമിയിലേക്കിറക്കാൻ നൈപുണ്യമുള്ളവരുമാണ് അവർ. ‘ഭൂമിയിലെ സ്വർഗ്ഗവാസി’കളായ, ‘മനുഷ്യർക്കിടയിലെ മാലാഖാ’മാരായ, അവരുടെ ജീവിതശൈലി സാമാന്യജനത്തിന് വിരോധാഭാസമായി തോന്നുന്നതിൽ അതിശയിക്കാനില്ല.
ഭാരതീയർക്ക് സന്ന്യാസി ‘ഋഷി’യും, ‘മുനി’യുമാണ്. ക്രൈസ്തവ സന്ന്യാസിക്ക് ഈ രണ്ടുപേരുകളും നന്നായി ചേരും. ‘ഋഷി’യെന്നാൽ കാഴ്ചയുള്ളവൻ / ദർശന
ശക്തിയുള്ളവൻ എന്നാണർത്ഥം. സന്ന്യാസിയുടെ കാഴ്ച ആത്മീയ ഉൾക്കാഴ്ചയാണ്. ദൈവത്തെ സ്വന്തം ആത്മാവിൽ ആത്മാവിന്റെ തന്നെ ആത്മാവായി ദർശിക്കുവാൻ കഴിവുള്ള ഭാസുരനയനങ്ങളുള്ളവനാണ് സന്ന്യാസി. വരാനിരിക്കുന്ന ദൈവരാജ്യത്തെ നോക്കിപാർത്തിരിക്കുന്നവനല്ല, മറിച്ച് ഇപ്പോൾതന്നെ ഭൂമിയിൽ നിറഞ്ഞിരിക്കുന്ന സ്വർഗ്ഗത്തെ കാണുകയും അനുഭവിക്കുകയും ചെയ്യുന്നവനാണവൻ. അതുകൊണ്ടാണ്, അവൻ തന്നെ ആവരണം ചെയ്തിരിക്കുന്ന, തന്നിൽ നിറഞ്ഞിരിക്കുന്ന, ദൈവത്തെയും ദൈവികരഹസ്യങ്ങളെയും, നിരന്തരം മനനം ചെയ്യുന്ന ‘മുനി’യായിരിക്കുന്നത്.
2. സന്യസ്തർ: ഭൗമികമാലാഖാമാർ
സന്ന്യാസജീവിതം മാലാഖാമാരുടെ ജീവിതമാണെന്നാണ് പരക്കെ പറയാറുള്ളത്.
കാരണം സ്വർഗ്ഗരാജ്യത്തെ പ്രതി സ്വയം ഷണ്ഡന്മാരാക്കിയ (മത്താ 19:3-12) അവർ ഈ ലോകത്തിനു മരിച്ചവരും പുനരുത്ഥാനത്തിന്റെ മക്കളുമാണ്. സ്വർഗ്ഗത്തിലെ മാലാഖാമാരെപ്പോലെ അവർ വൈവാഹികബന്ധത്തിൽ ഉൾപ്പെടുന്നില്ല (മത്താ 22:30-32); ഒപ്പം അവരെപ്പോലെ സദാ ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുന്നു. ലോകം മുഴുവനുംവേണ്ടി ദൈവതിരുമുമ്പാകെ മധ്യസ്ഥം വഹിക്കുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന സഭയുടെ നിരന്തരം പ്രാർത്ഥിക്കുന്ന മുഖമാണ് സന്ന്യസ്തർ പ്രതിഫലിപ്പിക്കേണ്ടത്. അവരുടെ പ്രഥമവും പ്രധാനവുമായ ദൗത്യം ദൈവാരാധന (Liturgy)യാണ്. കിഴക്കും പടിഞ്ഞാറുമുള്ള സഭകളിലെല്ലാം തന്നെ പരിശുദ്ധകുർബാനയിൽ കേന്ദ്രീകൃതമായ ജീവിതം നയിക്കാൻ യത്‌നിക്കുന്ന സന്ന്യാസിമാർ ദിവസത്തിന്റെ ഏഴുയാമങ്ങളിൽ ഉത്സാഹപൂർവ്വം പള്ളിയിൽ ഒരുമിച്ചുകൂടുന്നത് പതിവ് കാഴ്ചയാണ്. രാത്രിയുടെ യാമങ്ങളിൽ ലോകമുറങ്ങുമ്പോൾ ഈ സന്ന്യാസിമാർ ലോകത്തിൽ ജീവിക്കുന്ന സഹോദരങ്ങളുടെ ഉറങ്ങാത്ത കാവല്ക്കാരായി ഈറെ മാലാഖാമാരെപ്പോലെ ദൈവതിരുമുമ്പാകെ കൈകൾ വിരിച്ചുനിന്ന് അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. സദാ ദൈവത്തിന്റെ തിരുമുഖം ദർശിച്ചുകഴിയുന്ന ഈ ഭൗമികമാലാഖാമാർ പ്രാർത്ഥനയുടെ മനുഷ്യരാണന്നുപറയുമ്പോൾ അർത്ഥമാക്കേണ്ടത് പ്രാർത്ഥന അവരുടെ തൊഴിലാണെന്നല്ല, മറിച്ച് അവർതന്നെ പ്രാർത്ഥനയാണെന്നാണ്. ‘പ്രാർത്ഥന’യായി പരിണമിച്ച അവരുടെ ശുദ്ധമാക്കപ്പെട്ട ഹൃദയത്തിൽനിന്നുയരുന്ന പ്രാർത്ഥനകൾക്ക് സ്വർഗ്ഗത്തെ ഭൂമിയിലേക്ക് അഗ്നിയായി ഇറക്കാനാകും; ഒപ്പം ഭൂമിയെ സ്വർഗ്ഗത്തേക്ക് ഉയർത്താനും.
3. സന്ന്യസ്തർ: സർവ്വസംഗപരിത്യാഗികൾ
സന്ന്യാസം ‘സം’ + ‘ന്യാസം’ആണ്; സമ്യക്കായുള്ള ന്യാസം; പൂർണ്ണമായ ഉപേക്ഷിക്കൽ. മിശിഹായെ അടുത്തനുഗമിക്കാനും അനുകരിക്കാനുമായി തന്റെ ഉള്ളും തനിക്കുള്ളതും ന്യാസം ചെയ്തവനാണ് സന്ന്യാസി. ലോകത്തോടുള്ള വെറുപ്പല്ല ഈ ഉപേക്ഷിക്കലിനു പിന്നിലുള്ളത്; മറിച്ച് സ്വർഗ്ഗവും സ്വർഗ്ഗത്തിന്റെ അധിനാഥനും തന്റെ സ്വന്തമാണെന്നുള്ള വലിയ അവബോധത്തിൽനിന്നു ജനിക്കുന്ന ക്രിയാത്മകമായ നിർമമതയാണ് (creative indifference). സ്ഥാനമാനങ്ങളോ, ധനമോ, പദവിയോ ഒന്നും സന്ന്യാസിക്കൊരു ആകർഷണമല്ല. ദൈവത്തിന്റെ അഴക് സദാ ദർശിച്ച്, സ്വന്തം സത്തയിൽ ആ അഴക് പ്രതിഫലിപ്പിച്ച്, തന്റെ ചുറ്റുമുള്ളവർക്ക് അഴകേകേണ്ടവരാണവർ.
4. സന്ന്യസ്തർ: ഈശോയുടെ പോരാളികൾ
സന്ന്യാസത്തിലേക്കുള്ള വിളി അർത്ഥവത്തായി ജീവിക്കുന്നത് അത്ര എളുപ്പമല്ല. ലൗകികവ്യാപാരങ്ങളിൽ കണ്ണും, കാതും ഹൃദയവുമുടക്കാതെ സ്വർഗ്ഗോന്മുഖരായി ജീവിക്കുന്നത് ഏറെ പരിശീലനം ആവശ്യമുള്ള സിദ്ധിയാണ്. അതുകൊണ്ടാണ് സന്ന്യാസി ഈശോയുടെ പോരാളി (soldier)യും, കായികാഭ്യാസി (athlete)യുമൊക്കെയായി വിശേഷിപ്പിക്കപ്പെടാറുള്ളത്. ഈ പരിശീലനത്തിന്റെ ഭാഗമായി, സന്ന്യാസികൾക്കായി, സഭയും അവർ അംഗമായിരിക്കുന്ന സമൂഹവും, നിഷ്‌ക്കർഷിക്കുന്ന നിഷ്ഠകളും തപശ്ചര്യകളുമൊക്കെ, മനുഷ്യസ്വാതന്ത്ര്യത്തിന്റെ ഹനിക്കലായി പുറത്തുള്ളവർ വ്യാഖ്യാനിക്കുന്നത് അജ്ഞത കൊണ്ടാണ്. കായികമത്സരങ്ങളിൽ മെഡൽ നേടാനും, ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവേശനം നേടാനും പരിശീലനം തേടുന്നവർ തങ്ങളുടെ പരിശീലകരുടെ നിർദ്ദേശപ്രകാരം എന്തെല്ലാം കാര്യങ്ങളിലാണ് നിയന്ത്രണം പാലിക്കാറുള്ളത്. അപ്പോൾ പിന്നെ ഭൂമിയിലിരുന്ന് സ്വർഗ്ഗത്തിന്റെ ഭാഷ പഠിക്കാനും, അവിടേക്ക് ചിറകടിച്ചുയരാനുമുള്ള പരിശീലനം എത്രമാത്രം കാർക്കശ്യം നിറഞ്ഞതായിരിക്കും.
5. സന്ന്യസ്തർ: ഭൂമിയിലെ സ്വർഗ്ഗീയ സ്ഥാനപതികൾ
സ്വർഗ്ഗത്തിലെ പൗരന്മാരാണെങ്കിലും ലോകത്തോടു പ്രതിബദ്ധതയില്ലാത്തവരല്ല ക്രിസ്തീയസന്ന്യാസിമാർ. ഭൂമിയിലെ സ്വർഗ്ഗത്തിന്റെ സാന്നിദ്ധ്യം തങ്ങളുടെ സാമിപ്യം വഴിയും, ശുശ്രൂഷ വഴിയും സദാ പ്രഘോഷിക്കേണ്ടവരാണ് തങ്ങളെന്ന അവബോധം അവരെ കർമ്മനിരതരാക്കുന്നു. ഭൂമിയിൽ ദൈവത്തിന്റെ നയനങ്ങളും, കരങ്ങളും, പാദങ്ങളും, നാവുമൊക്കെ തങ്ങളാണെന്ന തിരിച്ചറിവ് അവരിൽ തീക്ഷണത നിറക്കുന്നു. ലോകത്തിന്റെ ആത്മീയ മാതാക്കളും പിതാക്കളുമായ സന്ന്യസ്തരിലൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്ന മാതൃത്വത്തിന്റെ ആർദ്രതയും പിതൃത്വത്തിന്റെ കരുതലും അനേകായിരങ്ങൾ അനുഭവിക്കുന്നു. ശാസ്ത്ര-സാങ്കേതിക പുരോഗതികൾക്ക് നേരെ മുഖം തിരിച്ചുനില്ക്കുന്നവരല്ലവർ. ശാസ്ത്രരംഗത്തെ പല നേട്ടങ്ങൾക്കും പിന്നിൽ സന്ന്യാസിമാരായ ശാസ്ത്രജ്ഞരുണ്ട്. പ്രഗത്ഭരായ കലാകാരന്മാരും സാഹിത്യകാരന്മാരും അവർക്കിടയിലുണ്ട്. ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള പല നിത്യോപയോഗ സാധനങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നത് യൂറോപ്പിലെ ചില ആശ്രമങ്ങളിലാണ്. യഥാർത്ഥ വൈദ്യനായ മിശിഹായുടെ കരുണയുടെ കരം തങ്ങളിലൂടെ അനേകരിലേക്ക് നീട്ടുന്ന ലോകോത്തരവൈദ്യന്മാരും, തലമുറകൾക്ക് വിദ്യ പകർന്ന ആചാര്യഗണവും, അഗതികളും ആലംബഹീനരും, രോഗികളും മരണാസന്നരും, ദരിദ്രരുമായ അനേകർക്ക് വേണ്ടി ജീവിതമുഴിഞ്ഞുവച്ച കാരുണ്യപ്രവർത്തകരുമുൾപ്പെടുന്ന സന്ന്യസ്തഗണത്തെ പ്രണമിക്കാതിരിക്കാൻ ലോകത്തിനാകുമോ? സന്ന്യസ്തരില്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാനാകുമോ? ഇവിടെയാണ് സന്ന്യാസിമാരെക്കുറിച്ചുള്ള ഈ സാക്ഷ്യം പ്രസക്തമാവുക: ഇവരാകുന്നു സഭയെ സംരക്ഷിക്കുവാൻ മലയിൽ പ്രാർത്ഥിച്ച മൂശെയുടെ പ്രതിരൂപങ്ങൾ. ഷീലോയിലെ ഗുഹയിൽ രാത്രി മുഴുവൻ പ്രാർത്ഥിച്ച സാമുവേലിന്റെ പ്രതിരൂപങ്ങളാണവർ. മരുഭൂമിയിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്ന ഏലിയായും അവരിൽ പ്രതിഫലിപ്പിക്കപ്പെടുന്നു… ഇവർമൂലമാണ് മനുഷ്യവംശം സുസ്ഥിതിയിൽ കാണപ്പെടുന്നത്. അവർ ഇല്ലായിരുന്നെങ്കിൽ ലോകം ഇടിമിന്നൽ കൊണ്ടോ ഭൂകമ്പം കൊണ്ടോ എന്നേ നശിച്ചുപോകുമായിരുന്നു.