മതാന്തര സംവാദങ്ങളും പ്രേഷിതപ്രവർത്തനങ്ങളും

0
286

മതാത്മക ആശയവിനിമയോപാധികളാണ് സംവാദങ്ങളും പ്രേഷിതപ്രവർത്തനങ്ങളും. എന്നാൽ രണ്ടും വിരുദ്ധ ധ്രുവങ്ങളിൽ ആണെന്ന് തോന്നിപ്പിക്കത്തക്കവിധം സങ്കീർണ്ണമാണ്. വിവിധ മതവിഭാഗങ്ങൾ തമ്മിൽ പരസ്പരം തുല്യതയോടെ നോക്കിക്കാണാനും, തങ്ങളിലുള്ള പൊതുവായ നന്മയെ അംഗീകരിക്കാനും, വ്യത്യാസങ്ങളെ തിരിച്ചറിയാനും, സമൂഹത്തിന്റെ പൊതുവായ നന്മയ്ക്കുവേണ്ടി ഒന്നുചേർന്ന് പ്രവർത്തിക്കാനും വേണ്ടിയുള്ളതാണ് മതാന്തര സംവാദങ്ങൾ. ഏതെങ്കിലും ഒരു വിഭാഗം തങ്ങളുടെ ആശയം പ്രവൃത്തികളിലൂടെയോ വാക്കുകളിലൂടെയോ പ്രചരിപ്പിക്കുന്നതാണ് പ്രേഷിതപ്രവർത്തനം. ഇവയെ രണ്ടിനെയും സമന്വയിപ്പിക്കുന്ന വിവിധ ദൈവശാസ്ത്ര ചിന്തകളെ ഒന്ന് നോക്കി കാണാൻ ശ്രമിക്കാം.
മതാന്തര സംവാദങ്ങൾ
ഇരു വിഭാഗങ്ങളും തത്ത്വത്തിൽ തുല്യത അംഗീകരിച്ചുകൊണ്ട് ആശയവിനിമയം ആരംഭിക്കുമ്പോഴാണ് സംവാദം ഹൃദ്യമാകുന്നത്. തങ്ങളുടെ ആശയങ്ങളും അനുഭവങ്ങളും കാഴ്ചപ്പാടുകളും പരസ്പരം കൈമാറുമ്പോൾ സംവാദം ചലനാത്മകമാകുന്നു. ഇത് വിവിധ മതങ്ങളെപ്പറ്റി കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും തെറ്റിദ്ധാരണകൾ മാറ്റുവാനും സാധ്യമെങ്കിൽ ഒരു സമവായത്തിലെത്തുവാനും, ലക്ഷ്യം വെച്ചുള്ളതാണ്. ഇരു വിഭാഗങ്ങളിലുമുള്ള ആളുകളെ പറ്റി അടുത്തറിയാനും സാമൂഹിക മുന്നേറ്റത്തിൽ ഒന്നു ചേർന്ന് പ്രവർത്തിക്കാനുംകൂടെ ഇങ്ങനെയുള്ള സംവാദങ്ങൾ സഹായകമാകുന്നുണ്ട്. വിവിധ മതങ്ങളിലെ വിശ്വാസങ്ങളിൽ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും ഉണ്ടെങ്കിൽ പോലും തങ്ങളുടെ വിശ്വാസത്തെ പരസ്പരം അറിയിക്കാൻ സംവാദങ്ങൾ അവസരമൊരുക്കാറുണ്ട്.
ക്രൈസ്തവ പ്രേഷിത പ്രവർത്തനം
മിശിഹായ്ക്ക് ഫലപ്രദമായി സാക്ഷ്യം വഹിച്ചുകൊണ്ട് പരസ്പരം സ്‌നേഹത്തിലും സാഹോദര്യത്തിലും ജീവിക്കുന്നതാണ് ക്രൈസ്തവ പ്രേഷിത പ്രവർത്തനത്തിന്റെ കാതൽ. ഇത് മതപരിവർത്തനമല്ല, തങ്ങൾക്കു കൈമാറിക്കിട്ടിയ മിശിഹാ രഹസ്യം പരസ്‌നേഹത്തിന്റെ പരിമളത്തിൽ പ്രഘോഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്. മതാന്തര സംവാദത്തെ ഈ സുവിശേഷ പ്രഘോഷണത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ മൂന്നു മാതൃകകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
മൂന്നു മാതൃകകൾ
തങ്ങളുടെ മതം മാത്രമാണ് ശരിയെന്നും ഇതര മതങ്ങളിലുള്ളവർ വലിയ അപകടത്തിലാണെന്നും കരുതുന്നതാണ് ഒന്നാമത്തെ മാതൃക. ഒരു ക്രിയാത്മക സംവാദത്തിനുള്ള എല്ലാ വാതിലുകളും കൊട്ടിയടയ്ക്കുന്നതാണ് ഈ മനോഭാവം. ഇതര വിഭാഗങ്ങളെ തുല്യരായി കാണാൻ സാധിക്കുന്നില്ലെങ്കിൽ എല്ലാത്തരത്തിലുള്ള സംവാദങ്ങളും അപ്രസക്തമാകും.
എല്ലാ മതങ്ങളിലും ചില ശരികളുണ്ടെന്നും എന്നാൽ ഒരു മതത്തിനും പൂർണ്ണത അവകാശപ്പെടാൻ സാധിക്കില്ലെന്നും കരുതുന്നതാണ് രണ്ടാമത്തെ മാതൃക. ഇത്തരം ചിന്താഗതി സംവാദത്തിന് അത്യുത്തമമാണെങ്കിലും ഇവിടെ സ്വന്തം മതം മറ്റൊന്നിൽ നിന്ന് മെച്ചപ്പെട്ടതാണെന്ന് കരുതേണ്ട യാതൊരു സാഹചര്യവും നിലനില്ക്കുന്നില്ലാത്തതിനാൽ പ്രേഷിത പ്രവർത്തനത്തിന് ഒട്ടും സാഹചര്യമുണ്ടാകുന്നില്ല.
മൂന്നാമത്തെ മാതൃകയാണ് ഏറ്റവും മഹത്തരം. എല്ലാ മതങ്ങളിലും സത്യത്തിന്റെ രശ്മികൾ ഉണ്ടെന്നും, എന്നാൽ അതേ സത്യത്തിന്റെ പൂർണ്ണത ഒരിടത്തു മാത്രമാണെന്ന് കരുതുന്നതാണിത്. എല്ലാവരിലും സത്യമുള്ളതിനാൽ എല്ലാവരെയും തുല്യരായി കാണുവാനും അവരോട് സംവദിക്കുവാനും ഈ മാതൃക അനുവദിക്കുന്നു. അതേസമയം, സത്യത്തിന്റെ പൂർണ്ണത പ്രഘോഷിക്കാൻ അവനെ നിർബ്ബന്ധിതനാക്കുകയും ചെയ്യുന്നു. ഇത്തരം സംവാദങ്ങളിലൂടെ ഇതര മതങ്ങളിലുള്ള ഒരേ സത്യത്തിന്റെ രശ്മികളെ കണ്ടെത്താനും അവമൂലം തങ്ങളുടെ വിശ്വാസത്തെ കൂടുതൽ പ്രചോദിതമാക്കാനും സാധിക്കുന്നു.
ഇവയോടുള്ള ക്രൈസ്തവ സമീപനം
എല്ലാ നന്മകളെയും ഉൾക്കൊള്ളുന്ന ഈ മൂന്നാമത്തെ മാതൃകയിലാണ് ക്രൈസ്തവ പ്രേഷിത പ്രവർത്തനങ്ങളും മതാന്തര സംവാദങ്ങളും സംഭവിക്കേണ്ടത്. ”ദൈവത്തിന്റെ രഹസ്യ സാന്നിദ്ധ്യംകൊണ്ടെന്നപോലെ ജനപദങ്ങളുടെ ഇടയിൽ കാണപ്പെടുന്ന സത്യത്തിന്റെയും കൃപയുടെയും അംശങ്ങളെ പ്രേഷിത പ്രവർത്തനം തിന്മയുടെ കറകളിൽനിന്ന് വിമുക്തമാക്കി മിശിഹായുടെ പക്കൽ തിരിച്ചേൽപ്പിക്കുന്നു. തത്ഫലമായി മനുഷ്യ ഹൃദയത്തിലും മനസ്സിലും ജനതകളുടെ ആചാരവിധികളിലും സംസ്‌കാരങ്ങളിലും നന്മയായി കാണുന്നതെല്ലാം നശിപ്പിക്കില്ലെന്നു മാത്രമല്ല വിശുദ്ധീകരിച്ചുയർത്തകയും ചെയ്യുന്നു” (Ad Gentes, 9).
അവരിൽ മിശിഹായെ രൂപപ്പെടുത്താൻ ഉപവിയുടെ സുകൃതം നിറഞ്ഞതല്ലാത്ത മറ്റൊരു മാർഗ്ഗം നമുക്ക് സ്വീകരിക്കാനില്ല. അവരുടെ തെറ്റുകളിൽ അവരെ അധിക്ഷേപിക്കുന്നതും, രൂക്ഷതയോടെ വിമർശിക്കുന്നതും നന്മയേക്കാളുപരി ദോഷമായിരിക്കും സമ്മാനിക്കുന്നത് (Cf. E Supremi, St. Pius X, 13). കാഴ്ചയുള്ളവൻ കാഴ്ചയില്ലാത്തവനെ തിരുത്തുന്ന സഹാനുഭൂതിയോടെ വേണം വിമർശനാത്മകമായ അത്തരം സാഹചര്യങ്ങളിൽ നമ്മുടെ ഇടപെടലുകൾ സംഭവിക്കാൻ.
മിശിഹായിലുള്ള സത്യത്തിന്റെ പൂർണ്ണത പ്രഘോഷിക്കുന്നുണ്ടെങ്കിലും ‘ഏക ലോക മതം’ കത്തോലിക്കാ സഭ വിഭാവനം ചെയ്യുന്നില്ല. സഭ പൂർണ്ണമായും മിശിഹായുടെ ശരീരമായി മാറുന്നത് യുഗാന്ത്യോന്മുഖ പ്രതിഭാസമാണെന്നും ലോകത്തിൽ അത് പൂർണ്ണമല്ലെന്നും വ്യക്തമാക്കിക്കൊണ്ട് ”തിരുസ്സഭ” എന്ന പ്രമാണരേഖയിലൂടെ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: ”മനുഷ്യവർഗ്ഗവും, മനുഷ്യനോട് ബന്ധപ്പെട്ടിരിക്കുന്നതും അവനിൽ കൂടി ലക്ഷ്യം പ്രാപിക്കുകയും ചെയ്യുന്ന വിശ്വം മുഴുവനും പൂർണ്ണമായും മിശിഹായിൽ സംഘടിക്കപ്പെടും. അപ്പോൾ മാത്രമേ സഭ സ്വർഗ്ഗീയ മഹത്ത്വത്തിന്റെ പൂർണ്ണതയിൽ എത്തിച്ചേരുകയുള്ളൂ” (Lumen Gentium, 48).
ഉപസംഹാരം
ഇതര മതങ്ങളോട് വിശാല മനോഭാവം പുലർത്തുമ്പോഴും അവയിലുള്ള ക്രൈസ്തവേതരമായ മതാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അതിനാൽ തന്നെ രക്ഷാകരമാണെന്നോ, മിശിഹാ ഏക രക്ഷകനല്ലെന്നോ, രക്ഷയ്ക്ക് സഭ ആവശ്യമില്ലെന്നോ കത്തോലിക്കാ സഭ പഠിപ്പിക്കുന്നില്ല. ഇതര മതങ്ങളിൽ സുവിശേഷത്തിന് വിരുദ്ധമല്ലാത്തവയ്ക്കാണ് രക്ഷാകര മൂല്യം ഉള്ളത്. അവയിലുള്ള സത്യത്തിന്റെ രശ്മികളുടെ ഉറവിടം മിശിഹാ തന്നെയാണ്. മനഃസാക്ഷിയുടെ സ്വരത്തിനും തനതു സംസ്‌കാരങ്ങളിലെ വിശുദ്ധവും നീതിനിഷ്ഠവുമായ വ്യവസ്ഥകൾക്കും അനുസരിച്ച് ജീവിക്കുമ്പോൾ അവരറിയുന്നില്ലെങ്കിൽ കൂടി പോലും മിശിഹായിലൂടെ, സഭയിലെ അംഗങ്ങൾ എന്ന നിലയ്ക്ക്, ഇതര മതസ്ഥരും രക്ഷ പ്രാപിക്കുന്നു. നമ്മുടെ മതാന്തര സംവാദങ്ങളും പ്രേഷിതപ്രവർത്തനങ്ങളും മിശിഹായുടെ അനന്യതയും ഇതര മതങ്ങളോടുള്ള തുറവും സഭയുടെ ഏകത്വവും നിറഞ്ഞു നിൽക്കുന്നതാകട്ടെ.