വൈദികർക്കുള്ള മാർപ്പാപ്പായുടെ കത്തും സമകാലീന സംഭവങ്ങളുടെ പുനർവായനയും

ഫ്രാൻസിസ് മാർപ്പാപ്പ ആഗോള കത്തോലിക്കാ സഭയിലെ വൈദികർക്കു, വൈദികരുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനമായ ഓഗസ്റ്റ് മാസം നാലാം തീയതി അല്പം ദീർഘമായ ഒരു കത്തെഴുതി. ചിതറിക്കിടക്കുന്ന ആശയങ്ങളെ ക്രോഡീകരിച്ചാൽ 5 പ്രധാന ചിന്തകളാണ് പിതാവ് പങ്കുവയ്ക്കുന്നതെന്നു കാണാം. കത്തിന്റെ ഉള്ളടക്കം ചെറുതായി വിവരിക്കുന്നതിലൂടെ പാപ്പായുടെ കത്ത് സ്വന്തമായി വായിക്കുവാൻ വായനക്കാരെ പ്രേരിപ്പിക്കുകയാണീ കുറിപ്പിന്റെ ലക്ഷ്യം. വൈദിക-സമർപ്പിതജീവിതം അനിതര സാധാരണമായ വിമർശനത്തിനു വിഷയീഭ വിച്ചിരിക്കുന്ന ഇക്കാലഘട്ടത്തിൽ മാർപ്പാപ്പായുടെ കത്ത് ഒരേ സമയം വൈദിക-സമർപ്പിതരിൽ ആത്മാഭിമാനവുംകൃതജ്ഞതയും ഉണർത്തുന്നതും ആത്മവിമർശനത്തിനും കറയില്ലാത്ത സമർപ്പണത്തിനും ഉത്തേജനം നൽകുന്നതുമാണ്.
1. പുരോഹിതന്റെ സന്തോഷവും കരുണയുടെ ഗോവണിയും
”എല്ലാം” പിന്നിൽ ഉപേക്ഷിച്ച് തങ്ങളുടെ ജീവിതം സഭയ്ക്കും സമൂഹത്തിനുമായി സമർപ്പിച്ചിരിക്കുന്ന വൈദികരെ കൃതജ്ഞതയോടെ അനുസ്മരിച്ചാണ് പാപ്പാ ആരംഭിക്കുന്നത്. വൈദിക ജീവിതം വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന, തങ്ങളുടേതല്ലാത്ത കുറ്റത്തിന് നിശിതമായി വിമർശിക്കപ്പെടുന്ന,തെറ്റിദ്ധരിക്കപ്പെടുന്ന ഇക്കാലഘട്ടത്തിലും തങ്ങളുടെ സമർപ്പണം വിശ്വസ്തതയോടെ പൂർത്തിയാക്കുന്ന വൈദിക-സമർപ്പിതർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ താളുകൾ എഴുതുകയാണെന്ന് മാർപ്പാപ്പാ ഓർമ്മപ്പെടുത്തുന്നു. വിശ്വസ്തതയോടെ തങ്ങളുടെ ആത്മീയ പിതൃത്വം ജീവിക്കുന്ന വൈദികർക്ക് ഗുരുവിന്റെ വാക്കുകൾ സന്തോ ഷത്തിന്റെ ഉറവിടമാണ്: ‘ഇനിമേൽ നിങ്ങൾ ദാസന്മാരല്ല; സ്‌നേഹിതരാണ്’! പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും ദൈവത്തിന്റെ ദാനമായ വിളിയുടെ ചരിത്രം പുനർ ജീവിക്കുന്നത് ശിഷ്യത്വത്തിലേക്കുള്ള വിളിക്ക് കർത്താവിനോടു നന്ദിയുള്ളവരായിരിക്കാൻ സഹായിക്കും. അനേകരെ അഭിഷേകം ചെയ്യാനും അനുഗ്രഹിക്കാനും ദൈവകൃപയുടെ നീർച്ചാലാകാനും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന ബോധ്യവും ഓർമ്മയുമാണ് പൗരോഹിത്യ ജീവിതത്തിന്റെ ”ആഢംബരം”
കർത്താവിന്റെ അഭിഷേകം ഒരിക്കലും നിരാശപ്പെടുത്തുന്നതല്ല. കടൽക്കരയിൽ പത്രോസിനുണ്ടായ അനുഭവം പുനർ ജീവിക്കുവാൻ പാപ്പാ ക്ഷണിക്കുന്നു. ദൈവകൃപയുടെ- സമ്പന്നതയുടെ- മുമ്പിൽ പത്രോസ് ആത്മബോധവും അയോഗ്യതാബോധവുമുള്ളവനാകുന്നു: ‘കർത്താവേ ഞാൻ പാപിയാണ്’ (ലൂക്കാ 5,8). കർത്താവിന്റെ ‘ഔദാര്യത്തിന്’ ഒരേസമയം നന്ദിയുള്ളവരാകാനും എന്നാൽ കൃപ യുടെ ഈ ”സമ്മാനം” മൺപാത്രത്തിലാണ് നല്കപ്പെട്ടിരിക്കുന്നതെന്ന തിരിച്ചറിവ് (2കോറി 4,7) മറക്കാത്ത ഓർമ്മയാക്കാനും പുരോഹിതനു സാധിക്കണം. കരുണയുടെ ഗോവണി (Ladder of Mercy)യിലൂടെ ഒരേ സമയം തങ്ങളുടെ മാനുഷികതയുടെ ആഴങ്ങളിലേക്കു ഇറങ്ങാനും അതേസമയം ദൈവിക പൂർണ്ണതയുടെ ഔന്നത്യ ത്തിലേക്കു കയറാനും പുരോഹിതനു സാധിക്കും. അങ്ങനെ ആരോഹണവും അവരോഹണവും ചെയ്യുന്ന പുരോഹിതനു മാത്രമേ അനേകരുടെ ഹൃദയങ്ങളെ ചൂടുപിടിപ്പിക്കാനും അവരുടെ കൂടെനടക്കാനും സ്വന്തം വഴി നഷ്ടപ്പെടാതെ അവരുടെ ”ഇരുണ്ട രാത്രികളിൽ” വെളിച്ചമാകാനും സാധിക്കൂ.
2. ആനുകാലിക സംഭവങ്ങളുടെ പുനർ വായന
ഇന്നത്തെ കാലഘട്ടത്തെ ഒരു ദാർശനികന്റെ സൂക്ഷ്മതയോടെ പാപ്പാ വിലയിരുത്തുന്നു. യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ അനുഭവങ്ങൾ- ഇന്നത്തെ കേരളപശ്ചാത്തലത്തിലും- പുനർവായിക്കാം. ഈ കാലഘട്ടത്തെ സഭാത്മകമായ ശുദ്ധീകരണത്തിന്റെ സമയമായാണ് മാർപ്പാപ്പാ വായിക്കുന്നത്. ആനുകാലിക സംഭവങ്ങൾ നാണക്കേടിന്റെതാണ്, എളിമപ്പെടുത്തുന്നതാണ്; എങ്കിലും ദൈവിക പദ്ധതികളോട് വിശ്വസ്തത പുലർത്തുമെങ്കിൽ ഇവതന്നെ ആനന്ദകരവും ഫലദായകവുമായി തെളിയിക്കപ്പെടും. കാരണം കർത്താവു നമ്മെ കപടതയിൽനിന്നും പുറംമോടിയുടെ ആത്മീയതയിൽനിന്നും വിമോചിപ്പിക്കുകയാണ്; തന്റെ ”മണവാട്ടിയെ” ആദ്യസൗന്ദര്യത്തിൽ പുനഃസ്ഥാപിക്കുവാൻ. ഇന്നു നമുക്കു വീണ്ടെടുക്കുവാനുള്ളത് അജപാലനപരമായ മാനസാന്തരവും, സുതാര്യതയും സത്യസന്ധതയും സാഹോദര്യവും ഇടയനടുത്ത അജപാലന ജീവിതവുമാണ്. ഇന്നത്തെ ”നാണക്കേടുകൾ” നമ്മെ ആടുകളുടെ മണമുള്ള ഇടയന്മാരാക്കും. പ്രവാചകന്റെ ഓർമ്മപ്പെടുത്തലുകൾ (എസക്കിയേൽ 16) സഭയുടെ ചരിത്രവും നാം ഓരോരുത്തരുടെയും ചരിത്രവുമാണ്.
3. തിരുത്തലും പ്രോത്സാഹനവും
സഭയുടെ ആനുകാലിക ജീവിതം വിലയിരുത്തുന്ന പാപ്പാ നവീകരണത്തിന്റെ മാർഗ്ഗമായി വൈദികജീവിതം അതിന്റെ ചൈതന്യം വീണ്ടെടുക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു. ഇന്നു വൈദികർ ആശ്വാസവും പ്രോത്സാഹനവും അർഹിക്കുന്നു. ഇന്നലെകളിലെയും ഇന്നത്തേയും കുറവുകളിൽ ”അടയിരിക്കുന്നതാണ്” യഥാർത്ഥ അപകടമെന്നും പാപ്പാ കുറിക്കുന്നു. അതുകൊണ്ട് ഇന്നെലകളിലെ അനുഭവങ്ങളെ പുതിയ സാധ്യതകളാക്കി പരിവർത്തനം ചെയ്യണം. അത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്. ഒപ്പം, നമ്മുടെ ജീവിതത്തിലെ ദൈവകൃപയുടെയും ദൈവിക ഇടപെടലുകൾ തിരിച്ചറിഞ്ഞ നിമിഷങ്ങളുടെയും ”ആഘോഷം” ജീവിതത്തിലുണ്ടാകണം. ജോബിനെപ്പോലെ ഓരോരുത്തർക്കും പറയുവാൻ സാധിക്കണം:”അങ്ങയെക്കുറിച്ചു ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു; എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു” (42,5). കേട്ടുതഴ മ്പിച്ചതെങ്കിലും ആവർത്തി ക്കപ്പെട്ടിരിക്കുന്ന സത്യമിതാണ്: കർത്താവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടൽ ജീവിതത്തിലില്ലെങ്കിൽ കഷ്ടപ്പാടുകളും കഠിനാധ്വാനവും അസംതൃപ്തിയിലേക്കും നിരാശയിലേക്കുമേ നയിക്കുകയുള്ളു.
4. തനിമയുടെ വീണ്ടെടുപ്പ്: അനിവാര്യമായ കാര്യം
പുരോഹിതനും പൗരോഹിത്യവും തനിമ വീണ്ടെടുക്കണം. അതിന് കർത്താവിന്റെരക്ഷയുടെ അനുഭവം സ്വന്തമാകണം; വ്യക്തിപരമായ കണ്ടുമുട്ടൽ ഫലമണിയണം. അതുകൊണ്ട് പാപ്പാ പറയുന്നു കർത്താവിന്റെ രക്ഷ സ്വന്ത മാക്കുന്നവരുടെ ജീവിതത്തിൽ പാപം, ദുഃഖം, ഏകാന്തത, ആന്തരിക ശൂന്യത എന്നിവയില്ല(സുവിശേഷത്തിന്റെ ആനന്ദം 1). ഇതിനോട് അനുദിന പ്രാർത്ഥനയെ കൂട്ടിച്ചേർക്കണം. കാരണം പ്രാർത്ഥന ത്വരിതവും എളുപ്പവുമുള്ളതും പഴകി തുരു മ്പിച്ചതുമായ പരിഹാരമാർഗ്ഗങ്ങൾ തേടുന്നതിൽനിന്നു നമ്മെ പിന്തിരിപ്പിക്കുന്നു. സ്വന്തം കൂടാരത്തിൽമാത്രം പരിഹാരം തേടുന്നതിലുപരി ദൈവാശ്രയത്വത്തിലേക്കു നയിക്കുന്ന ഒരുതരം ”അനുഗ്രഹീത അരക്ഷിതാവസ്ഥ” പ്രാർത്ഥന നമ്മിൽ രൂപ പ്പെടുത്തും. ഒപ്പം കർത്താവിന്റെ വാക്കുകൾ ആശ്വാസവും ശക്തിയുമാകും: ”നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിച്ചു” (ലൂക്കാ 22, 32).
പുരോഹിതന്റെ സ്വത്വം ഗുരുവും നാഥനുമായ കർത്താവിന്റെതുതന്നെ. അവൻ പരിശുദ്ധനും, വിശ്വസ്തനും, സ്‌നേഹവും കരുണയുമെല്ലാമാണ്. വിളിച്ചവന്റെ തനിമതന്നെ വിളിക്കപ്പെട്ടവരുടെതുമാകണം. എങ്കിലെ അവന്റെ ആട്ടിൻകൂട്ടത്തിലെ ആടാകുവാൻ പുരോഹിതനു സാധിക്കൂ; മരണംവരെ വിശ്വസ്തനായിരുന്നവനെ അനുകരിച്ച് വിജയത്തേക്കാളുപരി വിശ്വസ്തതയുടെ ചങ്ങാതിയാകുവാൻ വൈദികനു സാധിക്കണം. തനിക്കു പിഞ്ചെല്ലാനും അനുകരിക്കാനും ഉള്ള ഏക മാതൃക. അവരും സത്യത്താൽ വിശുദ്ധീകരിക്കപ്പെടേണ്ടതിന് സ്വയം വിശുദ്ധീകരിച്ച ഗുരു തന്നെ യാണെന്ന കണ്ടെത്തലും പുരോഹിതനു സ്വന്തമാകണം. ഒരേ സമയം ദൈവ ത്തോടുള്ള ബന്ധവും ജനത്തോടുള്ള ബന്ധവുമാണ് മിശിഹായുടെ ശിഷ്യനെ വ്യത്യസ്തനാക്കുന്ന ഘടകം. കർത്താവിൽ ഉറപ്പിച്ച മനസ്സുമായി പുരോഹിതന്റെ ഹൃദയമിടിക്കണം.
5. കൃതജ്ഞതയുടെ കീർത്തനം
അനുദിനം കൃതജ്ഞതയുടെ ബലിയർപ്പിക്കുന്നവനാണു വൈദികൻ. ദൈവകരുണയുടെയും കൃപയുടെയും വിശ്വസ്തതയുടെയും കീർത്തനം പാടിയ പരിശുദ്ധ അമ്മതന്നെയാണ് വൈദികർക്കു മാതൃക. അവൾ വൈദികരുടെയും അമ്മയാണ്; നമ്മുടെജീവിതത്തിൽ വീഞ്ഞു തീരാതിരിക്കുവാൻ കരുതലുള്ള അമ്മ. പരിശുദ്ധ അമ്മയെ തേടുകയെന്നാൽ സ്‌നേഹത്തിന്റെയും ആർദ്രതയുടെയും വിപ്ലവാ ത്മകമായ സ്വഭാവത്തിൽ വിശ്വസിക്കുകയാണ്. അമ്മയോടുചേർന്നു ഓരോ പുരോഹിതനും ആവർത്തിക്കുവാൻ സാധിക്കണം: ”എന്റെ ആത്മാവ് കർത്താവിനെ മഹത്ത്വപ്പെടുത്തുന്നു” (ലൂക്കാ 1, 46).
ഉപസംഹാരം
പുതിയതും പഴയതുമായ മുറിവുകളാൽ മുദ്രിതമായിരിക്കുന്ന ഇക്കാലഘട്ടത്തിൽ പ്രത്യാശയിൽ നാം നയിക്കപ്പെടണം. ദൈവത്തിൽ വിശ്വസിക്കാത്തവനു പ്രത്യാശിക്കുവാൻ ഒന്നുമില്ല. നമ്മൾ പ്രത്യാശയുടെ മക്കളാണ് കാരണം അടഞ്ഞ കല്ലറക്കു മുമ്പിലല്ലലോകചരിത്രം അവസാനിക്കുന്നത്; കാരണം അതു സജീവ ശിലയായ മിശിഹായെ കണ്ടുമുട്ടുന്നു (1 പത്രോ 2, 4). ആശ്വാസത്തിന്റെ വാക്കുകൾ പറഞ്ഞ് പാപ്പാ കത്തു പൂർത്തിയാക്കുന്നു: വൈദികരുടെ പ്രതി സന്ധികളിൽ കരുത്തു പകരുന്ന ജ്യേഷ്ഠനും അപ്പനുമായി മെത്രാനച്ചൻ കൂടെ ഉണ്ടാകണം. പ്രതിസന്ധികൾ
സഭയെ, സമർപ്പിതരെ, വൈദികരെ തളർത്തരുത്, ഒരിക്കലും അവരുടെ പുഞ്ചിരി കളയാത്ത സമർപ്പിതർ സമരസഭയുടെ പരിശുദ്ധിയുടെ നാട്ടപ്പെട്ട അടയാളങ്ങളാണ്; ദൈവത്തിന്റെ പിതൃത്വത്തിന്റെയും സഭയുടെ മാതൃത്വത്തിന്റെയും മായാത്ത മുദ്രകളാണ്.