വി. യോഹന്നാൻ എഴുതിയ സുവിശേഷം-28 മല്പാൻ

ഉത്ഥിതന്റെ പ്രത്യക്ഷപ്പെടലും അജപാലന ദൗത്യമേല്പിക്കലും
(യോഹ 21,1-25)
വി. യോഹന്നാന്റെ സുവിശേഷത്തിന്റെ അവസാന അദ്ധ്യായമാണിത്. സുവിശേഷ
ത്തിന്റെ അനുബന്ധമെന്ന് ഈ അദ്ധ്യായത്തെ വിശേഷിപ്പിക്കുന്നു. ഈ അദ്ധ്യായത്തെ താഴെ കാണുംവിധം വിഭജിക്കാം.
1. ഈശോ വീണ്ടും ശിഷ്യർക്കു പ്രത്യക്ഷപ്പെടുന്നു (21,1-14)
2. പത്രോസും അജപാലനശുശ്രൂഷയും (21,15-19)
3. അജപാലനസ്‌നേഹവും സുവിശേഷസാക്ഷ്യവും (21,20-23)
4. രണ്ടാം ഉപസംഹാരം (21,24-25)
1. ഈശോ വീണ്ടും പ്രത്യക്ഷപ്പെടുന്നു (21,1-14)
വി. യോഹന്നാന്റെ സുവിശേഷത്തിൽ ഈശോ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്ന രണ്ടു രംഗങ്ങൾ 20-ാം അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട് (20,19-29). അതുകൊണ്ടായിരിക്കാം ”ഇത് മൂന്നാം പ്രാവശ്യമാണ് ഈശോ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നത്’ (21,14) എന്ന് സുവിശേഷകൻ എടുത്തുപറയുന്നത്. ഈ പ്രത്യക്ഷപ്പെടലിന്റെ പ്രത്യേകത, നഷ്ടപ്പെട്ട ശിഷ്യത്വത്തിൽ പുനരുദ്ധരിക്കപ്പെടുന്ന ഒരനുഭവമായി ഇത് അവതരിപ്പിക്കപ്പെടുന്നു എന്നതാണ്. ഇവിടെ പത്രോസിന്റെ നേതൃത്വത്തിൽ ഏഴു ശിഷ്യന്മാരുടെ ഒരു സമൂഹമാണ് അവതരിപ്പിക്കപ്പെടുന്നത്. ‘ഏഴ്’ എന്ന സംഖ്യ പൂർണതയുടെ ഒരു പ്രതീകമാണ്. ശ്ലൈഹികകൂട്ടായ്മയി ലുള്ളവരെയെല്ലാം ഇവർ പ്രതിനിധീകരിക്കുന്നു. ശിമയോൻ പത്രോസിന്റെ നേതൃത്വത്തിൽ ഇവർ മീൻ പിടിക്കാൻ പോകുന്നത് പ്രതീകാത്മകമായി കാണണം. ഈശോയുടെ പീഡാനുഭവവും മരണവും ശിഷ്യന്മാർക്ക് ഉൾക്കൊള്ളാൻ കഴിയാത്ത യാഥാർത്ഥ്യങ്ങളായിരുന്നു. ശിഷ്യത്വം ഉപേക്ഷിച്ച് വീണ്ടും അവർ മീൻ പിടു ത്തത്തിലേക്കു പോവുകയാണ്. എന്നാൽ, ശിഷ്യത്വം ഉപേക്ഷിച്ച് നടത്തുന്ന അദ്ധ്വാനം ഫലം പുറപ്പെടുവിക്കുന്നില്ല (21,3). ഈ പശ്ചാത്തലത്തിലാണ് ഈശോ അവർക്കു പ്രത്യക്ഷപ്പെടുന്നത്.
ശിഷ്യരെ തേടിവരുന്ന മിശിഹായും ദൈവസ്‌നേഹത്തിൽ ഒന്നിപ്പിക്കപ്പെടുന്ന സഭാസമൂഹവും: ഉത്ഥിതനായ ഈശോ, തന്നെ വിട്ടുപേക്ഷിച്ചുപോയ ശിഷ്യന്മാരെ തേടി വരുന്നു (21,4-5). മിശിഹായുടെ കരുണാർദ്രമായ സ്‌നേഹമാണ് ഈ പ്രത്യക്ഷീകരണത്തിലൂടെ വെളിപ്പെടുന്നത്. അതുപോലെതന്നെ ദൈവവചനത്തിന്റെ അത്ഭുതകരമായ ശക്തിയും ഇവിടെ ഉദാഹരിക്കപ്പെടുന്നു (21,6). ഈശോയുടെ വചനപ്രകാരം വലയിട്ടപ്പോൾ, വലിച്ചു കയറ്റാൻ കഴി യാത്തവിധം മത്സ്യങ്ങൾ വലയിലകപ്പെട്ടു. ഉത്ഥിതനായ മിശിഹായെ തിരിച്ച റിഞ്ഞപ്പോൾ പത്രോസ് കടലിലേക്കു ചാടി ആദ്യം ഈശോയുടെ അടുത്തു വരികയും മറ്റു ശിഷ്യന്മാർ മത്സ്യങ്ങൾ നിറഞ്ഞ വലയും വലിച്ചുകൊണ്ട് വള്ളത്തിൽത്തന്നെ വരികയും ചെയ്തു (21,7-8). പത്രോസിന്റെ നേതൃത്വത്തിൽ ശ്ലീഹന്മാരുടെ സുവിശേഷ പ്രഘോഷണത്തിലൂടെ രൂപംകൊള്ളുന്ന സഭയെയാണ് ഇതു സൂചിപ്പിക്കുന്നത്.
കുർബാനാനുഭവവും ശിഷ്യത്വ പുനരുദ്ധാരണവും: പിടിച്ച മത്സ്യങ്ങളുമായി വന്ന ശിഷ്യർക്ക് ഈശോ പ്രാതൽ ഒരുക്കി, പ്രാതൽ കഴിക്കാൻ ക്ഷണിക്കുന്നു. ”ഈശോ വന്ന് അപ്പമെടുത്ത് അവർക്കു കൊടുത്തു. അതുപോലെതന്നെ മത്സ്യവും” (21,13). ഇത് കുർബാനാനുഭവത്തെ സൂചിപ്പിക്കുന്നുണ്ട്. ഉത്ഥിതനായ മിശിഹായുടെ സാന്നിദ്ധ്യത്തിലേക്കു വിശ്വാസികളുടെ കണ്ണുകൾ തുറക്കപ്പെടുന്ന ഏറ്റവും പ്രധാ നപ്പെട്ട വേദിയാണല്ലോ പരിശുദ്ധ കുർബാനയാഘോഷം. സഭാംഗത്വം മിശിഹാ ശിഷ്യത്വമാണ്. നഷ്ടപ്പെടുന്ന ശിഷ്യത്വവും ബലഹീനമാകുന്ന ശിഷ്യത്വവും പുനരുദ്ധരിക്കുന്നതിന് സഭാംഗങ്ങൾക്കായി ഒരുക്കപ്പെടുന്ന വേദിയാണ് പരിശുദ്ധ കുർബാന.
2. പത്രോസും അജപാലനശുശ്രൂഷയും (21,15-19)
പത്രോസിന് അജപാലനശുശ്രൂഷ നല്കപ്പെടുകയും, അതേത്തുടർന്ന് പത്രോസിന്റെ രക്തസാക്ഷിത്വം പ്രവചിക്കപ്പെടുകയും ചെയ്യുന്ന സുവിശേഷഭാഗമാണിത്. പ്രാതൽ കഴിഞ്ഞപ്പോൾ ”നീ എന്നെ സ്‌നേഹിക്കുന്നുവോ” എന്ന് ഈശോ പത്രോസിനോടു മൂന്നു പ്രാവശ്യം ചോദിക്കുകയും ‘ഉവ്വ്, സ്‌നേഹിക്കുന്നു’ എന്ന് പത്രോസ് മൂന്നു പ്രാവശ്യവും മറുപടി നല്കുകയും ചെയ്യുന്നു. ഓരോ പ്രാവശ്യവും പത്രോസ് സ്‌നേഹം ഏറ്റുപറയുകയും പത്രോസിനെ ഈശോ അജപാലനശുശ്രൂഷ ഭരമേല്പിക്കുകയും ചെയ്യുന്നു. അജഗണം ഈശോയുടേതാണെന്നും, അജപാലനശുശ്രൂഷ സ്‌നേഹത്തിന്റെ ശുശ്രൂഷയാണെന്നും ഇതു നമ്മെ അനുസ്മരിപ്പിക്കുന്നു.
3. അജപാലനസ്‌നേഹവും സുവിശേഷസാക്ഷ്യവും (21,20-23)
‘സ്വയം അര മുറുക്കുക’ എന്നു പറഞ്ഞാൽ സ്വന്തം ഹിതപ്രകാരം തീരുമാന ങ്ങളെടുക്കുകയും അവ പ്രാവർത്തികമാക്കുകയും ചെയ്യുക എന്നാണ് അർത്ഥ മാക്കുന്നത്. ശിഷ്യത്വം ആത്യന്തികമായി രക്തസാക്ഷിത്വം ആവശ്യപ്പെടുന്ന ഒരു ജീവിതമാണ്. ‘എല്ലാറ്റിനുമുപരി’ ഈശോയെ സ്‌നേഹിക്കുക എന്നുവച്ചാൽ ‘ജീവ നേക്കാളുപരി’ എന്നാണർത്ഥം. ഇപ്രകാരം ഈശോയെ അനുഗമിക്കാൻ തയ്യാറാണെന്ന് പത്രോസ് ഒരിക്കൽ പ്രഖ്യാപിച്ചിരുന്നു (13,37). എന്നാൽ അന്ന് അപ്രകാരം ഈശോയെ അനുഗമിക്കാൻ പത്രോസിനു കഴിയുമായിരുന്നില്ല. അക്കാര്യം പത്രോസിനെ ഈശോ അറിയിക്കുകയും ചെയ്തു (13,38). പിന്നീടുണ്ടായ പത്രോ സിന്റെ അനുഭവം അത് ശരിയാണെന്നു തെളിയിക്കുകയും ചെയ്തു. എന്നാൽ ഈശോയുടെ ഉത്ഥാന ത്തിനുശേഷം പരിശുദ്ധാത്മാവിനെ സ്വീകരിച്ച് ശക്തി പ്രാപിച്ച പത്രോസിന് ശിഷ്യത്വം അതിന്റെ തനിമയിൽ ജീവിക്കാൻ സാധിക്കും എന്ന പ്രഖ്യാ പനമാണ് ഇവിടെ ഈശോ നിർവഹിക്കുന്നത്.
4. രണ്ടാം ഉപസംഹാരം (21,24-25)
ഇത് വി. യോഹന്നാന്റെ സുവിശേഷത്തിന്റെ രണ്ടാം ഉപസംഹാരമാണ്. യോഹന്നാൻ തന്റെ മിശിഹാനുഭവത്തിന്റെ വെളിച്ചത്തിലാണല്ലോ സുവിശേഷം എഴുതിയത്. യോഹന്നാന്റെ ഒന്നാം ലേഖനത്തിന്റെ ആമുഖത്തിൽ ഇതിന്റെ സൂചനയുണ്ട് (1 യോഹ 1,1-4). ‘മിശിഹാനുഭവം’ എന്നു പറഞ്ഞാൽ മാംസമായി അവതരിച്ച ദൈവവചനമായ മിശിഹായുടെ അനുഭവം. ഈശോയുടെ വാക്കുകളിലൂടെയും ചെയ്തികളിലൂടെയും അത്ഭുതങ്ങളിലൂടെയും ജീവിതം മുഴുവനിലൂടെയുമുണ്ടായ അനുഭവം. മനുഷ്യർക്കു കാണാൻ കഴിയാത്ത ദൈവത്തെ മിശിഹാ വെളിപ്പെ ടുത്തിയത് ഇവയിലൂടെയൊക്കെ ആയതുകൊണ്ടാണ് അവയെ ‘അടയാളങ്ങൾ’ എന്ന് യോഹന്നാൻ വിശേഷിപ്പിക്കുന്നത് (20,30-31). അവയെല്ലാം പൂർണമായി രേഖ പ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്ന കാര്യം ഒരിക്കൽക്കൂടി പറഞ്ഞ് യോഹന്നാൻ തന്റെ സുവിശേഷത്തിന് സമാപനം കുറിക്കുന്നു.
”ഈ ശിഷ്യൻതന്നെയാണ്… സാക്ഷ്യം നല്കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങൾക്കറിയാം” (21,24) എന്നു പറയുന്നതുകൊണ്ട്, ഈ അനുബന്ധം യോഹന്നാന്റെ സുവിശേഷപാരമ്പര്യം ലഭിച്ച ശിഷ്യസമൂഹം എഴുതിയതാണെന്നാണ് ബൈബിൾ വ്യാഖ്യാതാക്കളുടെ അഭിപ്രായം.
ചോദ്യങ്ങൾ
1. ഉത്ഥിതനായ ഈശോയുടെ മൂന്നാം പ്രാവശ്യത്തെ പ്രത്യക്ഷപ്പെടലിന്റെ പ്രത്യേകത എന്താണ്?
2. കുർബാനാനുഭവവും ശിഷ്യത്വത്തിലുള്ള പുനരുദ്ധാരണവും തമ്മിലുള്ള ബന്ധം ഈ അത്ഭുതവിവരണത്തിൽ എപ്രകാരം കാണാം?
3. തന്റെ ആടുകളെ മേയിക്കാൻ ഈശോ പത്രോസിനെ ഭരമേല്പിക്കുന്ന രംഗം സഭയിലെ അജപാലനശുശ്രൂഷയെപ്പറ്റി എന്തു പഠിപ്പിക്കുന്നു?
4. അജപാലനസ്‌നേഹവും സുവിശേഷസാക്ഷ്യവും തമ്മിൽ എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു?