വികസനത്തിന്റെ ഭാവി കുടുംബങ്ങളിൽ

ഞങ്ങളെല്ലാം കലാലയങ്ങളിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത്-1940 കളിലും മറ്റും സാമ്പത്തികമായ മുേന്നറ്റം( economic growth ) മാത്രമായിരുന്നു സാമ്പത്തിക ശാസ്ത്രത്തിലെ സുപ്രധാന ചർച്ചാവിഷയം. അൻപതുകളിൽ മുതൽ സാമൂഹ്യ വികസനത്തെക്കുറിച്ചായിരുന്നു സുപ്രധാന ചർച്ചകൾ. 1953 ൽ സെമിനാരിയിൽ പ്രവേശിച്ചു. പഠനം കഴിഞ്ഞ് 1963 ൽ സാമ്പത്തികശാസ്ത്രം പഠിപ്പിക്കുവാനായി കോളേജിൽ പ്രവേശിച്ചപ്പോൾ സാമൂഹിക സാമ്പത്തിക വികസനമായിരുന്നു പ്രധാനചർച്ചാവിഷയം. അതിനാൽ സാമ്പത്തികശാസ്ത്രം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാൻ എനിക്ക് ഏറേ ബുദ്ധിമുട്ടു തോന്നി. അതുകൊണ്ടുകൂടെയാണ് ഓക്‌സ്‌ഫോർഡിൽ പഠിക്കാൻ അവസരം ലഭിച്ചപ്പോൾ അങ്ങോട്ടു പോകാൻ തീരുമാനിച്ചത്. അവിടെ നിന്നും എനിക്ക് ലഭിച്ചത് സാമ്പത്തിക വികസനത്തിന്റെ ഡിപ്ലോമയായിരുന്നു. തിരിച്ചുവന്ന് പഠിപ്പിക്കാൻ കുറച്ചുകൂടി എളുപ്പമായി. പക്ഷേ, താമസിയാതെ മെത്രാനായി പുതിയ സ്ഥലത്തേക്കു മാറുവാനിടയായി. അതുകൊണ്ട് വികസനവിഷയം ശാസ്ത്രിയമായി ഏറെ കൈകാര്യം ചെയ്യേണ്ടതായി വന്നില്ല.
സാമ്പത്തിക സാമൂഹിക രംഗത്തെ മാറ്റങ്ങൾ മനുഷ്യനെ ആശ്രയിച്ചാണ് യാഥാർ ത്ഥ്യമാകുന്നത്. വികസനം ലക്ഷ്യമാക്കാനും അതിനുവേണ്ട സാഹചര്യങ്ങൾ ഒരുക്കുവാനും മനോഭാവങ്ങൾ ക്രമീകരിക്കുവാനും മനുഷ്യനാണ് കഴിയുക. യഥാർത്ഥമായ വികസനം വികലമാക്കാനും മനുഷ്യനു കഴിയും. അതുകൊണ്ട് വികസനത്തിനു സഹായകമായ സാഹചര്യങ്ങൾ ഒരുക്കാനും വികസിത രാജ്യത്തിനു നേതൃത്വം നല്കാനും നേർവഴികാട്ടാനും കഴിവുളള ആളുകളെ തയ്യാറാക്കുക കാലഘ ട്ടത്തിന്റെ ആവശ്യകതയാണ്.
വികസിത സമൂഹത്തിന്റെ സ്വഭാവം.
സാമ്പത്തികനേട്ടം മാത്രമല്ലല്ലോ വികസിത സമൂഹത്തിനാവശ്യം. സമത്വചിന്തയും സമഭാവനയും കൂട്ടായ്മാബോധവുമെല്ലാം ഒരു വികസിത സമൂഹത്തിന്റെ കൈമുതലായിരിക്കേണ്ടതാണ്. ഇവയില്ലാത്ത സാമ്പത്തികവളർച്ചയും ആർഭാടവും അല്ല ഒരു വികസിത സമൂഹത്തിൽ ഉണ്ടായിരിക്കേണ്ടത്. സാമ്പത്തിക വളർച്ച സമൂഹജീവിതം ഭദ്രമാക്കുന്നതിന്റെ അടിസ്ഥാനമായി നാം കാണുന്നുണ്ടെങ്കിൽ അത് തികച്ചും പക്വതയില്ലാത്ത ചിന്ത മാത്രമാണ്. മറിച്ച്, സമൂഹജീവിതം ഹൃദ്യമാകുന്നത് കൂട്ടായ്മാബോധവും സമഭാവനയും ഉയർന്നു നിൽക്കുമ്പോഴാണ്.
പൊതുധാരണകളാണ് ഒരു സമൂഹത്തെ ഒന്നിപ്പിക്കുന്നത്. പക്ഷേ, വിഭാഗിയത വളർത്തുന്ന ചിത്രമാണ് ഇന്ന് നമ്മുടെ മുമ്പിലുളളത്. താൻപോരായ്മാഭാവവും വിഭാ ഗിയത വളർത്തുന്ന ചിന്താരീതികളും ഇന്നിപ്പോൾ വളരുകയാണ്. അടിസ്ഥാനപരമായ കാര്യങ്ങളിൽപ്പോലും ഒരേ ബോധ്യങ്ങളും ചിന്താരീതികളും സ്വീകരിക്കുവാൻ നമുക്കിന്ന് കഴിയാതെപോകുന്നു. സമഗ്രമായ നേട്ടങ്ങൾ ഉണ്ടാകണമെങ്കിൽ നമ്മുടെ മനോഭാവങ്ങൾ നാം വിലയിരുത്തുകയും ശക്തമായ കൂട്ടായ്മയിൽ ഭാഗഭാക്കുകളാകാൻ നമുക്കു സാധിക്കുകയും വേണം.
നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. അതിന്റെ ചെയ്തികൾ ക്രമീകരിക്കാനും അതിനെ സംരക്ഷിക്കാനും ഉതകുന്ന ഭദ്രമായ ഒരു ഭരണഘടനയും നമുക്കുണ്ട്.
പക്ഷേ, അതിന്റെ സ്വഭാവം മനസ്സിലാക്കി ഭരണശൈലി ക്രമീകരിക്കുന്നതിനും പ്രായോഗികമാക്കുന്നതിനും സമൂഹത്തിന് സാധിക്കണം. സമഭാവന, നിയമത്തോടു വിധേയത്വം, പൊതു സമൂഹത്തോടുളള പ്രതിബദ്ധത തുടങ്ങിയവയെല്ലാം പൊതു സമൂഹജീവിതത്തിനു അപരിത്യാജ്യമാണ്. പരസ്പര ബന്ധങ്ങളിൽ സഹിക്കാനും ക്ഷമിക്കാനുമുളള അവസരങ്ങൾ ഉണ്ടാകുമ്പോൾ അവ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടു പോകാനുളള സന്നദ്ധത പൊതു ജനങ്ങൾക്കുണ്ടായിരിക്കേണ്ടതുമാണ്.
കുടുംബങ്ങളിലെ പരിശീലനം
വികസിത പ്രവർത്തനങ്ങൾക്കുവേണ്ടി നിലകൊള്ളുവാൻ പര്യാപ്തമായ പരിശീലനം കുടുംബങ്ങളിൽ ലഭ്യമാക്കണം. വാസ്തവത്തിൽ ഒരുമയുളള കുടുംബങ്ങൾ ശരിയായ സമൂഹ രൂപീകരണത്തിന് ആവശ്യമായ അടിത്തറയാണ്. ആഴമായ കൂട്ടായ്മ നല്ല കുടുംബങ്ങളിലാണ് നമുക്ക് കാണാൻ കഴിയുക.
കുടുംബത്തിന്റെ വളർച്ചയും മുന്നേറ്റവുമാണ് കുടുംബാംഗങ്ങൾ ലക്ഷ്യം വയ്ക്കുക. ഒരുമയിൽ കഴിയുന്ന കുടുംബങ്ങൾ കൂട്ടായ്മയുടെ മാതൃകയാണ് നല്കുക. അത്തരം
കുടുംബങ്ങളിൽ നാം കാണുന്നത് പരസ്പരമുള്ള സ്‌നേഹവും ഐക്യബോധവുമാണ്. അവതന്നെയാണ് സമൂഹങ്ങളെയും നയിക്കേണ്ടത്. സമൂഹത്തിന്റെ സുസ്ഥിതി കുടുംബങ്ങൾക്കും ആവശ്യമാണ്. അതിനാൽ കുടുംബങ്ങളിലെ പുതിയ തലമുറക്കാർ സാമൂഹിക സുസ്ഥിതിക്കുവേണ്ടി കൂട്ടായ്മാബോധം വളർത്തിയെടുക്കാനും മറ്റു ള്ളവരിൽ ബോധ്യങ്ങൾ രൂപപ്പെടുത്താനും ക്ഷമിക്കാനും പൊറുക്കാനുമെല്ലാമുളള കഴിവും സ്വായത്തമാക്കണം. അവ ഏതു സമൂഹജീവിതത്തിലും ഏറെ പ്രസക്തമാണ്.
ഒരു വികസിത സമൂഹത്തിന് രുപം കൊടുക്കുന്നതിൽ കുടുംബജീവിതത്തിന് ഏറെ പ്രാധാന്യമുണ്ട്. വികസനകാര്യങ്ങളെക്കുറിച്ച് കുടുംബങ്ങളിൽ ചർച്ചയുണ്ടാകണം. ഒരു നല്ല സമൂഹജീവിതത്തിന് തയാറെടുപ്പുകൾ നടത്താനും നമ്മുടെ കുടും ബങ്ങൾക്കു സാധിക്കണം. സമൂഹത്തെ നമ്മുടെ കുടുംബമായി കാണാൻ കഴിയണം. ആ കുടുംബത്തിന്റെ വളർച്ചയ്ക്ക് നാം ഉത്തരവാദികളാണെന്ന ചിന്ത നമ്മുടെ ബോധ്യത്തിൽ എപ്പോഴും ഉണ്ടാകണം.
വികസനത്തിനായി കുടുംബങ്ങൾ സജ്ജമാകണം
സമഗ്രവികസനമാണ് നമ്മുടേതുപോലുളള ഒരു സമുഹത്തിനാവശ്യം. അതിനു പൊതു സമൂഹത്തിനാവശ്യമായ നിർദേശങ്ങൾ നൽകിയാൽപോരാ, കുടുംബങ്ങളെ കണക്കിൽപ്പെടുത്തുകയും അവരെ വികസനത്തിനായി സജ്ജമാക്കുകയും വേണം. നമ്മുടെ ഇടവകകളിൽ വിശ്വാസം വളർത്തിയെടുക്കുന്നതോടൊപ്പം സാമൂഹ്യ പ്രബോധനങ്ങൾ ശരിയായി വിശദീകരിക്കുകയും വികസനപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ജനങ്ങളെ സജ്ജരാക്കുകയും വേണം.