വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള തിരുനാൾ: ഓഗസ്റ്റ് 30

പീഡനങ്ങളുടെ പാതയിൽ
ഒന്നുകൊണ്ടും ദേവസഹായത്തെ ജയിക്കാനാവില്ലെന്നു കണ്ട ബ്രാഹ്മണർ അദ്ദേഹത്തെ നശിപ്പിക്കാനും ക്രിസ്തുമതപ്രചാരണം തടയാനും ഏതു മാർഗ്ഗവും സ്വീകരിക്കാൻ തീരുമാനമെടുത്തു. അതിനായി അവരും ക്ഷേത്രാ ധികാരികളുംഒരുമിച്ച് രാമയ്യർ ദളവായെ സമീപിച്ചു. മാർത്താണ്ഡവർമ്മയുടെ പ്രധാനമന്ത്രിയായിരുന്നു രാമയ്യർ ദളവാ. മരുതകുളങ്ങര കുടുംബത്തിൽ തങ്ങൾ അപമാനിതരായ കാര്യവും ദേവസഹായംപിള്ളയുടെ ഹിന്ദുവിരുദ്ധപ്രവർത്തനങ്ങളുമൊക്കെ പത്തിരട്ടിയാക്കി അവർ ദളവായെ ബോധിപ്പിച്ചു.
ബ്രാഹ്മണരെയും ദേവന്മാരെയും ദേവസഹായംപിള്ള അധിക്ഷേപിച്ചുവെന്നും, ക്രിസ്തുമതം സ്വീകരിച്ച് ഹിന്ദുക്കളെ ക്രിസ്തുമതത്തിൽ ചേർക്കുന്നുവെന്നും അറിഞ്ഞപ്പോൾ രാമയ്യന് അടക്കാനാവാത്ത കോപമുണ്ടായി, ക്രൂദ്ധനായൊരു സിംഹത്തിനു മുമ്പിൽ ശാന്തനായ ഒരാട്ടിൻകുട്ടിയെപ്പോലെ ദേവസഹായം നിലകൊണ്ടു. ഗർജ്ജിക്കുന്ന ദളവായോട് ശാന്തമായി അദ്ദേഹം പറഞ്ഞു: ”ബഹുമാന്യനായ മന്ത്രീ, അവിടുന്ന് സത്യവിശ്വാസികളെ കൊന്നൊടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, എന്തിനു മടിക്കുന്നു? ഇപ്പോൾത്തന്നെ അങ്ങയുടെ ആഗ്രഹം നിറവേറ്റിയാലും. രാമയ്യന്റെ കോപം കുറെക്കൂടി ജ്വലിച്ചെങ്കിലും അയാൾ മുറിയിൽ കയറി കതകടച്ചു.
വീട്ടിൽ മടങ്ങിയെത്തിയ ശേഷം മന്ത്രിയുടെ കോപം ഉളവാക്കാവുന്ന ഫലത്തെക്കുറിച്ച് ദേവസഹായം പിള്ളയ്ക്ക് ആശങ്കയുണ്ടാകാതിരുന്നില്ല. തനിക്കു സംഭവിച്ചേക്കാവുന്ന പീഡനങ്ങളെക്കാൾ ഉപരിയായി താൻ മൂലം ക്രൈസ്തവ വിശ്വാസികൾ നേരിടേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകളോർത്ത് ആ സ്‌നേഹധനൻ വേദനിച്ചു.
ദേവസഹായം പിള്ളയുടെ പേരിൽ നടപടികളൊന്നും ഉണ്ടാകുന്നില്ല എന്നു കണ്ട്, ഏതാനും ദിവസങ്ങൾക്കു ശേഷം, കുറെ ബ്രാഹ്മണർ രാജാവിനെ നേരിട്ടു കണ്ട് സങ്കടമുണർത്തിച്ചു. വലിയ ബ്രാഹ്മണ ഭക്തനായിരുന്ന അദ്ദേഹം ഉടൻതന്നെ രാമയ്യൻ ദളവായെ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ദേവസഹായത്തെ ഏങ്ങനെയും നശിപ്പിക്കണമെന്നായിരുന്നു ദളവായുടെ അഭിപ്രായം. ”ആ ദുഷ്ടൻ നീലകണ്ഠനെ എത്രയും വേഗം എന്റെ മുമ്പിൽ കൊണ്ടുവരണം” എന്നു രാജാവു കല്പിച്ചു. ഇതിനായി ഏതാനും ഭടന്മാരെ പത്ഭനാഭപുരത്തേക്ക് അയച്ചു. അവർ രാജകല്പന അദ്ദേഹത്തെ അറിയിച്ചു. ഉദയഗിരിയിലുള്ള തന്റെ പ്രേഷ്ട മിത്രമായ ഡിലനായിയെ അദ്ദേഹം വിവരം അറിയിച്ചു – ഒരു ഭൃത്യൻ വഴി. ഉടൻ ഡിലനായി പത്ഭനാഭപുരത്തെത്തി രാജഭടന്മാരെ തടഞ്ഞു നിർത്തിയ ശേഷം ദേവഹായത്തെ ബഹു. ബാറ്റെസി അച്ചന്റെ അടുക്കൽ കൊണ്ടുചെന്നു. അച്ചൻ അദ്ദേഹത്തെ കുമ്പസാരിപ്പിച്ച് കുർബാനയും നല്കി. എന്നിട്ട് സത്യവിശ്വാസം സംരക്ഷിക്കാൻ രക്തസാക്ഷിത്വം വരിക്കാനാണ് ദൈവഹിതമെങ്കിൽ അതിനു വഴങ്ങാൻ ഉപദേശിച്ചു. പിന്നെ അവർ അദ്ദേഹത്തിനു ധൈര്യം കിട്ടാൻവേണ്ടി പ്രാർത്ഥിച്ചു. അനന്തരം ഡിലനായി ദേവസഹായം പിള്ളയെ രാജഭടന്മാരുടെ കൈകളിൽ ഏല്പിച്ചു.
കാരാഗൃഹത്തിലേക്ക് രാജഭടന്മാർ ദേവസഹായം പിള്ളയുടെ ഔദ്യോഗിക വേഷമെല്ലാം മാറ്റി സാധാരണ വേഷത്തിൽ ഒരു കുറ്റവാളിയെ എന്നപോലെ അദ്ദേഹത്തെ രാജസന്നിധിയിലേക്കു കൊണ്ടുപോയി. വഴിയോരങ്ങളിൽ കാത്തു നിന്ന ബന്ധുമിത്രാദികളും ഉദ്യോഗസ്ഥരിൽ ചിലരും സത്യവിശ്വാസം ഉപേക്ഷിക്കാൻ അദ്ദേഹത്തെ ഉപദേശിച്ചു. ഇതൊന്നും അദ്ദേഹത്തിൽ ജ്വലിച്ചു നിന്ന വിശ്വാസത്തെ കെടുത്താൻ ശക്തമായിരുന്നില്ല. എല്ലാം ശാന്തമായി കേട്ട അദ്ദേഹം തന്റെ വിശ്വാസം ഏറ്റുപറയുകയും അതിനു വേണ്ടി നിന്ദനങ്ങളും പീഡനങ്ങളും സഹിക്കാനും മരിക്കാൻ തന്നെയും താൻ സന്നദ്ധനാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മഹാരാജാവിന്റെ സമ്മാനങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളുമൊന്നും ആ ക്രിസ്തുഭക്തനെ തെല്ലും പ്രലോഭിപ്പിച്ചില്ല.
ഇതെല്ലാം കേട്ടശേഷം പടയാളികളും അധികാരികളും നീലകണ്ഠനു ഭ്രാന്താണെന്നും അയാളിൽ ഒരു മാറ്റവുമില്ലെന്നും രാജസന്നിധിയിൽ അറിയിച്ചു. ക്രൂദ്ധനായ രാജാവ് അദ്ദേഹത്തെ കാരാഗൃഹത്തിലടയ്ക്കാൻ ക്പിച്ചു. ഭടന്മാർ അദ്ദേഹത്തെ മൃഗീയമായി പീഡിപ്പിച്ചശേഷം, കൈകാലുകളിൽ വിലങ്ങുതറച്ച് കാരാഗൃഹത്തിലടച്ചു.
തടവറയിൽ കഴിഞ്ഞിരുന്ന തന്റെ പ്രേഷ്ഠ മിത്രത്തിന്റെ വിവരങ്ങളറിയാനും അദ്ദേഹത്തിനു ധൈര്യം പകരാനും ഡിലനായി തന്റെ ഭൃത്യന്മാരെ നിരന്തരം അയച്ചിരുന്നു. ഈ വിവരമറിഞ്ഞ രാജാവ് ഡിലനായിയെ ഉഗ്രമായി ശാസിക്കുകയും, മേലിൽ ഇതാവർത്തിക്കരുതെന്ന് കല്പിക്കുകയും ചെയ്തു.
ദൈവകൃപയാൽ ദേവസഹായത്തിന്റെ ആകുലതകളെല്ലാം മാറി; അദ്ദേഹം ദൈവഹിതത്തിന് സ്വയം പൂർണ്ണമായി സമർപ്പിച്ചു. കാരാഗൃഹജീവിതത്തിലെ ഓരോ നിമിഷവും അദ്ദേഹം പ്രാർത്ഥനയിലൂടെ ദൈവൈക്യത്തിൽ ജീവിച്ചു.
സ്വർഗ്ഗകിരീടത്തിനരികെ
ഡിലനായിയുടെ ജയിൽ സന്ദർശനത്തിന് തൊട്ടടുത്ത ദിവസം മഹാരാജാവ് തന്റെ വിശ്വസ്ത സചിവനായ രാമയ്യൻ ദളവായെ വിളിച്ച് ഇപ്രകാരം കല്പിച്ചു:
”ക്രിസ്ത്യാനികൾ എല്ലാവരും ഭയപ്പെടത്തക്കവിധം ദേവസഹായം പിള്ളയുടെ കഴുത്തിൽ എരിക്കിൻ പൂമാല ചാർത്തി, തെരുവു നീളെ നടത്തി, അപമാനിച്ച്, കളുമക്കാട്ടിൽ കൊണ്ടുചെന്ന് ശിരസ്സു ഛേദിക്കുക.”
സത്യവിശ്വാസം ഉപേക്ഷിക്കാനുള്ള ബന്ധുമിത്രാദികളുടെ സമ്മർദ്ദം തുടർന്നു കൊണ്ടിരിക്കെ, രാജാകല്പനയോട് പ്രതികരിച്ചുകൊണ്ട് ദേവസഹായം പറഞ്ഞത് ഇങ്ങനെയാണ്: ”സത്യവിശ്വാസത്തെ പ്രതി മരിക്കാൻ ഞാൻ സദാ ആഗ്രഹിച്ചു കഴിയുകയാണ്. ദൈവം എന്റെ ആഗ്രഹം സാധ്യമാക്കാൻ പോകുന്നു എന്നറിയുന്നതിൽ ഞാൻ സംതൃപ്തനാണ്.”
ഭടന്മാർ ദേവസഹായത്തെ കൊലക്കളത്തിലേക്കു നയിച്ചു, ഉഗ്രമായ പിഡനങ്ങളോടെ.
എന്നിട്ടും അദ്ദേഹത്തിന്റെ മുഖത്തെ പ്രസന്നതയ്ക്കും മനസ്സിലെ സമാധാനത്തിനും കുറവൊന്നും കാണാഞ്ഞ് അവർ ആശ്ചര്യപ്പെട്ടു. അപ്പോഴിതാ വേറൊരു രാജകല്പന: ദേവസഹായത്തെ ഉടനെ വധിക്കേണ്ടെന്നും വീണ്ടും കാരാഗൃഹത്തിൽ അടയ്ക്കണ
മെന്നും.
ക്രൂരമായ മറ്റൊരു കല്പന
വിവേകം നഷ്ടപ്പെട്ട രാജാവ് മറ്റൊരു ക്രൂരമായ കല്പന ഭടന്മാർക്കു നല്കി: ”ദേവസ ഹായത്തെ ഒരു എരുമയുടെ പുറത്തു കയറ്റി, അപമാനിതനാക്കി, എല്ലാ ഗ്രാമങ്ങളിലും ചന്തസ്ഥലങ്ങളിലും അങ്ങാടിത്തെരുവകളിലും കൊണ്ടുപോകുക. ക്രിസ്തുമതം ഉപേക്ഷിക്കാൻ ബ്രാഹ്മണരെക്കൊണ്ട് ഉപദേശിക്കുക. ഉപദേശം സ്വീകരിക്കാ തിരുന്നാൽ ദിവസവും മുപ്പത് അടിവീതം നല്കുകയും, അടിയേറ്റുണ്ടാകുന്ന മുറിവുകളിലും നവദ്വാരങ്ങളിലും മുളകുപൊടി ഇട്ട് വെയിലിലിരുത്തുകയും, ദാഹശമനത്തിനായി ഏറ്റം മലിനജലം നൽകുകയും ചെയ്യുക.”
ഈ രാജകല്പനപ്രകാരം അധികാരികൾ ദേവസഹായത്തെ എരുമപ്പുറത്തു കയറ്റി കുന്നത്തൂർ, തട്ടാലം എന്നീ സ്ഥലങ്ങളിലൂടെ പത്ഭനാഭപുരത്തേക്കു കൊണ്ടുപോയി. ചൂരൽ കൊണ്ട് അടിച്ചുണ്ടായ മുറിവുകളിൽ മുളകുപൊടി തേച്ചതുകൊണ്ടുണ്ടായ അസഹ്യമായ വേദനയാലും, ആഹാരമില്ലാതെ വെയിൽ കൊണ്ടുള്ള നീണ്ട യാത്രകൊണ്ടും അദ്ദേഹം എരുമപ്പുറത്തു നിന്ന് പലപ്പോഴും താഴെ വീണിരുന്നു. അപ്പോഴൊക്കെ പീഡകർ അദ്ദേഹത്തെ അതിക്രൂരമായി മർദ്ദിക്കുകയും അസഭ്യവാക്കുകൾ പറഞ്ഞു ശകാരിക്കുകയും ചെയ്തിട്ട് വീണ്ടും എരുമപ്പുറത്ത് കയറ്റി ഇരുത്തി. അദ്ദേഹത്തിന്റെ പരിതാപകരമായ അവസ്ഥ കാണാൻ നിരവധി ക്രിസ്ത്യാനികൾ പലയിടങ്ങളിൽ നിന്നു വന്നുകൊണ്ടിരുന്നു.
ഇത്ര ക്രൂരമായ പീഡനങ്ങൾക്കിടയിലും അദ്ദേഹം നിലവിളിച്ചില്ല. ആ വരണ്ട ചുണ്ടുകളിൽ നിന്നു പുറപ്പെട്ട ഏകസ്വരം ”ഈശോ” എന്ന മധുരനാമം മാത്രമായിരുന്നു.
ഏതാനും ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തെ രാജകല്പനപ്രകാരം തിരുവി താംകോട്ടിലെ തടവിൽ പാർപ്പിച്ചു. അവിടെ ക്രൈസ്തവർ അദ്ദേഹത്തിനു ഭക്ഷണം കൊണ്ടുവന്നു കൊടുക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ കേൾക്കാൻ ഓടിയെത്തുകയും ചെയ്തു. ഇതറിഞ്ഞ ചില ബ്രാഹ്മണരും രാജഭടന്മാരും ക്രിസ്ത്യാനികളെ പ്രഹരിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തു.
ഇതിനിടയിലും അദ്ദേഹത്തെ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാൻ ബ്രാഹ്മണരും അധികാരികളും പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഇവിടെയും പതിവുള്ള മുപ്പത് അടിയും മുളകുപൊടി പ്രയോഗവും തുടർന്നു.
ദൈവകരങ്ങളിൽ
ഒന്നുകൊണ്ടും പ്രയോജനമില്ലെന്നു കണ്ട പീഡകർ അദ്ദേഹത്തെ മുളകുപൊടി പുരട്ടി ഉച്ചവെയിലിൽ പുലിയൂർക്കുറിശ്ശിക്കാട്ടിലെ ഒരു പാറയിൽ കൊണ്ടുപോയിരുത്തി. സഹനം കൂടും തോറും അദ്ദേഹത്തിന്റെ വിശ്വാസവും ദൈവസ്‌നേഹവും പതിന്മടങ്ങു വർദ്ധിക്കയാണുണ്ടായത്.
പാറയിൽനിന്നു വെള്ളം
ഒരുദിവസം ദാഹാർത്തനായ ദേവസഹായം തന്റെ കൈമടക്കി പാറയിൽ ഇടിച്ചു. ഉടനെ പാറ പിളർന്ന് വെള്ളം പ്രവഹിച്ചു. അദ്ദേഹം ഇഷ്ടം പോലെ ജലം കുടിച്ച് ദൈവത്തിനു നന്ദി പറഞ്ഞു. താൻ ദൈവകരങ്ങളിലാണെന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
പാറപിളർന്ന അത്ഭുതം ദർശിച്ച് അധികാരികളുടെ ആശ്ചര്യത്തിന് അതിരു ണ്ടായിരുന്നില്ല. ക്രിസ്ത്യാനികൾ അവിടേയ്ക്ക് ഒഴുകി. ഇതികർത്തവ്യമൂഢനായ രാമയ്യൻ ദളവാ ദേവസഹായത്തെ വീണ്ടും തടവറയിലാക്കി. ക്രിസ്ത്യാനികൾ തടവറയിലേക്കു പ്രവഹിച്ചു. ജനങ്ങൾ മാനസാന്തരപ്പെട്ട് ക്രിസ്തുമതത്തിലേക്കുള്ള ഒഴുക്കും വർദ്ധിച്ചു. അതിനാൽ ദളവാ ദേവസഹായത്തെ ഒരു ആരാച്ചാരുടെ വീടിനടുത്തുള്ള വേപ്പുമരത്തിൽ കെട്ടിയിട്ടു പീഡിപ്പിക്കാൻ തീരുമാനിച്ചു. അവിടെവച്ച് ദേവസഹായത്തിന്റെ പ്രാർത്ഥനാഫലമായി വന്ധ്യയായിരുന്ന ആരാച്ചാരുടെ ഭാര്യ ഗർഭിണിയായി. അങ്ങനെ അവർക്കൊരു സന്താനമുണ്ടായപ്പോൾ ആ ദമ്പതികളുടെ സന്തോഷം അളവറ്റതായിരുന്നു. ആ നാടിനു ചുറ്റുമുണ്ടായിരുന്ന വെള്ളാളർ, വാണിയന്മാർ, നാടാന്മാർ തുടങ്ങിയ നാനാജാതിജനങ്ങൾ ദേവസ ഹായത്തിന്റെ മഹത്ത്വമറിഞ്ഞ് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ആരാച്ചാരുടെ വീടിനടുത്ത് ഉണ്ടാക്കിയ ഒരു ഓലപ്പുരയിലായി ദേവസഹായത്തിന്റെ താമസം.
ഒരു ദിവസം ഉറക്കത്തിൽ ഉണ്ണിയീശോയും പരി. മാതാവും യൗസേപ്പു പിതാവും അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ഹൃദയം ദൈവികസന്തോഷം കൊണ്ടു നിറഞ്ഞു.