മാർത്തോമ്മാ നസ്രാണി സഭാചരിത്രം – 32 പണ്ടാരി പൗലോസ് മെത്രാൻ (പണ്ടാരി ശീശ്മ)

അവസാനത്തെ ഈശോസഭാ മെത്രാപ്പോലീത്തയായ ഡോം സൽവദോർ ദോസ് റൈയ്‌സ് 1777-ൽ മരണമടഞ്ഞതിനുശേഷം കൊടുങ്ങല്ലൂർ അതിരൂപതയിൽ അഡ്മിനിസ്‌ട്രേറ്റർ (ഗോവർണ്ണദോർ) മാത്രമേ ഉണ്ടായിട്ടുള്ളു. റോമിന്റെ കീഴിലുള്ള കർമ്മലീത്ത മിഷനറിമാരുടെ ശക്തമായ എതിർപ്പുകൾ മൂലം പാറേമ്മാക്കൽ തോമ്മാക്കത്തനാർക്ക് മെത്രാൻ സ്ഥാനം റോമിൽ നിന്ന് ലഭിക്കുകയില്ലെന്ന് മാർത്തോമ്മാ നസ്രാണികൾക്ക് ബോദ്ധ്യമായി. തന്മൂലം ഒരു സ്വജാതി മെത്രാനെ ലഭിക്കുന്നതിന് അപേക്ഷയുമായി കൽദായ പാത്രിയാർക്കീസിന്റെ അടുത്തേയ്ക്ക് 1791-ൽ പണ്ടാരി പൗലോസ് എന്ന വൈദികന്റെ നേതൃത്വത്തിൽ ഒരു ദൗത്യസംഘം യാത്രയായി. കൽദായ പാത്രീയാർക്കീസിന്റെ ആസ്ഥാനം ബാഗ്ദാദായിരുന്നു. അപ്പോൾ കൽദായ പാത്രിയാർക്കീസായിരുന്ന ജോസഫ് ഔദോ നാലാമൻ സ്ഥലത്തില്ലായിരുന്നു. അദ്ദേഹത്തിനുവേണ്ടി പ്രാത്രിയാർക്കേറ്റിന്റെ ഭരണം നിർവ്വഹിച്ചിരുന്നത് അഡ്മിനിസ്‌ട്രേറ്റർ ജോൺ ഹോർമീസ് മെത്രാപ്പോലീ ത്തയായിരുന്നു. ദൗത്യസംഘം മെത്രാപ്പോലീത്തയെ കാണുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്തു. റോമിനെഴുതിയെങ്കിലും 16 മാസം കഴിഞ്ഞിട്ടും മറുപടി ലഭിക്കായ്കയാൽ മാർ ഹോർമിസ് ദൗത്യസംഘത്തിൽ പെട്ട പുത്തൻചിറക്കാരനായ പൗലോസ് പണ്ടാരിയെ മെത്രാനായി വാഴിക്കുകയും കേരളത്തിലേയ്ക്ക് അയയ്ക്കുകയും ചെയ്തു.
പണ്ടാരി പൗലോസ് മെത്രാൻ മാർ അബ്രാഹം എന്ന പേര് സ്വീകരിച്ചു.
മാർ അബ്രാഹം മെത്രാൻ പാറേമ്മാക്കൽ ഗോവർണ്ണദോരച്ചന്റെ മരണം (മാർച്ച് 20, 1799) വരെ സുറിയാനി സഭയുടെ ഭരണകാര്യങ്ങളിൽ ഇടപെട്ടില്ല. ഇദ്ദേഹം അങ്കമാലിയിലായിരുന്നു താമസിച്ചിരുന്നത്. പാറേമ്മാക്കലിന്റെ മരണശേഷം 1799 ഏപ്രിൽ മാസം അബ്രാഹം മെത്രാനും വൈദികനും അന്നത്തെ ഒരു അല്മായ പ്രമുഖനായ തച്ചിൽ മാത്തു തരകനും ചങ്ങനാശേരി പള്ളിയിൽ സമ്മേളിച്ച് സഭയുടെ ഭരണകാര്യങ്ങളെ പറ്റി ചർച്ച നടത്തി. അതിനെ തുടർന്ന് കട്ടക്കയത്തിൽ അബ്രാഹം മല്പാനെ കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണ്ണദോരായി തിരഞ്ഞെടുത്തു. പണ്ടാരി പൗലോസ് മെത്രാനെ സഭാ ഭരണകാര്യങ്ങളിൽ പാറേമ്മാക്കൽ തോമ്മാക്കത്തനാർ ഉൾപ്പെടുത്തിയില്ല, കാരണം പൗലോസ് പണ്ടാരി അജഗണ ങ്ങളുടെയിടയിൽ നിന്നു തന്നെയുള്ള മെത്രാനാണെങ്കിൽ പോലും, അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടത് റോമാ മാർപ്പാപ്പയുടെ അനുവാദമില്ലാതെ ആയിരുന്നു. എന്നാൽ പാറേമ്മാക്കലിന്റെ മരണശേഷം പണ്ടാരി പൗലോസ് മെത്രാൻ മാർത്തോമ്മാ നസ്രാണികളുടെ തലവനെന്നു നടിച്ചുകൊണ്ട് ഏതാനും ശെമ്മാശന്മാർക്ക് വൈദികപട്ടം നൽകുകയും നിയമപാലനാധികാരം നിർവ്വഹിക്കുവാൻ തുടങ്ങുകയും ചെയ്തു. ഇത് ‘പണ്ടാരി ശീശ്മ’ എന്നാണറിയപ്പെടുന്നത്. ‘പണ്ടാരി ശീശ്മ’ ഏതാനും മാസങ്ങൾ മാത്രമേ നിലനിന്നുള്ളു. ഗോവാ മെത്രാപ്പോലീത്ത 1800-ന്റെ അവസാനത്തിൽ ശങ്കുരിക്കൽ ഗീവർഗ്ഗീസ് എന്ന വൈദികനെ കൊടുങ്ങല്ലൂരിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയും ‘പണ്ടാരി ശീശ്മ’ അവസാനിക്കുകയും ചെയ്തു. പണ്ടാരി പൗലോസും സംഘവും ചേർന്നു തിരഞ്ഞെടുത്ത അബ്രാഹം കട്ടക്കയം ഗോവർണ്ണദോർക്ക് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. പണ്ടാരി പൗലോസ് യൂറോപ്പിലേക്കുള്ള മാർഗ്ഗമദ്ധ്യേ കോൺസ്റ്റാന്റിനോപ്പിളിൽ വച്ച് മരണപ്പെട്ടു എന്നു കരുതപ്പെടുന്നു.
‘പണ്ടാരി ശീശ്മ’ ഒരു ശീശ്മയായി കണക്കാക്കാമോ എന്ന് ഇന്ന് ചരിത്രപണ്ഡിതർ ചോദിക്കുന്നുണ്ട്. മാർത്തോമ്മാ നസ്രാണികൾ ലത്തീൻ ഭരണത്തിൽ വീർപ്പു മുട്ടിയപ്പോൾ പേർഷ്യൻ സഭയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുവാൻ ആഗ്രഹിച്ചു. മെത്രാനില്ലാതെ ഒഴിഞ്ഞുകിടന്ന കൊടുങ്ങല്ലൂർ രൂപതയ്ക്ക് മെത്രാനെ വേണ മായിരുന്നു. കരിയാറ്റി മെത്രാപ്പോലീത്തായുടെ ആകസ്മികമായ മരണം മൂലം വീണ്ടും കൊടുങ്ങല്ലൂർ അതിരൂപത മെത്രാനില്ലാതെയായി. പാറേമ്മാക്കലിനെ മെത്രാ നാക്കണമെന്ന അപേക്ഷ റോം അംഗീകരിച്ചില്ല. തദവസരത്തിലാണ് പണ്ടാരി പൗലോസ് മെത്രാനായി പേർഷ്യയിൽ നിന്നു മടങ്ങിയെത്തുന്നത്. ഇത് അന്നത്തെ പ്രൊപ്പഗാന്ത അധികാരികളുടെ സമ്മതത്തോടെയായിരുന്നില്ല. മാർപ്പാപ്പാ മാർത്തോമ്മാ നസ്രാണികളുടെ പരമാദ്ധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ പണ്ടാരി പൗലോസ് എന്ന മെത്രാൻ മാർത്തോമ്മാ നസ്രാണികളെ ഭരിക്കാൻ ശ്രമിച്ചത് ശരിയായെന്ന് പറയാനാവില്ല.എന്നാൽ മാർത്തോമ്മാ നസ്രാ ണികളുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ അവർക്ക് മറ്റൊരു മാർഗ്ഗത്തിലൂടെയും പ്രശ്‌നം പരിഹരിക്കാൻ സാധിക്കാത്ത അവസ്ഥയിലുമായിരുന്നു.