ഫാസിസം വളരുന്നു ജാഗ്രത പാലിക്കുക

0
554

മഹത്തായ ആശയങ്ങളും ധാർമ്മിക മാനുഷിക മൂല്യങ്ങളും ഉൾക്കൊള്ളിച്ചാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. മതസ്വാതന്ത്ര്യം പരിപൂർണ്ണമായി അനുവദിക്കുകയും മതേതരത്വ കാഴ്ചപ്പാട് പുലർത്തുകയും ചെയ്യുക എന്നത് ഭരണഘടനയുടെ ഉന്നത ആദർശമാണ്. ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഈ രാഷ്ട്രം പൗരന്മാർക്ക് അനുവദിച്ചു നല്കുന്നു. മതേതരത്വം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വിശേഷണങ്ങളിൽ ഒന്നുതന്നെയാണ്. എന്നാൽ സമീപകാല സംഭവങ്ങൾ ഓരോ മതേതര ജനാധിപത്യ വിശ്വാസിയുടെയും ഉള്ളിൽ ആശങ്കകൾ നിറയ്ക്കാൻ ഉതകുന്നതാണ്.
കാണ്ഡമാലിലെ ക്രൈസ്തവ ജനത നീതിക്കായി കേഴാൻ തുടങ്ങിയിട്ട് 11 വർഷങ്ങൾ കഴിഞ്ഞു. 2008-ൽ ഇവിടെ അരങ്ങേറിയ കലാപത്തിൽ 45 പേർ കൊല്ലപ്പെട്ടു. 1400 ക്രിസ്ത്യൻ വീടുകളും 80 പള്ളികളും തകർക്കപ്പെട്ടു. 18500 പേർ വീടുകൾ നഷ്ടപ്പെട്ട് അഭയാർത്ഥികളായി മാറി. മനുഷ്യാവകാശ സംഘടനകൾ പറയുന്നത് സർക്കാരിന്റെ കണക്കുകൾ കൃത്രിമമാണെന്നാണ്. യാഥാർത്ഥ്യം ഇതിന്റെ മൂന്നിരട്ടി വരുമത്രേ. എന്തൊക്കെയായാലും ഈ സംഭവത്തോട് അനുഭാവപൂർണ്ണമായ ഒരു സമീപനം ഒരു സർക്കാരിന്റെയും ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇവിടുത്തെ ക്രൈസ്തവ ജനത ഇപ്പോഴും നീതിക്കായി കാത്തിരിക്കുന്നു.
തൊടുപുഴ സ്വദേശിയായ റവ. ഫാ ബിനോയ് വടക്കേടത്തുപറമ്പിൽ ക്രൈസ്തവ പീഡനത്തിന്റെ പുതിയ ഒരു ഉദാഹരണമാണ്. ബീഹാറിലെ ഭഗൽപൂർ രൂപതയുടെ കീഴിൽ ജാർഖണ്ഡിലെ രാജ് ദോഹ മിഷനിൽ പ്രവർത്തിച്ചുവന്ന ഫാദർ ബിനോയിയെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയായിരുന്നു. അദ്ദേഹത്തിന് ജാമ്യം ലഭിച്ചെങ്കിലും കേസുകൾ തുടരുകയാണ്. മിഷൻ പ്രവർത്തനത്തിന് വിനിയോഗിക്കേണ്ട അദ്ദേഹത്തിന്റെ വിലയേറിയ സമയം കേസുകളുടെ പുറകെ പോയി പാഴാക്കേണ്ടിവരുന്നു. ഇതിനു പിന്നിൽ സംഘപരിവാർ ശക്തികളുടെ വർഗ്ഗീയതാല്പര്യങ്ങളാണ് എന്ന് പകൽ പോലെ വ്യക്തമാണ്.
ഡോ. സി. എനേദിന ഫെസ്റ്റീന മറ്റൊരു ഹൃദയ വേദനയാണ്. സ്‌പെയിൻ പോലെ ഒരു സമ്പന്ന വികസിത രാജ്യത്ത് തനിക്ക് ലഭിക്കാമായിരുന്ന എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് വിദൂരമായ ഇന്ത്യയിൽ വന്ന് ഒഡിഷ എന്ന ദരിദ്ര സംസ്ഥാനത്ത് അതി ദരിദ്രരുടെ ഇടയിൽ നീണ്ട 53 സംവത്സരങ്ങൾ ആരോഗ്യ-ജീവകാരുണ്യ പ്രവർ
ത്തനങ്ങളിൽ മുഴുകിയ ഒരു സാധു സന്ന്യാസിനിയെ അവരുടെ 86-ാമത്തെ വയസ്സിൽ ഈ രാജ്യത്തു നിന്നു പുറംതള്ളുക എന്നത് മനുഷ്യത്വരഹിതമായ ക്രൂരതയാണ്. ഒരു ഡോക്ടറായി ഉന്നത നിലവാരത്തിൽ തന്റെ സ്വന്തം രാജ്യത്ത് എല്ലാ ആഡംബര
ങ്ങളോടും കൂടി ജീവിക്കാമായിരുന്ന അവരുടെ ത്യാഗപൂർണ്ണമായ ജീവിത സമർപ്പണത്തിനോ സാധുജനങ്ങളുടെ ഇടയിൽ അവർ ചെയ്ത നിസ്വാർത്ഥമായ സേവനങ്ങൾക്കോ ഇവിടെ യാതൊരു വിലയും കല്പിക്കപ്പെടുന്നില്ല. ഒരു നന്ദി വാക്കുപോലും ആ വ്യക്തിയോട് ഇവിടുത്തെ ഭരണാധികാരികൾ ആരും പറഞ്ഞിട്ടില്ല. അവരുടെ ശുശ്രൂഷകൾ സ്വീകരിച്ച ജനസമൂഹത്തിന്റെ ദുഃഖഭാരവും അവരുടെ വിടവാങ്ങൽ സമയത്ത് നടന്ന ഹൃദയഭേദകമായ രംഗങ്ങളും കാണുമ്പോൾ അവരുടെ ശുശ്രൂഷയുടെ ആഴം നമുക്ക് മനസ്സിലാകും.
നാഗ്പൂരിലെ സെന്റ് ചാൾസ് സെമിനാരിയിൽ പതിറ്റാണ്ടുകളായി അധ്യാപകനായി സേവനം ചെയ്യുന്ന റവ. ഫാ നോയൽ മൊളെയ് എന്ന 79 കാരനായ ഐറിഷ് വൈദികനോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ ആയുസ്സിലെ നല്ലകാലം മുഴുവൻ ഈ രാജ്യത്തെ പൗരന്മാരുടെ ഉന്നമനത്തിനുവേണ്ടി യത്‌നിച്ച ഈ വിദേശ പൗരന്മാരെ അവരുടെ വാർദ്ധക്യ കാലത്ത് യാതൊരു ദയാ ദാക്ഷണ്യവും കൂടാതെ പുറന്തള്ളുന്നത് ആർഷഭാരത സംസ്‌കാരത്തിന്റെ മഹനീയതയ്ക്കു ചേർന്നതാണോ എന്ന് രാജ്യം ഭരിക്കുന്ന സർക്കാർ വിചിന്തനം നടത്തേണ്ടതാണ്. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ തീവ്രഹിന്ദുത്വ നിലപാടുകൾക്കെതിരെയും ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയും ശക്തമായ പ്രതിഷേധം അരങ്ങേറിയത് ഈ ഓഗസ്റ്റ് 31-നാണ്.
ജാർഖണ്ഡിൽ ജെസ്യൂട്ട് കോളേജിനു നേരെ തീവ്രഹിന്ദു പ്രവർത്തകരുടെ ആക്രമണവും ഈ അടുത്തകാലത്ത് നടന്നു. അഞ്ഞൂറോളം തീവ്രഹിന്ദു പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് മാനേജ്‌മെന്റ് ആരോപിക്കുന്നു. വ്യാപക നാശനഷ്ടങ്ങളെ തുടർന്ന് ഒരാഴ്ചയായി കോളേജ് തുറക്കാനാവാതെ അടഞ്ഞുകിടന്നു. തങ്ങൾക്ക് കോളേജ് തുറക്കാൻ സാധിക്കുന്നില്ലെന്നും എല്ലാം നശിപ്പിക്കപ്പെട്ടതായും സെന്റ് ജോൺ ബെർക്കുമാൻസ് ഇന്റർ കോളേജിന്റെ സേക്രട്ടറി ഫാ. തോമസ് കുഴിവേലിൽ പറഞ്ഞു. ആക്രമണമുണ്ടായി എട്ടു ദിവസത്തിനുശേഷവും കുറ്റവാളികൾക്കെതിരെ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല. ആക്രമണത്തിൽ 15 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്. കുറ്റവാളികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതർ ജാർഖണ്ഡ് ഗവർണർ, മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ ന്യൂനപക്ഷനിയമ അധികൃതർക്കും പരാതി അയച്ചിട്ടുണ്ട്. വിദേശ പൗരന്മാരുമായി ബന്ധപ്പെട്ട ഈ സംഭവങ്ങളും മറ്റ് ആക്രമണങ്ങളും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ ആകർഷിക്കുകയും ഇന്ത്യയിൽ ക്രൈസ്തവ പീഡനം രൂക്ഷമാകുന്നു എന്ന ചിന്ത ലോകം മുഴുവൻ പരക്കാൻ ഇടയാവുകയും ചെയ്യും. അതോടൊപ്പം ഇവിടുത്തെ ക്രൈസ്തവ ന്യൂനപക്ഷത്തെ ഭയചകിതരാക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ ഇതിലും രൂക്ഷമായ വിധത്തിൽ ഇനിയും ആവർത്തിക്കാം എന്ന ഭയം വർദ്ധിക്കുകയാണ്. സർക്കാരിന്റെ മറ്റു നിലപാടുകളും ഭീതി ഉണർത്തുന്നു. പൗരത്വ രജിസ്റ്റർ പലർക്കുമെതിരെ ഉപയോഗിക്കാവുന്ന ഒരു വജ്രായുധമാണ്. രാജ്യം മുഴുവൻ ഏക ഭാഷ വേണമെന്ന പ്രസ്താവന പോലെ രാജ്യത്ത് ഏക മതം വേണമെന്ന് പറഞ്ഞാൽ ഉള്ള സ്ഥിതി എന്തായിരിക്കും. ഭാരതത്തിന്റെ ഭാസുരത അതിന്റെ ബഹു സ്വരതയാണ്. നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. ഐക്യം എന്നാൽ ഏകതാനത ആണെന്ന ഫാസിസ്റ്റ് ചിന്താഗതി രൂഢമൂലമാക്കാനാണ് വർഗ്ഗീയ ശക്തികളുടെ ശ്രമം. ഹിറ്റ്‌ലറുടെ രീതികൾ പലതും ഇവിടുത്തെ ഭരണാ ധികാരികൾ തുടരുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫാസിസം വളരുന്നു. വർഗ്ഗീയത വളരുന്നു അസഹിഷ്ണുത വളരുന്നു. ജാഗ്രത പാലിക്കുക.