3. പരോക്ഷമായ ദയാവധം അനുവദിച്ച വിധി
IPC 309 യാതൊരു അടിയന്തിര സാഹചര്യവുമില്ലാതെ റദ്ദാക്കിയതിനെ തുടർന്നാണ് 2018 മാർച്ച് 8-ാം തീയതി പരോക്ഷമായ ദയാവധം അനുവദിക്കുന്ന സുപ്രീം കോടതി വിധി ഉണ്ടായത്. മരണാവസ്ഥയിൽ ആയിരിക്കുന്ന ഒരു രോഗിയുടെ ജീവൻരക്ഷാ ഉപാധികളോ ചികിത്സയോ നിർത്തലാക്കി മരിക്കാൻ അനുവദിക്കാവുന്നതിനെയാണ് പരോക്ഷമായ ദയാവധം എന്നതുകൊണ്ട് കോടതി ഉദ്ദേശിക്കുന്നത്. മരണാസന്നനോ കോമയിലോ ആയാൽ സ്വീകരിക്കേണ്ട ചികിത്സയെക്കുറിച്ചും പരോക്ഷ ദയാവധം നടത്തുന്നതിനെക്കുറിച്ചും ഒരാൾക്ക് വിൽപ്പത്രത്തിൽ (living will) സൂചിപ്പിക്കാമെന്നും കോടതി അനുവദിക്കുന്നു. ജീവിക്കാൻ ഒരാൾക്ക് അവകാശമുള്ളതുപോലെ അന്തസ്സായി മരിക്കാനും അവകാശമുണ്ടെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. ഭരണഘടനയുടെ 21-ാം വകുപ്പിൽ പറയുന്ന ജീവിക്കാനുള്ള അവകാശത്തോടു ചേർത്താണ് മരിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യാഖ്യാനിക്കുന്നത്. പരോക്ഷമായ ദയാവധം (passive euthanasia) പ്രത്യക്ഷമായ ദയാവധത്തിൽ (active euthanasia) നിന്നു വ്യത്യസ്തമായി കൊല്ലുന്നതല്ല മരിക്കാൻ അനുവദിക്കുന്നതു മാത്രമാണെന്നാണു വാദം.
ഏതായാലും ഇന്ന് ഇന്ത്യയിൽ ഗർഭാവസ്ഥയിലും മാനസികമായി തകർന്നിരിക്കുമ്പോഴും മരണാവസ്ഥയിലോ കോമായിലോ ആയിരിക്കുമ്പോഴോ കൊല്ലാനോ മരിക്കാനോ നിയമപരിരക്ഷയുണ്ട്. അതായത് മനുഷ്യജീവിതത്തിലെ ചില അവസ്ഥയിൽ മുന്നോട്ടു ജീവിക്കുന്നതിനർത്ഥമില്ല, മരണമാണ് നല്ലത്, അന്തസ്സില്ലാതെ ജീവിക്കുന്നതിനേക്കാൾ അന്തസ്സോടെ മരിക്കുന്നതാണ് അഭികാമ്യം എന്ന വാദം. ഭ്രൂണഹത്യ, ആത്മഹത്യ, ദയാവധം ഇവയെ സംബന്ധിക്കുന്ന മൂന്നു നിയമങ്ങളും മനുഷ്യന്റെ മനോഭാവത്തിൽ വന്ന മാറ്റത്തിന്റെ പ്രകടമായ ഉദാഹരണമാണ്. സഹനത്തെക്കുറിച്ചും മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചുമുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ വ്യത്യാസമാണ്. മരണാസന്നനായിരിക്കുന്നവരോടും ആത്മഹത്യയുടെ വക്കിൽ എത്തിയിരിക്കുന്നവരോടും മരിച്ചോളാൻ പറയുന്ന വിധികൾക്കു പകരം അവരുടെ ജീവിതമോ ജീവിതത്തിന്റെ അവസാന നിമിഷങ്ങളോ സന്തോഷകരവും സമാധാനപരവുമാക്കാൻ ഭരണകർത്താക്കൾക്കും നിയമസംവിധാനങ്ങൾക്കും എന്തെല്ലാം കാര്യങ്ങൾ ഈ നാട്ടിൽ ചെയ്യാൻ സാധിക്കും. മരണാസന്നർക്കും സാന്ത്വന ചികിത്സ (Palliative care) പോലെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനാവില്ലേ, ആത്മഹത്യയുടെ സാഹചര്യങ്ങൾ മനസ്സിലാക്കി അവർക്കു ജീവിക്കാൻ പ്രതീക്ഷ നൽകുന്ന വിവിധങ്ങളായ പദ്ധതികൾക്ക് സാഹചര്യം ഒരുക്കാൻ സാധിക്കില്ലേ? ജീവിച്ചിരിക്കുന്നവരുടെ അന്ത്യകർമ്മം നടത്തുകയല്ല അവരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുകയാണ് നിയമത്തിന്റെയും ഭരണത്തിന്റെയും അന്തഃസത്ത.
4. സ്വകാര്യത മൗലികാവകാശമാക്കിയ വിധി
2017 ഓഗസ്റ്റ് 24-ാം തീയതി സുപ്രീം കോടതിയിൽ 9 അംഗ ബഞ്ചിന്റെ ഒരു സുപ്രധാനമായ വിധിയാണ് ഒരാളുടെ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണ് എന്നുള്ള വിധി. ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 21-ാം വകുപ്പിനോട് ചേർന്നു പോകുന്നതു തന്നെയാണ് സ്വകാര്യതയ്ക്കുള്ള അവകാശവും എന്നാണ് കോടതി വ്യാഖ്യാനിച്ചത്. സ്വകാര്യതയ്ക്കുള്ള മൗലികാവകാശം അനിയന്ത്രിതമായ ഒന്നല്ലെന്നും യുക്തിപരമായ നിയന്ത്രണങ്ങൾക്ക് (reasonable restrictions) അതു വിധേയമാണെന്നും കോടതി പറഞ്ഞു വയ്ക്കുന്നുണ്ട്.
അതേസമയം ഈയൊരു നിയമത്തിന്റെ അനന്തരഫലമായി ഉണ്ടാകാനിടയുള്ള ധാർമ്മിക സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങൾ എത്രത്തോളം മുൻകൂട്ടി കാണാൻ നീതിന്യായ വ്യവസ്ഥയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് സംശയകരമാണ്. ലൈംഗിക സ്വാതന്ത്ര്യം, ജീവിതപങ്കാളിയെ (സ്വവർഗ്ഗത്തിലുൾപ്പെടെ) തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, പ്രത്യുല്പാദനപരമായ സ്വാതന്ത്ര്യം (reproductive rights) ഇങ്ങനെ അസ്വസ്ഥതയുണ്ടാക്കുന്ന ധാരാളം നിയമങ്ങളിലേയ്ക്കു വഴിതുറക്കുന്നു എന്ന ആശങ്ക സ്ഥിരീകരിക്കുന്നതാണ് തുടർന്നു വന്ന രണ്ടു കോടതി വിധികളും. IPC 497-ഉം, 377-ഉം റദ്ദാക്കി വ്യഭിചാരവും സ്വവർഗ്ഗഭോഗവും കുറ്റകരമല്ലാതാക്കിയത് ഇതിന്റെ തുടർച്ചയായിരുന്നു.
5. സ്വവർഗ്ഗഭോഗം കുറ്റകരമല്ലാതാക്കിയ വിധി
2018 സെപ്റ്റംബർ 6-ന് IPC 377 റദ്ദാക്കിക്കൊണ്ട് സ്വവർഗ്ഗഭോഗം കുറ്റകരമല്ലാതാക്കി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. സ്വവർഗ്ഗഭോഗത്തെ കുറ്റകരമായി കാണുന്നത് ഏകപക്ഷീയവും യുക്തിരഹിതവും ഭരണഘടനാവിരുദ്ധവുമാണെന്നാണ് ഇതിന്റെ ചുക്കാൻ പിടിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര തന്റെ വിധിയിൽ പറഞ്ഞത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യം നിഷേധിക്കുന്നത് സ്വകാര്യതയെ നിഷേധിക്കുന്നതാണെന്നും വിധി പുറപ്പെടുവിച്ച അഞ്ചംഗ ബഞ്ചിലെ മറ്റൊരു ന്യായാധിപൻ അഭിപ്രായപ്പെട്ടു.
ഇതുവരെ സ്ത്രീ-പുരുഷന്മാർ തമ്മിലുള്ള ലൈംഗിക ആകർഷണമാണ് യഥാർ
ത്ഥവും ക്രമമായിട്ടുള്ളതെന്നും, അവർ തമ്മിലുള്ള ലൈംഗികബന്ധമാണ് സ്വാഭാവികമെന്നും കരുതിയിരുന്ന ഒരു സമൂഹത്തിലേയ്ക്കാണ് പുതിയ വിധിയിലൂടെ പുതിയ വെളിപാടുകൾ വന്നത്. ലൈംഗികബന്ധം ഒരാളുടെ ശാരീരിക പ്രത്യേകതകളിൽ നിന്നു വ്യത്യസ്തമായി മനസ്സിന്റെ തോന്നലുകൾക്കും ആകർഷണത്തിനുമനുസരിച്ച് നടത്താം, ഒരാളുടെ സ്വകാര്യത അയാളുടെ ലൈംഗികതയെ ഇഷ്ടമുള്ള രീതിയിൽ പ്രകടിപ്പിക്കാൻ അവകാശം നൽകുന്നതാണ്, തെറ്റും കുറ്റവും പാപവും ധാർമ്മികതയും മനുഷ്യന്റെ അന്തസും കുടുംബത്തിന്റെ സുസ്ഥിതിയും പ്രധാനമല്ല, മറിച്ച് സ്വാതന്ത്ര്യവും സ്വകാര്യതയും ആകർഷണവും തോന്നലുമെല്ലാമാണ് ലൈംഗികതയുടെ സാക്ഷാത്ക്കാരത്തിന്റെ മാനദണ്ഡം എന്നെല്ലാമാണ് ഈ കോടതി വിധി പറയാതെ പറയുന്നത്. ഇതേ ആശയമാണ് അടുത്ത വിധിയിലും നിഴലിക്കുന്നത്.
6. വ്യഭിചാരം കുറ്റകരമല്ലാതാക്കിയ വിധി
വ്യഭിചാരം കുറ്റകരമായി കരുതി ശിക്ഷിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമം IPC 497 സെപ്റ്റംബർ 27, 2018 -ന് ഇന്ത്യൻ സുപ്രീം കോടതി അസാധുവാക്കി പ്രഖ്യാപിച്ചു. പ്രധാന കാരണം ഈ വകുപ്പ് ഭർത്താവിന് ഭാര്യയുടെ മേലുള്ള അമിതാധികാര പ്രയോഗത്തിനും, സ്ത്രീയെന്ന നിലയിലുള്ള ഭാര്യയുടെ അഭിമാനത്തിന് ക്ഷത മേല്ക്കുന്നതിനും കാരണമാകുന്നതിനാലാണ് എന്നാണ് വിധികളിൽ പറഞ്ഞി രിക്കുന്നത്. IPC 497 അനുസരിച്ച് ഭാര്യയുമായി വ്യഭിചാരത്തിലേർപ്പെടുന്ന അന്യപുരുഷനെതിരെ ഭർത്താവിന് കേസ് കൊടുക്കാം. ഭാര്യയുടെ വ്യഭിചാരം ഭർത്താവിന് ഭാര്യയുടെമേലുള്ള അധികാരത്തിന്റെ മേലുള്ള കടന്നുകയറ്റമാണ്. അതേസമയം ഭർത്താവിന്റെ വ്യഭിചാരത്തിനെതിരെ ഭാര്യയ്ക്ക് നിയമനടപടി എടുക്കാൻ സാധ്യമല്ല. അതുകൊണ്ട് ഇത് സ്ത്രീവിരുദ്ധമാണ്, സ്ത്രീ-പുരുഷ സമത്വത്തിനെതിരാണ് എന്നെല്ലാം വിധികളിലുണ്ടായിരുന്നു.
അതേ സമയം കോടതി പറയാത്ത ധാരാളം കാര്യങ്ങൾ വ്യഭിചാരം കുറ്റകരമല്ലാതാക്കിയതുവഴി നടന്നുകൊണ്ടിരിക്കുന്നു. IPC 497 -നെ കോടതി വ്യാഖ്യാനിച്ചത് ഒരു പ്രത്യേക കണ്ണിലൂടെ മാത്രമാണ് എന്നു പറയാതിരിക്കാൻ വയ്യ. ഭർത്താവ് ഭാര്യയെ സംരക്ഷിക്കേണ്ടവനാണ്, ഭാര്യയുടെ സുരക്ഷിതത്വവും സുസ്ഥിതിയും കുടുംബത്തിന്റെ അന്തസ്സും നിലനില്പും, മക്കളുടെ ഭാവിയും നിലനിർത്താൻ സഹായിക്കുന്നതാണ് IPC 497 എന്ന് മറ്റൊരു കണ്ണിലൂടെ നോക്കിയാൽ വ്യാഖ്യാനിക്കാൻ സാധിക്കാത്തതെന്തുകൊണ്ടാണ്? വ്യഭിചാരത്തിലും സ്ത്രീ സമത്വം ആവശ്യപ്പെടുന്നതിലെ യുക്തി മനസ്സിലാകുന്നില്ല. അതു നിർബ്ബന്ധമെങ്കിൽ ഭർത്താവിന്റെ വ്യഭിചാരത്തിനെതിരെ ഭാര്യയ്ക്കും ഭർത്താവുമായി വ്യഭിചാരം ചെയ്യുന്ന അന്യസ്ത്രീയ്ക്കുമെതിരെ കേസ് കൊടുക്കാൻ അനുവാദം നല്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.
അതിനുപകരം വ്യഭിചാരം ലൈംഗിക സ്വാതന്ത്ര്യമാണ്, സ്വകാര്യതയുടെ ഭാഗമായ മൗലികാവകാശമാണ്, സ്ത്രീസമത്വമാണ് എന്നൊക്കെയുള്ള വാദം പടിഞ്ഞാറൻ കണ്ണുള്ളവർക്കും ധാർമ്മികതയും സംസ്‌കാരവും ലവലേശമില്ലാത്ത, കുടുംബ ബന്ധത്തിന്റെ പവിത്രതയും ലൈംഗികതയുടെ വിശുദ്ധിയും അറിയാത്ത വിധികർത്താക്കൾക്കുമേ സാധിക്കുകയുള്ളൂ. വിധിപറയുന്നവർ കാണിക്കുന്ന അവിവേകം ഒരു നാടിന്റെ, വരും തലമുറയുടെ ധാർമ്മികതയും സംസ്‌കാരവുമാണ് തച്ചുടയ്ക്കുന്നത് എന്ന് ഇനി എന്നു നമ്മൾ തിരിച്ചറിയും.
പാശ്ചാത്യ ചിന്താധാരകളും മൂല്യങ്ങളും വ്യാജപുരോഗമനവാദക്കാരുമാണ് ഇത്തരം വിധികൾക്കു വഴി തേടുന്നത് എന്ന് സ്വവർഗ്ഗഭോഗവിധിക്കും ദയാവധ വിധിക്കും പിന്നിൽ പ്രവർത്തിച്ച സംഘടനകളുടെ ചരിത്രം പരിശോധിച്ചാൽ മതിയാകും. Common Cause, Naz Foundation തുടങ്ങിയ സംഘടനകൾ അമേരിക്കയിലും യു.കെയിലും ആരംഭിച്ച് പുരുഷ സ്വവർഗ്ഗഭോഗികൾക്കുവേണ്ടിയും എയ്ഡ്‌സ് രോഗികൾക്കുവേണ്ടിയും മറ്റു ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങ ൾക്കുവേണ്ടിയും പ്രവർത്തിക്കുന്നവയാണ്. മനുഷ്യനെന്ന നിലയിൽ എത്ര കുറവുള്ളവരായാലും ഏതു ദൗർഭാഗ്യകരമായ ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്നവരായാലും അവരുടെയെല്ലാം അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ പരിരക്ഷിക്കാൻ ഭരണകൂടത്തിനും നീതിപീഠത്തിനും പൊതുസമൂഹത്തിനും കടമയുണ്ട്. എന്നാൽ അവരുടെ പേരിൽ സമൂഹത്തിന്റെ ഘടനയും സംസ്‌കാരവും സുസ്ഥിതിയും തകിടം മറിക്കുന്ന മറ്റു നാടുകളിൽ തകിടം മറിച്ച് പരിചയമുള്ള സംഘടനകളുടെ കപട മനുഷ്യസ്‌നേഹവും ലൈംഗികന്യൂനപക്ഷ സ്‌നേഹവും ന്യായാധിപർക്ക് പോലും തിരിച്ചറിയാനാവുന്നില്ല.
വിവാദ വിധികളും വിവാദ ന്യായാധിപനും
2017 ഓഗസ്റ്റ് 28 മുതൽ 2018 ഒക്‌ടോബർ 2 വരെയായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ആ പദവിയിലിരുന്നത്. മുമ്പ് കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത രീതിയിൽ സുപ്രീം കോടതിയിൽ സംഭവങ്ങൾ അരങ്ങേറിയിട്ടുള്ള കാലഘട്ടമാണിത്. ആദ്യമായി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെ ഇംപീച്ച്‌മെന്റ് നിർദ്ദേശം ദീപക് മിശ്രയ്‌ക്കെതിരെയാണ് ഉണ്ടായത്. ചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതിയിലെ 4 മുതിർന്ന ജഡ്ജിമാർ പരസ്യമായി സുപ്രീംകോടതിയിലെ നടത്തിപ്പ് ശരിയായ രീതിയിലല്ല എന്ന് പത്രസമ്മേളനം നടത്തി പ്രസ്താവിച്ചത് ദീപക്മിശ്രയുടെ കാലത്താണ്. ലക്‌നൗവിലെ മെഡിക്കൽ കോളേജ് അനുവദിച്ചതിനെ സംബന്ധിച്ച അഴിമതിയും അതിനെത്തുടർന്ന് തനിക്കെതിരായ സുപ്രീം കോടതി ബഞ്ച് ഒഴിവാക്കിയതുമെല്ലാം ദീപക് മിശ്രയെക്കുറിച്ചുള്ള ആരോപണങ്ങളാണ്. ഇതേ മിശ്രയുടെ കാലത്തുതന്നെയാണ് വിവാദമായ വിധികൾ പലതും: ശബരിമല സ്ത്രീ പ്രവേശനം, സ്വവർഗ്ഗഭോഗം കുറ്റകരമല്ലാതാക്കിയത്, വ്യഭിചാരം കുറ്റകര മല്ലാതാക്കിയത്, പരോക്ഷമായ ദയാവധം അനുവദിച്ചത്.
ഇതെല്ലാം കൂട്ടി വായിക്കുമ്പോഴാണ് ഇത്തരം വിധികളും നിയമനിർമ്മാണങ്ങളും ഭാരതത്തിന് അർഹതപ്പെട്ടതു തന്നെയാണോ എന്നു ചോദിക്കേണ്ടി വരുന്നത്. ഇത്തരം വിധികൾ നേടിയെടുക്കാൻ തത്രപ്പെടുന്ന സംഘടനകളുടെ സ്വഭാവം, അവയുടെ പാശ്ചാത്യ പശ്ചാത്തലം, അതിന് കുട പിടിക്കുന്ന പുരോഗമനവാദികളുടെ പിന്തുണ, അന്താരാഷ്ട്ര സംഘടനകളുടെ സാമ്പത്തിക പിൻബലം, ഇതെല്ലാം മനുഷ്യാവകശവും കാലത്തിന്റെ നീതിയുമാണെന്ന് വാദിച്ച് വിധി പ്രസ്താവിക്കുന്ന ന്യായാധിപന്മാരുടെ സാംസ്‌കാരിക ധാർമ്മിക നിലവാരം എല്ലാം കൂടി നിഷ്പക്ഷമായി വിലയിരുത്തിയാൽ ഇന്ത്യയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും അനുസരിച്ച് ഇത്തരം വിധികൾ പുറപ്പെടുവിക്കേണ്ടതോ, നിയമങ്ങൾ നിർമ്മിക്കേണ്ടതോ ആയ ഒരു സാമൂഹ്യ, രാഷ്ട്രീയ, മാനുഷിക സാഹചര്യം തത്ക്കാലം നിലവിലില്ല എന്നാണ് മനസ്സിലാവുന്നത്. ഇതെല്ലാം പടിഞ്ഞാറോട്ട് മാത്രം നോക്കി നടക്കുന്നതിന്റെ മാറ്റങ്ങളാണെന്നു വ്യാഖ്യാനിക്കുന്നതിലും തെറ്റില്ല.