ചോദ്യം: മാർട്ടിൻ ലൂഥറിനെ സഭയിൽ നിന്നു പുറത്താക്കിയിരുന്നോ; എന്തുകൊണ്ട്? മാർട്ടിൻ ലൂഥർ സഭാവിരോധിയാണോ?
ഉത്തരം: മാർട്ടിൻ ലൂഥർ ഒരു ആഗസ്തീനിയൻ സന്ന്യാസ വൈദികനായിരുന്നു. അദ്ദേഹത്തെ സഭയിൽ നിന്നും പുറത്താക്കി എന്നത് തികച്ചും ശരിയാണ്. അന്ന് സഭയിൽ നിലനിന്നിരുന്ന ചില പോരായ്മകൾ മാർട്ടിൻ ലൂഥർ ചൂണ്ടിക്കാണിച്ചു എന്നതും വാസ്തവമാണ്. എന്നാൽ അദ്ദേഹം ചൂണ്ടിക്കാണിച്ച ആരോപണങ്ങളിൽ പലതും അടിസ്ഥാനരഹിതമായിരുന്നു. ദണ്ഡവിമോചനങ്ങളുടെ വില്പനയെന്ന പേരിൽ അന്ന് ജർമ്മനിയിലെ മൈൻസ് രൂപതയിൽ നിലനിന്നിരുന്ന പ്രവണത തെറ്റാണെന്നും, വി. ലിഖിതത്തിന് സഭയിൽ അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്നുമുള്ള മാർട്ടിൻ ലൂഥറിന്റെ നിലപാടുകൾ ശരിയായിരുന്നു. ഇതുപോലെ ഏതാനും ചില തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ലൂഥറിനു കഴിഞ്ഞുവെന്നതുകൊണ്ട് അദ്ദേഹം ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യത്തിനു നിരക്കുന്നതോ യാഥാർത്ഥ്യങ്ങളോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോപണങ്ങൾക്കു പിന്നിൽ നിരവധി സ്വാധീനങ്ങളും സ്ഥാപിത താല്പര്യങ്ങളും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ലൂഥറിന്റെ പ്രസക്തമായ 96 പ്രമേയങ്ങളാണുള്ളത്. സഭയ്ക്ക് എതിരായി ഉന്നയിച്ച അതിലെ സിംഹഭാഗവും സഭയുടെ സത്യവിശ്വാസത്തിന് എതിരായവയും അതിനെ ഇല്ലായ്മ ചെയ്യാൻ പോരുന്നവയുമായിരുന്നു. ഉദാഹരണത്തിന് പൗരോഹിത്യം, മെത്രാൻ പദവി, മാർപ്പാപ്പാ സ്ഥാനം തുടങ്ങി സഭയുടെ ഹയരാർക്കി അനാവശ്യമാണ് എന്ന ലൂഥറിന്റെ വാദം സഭയിൽ അരാജകത്വം സൃഷ്ടിക്കുന്നതും സഭയുടെ നിലനില്പിനെ തന്നെ ബാധിക്കുന്നവയുമാണ്. അതുപോലെ ലൂഥറിന്റെ വലിയ ഒരു വാദഗതി പരി. കുർബാന ഈശോമിശിഹായുടെ ശരീരമല്ല എന്നതായിരുന്നു. ചുരുക്കത്തിൽ സഭയുടെ വിശുദ്ധ പാരമ്പര്യത്തെ അപ്പാടെ നിരാകരിക്കുകയാണ് മാർട്ടിൻ ലൂഥർ ചെയ്തത്. സഭയുടെ ശക്തിയും സഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രവും സഭയുടെ ആരാധനയുടെ പരകോടിയുമായ പരി.കുർബാനയെ നിഷേധിക്കുക എന്നു പറഞ്ഞാൽ സഭയുടെ അസ്തിത്വത്തെ തന്നെ തകർക്കുക എന്നാണ്. കത്തോലിക്കാ സഭയുടെ കാനൻ അനുസരിച്ച് 73 പുസ്തകങ്ങളാണ് വിശുദ്ധ ബൈബിളിലുള്ളത്. എന്നാൽ ലൂഥറിന്റെ ആശയങ്ങളുമായി ഒത്തുപോകാത്ത ഏഴ് പുസ്തകങ്ങളെ അദ്ദേഹം ഒഴിവാക്കി എന്നതുംകൂടി ചേർത്തു വായിച്ചാൽ ബൈബിൾ, കൂദാശകൾ, തിരുസഭ മുതലായ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള ലൂഥറിന്റെ പ്രബോധനങ്ങൾ തികച്ചും വികലവും അപകടകരവും തെറ്റിദ്ധരിപ്പിക്കുന്നവയുമായിരുന്നു എന്നു മനസ്സിലാക്കാം.
ലൂഥർ ഇത്രയൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല എന്നു വാദഗതിയുമുണ്ട്. എന്നാൽ ലൂഥറിന്റെ ആശയങ്ങളെ ആധാരമാക്കി അദ്ദേഹത്തിന്റെ അനുയായികൾ രൂപം കൊടുത്തു വളർത്തിയ പ്രൊട്ടസ്റ്റന്റ് സഭകൾ ഇന്നും കൂദാശകളെ നിരാകരിക്കുകയും വി. ഗ്രന്ഥത്തിലെ ഏഴു പുസ്തകങ്ങളെ അവഗണിക്കുകയും സഭയുടെ ഘടനയെ തകർത്തുകളയുകയും ചെയ്തു എന്നത് ഒരു ദുഃഖസത്യമായി നിലനില്ക്കുന്നു. ലൂഥർ വിഭാവനം ചെയ്ത രീതിയിലുള്ള സഭാ സംവിധാനം അസാധ്യമാണെന്നു മനസ്സിലാക്കി യതുകൊണ്ടാവുമല്ലോ ലൂഥറൻ സഭകൾ കത്തോലിക്കാ സഭയുടെ മാതൃകയിൽ മെത്രാൻ, വൈദികർ, ഡീക്കന്മാർ തുടങ്ങിയ ഭരണക്രമം ഉണ്ടാക്കിയെടുത്തത്.
ഒരു സന്ന്യാസവൈദികനായിരുന്ന മാർട്ടിൻ ലൂഥർ സഭയിലെ ബ്രഹ്മചര്യത്തെ എതിർത്ത് തന്റെ സെക്രട്ടറിയെ വിവാഹം ചെയ്തു. പരി. കന്യകാമറിയത്തോടുള്ള ആദരവിനെ എതിർക്കുകയും വിശുദ്ധരുടെ മാദ്ധ്യസ്ഥ്യത്തിന് അടിസ്ഥാനമില്ലെന്നു വാദിക്കുകയും ചെയ്തു. ഇന്ന് പെന്തക്കുസ്താക്കാരും ‘യഹോവാസാക്ഷികളും’ പറയുന്ന കാര്യങ്ങളും ലൂഥറിന്റെ വാദഗതികളും തമ്മിൽ എന്ത് അന്തരമാണുള്ളതെന്നു നാം ചിന്തിക്കണം. ഈ വിഭാഗങ്ങളുടെ വാദഗതികൾ ലൂഥറിന്റെ വാദഗതികളുടെ ചുവടുപിടിച്ചു തന്നെയാണെന്നു നാം മനസ്സിലാക്കണം.
ലൂഥറിന്റെ ഭാഗത്തല്ലേ ന്യായം എന്നു ചോദിച്ചാൽ, ലൂഥറിന്റെ ഭാഗത്ത് ചില കാര്യങ്ങളിൽ ന്യായമുണ്ടായിരുന്നു എന്നു സമ്മതിക്കണം. എന്നാൽ മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വെളിച്ചത്തിൽ, ചില നന്മകളും അതോടൊപ്പം അനേകം തിന്മകളുമാണ് ലൂഥർ വരുത്തിവച്ചത് എന്നു നമുക്കു മനസ്സിലാകും. ലൂഥർ ഉന്നയിച്ച ആരോപണങ്ങളിൽ യാഥാർത്ഥ്യമുള്ളവയും തിരുത്തപ്പെടേണ്ടവയായിട്ടുള്ളതും സഭ തിരുത്തുക തന്നെ ചെയ്തു. സഭയെ തിരുത്തേണ്ടത്, സഭയുടെ ഉള്ളിൽ നിന്നുകൊണ്ട്, സഭയെ സ്‌നേഹിച്ചുകൊണ്ട്, സഭയിലെ ന്യായമായ അധികാരത്തിനു വിധേയപ്പെട്ടു കൊണ്ടാകണം. അതിന് ഏറ്റവും ഉത്തമ ഉദാഹരണം വി. ഫ്രാൻസിസ് അസ്സീസ്സി തന്നെയാണ്. നവീകരണത്തിന്റെ കാര്യത്തിൽ മാർട്ടിൻ ലൂഥറിനു സാധിച്ചതിലും എത്രയോ അധികമായും ആഴത്തിലും സഭയെ നവീകരിക്കാൻ സാധിച്ച വിശുദ്ധനാണ് ഫ്രാൻസിസ് അസ്സീസ്സി. അദ്ദേഹമതു ചെയ്തത് സഭാധികാരികൾക്കു വിധേയപ്പെട്ടും, അനുസരണത്തിലും ദാരിദ്ര്യത്തിലും ബ്രഹ്മചര്യത്തിലും, സുവിശേഷത്തിന്റെ പ്രായോഗികതയിലും ജീവിച്ചുകൊണ്ടുമാണ്.
നവീകരണത്തിന്റെ വിരുദ്ധ ധൃവങ്ങളിലുള്ള ഈ രണ്ടു മാതൃകകൾ തന്നെയാണ് മാർട്ടിൻ ലൂഥറിനെ കുറ്റക്കാരനാക്കാൻ ഇടവരുത്തുന്നത്. ലൂഥർ സഭാവിരോധിയാണോ എന്ന ചോദ്യത്തിന്റെ ഉത്തരം പരിശോധിച്ചാൽ, സഭയുടെ അടിത്തറ ഇളക്കുന്ന ലക്ഷ്യങ്ങൾ ലൂഥറിന് ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം.