ഒളിച്ചോട്ടവും സാധുവായ വിവാഹവും

അടുത്ത കാലത്ത് മാതാപിതാക്കൾ അറിയാതെയുള്ള ഒളിച്ചോട്ടങ്ങൾ വർദ്ധിക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്. അക്രൈസ്തവരുടെ കൂടെ ഒളിച്ചോടി ജീവി ക്കുന്നവരും, അക്രൈസ്തവ രീതികളിൽ വിവാഹം നടത്തിയവരുമായവരുടെ നിരവധി ഉദാഹരണങ്ങൾ നമുക്കു പരിചിതമാണ്. തങ്ങൾ നടത്തിയ അപക്വമായ തീരുമാ നങ്ങളിൽ മനസ്സു നീറി കഴിയുന്നവരുടെ എത്രയോ അനുഭവങ്ങൾ നമുക്കു മുമ്പിലുണ്ട്.
എന്നാൽ, കത്തോലിക്കരായ പ്രായപൂർത്തിയായ രണ്ടു പേരുടെ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം നിയമപ്രകാരം ആവശ്യമാണോ? സഭാ നിയമപ്ര
കാരം, സാധുവായ ഒരു വിവാഹം നടത്താൻ മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ല. 22-ാം കാനോനാ പ്രകാരം, ജീവിതാന്തസ് തെരഞ്ഞെടുക്കുന്ന കാര്യത്തിൽ എല്ലാ വിശ്വാസികൾക്കും പരിപൂർണ്ണമായ സ്വാതന്ത്ര്യമാണുള്ളത്. സ്വതന്ത്രമായ തെരഞ്ഞെടുപ്പില്ലെങ്കിൽ അവ അവാസ്തവമായി തീരാം. എന്നാൽ ഈ നിയമം മാതാപിതാക്കളെ ധിക്കരിക്കാനുള്ള ലൈസൻസല്ല. സഭാചരിത്രത്തിൽ, മാതാപിതാക്കളുടെ വിവാഹത്തെ സംബന്ധിച്ച ആഗ്രഹങ്ങൾക്ക് അതീതമായി നിന്ന അസ്സീസ്സിയിലെ ക്ലാരയുടെയും അഗസ്റ്റിന്റെയും ജീവിതാനുഭവങ്ങൾ നമുക്കു മുമ്പിലുണ്ട്. ഒരാൾ, നേരിട്ടോ അല്ലാതെയോ ഉള്ള ഭയത്താൽ പ്രേരിതമായി നടത്തപ്പെടുന്ന വിവാഹം അസാധുവാണ്.
രാഷ്ട്ര നിയമപ്രകാരം നിശ്ചയിക്കപ്പെട്ടിരിക്കുന്ന വിവാഹപ്രായമാണ് ഇന്ത്യയിൽ സഭ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, സാർവ്വത്രിക കത്തോലിക്കാസഭയിൽ വിവാ ഹപ്രായം വ്യത്യസ്ഥതയുള്ളതാണ്; സ്ത്രീയ്ക്ക് 14 ഉം,പുരുഷന് 16 ഉം. ആകയാൽ, രാഷ്ട്രനിയമപ്രകാരം (സ്ത്രീയ്ക്ക് 18, പുരുഷന് 21) പ്രായപൂർത്തിയാകാത്തവരെ വിവാഹിതരാക്കുവാൻ സഭ അനുവദിക്കില്ല. എന്നാൽ, നിയമപരമായ പ്രായപൂർത്തി ആയിട്ടില്ലായെന്ന് മാതാപിതാക്കൾ ന്യായമായി ബോധിപ്പിക്കുമ്പോൾ അത്തരം വിവാഹങ്ങൾ അനുവദിക്കാനാവില്ല. സിവിൽ നിയമപ്രകാരം രജിസ്റ്റർ ചെയ്യുകയോ, ഒന്നിച്ചു താമസിച്ചതിനുശേഷം സഭയിൽ വിവാഹിതരാകുവാൻ സഭയെ സമീ പിക്കുകയോ ചെയ്യുമ്പോൾ, നിയമപരമായ തടസ്സങ്ങൾ ഇല്ലായെന്നു ബോധ്യമായാൽ, രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ അത്തരം വിവാഹം നടത്താം. ഇത്തരം സാഹചര്യങ്ങളിൽ, മാതാപിതാക്കളുടെ എതിരഭിപ്രായമുണ്ടെങ്കിലും വിവാഹം നടത്തിക്കൊടുക്കുവാൻ സഭയ്ക്കു കടമയുണ്ട്. സഭാ നിയമപ്രകാരം, രൂപതാമെത്രാൻ, രൂപതാംഗങ്ങളായ എല്ലാവരുടെയും ആത്മീയ അഭിവൃദ്ധിക്ക് ഉത്തരവാദിത്വ പ്പെട്ടയാളാണ് (C. 192). മേൽപറഞ്ഞ വസ്തുതകളുടെ വെളിച്ചത്തിൽ ”ഒളിച്ചോട്ടങ്ങളെ” സഭ പ്രോത്സാഹിപ്പിക്കുയല്ല ചെയ്യുന്നത്. പ്രത്യുത സഭയിൽ ”ഒളിച്ചോട്ടങ്ങൾ” നടത്തിയവരുടെ വിവാഹം സാധുവായി നടത്താനുള്ള സാഹചര്യമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു. പ്രായപൂർത്തിയായവരുടെ ജീവിതാവസ്ഥ തെരഞ്ഞെടുക്കുവാനുള്ള അവകാശവും പ്രായപൂർത്തിയാകാത്തവരുടെ മേലുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്വവും രണ്ടായി കാണണമെന്നു സാരം.