മോൺ. കണ്ടങ്കരിയും തിരുസഭയുടെ പൊതുസാക്ഷ്യവും
മോൺ. കണ്ടങ്കരി ചങ്ങനാശേരിയിലെ ദേശത്തിന്റെ പട്ടക്കാരൻ കൂടിയായിരുന്നു. പൊതുസമൂഹത്തിൽ സുസമ്മതനായ അദ്ദേഹത്തിന്റെ സമീപം നാനാജാതി മതസ്ഥർ വിവിധ ആവശ്യങ്ങൾക്കായി എത്തിയിരുന്നു ”കത്തനാർ ഉണ്ടായിരുന്നപ്പോൾ തങ്ങൾ ഒന്നിച്ചിരുന്ന് പൊതുക്കാര്യങ്ങൾ ചർച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുമായിരുന്നു.” എന്ന് നായർ സമൂദായ നേതാവായ മന്നത്തു പത്മനാഭൻ അനുസ്മരിക്കാറുണ്ടായിരുന്നു. ”ലോകത്തിൽ ജനതകളുടെ പ്രകാശമാണ് സഭ” എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചിന്ത നേരത്തെതന്നെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പ്രസ്ഫുരിച്ചിരുന്നു. നാനാജാതിമതസ്ഥർക്ക് താൻ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹം തുറന്നുകൊടുത്തു. ചങ്ങനാശേരിയിൽ ഒരു സർക്കാർ ആശുപത്രി സ്ഥാപിക്കാൻ 500 രൂപ കെട്ടിവച്ചാൽ അനുവദിക്കാമെന്ന ഗവ. നിർദ്ദേശത്തെ തുടർന്ന് അദ്ദേഹം പൗരഗണങ്ങളുടെ യോഗം വിളിച്ചുകൂട്ടി. പരപ്പനാടു രാജരാജവർമ്മ തമ്പുരാൻ 100 രൂപ സംഭാവന ചെയ്തു. കാലവിളംമ്പമെന്ന്യേ 500 രൂപ സംഘടിപ്പിച്ച് അദ്ദേഹം ആശുപത്രി സ്ഥാപിച്ചു. ചങ്ങനാശേരി തപാൽ ആഫീസ്, മുൻസിഫ് കോടതി, ടൗൺ ഹാൾ എന്നിവയും അദ്ദേഹത്തിന്റെ ശ്രമഫലമായി ഉണ്ടായതാണ്. മുൻസിപ്പാലിറ്റിയുടെ പൂർവ്വരൂപമായ ടൗൺ ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയിലേക്കുള്ള ഗവൺമെന്റ് നോമിനിയായി അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. കായിക മേഖലയിൽ ചാൾസ് ലവീഞ്ഞ് ജൂബിലി മെമ്മോറിയൽ ഫുട്‌ബോൾ (പന്തടി ക്ലബ്), കലാമേഖലയിൽ ഷേക്‌സ്പിയർ നാടകാവതരണം, സാഹിത്യ മേഖലയിൽ ലിറ്റററി അസോസിയേഷൻ എന്നിവ അദ്ദേഹത്തിന്റെ പ്രതിഭാവൈഭവത്തിന്റെ ബഹുമുഖ തലങ്ങൾ വ്യക്തമാക്കുന്നവയാണ്. ചങ്ങനാശേരി പള്ളിയ്ക്കു സമീപം ഒരു ടെക്‌നിക്കൽ സ്‌കൂൾ സ്ഥാപിച്ചുകൊണ്ട് സാങ്കേതിക വിദ്യാഭ്യാസ രംഗത്തും അദ്ദേഹം ഒരു നൂതന കാൽവെയ്പു നടത്തി.
സഭാസമൂഹത്തെയും പൊതുപൗര സമൂഹത്തെയും ഒരേ ചരടിൽ കോർത്തിണക്കി നാടിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ അത്യപൂർവമായ നേതൃപാടവം കൊണ്ടായിരുന്നു. സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപാരമ്പര്യവും അദ്ദേഹത്തിന് അതിനവസരം നൽകി. പണ്ടുകാലങ്ങളിൽ വൈദികർ പട്ടമേറ്റിരുന്നത് ഓരോ ദേശത്തിനും വേണ്ടിയായിരുന്നു. ദേശത്തു പട്ടക്കാർ എന്ന് അവർ അറിയപ്പെട്ടിരുന്നു. ഒരു ദേശത്തിന്റെ ആത്മീയ പിതാവെന്ന നിലയിൽ ഏറെക്കാലം സുസ്ഥിരമായ സേവനം ചെയ്യുമ്പോൾ ഉണ്ടാകുന്ന പരസ്പര വിശ്വാസ്യത, പണ്ടുകാലങ്ങളിലെ പരസ്പര സഹകരണ മനോഭാവം ഒക്കെ എടുത്തുപറയത്തക്കതാണ്. ഇടവകകളിൽ പട്ടക്കാരും ഇണങ്ങരും (അല്
മായർ പിന്നീടു വന്ന വാക്കാണ്) തമ്മിലുള്ള സമന്വയം ഒക്കെ സഭയിലും സമൂഹത്തിലും ഏറെ സംഭാവനകൾ ചെയ്യാൻ അദ്ദേഹത്തിന് അവസരമൊരുക്കി. അതോടൊപ്പം ഇടവകക്കാരും സഭാധികാരികളും സർക്കാർ അധികാരികളുമായി ഒരിക്കലും സംഘർഷത്തിന്റെ പാത തിരഞ്ഞെടുക്കാതെ കൂട്ടായ ചർച്ചകളിലൂടെയും നയവൈദഗദ്ധ്യത്തോടെയുള്ള സമീപനത്തിലൂടെയും അദ്ദേഹത്തിനു മുമ്പിൽ എല്ലാ വാതിലുകളും തുറക്കപ്പെടുന്ന സാഹചര്യമുണ്ടാക്കി. അതേസമയം പ്രതിബന്ധങ്ങളെന്തുതന്നെ ആയിക്കൊള്ളട്ടെ ഇച്ഛാ
ശക്തിയോടെ തരണം ചെയ്യാനും തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പാക്കാനും ധൈര്യസമേതം അദ്ദേഹം മുന്നിട്ടിറങ്ങി. ഒന്നുരണ്ട് ഉദാഹരണങ്ങൾ പറയാം. എസ്. ബി. ഹൈസ്‌കൂളിലെ അദ്ധ്യാപകനായിരുന്ന കെ. ചിദംബരയ്യർ ബി.എ. അവർകൾക്ക് ഉറുപ്പിക കൊടുത്ത് എൽ.റ്റി പരീക്ഷക്ക് പഠിക്കാൻ അദ്ദേഹം മദ്രാസിനയച്ചപ്പോൾ ബി. എ. ക്കാരനായ ഒരു റോമൻ കത്തോലിക്കാ ക്രിസ്ത്യാനിയെ ധനസഹായം ചെയ്തു പഠിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്ന് മാനേജരെ ഓർമ്മപ്പെടുത്തുന്നതായി 1900 ജൂൺ 6 ബുധൻ നസ്രാണി ദീപിക അഭിപ്രായപ്പെടുന്നുണ്ട്. മാർ മാക്കീൽ മെത്രാൻ റോമിൽ നിന്നു തിരിച്ചു വരുമ്പോൾ അദ്ദേഹത്തെ എതിരേൽക്കുവാൻ ആരും പോകേണ്ടതില്ലെന്ന് ആലോചനക്കാരായ പട്ടക്കാർ തീരുമാനിച്ചതിനു വിരുദ്ധമായി ആക്ടിംഗ് മെത്രാൻ ദിവ്യശ്രീ കണ്ടങ്കരിൽ കുര്യാക്കോസ് കത്തനാരവർകൾ ജനങ്ങളുടെ അറിവും സമ്മതവും കൂടാതെ തൃശൂർക്കു പോയതിൽ ജനങ്ങളുടെയിടക്ക് പിറുപിറുപ്പുണ്ടായതായി 1911 സെപ്തം. മനോരമ ലേഖകനും എഴുതുന്നു. സർവാദരണീയനായ കുര്യാക്കോസ് കത്തനാർ മാർ മാക്കിലിനു ശേഷം വികാരിയാത്തിൽ മെത്രാനാകുമെന്ന അഭ്യൂഹം നിലനിന്നിരുന്നതായി അദ്ദേഹത്തിന്റെ ചരമത്തോടനുബന്ധിച്ച മനോരമയിലെ എഡിറ്റോറിയൽ വ്യക്തമാക്കുന്നുണ്ട് (1919 മാർച്ച് 25). ജാതിമതഭേദമെന്യേ സകല ജനങ്ങൾക്കും സ്വീകാര്യനായ അദ്ദേഹത്തോടുള്ള ബഹുമാനാദരവിന്റെ പ്രതീകമാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പാറേൽ പള്ളിയിലെ കബറിടത്തിലെ ശിലാഫലകം പോലും. അതു സംഭാവന ചെയ്തത് ഇ.വി. പത്ഭനാഭപിള്ളയാണ്. ”കണ്ടങ്കരി മാനേജരച്ചൻ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്നു ഈ നിലയിലെത്തുകയില്ലായിരുന്നെന്ന്” അദ്ദേഹം ചങ്ങനാശേരി പള്ളിയുടെ ചരിത്രകാരൻകൂടിയായ ശ്രീ ജോസഫ് കൂട്ടുമ്മേൽ സാറിനോട് പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിന്റെ 50-ാം ചരമ വാർഷികദിനത്തിൽ ദീപികയിലെഴുതിയ ലേഖനത്തിൽ (1969 മാർച്ച് 24) എടുത്തു പറയുന്നുണ്ട്.
ഉപസംഹാരം
സഭയുടെയും നാടിന്റെയും സർവതോന്മുഖമായ പുരോഗതിക്കുവേണ്ടിയുള്ള സമഗ്രസംഭാവനകളുടെ പേരിൽ മോൺ. സിറിയക് കണ്ടങ്കരി എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹം നട്ടുനനച്ചു വളർത്തിയ സ്ഥാപനങ്ങളെല്ലാം വളർന്നു പന്തലിച്ചു. ഇതരസമുദായങ്ങൾക്കും അതു മാതൃകയായി. അദ്ദേഹം മുന്നിട്ടിറങ്ങി ചങ്ങനാശേരി ഒരു സഭാ ആസ്ഥാനമാക്കിയതിനുശേഷം അതിൽനിന്നു പ്രചോദനമുൾക്കൊണ്ടുതന്നെ ചങ്ങനാശേരി വിവിധ സമുദായങ്ങളുടെയും ആസ്ഥാനമായി മാറി. എസ്.എൻ.ഡി.പി. ഒന്നാം നമ്പർ ശാഖ (ചങ്ങനാശേരി ആനന്ദാശ്രമം); അതുപോലെ പെരുന്ന കേന്ദ്രീകരിച്ച് നായർ സമുദായത്തിന്റെ
ചടട ആസ്ഥാനം എന്നിവ ഉദാഹരണങ്ങളാണ്.
മോൺ. കണ്ടങ്കരിയുടെ നിര്യാണത്തിനുശേഷം ചങ്ങനാശേരിയിൽ പൗരാവലി കൂടി ഒരു അനുശോചന സമ്മേളനം നടത്തുകയും അദ്ദേഹത്തിന്റെ ഓർമ്മയുടെ ഒരു ശാശ്വത സ്മാരകം സ്ഥാപിക്കുന്നതിനുവേണ്ടി ഒരു ആലോചനാ പ്രാരംഭയോഗവും കൂടുകയുമുണ്ടായി എന്ന് 1919 ഓഗ. 8-ലെ നസ്രാണി ദീപിക റിപ്പോർട്ടു ചെയ്യുന്നുണ്ട്. ആ വന്ദ്യ ഗുരുവിന്റെ ചരമത്തിന്റെ അൻപതും എഴുപത്തഞ്ചും ആചരിച്ചപ്പോഴും ഇത്തരം ആലോചനകൾ നടന്നുവെന്നല്ലാതെ യാതൊന്നും സംഭവിച്ചില്ല! ചങ്ങനാശേരിയെ അതാക്കിത്തീർക്കാൻ; മദ്ധ്യതിരുവിതാംകൂറിന്റെ ചരിത്രം തിരുത്തിക്കുറിച്ച, ക്രാന്തദർശിത്വത്തോടെ അതിനു നേതൃത്വം നൽകിയ ആ മഹാനുഭാവന്റെ ഓർമ്മ വരുംതലമുറയിലും നിലനിർത്തുന്ന ഒരു സ്മാരകം ഉയർന്നുവരുവാൻ ഈ ചരമശതാബ്ദി ആചരണമെങ്കിലും ഇടയാകട്ടെ എന്ന പ്രാർത്ഥനയോടെ ഈ ലഘു പ്രബന്ധം ഉപസംഹരിച്ചുകൊള്ളുന്നു.
സഹായ ഗ്രന്ഥങ്ങൾ
1. ചങ്ങനാശേരി അതിരൂപത – ഇന്നലെ ഇന്ന് (വാല്യം 1-2)
2. സെന്റ് ബർക്കുമാൻസ് സ്‌കൂൾ – സുറിയാനി ക്രിസ്ത്യാനികളുടെ പ്രാഥമികപദം, ചങ്ങനാശേരി 2007, 165-339.
3. ജോസഫ് കൂട്ടുമ്മേൽ, ചങ്ങനാശേരിയും ചങ്ങനാശേരി പള്ളിയും, ചങ്ങനാശേരി 1998.