എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും മാമ്മോദീസാർത്ഥികൾക്കും സഭാപരമായ മൃതസംസ്‌കാരത്തിന് അർഹതയും അവകാശവുമുണ്ട്. എന്നാൽ, ചില പ്രത്യേക സാഹചര്യത്തിൽ സഭാപരമായ മൃതസംസ്‌കാരം നിഷേധിക്കുന്ന സാഹചര്യമുണ്ടാകാം. സഭയിൽ നിന്നും അകന്നു നില്ക്കുന്നവരുടെ മൃതസംസ്‌കാരമാണ് ഇത്തരത്തിൽ വരുന്നത്. സഭയിൽ നിന്നും അകന്നു നിൽക്കുന്നവരിൽ ആദ്യ വിഭാഗം, അവരുടെ കുറവുകൾ കൊണ്ടല്ല അപ്രകാരം ചെയ്യുന്നത്. ശാരീരികമായ ബുദ്ധിമുട്ടുകൾ മൂലവും, തങ്ങൾ താമസിക്കുന്നിടത്ത് ആരാധനാലയങ്ങളുടെ അഭാവം ഉള്ളതിനാലും കൂദാശാജീവിതം നയിക്കാൻ സാധിക്കാത്ത വിഭാഗമാണിവർ. ഇത്തരം ആളുകളുടെ എന്തെങ്കിലും പ്രശ്‌നങ്ങൾക്കൊണ്ടല്ലാത്തതുകൊണ്ട് അവർക്ക് സഭയുടെ എല്ലാ ആദ്ധ്യാത്മിക ശുശ്രൂഷകളും ലഭിക്കാൻ അവകാശമുള്ളവരാണ്.
എന്നാൽ, ബോധപൂർവ്വം സഭാ കൂട്ടായ്മയിൽ നിന്നും അകന്നു നില്ക്കുന്നവരുടെ സ്ഥിതി വ്യത്യസ്ഥമാണ്. പരസ്യപാപികളായി ജീവിച്ചവർ, പരസ്യമായി സഭയ്ക്കു പുറത്തു പോയവർ, മതനിന്ദകർ, ശീശ്മയിൽ ഉൾപ്പെട്ടവർ, കത്തോലിക്കാവിശ്വാസത്തിനു വിരുദ്ധമായ കാരണങ്ങളാൽ മൃതശരീരത്തെ ദഹിപ്പിക്കണം എന്ന നിലപാടുള്ളവർ, സഭാപരമായ സംസ്‌കാരം നൽകിയാൽ അത് സമൂഹത്തിന് വലിയ ഉതപ്പിനു കാരണമായിത്തീരുമെന്ന് ഉറപ്പുള്ള പരസ്യപാപികൾ എന്നിവർക്ക് സഭാപരമായ മൃതസംസ്‌കാരം നല്കുവാൻ പാടില്ലാത്തതാണ്. കൂടാതെ, തന്റെ ജീവിതത്തോടും ജീവനോടുമുള്ള അവജ്ഞയാൽ ബോധപൂർവ്വം സമൂഹത്തിന് വലിയ ഇടർച്ചയ്ക്കു കാരണമാകത്തക്കവിധം അത്മഹത്യ ചെയ്യുന്നുവർക്കൊഴികെ മറ്റു കാരണങ്ങളാൽ ജീവിതം അവസാനിപ്പിക്കുന്നവർക്ക് സഭാപരമായ മൃതസംസ്‌ക്കാരം നിഷേധിച്ചുകൂടാ. പ്രത്യേകം ശ്രദ്ധിക്കേണ്ടത്,
തങ്ങളുടെ മരണത്തിനുമുമ്പ് അനുതാപത്തിന്റെ പ്രത്യക്ഷമായ അടയാളങ്ങൾ ഇവർ പ്രകടമാക്കാത്തിടത്തോളം സഭാപരമായ സംസ്‌കാരം നല്കാനാവില്ല എന്നതാണ്. കത്തോലിക്കാ സഭാ കൂട്ടായ്മയിൽ നിന്നും വിട്ടുപോയിട്ട്, മറ്റു സഭകളിൽ ചേരുകയും അവരുടെ പ്രാർത്ഥനാശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്യുന്നവർ, കത്തോലിക്കാ സഭയിലേയ്ക്കു തിരിച്ചുവരാനുള്ള താൽപര്യം കാണിക്കാത്തിടത്തോളം സഭാപരമായ മൃതസംസ്‌ക്കാരം അനുവദിക്കാനാകില്ല. മൃതസംസ്‌ക്കാര ശുശ്രൂഷയിൽ, മരിച്ചയാളോടുള്ള കൂട്ടായ്മ സഭ വ്യക്തമാക്കുന്നു. സഭാപരമായ മൃതസംസ്‌ക്കാരം മരിച്ചവർക്ക് ആദ്ധ്യാത്മികസഹായവും, ജീവിച്ചിരിക്കുന്നവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നു. പുനരുത്ഥാനത്തിലുള്ള വിശ്വാസവും പ്രതീക്ഷയും പരസ്യമായി പ്രഖ്യാപിക്കുന്ന അവസരംകൂടിയാണ് സഭാപരമായ മൃതസംസ്‌കാരം. പൂർണ്ണമായ രീതിയിൽ മൃതസംസ്‌കാര ശുശ്രൂഷകൾ നടത്താനുള്ള അനുവാദം നിഷേധിക്കപ്പെടുമ്പോൾ രൂപതാദ്ധ്യക്ഷന്റെ നിർദ്ദേശാനുസരണം വേണം അത്തരം കർമ്മങ്ങൾ നടത്തേണ്ടത്.