‘If you wish to destroy a nation, destroy its morality and it will fall into your lap like a ripe apple from a tree” (V.I. Lenin) ഒരു രാജ്യത്തെ നശിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അതിന്റെ ധാർമ്മികത നശിപ്പിക്കുവിൻ, ഒരു ആപ്പിൾമരത്തിൽ നിന്ന് ആപ്പിൾ പഴുത്തു വീഴുന്നതുപോലെ അതു നിങ്ങളുടെ മടിയിലേയ്ക്കു വീഴും. ഭ്രൂണഹത്യ, ആത്മഹത്യ, ദയാവധം, വ്യഭിചാരം, സ്വവർഗ്ഗഭോഗം തുടങ്ങിയവ അനുവദിച്ചുകൊണ്ടും കുറ്റകരമല്ലാതാക്കിക്കൊണ്ടും ഇന്ത്യയിലെ പരമോന്നത കോടതിയും നിയമനിർമ്മാണ സഭകളും ഇന്ത്യയുടെ ധാർമ്മികസംസ്‌കാരം നശിപ്പിക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുകയാണോ എന്നു സംശയിച്ചാൽ കുറ്റം പറയാനാവില്ല. വ്യാജ വികസന സങ്കല്പങ്ങളുടെയും കൃത്രിമമായ മനുഷ്യാവകാശമുറപ്പിക്കലിന്റെയും പേരിൽ എങ്ങനെയാണ് ഈ കൃത്യം നിർവ്വഹിക്കപ്പെടുന്നത് എന്ന് പരിശോധിക്കാം. 1971 ഓഗസ്റ്റ് മാസം 10-ാം തീയതി ഭ്രൂണഹത്യ നിയമാനുസൃതമാക്കിയ നിയമം (The Medical Termination of Pregnancy Act or MTP Act 1971), ആത്മഹത്യാശ്രമം കുറ്റകരമായി കണക്കാക്കിയിരുന്ന IPC 309 മറ്റൊരു ആക്ടിലൂടെ റദ്ദാക്കിയ നിയമം, 2018 മാർച്ചിൽ രാജ്യത്തു പരോക്ഷമായ ദയാവധം അനുവദിച്ച സുപ്രീം കോടതി വിധി, IPC 497 അനുസരിച്ച് കുറ്റകരമായിരുന്ന വ്യഭിചാരം കുറ്റകരമല്ലാതാക്കിയ കോടതി വിധി, അവസാനമായി IPC 377 അനുസരിച്ച് കുറ്റകരവും പ്രകൃതിവിരുദ്ധവുമായിരുന്ന സ്വവർഗ്ഗഭോഗം കുറ്റകരമല്ലാതാക്കിയ കോടതിവിധി തുടങ്ങിയ നിയമങ്ങളും വിധികളും ഉണ്ടാകാൻ എന്ത് അടിയന്തിര സാഹചര്യമാണ് ഉള്ളത്, ആരുടെ മനുഷ്യാവകാശമാണ് സംരക്ഷിക്കപ്പെടുന്നത് എന്ന് ഓരോന്നും എടുത്ത് പരിശോധിച്ചാൽ മനസ്സിലാകുമെന്നു തോന്നുന്നില്ല. കാരണം, പാശ്ചാത്യ സ്വാധീനമുള്ള സംഘടനകളോ, പ്രത്യേക അജണ്ടകളുള്ള വ്യക്തികളോ ആണ് പല വിധികൾക്കും വേണ്ടി ശ്രമം നടത്തിയിട്ടുള്ളത്. ഈ വിധികളുടെയെല്ലാം ഒരു പൊതുസ്വഭാവം മനുഷ്യ ജീവനെക്കുറിച്ചും ജീവന്റെ മഹത്ത്വത്തെക്കുറിച്ചും സ്ത്രീപുരുഷ ബന്ധത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ഇതുവരെ ഉണ്ടായിരുന്ന ബോധ്യത്തിൽ നിന്നുള്ള മാറ്റമാണ്, അല്ലെങ്കിൽ മാറ്റാനുള്ള പരിശ്രമമാണ്. ഓരോ നിയമങ്ങളും എടുത്തു പരിശോധിച്ചാൽ അതു വ്യക്തമാകും.
1. 1971-ലെ MTP Act ഭ്രൂണഹത്യ നിയമാനുസൃതമാക്കിയ നിയമം
എല്ലാ ജീവനെയും ബഹുമാനിക്കണമെന്നും ഒരു ജീവനെയും ഹിംസിക്കരുതെന്നും പഠിപ്പിക്കുന്ന സംസ്‌കാരവും പാരമ്പര്യവും, മതങ്ങളുമുള്ള ഭാരതത്തിന്റെ ഹൃദയ
ത്തിനേറ്റ ആദ്യത്തെ മുറിവാണ് MTP Act. 20 ആഴ്ച വരെ പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ചില പ്രത്യേക സാഹചര്യത്തിൽ കൊല്ലാൻ അനുവാദം നല്കുന്നതാണ് ഈ നിയമം. അമ്മയുടെ ആരോഗ്യമോ ജീവനോ അപകടത്തിലാകുമ്പോഴോ കുഞ്ഞിന് മാനസിക ശാരീരിക വൈകല്യങ്ങൾ ഉള്ളപ്പോഴോ ആഗ്രഹിക്കാതെയുള്ള ഗർഭധാരണം ഉണ്ടായാലോ കുഞ്ഞിനെ നശിപ്പിക്കാമെന്നാണ് നിയമം അനുശാസിക്കുന്നത്. 12 ആഴ്ചവരെയുള്ള ഭ്രൂണഹത്യക്ക് ഒരു ഡോക്ടറുടെയും 20 ആഴ്ചവരെയുള്ള ഭ്രൂണഹത്യക്ക് രണ്ടു ഡോക്ടർമാരുടെയും അനുവാദം വേണം.
ഈ നിയമത്തെ വിശകലനം ചെയ്താൽ, മനുഷ്യജീവനോടുള്ള മനുഷ്യന്റെ മനോഭാവ
ത്തിൽ വന്ന അതിഭയങ്കരമായ മാറ്റത്തെ കാണാൻ സാധിക്കും. ഒരു സ്ത്രീയുടെ ഉദരത്തിൽ ഉരുവായ ഒരു പുതിയ ജീവൻ അതെന്താണെന്നുള്ളതാണ് ചോദ്യം. എന്തായാലും വളർച്ചയുള്ള ഒരു ജീവനാണെന്ന് എല്ലാവരും സമ്മതിക്കും. വളർച്ചയുള്ള ജീവൻ വളർന്നു വളർന്ന് ഒരു മനുഷ്യ ശിശുവായി പുറത്തേക്കു വരുന്നതാണ് നാം കണ്ടിട്ടുള്ളത്. അതുകൊണ്ട് ഉറപ്പിക്കാം അത് പട്ടിയോ പൂച്ചയോ ഒന്നുമല്ല ഒരു മനുഷ്യജീവനാണ്. 12 ആഴ്ചയായാലും 20 ആയാലും 36 ആയാലും സ്ത്രീയുടെ ഉദരത്തിലുള്ളത് ഒരു മനുഷ്യജീവനാണ്; മനുഷ്യന്റെ വളർച്ചയുടെ പല ഘട്ടങ്ങളാണ്. ഇനി അടുത്ത ചോദ്യം. ഒരു മനുഷ്യജീവനെ എന്തു കാരണത്തിന്റെ പേരിലായാലും മറ്റൊരാളുടെ ആരോഗ്യത്തിനുവേണ്ടി, വേറൊരാൾക്ക് ആഗ്രഹമില്ലാത്തതിന്റെ പേരിൽ, സ്വന്തം ആരോഗ്യം ശരിയല്ലാത്തതിന്റെ പേരിൽ കൊല്ലാൻ പറ്റുമോ? ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നത് സ്ത്രീയുടെ അവകാശമായി വ്യാഖ്യാനിക്കാൻ പറ്റുമോ? ഗർഭാവസ്ഥയിൽ കൊല്ലുന്നതും ജനിച്ചതിനു ശേഷം കൊല്ലുന്നതും തമ്മിൽ സമയത്തിന്റെയും നിർദ്ദയത്വത്തിന്റെയും വ്യത്യാസമല്ലാതെ മറ്റെന്താണുള്ളത്?
ഒരു മനുഷ്യനും അവൻ ഏതു പ്രായത്തിലാണെങ്കിലും മറ്റൊരാളുടെ സ്വത്തല്ല. വസ്തുക്കളുടെ മേൽ അവകാശമുള്ളതുപോലെ മനുഷ്യന്റെ മേൽ ഒരാൾക്കും, മാതാപിതാക്കൾക്കുപോലും, അവകാശമില്ല. മനുഷ്യജീവനെ സ്വീകരിക്കാനും സംരക്ഷിക്കാനുമാണ് നമുക്കവകാശം. ഉപയോഗിക്കാനോ നശിപ്പിക്കാനോ ആർക്കുമവകാശമില്ല. എത്ര ക്രൂരകൃത്യം ചെയ്ത കുറ്റവാളിയാണെങ്കിലും എത്രയോ നാളത്തെ അന്വേഷണത്തിന്റെയും വിചാരണയുടെയും ഫലമായി കുറ്റകൃത്യം ഉറപ്പിച്ചതിനു ശേഷമാണ് അയാളെ ശിക്ഷിക്കുന്നത്. എന്നാൽ ഒരു കുറ്റവും ചെയ്യാത്ത ഗർഭസ്ഥശിശുവിനെ രോഗത്തിന്റെയും അവകാശത്തിന്റെയും അസൗകര്യത്തിന്റെയും പേരിൽ എത്ര ലാഘവത്തോടെയാണ് വധിക്കാൻ മാതാപിതാക്കൾ കൂട്ടുനില്ക്കുന്നതും, നിയമം അനുവദിക്കുന്നതും ഡോക്ടർ തയ്യാറാകുന്നതും. ഗർഭിണിയായ അമ്മയുടെ ജീവൻ അപകടത്തിലായാൽ കുഞ്ഞിനെ കൊല്ലാതെ എന്തു ചെയ്യും എന്ന ചോദ്യം പ്രധാനമാണ്. അവിടെ രണ്ടുപേരെയും രക്ഷിക്കാൻ ശ്രമിക്കുക, അമ്മയെ രക്ഷിക്കാൻ ശ്രമിക്കുക, കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുക എന്നു പറയുന്നതും കുഞ്ഞിനെ കൊന്ന് അമ്മയെ രക്ഷിക്കാം എന്നു പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രണ്ടുപേരെയും രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഒരാളുടെ ജീവൻ നഷ്ടപ്പെടുന്നതും അല്ലെങ്കിൽ അമ്മയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുന്നതും പുതിയ
കാര്യമല്ല. അതു പണ്ടുമുതലേ നടക്കുന്ന കാര്യമാണ്. അവിടെ ഒരാളുടെ ജീവൻ ഇല്ലാതാക്കുക എന്നതല്ല ഉദ്ദേശ്യം മറിച്ച് ജീവൻ രക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഒരു ജീവൻ രക്ഷിക്കാൻ കൊലപാതകം നിയമാനുസൃതമാക്കണമെന്നു പറയുന്നതിന്റെ യുക്തി ഒട്ടും യുക്തിപരമല്ല. മറ്റൊന്ന് ബലാത്സംഗത്തിന്റെ ഫലമായി ഗർഭിണിയായാൽ ഭ്രൂണഹത്യ നടത്താമെന്നതാണ്. ഒരു ഹീനകൃത്യത്തെ മറയ്ക്കാൻ മറ്റൊരു ക്രൂരകൃത്യം അനുവദിക്കുന്നതിലും സാരമായ തകരാറുണ്ട്.
2. ആത്മഹത്യാ ശ്രമം കുറ്റകരമല്ലാതാക്കിയ വിധി
ഒരാൾ തന്റെ ജീവൻ സ്വയം ഇല്ലാതാക്കാൻ ശ്രമിച്ചാലോ അതിലേയ്ക്കു നയിക്കുന്ന മറ്റെെന്തങ്കിലും പ്രവൃത്തി ചെയ്താലോ ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാമെന്നതാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 309-ാം വകുപ്പ്. സ്വന്തം ജീവനാണെങ്കിലും അതില്ലാതാക്കാൻ ഒരാൾക്ക് അനുവാദമില്ല. ജീവൻ ഒരാളുടെ സ്വന്തമെന്നു കരുതി ഇഷ്ടമുള്ളതുപോലെ അതിനെ കൈകാര്യം ചെയ്യാൻ മുതിരരുത് എന്നതാണ് IPC 309 ന്റെ പിന്നിലെ ചൈതന്യം. ഒരാൾ തന്റെ ജീവൻ
സ്വയം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ തന്നോടു തന്നെയും സമൂഹത്തോടും ദൈവത്തോടുമുള്ള സ്‌നേഹവും നീതിയുമാണ് നിഷേധിക്കുന്നത് (CCC. 2281).
മാനസികവും ശാരീരികവും സാമൂഹികവും സാമ്പത്തികവുമായ അനവധി കാരണങ്ങൾ ഉണ്ടാകാം ഒരാളുടെ ആത്മഹത്യാശ്രമത്തിനു പിന്നിൽ. അത്തരം വിഷമസ്ഥിതിയിൽ നിരാശപൂണ്ടിരിക്കുന്ന ഒരാളെ ആത്മഹത്യാശ്രമത്തിന്റെ പേരിൽ ശിക്ഷിച്ച് അദ്ദേഹത്തിന്റെ അവസ്ഥ കൂടുതൽ ദയനീയമാക്കരുതെന്നു വാദിച്ചാണ് IPC 309 റദ്ദാക്കിയത്. 2016-ൽ രാജ്യസഭയിലും 2017-ൽ ലോകസഭയിലും പാസാക്കിയ മാനസികാരോഗ്യ നിയമത്തിലെ 115-ാം വകുപ്പിലൂടെയാണ് (Mental Health Care Act 2017, art. 115) IPC 309 റദ്ദാക്കപ്പെട്ടത്. ആത്മഹത്യാശ്രമം നട
ത്തുന്ന ആളുകൾ ക്രൂരമായി ശിക്ഷിക്കപ്പെടുന്നതിന്റെയോ IPC 309 വകുപ്പ് കർശനമായി നടപ്പിലാക്കുന്നതിന്റെയോ യാതൊരു ലക്ഷണവും രാജ്യത്തെങ്ങുമില്ല. പലപ്പോഴും ഈ വകുപ്പ് പ്രയോഗിക്കാറില്ലെന്നാണ് നിയമപാലകർ പലരും വെളിപ്പെടുത്തുന്നത്. മനുഷ്യജീവന്റെ അന്തസും അലംഘനീയതയും ഉയർത്തിപ്പിടിക്കുന്ന IPC 309 റദ്ദാക്കാതെ തന്നെ ആത്മഹത്യയുടെ വക്കിൽ എത്തിപ്പെടുന്ന ആളുകളെ സഹായിക്കാനും സംരക്ഷിക്കാനും സർക്കാരിനു സാധിക്കുമായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള എല്ലാ സാഹചര്യവും; ദാരിദ്ര്യവും രോഗങ്ങളും തൊഴിലില്ലായ്മയും മാനസികാരോഗ്യ
പ്രശ്‌നങ്ങളും കടവും രാജ്യത്തു നിലനില്ക്കുമ്പോൾ, അതു കൂടുതൽ വഷളാകുമ്പോൾ ആത്മഹത്യ ചെയ്യുന്നതു കുറ്റമല്ല, കുഴപ്പമല്ല എന്ന സന്ദേശം IPC 309 റദ്ദാക്കിയതിലൂടെ നല്കിയിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച് IPC 309 റദ്ദാക്കിയതിന്റെ കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ആളുടെ ദയനീയമായ മാനസീകാവസ്ഥയാണ്. അങ്ങനെയുള്ള അവസ്ഥയിലും ആത്മഹത്യ ചെയ്യാൻ പാടില്ല, പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കും എന്ന സന്ദേശം നൽകുന്ന നടപടികളായിരുന്നു യഥാർത്ഥത്തിൽ വേണ്ടിയിരുന്നത്. ദുരൂഹമായ ഈ റദ്ദാക്കലും പുതിയ നിയമങ്ങളും ആർക്കുവേണ്ടി എന്നാലോചിച്ചാൽ പലപ്പോഴും കൃത്യമായി മനസ്സിലായെന്നു വരില്ല.
(തുടരും)