സഹദോണ (AD 7th C) (മർത്തീരിയൂസ്) 

പൗരസ്ത്യ സുറിയാനി സഭയിൽ കൈത്താക്കാലം ദുക്‌റാനകളുടെ കാലമാണ്.
കർത്താവിനു ജീവിതംകൊണ്ടു സാക്ഷ്യം നല്കിയവരെ നാം അനുസ്മരിക്കുന്ന കാലം. അവരിൽ പലരും സഭക്ക് വളരാനായി സ്വന്തം രക്തം വളമായി നല്കിയ വിശ്രുത സഹദാമാരായിരുന്നു. സഹദാ എന്ന സുറിയാനി വാക്കിന്റെ അർത്ഥം സാക്ഷി / രക്തസാക്ഷി (witness/ martyr) എന്നൊക്കെയാണ്; തത്തുല്ല്യമായ ഗ്രീക്ക് പദം മർത്തീരിയൂസ് എന്നും. സഹദാമാരുടെ ദുക്‌റാനകൾ കൊണ്ടാടുന്ന കൈത്താ ക്കാലത്തിൽ സഹദോണ അല്ലെങ്കിൽ മർത്തീരിയൂസ് എന്ന പേരിൽ വിഖ്യാതനായ ഒരു സുറിയാനി പിതാവിനെ പരിചയപ്പെടുന്നത് ഉചിതമാണ്.ആധുനിക ഇറാക്കിലെ കിർക്കുക്കിൽ ജനിച്ച സഹദോണാ വളരെ ചെറുപ്പത്തിൽതന്നെ അക്കാലത്തെ പ്രധാനപ്പെട്ട ദയ്‌റാകളിലൊന്നായ ബേസ് ആബേയിൽ അംഗമായി ചേർന്നു.
അദ്ദേഹം ഇപ്രകാരം ദയ്‌റാ ജീവിതം സ്വീകരിച്ചതിനു പിന്നിൽ രണ്ടു സ്ത്രീകളുടെ നിർണായക സ്വാധീനമുണ്ടെന്ന് പറയപ്പെടുന്നു;
സ്വന്തം അമ്മയുടെയും ഒപ്പം ഷിറിൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു തപ സ്വിനിയുടെയും. സഹദോണായുടെ മാതാവ് ബാലനായ സഹദോണായേയും കൂട്ടി പതിവായി ഈ വൃദ്ധയായ തപസ്വിനിയെ സന്ദർശിച്ചിരുന്നു. താപസികതയും വിശുദ്ധിയും സമ്മേളിച്ചിരുന്ന ഷിറിന്റെ ജീവിതം അനേകർക്ക് പ്രചോദനം പകർന്നിരുന്നു. അക്കാലത്ത് അവർ ആ പ്രദേശത്തുള്ളവർക്കെല്ലാം ആധ്യാത്മിക മാതാവായിരുന്നു. ആ അമ്മയുടെ ശിക്ഷണത്തിൽ വളർന്ന് സന്ന്യാസം സ്വീകരിച്ച അദ്ദേഹം ഏകദ്ദേശം AD 630 -ൽ ബേസ് ഗർമായിലെ മെത്രാനായി നിയമിതനായി. ആ സമയത്ത് സുറിയാനി സഭകളിൽ അഗ്നി സമാനം ആളിപടർന്നിരുന്ന മിശിഹാ വിജ്ഞാനീയ സംബന്ധമായ തർക്കങ്ങളിൽ ഉൾപ്പെട്ട് രണ്ടു പ്രാവശ്യം സഹദോണാ നാടു കടത്തപ്പെട്ടു. ആദ്യത്തെ പ്രാവശ്യം അല്പകാലത്തിനു ശേഷം അദ്ദേഹം തിരിച്ചു വന്നെങ്കിലും രണ്ടാം പ്രാവശ്യം അദ്ദേഹം തിരിച്ചുവന്നില്ല. പിന്നീടുള്ള തന്റെ ജീവിതകാലം അദ്ദേഹം ഒരു ഏകാന്തവാസിയായി കഴിഞ്ഞിരിക്കാം.
സഹദോണാ പല കൃതികളും രചിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ചുരുക്കം ചിലതു മാത്രമേ നമുക്ക് ലഭ്യമായിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഏതാനും ആപ്ത വാക്യങ്ങളും, തന്റെ സഹസന്ന്യാസിമാർക്കായി സഹദോണാ എഴുതിയ 5 കത്തുകളും, ഒപ്പം അദ്ദേഹത്തിന്റെ സുപ്രധാനകൃതിയായ പരിപൂർണ്ണതയുടെ ഗ്രന്ഥത്തി (Book of Perfection) ന്റെ ഏതാനും ഭാഗങ്ങളും അവയിലുൾപ്പെടുന്നു. പരിപൂർണ്ണതയുടെ ഗ്രന്ഥം സുറിയാനി താപസിക കൃതികൾക്കിടയിൽ ശ്രേഷ്ഠസ്ഥാനം അലങ്കരിക്കുന്നു. വി. ഗ്രന്ഥത്തിൽ ചാലിച്ചെടുത്ത ഈ കൃതി ഒരു പിടി തത്ത്വങ്ങളുടെ ആവിഷ്‌ക്കാരമല്ല; മറിച്ച് നമ്മുടെ ആധ്യാത്മിക യാത്രയിൽ വഴികാട്ടിയായി നമ്മെ നയിക്കുന്ന തികച്ചും പ്രബോധനാത്മകമായ ഒരു ഗ്രന്ഥമാണ്. സഹദോണാ ഇതിൽഹൃദയത്തിന്റെ അധ്യാത്മികതയെക്കുറിച്ച് വാചാലനാകുന്നു. ഹൃദയം അദ്ദേഹത്തിന് ഒരു അവയവമല്ല, മറിച്ച് വ്യക്തിയുടെ തന്നെ പ്രതീകമാണ്. വി.ഗ്രന്ഥത്തിൽ നാം വായിക്കുന്നുണ്ട്: ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ. എന്തുകൊണ്ടന്നാൽ അവർ ദൈവത്തെ കാണും (മത്താ 5:8). ഹൃദയത്തിന് എങ്ങനെയാണ് ഈ അപൂർവ്വ കൃപ സിദ്ധിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പഴയനിയമത്തിൽ ബലികൾ സ്വീകരിക്കപ്പെടുന്നതിന്റെ അടയാളമാണ് ദൈവം സ്വർഗ്ഗത്തിൽ നിന്ന് അഗ്നിയിറക്കി ബലിവസ്തു ദഹിപ്പിക്കുന്നത്. പരിശുദ്ധമായ ഹൃദയത്തോടെ പ്രാർത്ഥിക്കുന്ന വ്യക്തിയുടെ ഹൃദയം ഒരു ബലിപീഠമാണ്. ആ ഹൃദയത്തിൽ നിന്ന് ജീവിതശുദ്ധിയുടെപരിമളം ഉയരുമ്പോൾ ദൈവം സംപ്രീതനായി അയാളുടെ ഹൃദയത്തിലേക്ക് സ്വർഗ്ഗത്തിൽ നിന്ന് തന്റെ റൂഹായാകുന്ന അഗ്നിയിറക്കി അവിടെ നിന്നുയരുന്ന സ്തുതിയുടെ ബലി സ്വീകരിക്കുന്നു. പ്രാർത്ഥിക്കുന്ന ഹൃദയംയഥാർത്ഥത്തിൽ പ്രാർത്ഥനയായി മാറിയ വ്യക്തി തന്നെയാണ്. ദൈവം തന്റെ റൂഹായാകുന്ന അഗ്നി അയച്ച് സ്തുതിയുടെ ബലി സ്വീകരിക്കുമ്പോൾ പ്രാർത്ഥിക്കുന്ന ഹൃദയം അതായത് പ്രാർത്ഥനയായി മാറിയ വ്യക്തി സ്വർഗ്ഗത്തിലേക്ക് ഉയരുന്നു. അയാൾക്ക് ദൈവത്തെ കാണാൻ കഴിയുന്നു. ഹൃദയം കൈവരിക്കുന്ന സവിശേഷമായ ഈ സിദ്ധിയെക്കുറിച്ച് സഹദോണാ പറയുന്നത് ശ്രദ്ധിക്കൂ:
സ്വർഗ്ഗവും ഭൂമിയും സൃഷ്ടിച്ചവനെ ശാന്തമായ ഒരു കൂടാരത്തിലെന്നപോലെ തന്റെ ഉദരത്തിൽ കുടിയിരുത്താൻ കഴിഞ്ഞ ഹൃദയമേ, ചെറുതെങ്കിലും നിന്റെ സൗഭാഗ്യം അവർണ്ണനീയം… ഹൃദയമേ നിന്റെ ദീപ്ത നയനങ്ങൾ ഭാഗ്യമുള്ളവ. ആരെക്കാണു
മ്പോൾ സെറാഫീമുകൾ മുഖം മറയ്ക്കുന്നുവോ, ആ അത്യുന്നതനെ ആ നയനങ്ങൾ ദർശിച്ചിരിക്കുന്നു !!!
പ്രാർത്ഥിക്കുന്ന ഹൃദയത്തിന് കൈവന്ന മഹാകൃപയിൽ വിസ്മയം കൊള്ളുന്ന സഹദോണായുടെ വാക്കുകൾ നമ്മുടെ ഹൃദയവും പരിശുദ്ധമായി സൂക്ഷിക്കുവാൻ നമുക്ക് പ്രചോദനം പകരട്ടെ.