സഭാപരമായ മൃതസംസ്‌കാരം നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍

എല്ലാ ക്രൈസ്തവ വിശ്വാസികള്‍ക്കും മാമ്മോദീസാര്‍ത്ഥികള്‍ക്കും സഭാപരമായ മൃതസംസ്‌കാരത്തിന് അര്‍ഹതയും അവകാശവുമുണ്ട്. എന്നാല്‍, ചില പ്രത്യേക സാഹചര്യത്തില്‍ സഭാപരമായ മൃതസംസ്‌കാരം നിഷേധിക്കുന്ന സാഹച ര്യമുണ്ടാകാം. സഭയില്‍ നിന്നും അകന്നു നില്ക്കുന്നവരുടെ മൃതസംസ്‌കാരമാണ് ഇത്തരത്തില്‍ വരുന്നത്. സഭയില്‍ നിന്നും അകന്നു നില്‍ക്കുന്നവരില്‍ ആദ്യ വിഭാഗം, അവരുടെ കുറവുകള്‍ കൊണ്ടല്ല അപ്രകാരം ചെയ്യുന്നത്. ശാരീരികമായ ബുദ്ധി മുട്ടുകള്‍ മൂലവും, തങ്ങള്‍ താമസിക്കുന്നിടത്ത് ആരാധനാലയങ്ങളുടെ അഭാവം ഉള്ളതിനാലും കൂദാശാജീവിതം നയിക്കാന്‍ സാധിക്കാത്ത വിഭാഗമാണിവര്‍. ഇത്തരം ആളുകളുടെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ക്കൊണ്ടല്ലാത്തതുകൊണ്ട് അവര്‍ക്ക് സഭയുടെ എല്ലാ ആദ്ധ്യാത്മിക ശുശ്രൂഷകളും ലഭിക്കാന്‍ അവകാശമുള്ളവരാണ്.
എന്നാല്‍, ബോധപൂര്‍വ്വം സഭാ കൂട്ടായ്മയില്‍ നിന്നും അകന്നു നില്ക്കുന്നവരുടെ സ്ഥിതി വ്യത്യസ്ഥമാണ്. പരസ്യപാപികളായി ജീവിച്ചവര്‍, പരസ്യമായി സഭയ്ക്കു പുറത്തു പോയവര്‍, മതനിന്ദകര്‍, ശീശ്മയില്‍ ഉള്‍പ്പെട്ടവര്‍, കത്തോലിക്കാ വിശ്വാസത്തിനു വിരുദ്ധമായ കാരണങ്ങളാല്‍ മൃതശരീരത്തെ ദഹിപ്പിക്കണം എന്ന നിലപാടുള്ളവര്‍, സഭാപരമായ സംസ്‌കാരം നല്‍കിയാല്‍ അത് സമൂഹത്തിന് വലിയ ഉതപ്പിനു കാരണമായിത്തീരുമെന്ന് ഉറപ്പുള്ള പരസ്യപാപികള്‍ എന്നിവര്‍ക്ക് സഭാപരമായ മൃതസംസ്‌കാരം നല്കുവാന്‍ പാടില്ലാത്തതാണ്. കൂടാതെ, തന്റെ ജീവിതത്തോടും ജീവനോടുമുള്ള അവജ്ഞയാല്‍ ബോധപൂര്‍വ്വം സമൂഹത്തിന് വലിയ ഇടര്‍ച്ചയ്ക്കു കാരണമാകത്തക്കവിധം അത്മഹത്യ ചെയ്യുന്നുവര്‍ക്കൊഴികെ മറ്റു കാരണങ്ങളാല്‍ ജീവിതം അവസാനിപ്പിക്കുന്നവര്‍ക്ക് സഭാപരമായ മൃതസംസ്‌ക്കാരം നിഷേധിച്ചുകൂടാ. പ്രത്യേകം ശ്രദ്ധിക്കേണ്ടത്,തങ്ങളുടെ മരണത്തിനുമുമ്പ് അനുതാപത്തിന്റെ പ്രത്യക്ഷമായ അടയാളങ്ങള്‍ ഇവര്‍ പ്രകടമാക്കാത്തിടത്തോളം സഭാപരമായ സംസ്‌കാരം നല്കാനാവില്ല എന്നതാണ്. കത്തോലിക്കാ സഭാ കൂട്ടായ്മയില്‍ നിന്നും വിട്ടുപോയിട്ട്, മറ്റു സഭകളില്‍ ചേരുകയും അവരുടെ പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍, കത്തോലിക്കാ സഭയിലേയ്ക്കു തിരിച്ചുവരാനുള്ള താല്‍പര്യം കാണിക്കാത്തിടത്തോളം സഭാപരമായ മൃതസംസ്‌ക്കാരം അനുവദിക്കാനാകില്ല.
മൃതസംസ്‌ക്കാര ശുശ്രൂഷയില്‍, മരിച്ചയാളോടുള്ള കൂട്ടായ്മ സഭ വ്യക്തമാക്കുന്നു. സഭാപരമായ മൃതസംസ്‌ക്കാരം മരിച്ചവര്‍ക്ക് ആദ്ധ്യാത്മികസഹായവും, ജീവി ച്ചിരിക്കുന്നവര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. പുനരുത്ഥാനത്തിലുള്ള വിശ്വാസവും പ്രതീക്ഷയും പരസ്യമായി പ്രഖ്യാപിക്കുന്ന അവസരംകൂടിയാണ് സഭാപരമായ മൃതസംസ്‌കാരം. പൂര്‍ണ്ണമായ രീതിയില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ നടത്താനുള്ള അനുവാദം നിഷേധിക്കപ്പെടുമ്പോള്‍ രൂപതാദ്ധ്യക്ഷന്റെ നിര്‍ദ്ദേശാനുസരണം വേണം അത്തരം കര്‍മ്മങ്ങള്‍ നടത്തേണ്ടത്.