വിവിധ മതങ്ങളിൽ മനുഷ്യരക്ഷ

0
694

ജനതകളുടെ ആവശ്യവും സാഹചര്യങ്ങളും അനുസരിച്ച് പല വ്യക്തികളിലൂടെയും സംഭവങ്ങളിലൂടെയും ദൈവം പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.ചരിത്രത്തിന്റെ പരിപ്രേക്ഷ്യത്തിൽ നിന്ന് വീക്ഷിക്കുമ്പോൾ ഈ ദൈവിക വെളിപാടുകളിൽ നിന്നും അനേകതരം ദൈവാവിഷ്‌കരണങ്ങൾ ഉണ്ടായിട്ടുള്ളതായി ദർശിക്കാനാകും. അടിസ്ഥാനപരമായി എല്ലാ ദൈവാവിഷ്‌കരണങ്ങളും മാനുഷിക ചേതനയെ അതിലംഘിക്കുന്ന അപരിമേയനായ ഒരു പരമ സത്തയെ ആവിഷ്‌കരിക്കാനുള്ള ശ്രമമാണ്. തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദൈവികവെളിപാടുകളും അവയെ മനസ്സിലാക്കുന്നതിലെ ഏറ്റക്കുറച്ചിലുകളെയും അനുസരിച്ച് കേവല സത്യത്തെ ആവിഷ്‌കരിക്കുന്നതിലും ദൈവാവിഷ്‌കരണങ്ങളിൽ വൈവിധ്യങ്ങൾ കാണാം. ഇതര മതങ്ങളിലെ ഈ വൈവിധ്യങ്ങൾക്ക് നിദാനമായിട്ടുള്ള ദൈവിക വെളിപാടിന്റെയും കത്തോലിക്കാ സഭയിലെ ദൈവിക വെളിപാടിന്റെയും ഉറവിടത്തെ കഴിഞ്ഞ ലക്കത്തിൽ നാം കാണുകയുണ്ടായി. വിവിധ മതങ്ങളിലുള്ള മനുഷ്യരുടെ രക്ഷ ഈ വെളിപാടുകളുടെ അടിസ്ഥാനത്തിൽ എങ്ങനെയാണ് സാധ്യമാകുന്നത് എന്ന് നോക്കാം.
ഇതര മതങ്ങളിലെ സത്യത്തിന്റെ രശ്മികൾ
ദൈവത്തെ അന്വേഷിക്കുന്നവർക്ക് ദൈവത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ കണ്ടെത്താനും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. സാർവ്വത്രികമായി നൽകപ്പെട്ട ദൈവിക വെളിപാടിന്റെയും ആഗിരണം പലതോതുകളിലായി ഇതര മതങ്ങളിലും കാണാം. ഇതെല്ലാം ആ മതങ്ങളിലുള്ള സത്യത്തിന്റെ രശ്മികൾ ആണ്. ഇതര മതങ്ങളിൽ കാണുന്ന സത്യവും വിശുദ്ധവുമായുള്ളവയെ ഒന്നും സഭ നിഷേ ധിക്കുന്നില്ല (Cf. Mostra Aetate, 2). എന്നാൽ, അവയിൽ കാണുന്ന എല്ലാം സത്യവും വിശുദ്ധവും ശരിയുമാണെന്ന നിലപാട് കത്തോലിക്കാ സഭയ്ക്ക് ഇല്ല.
ദൈവം തന്നെ മനുഷ്യ സ്വഭാവം സ്വീകരിച്ച് മനുഷ്യനായി അവതരിച്ച് വന്നതാണ് വെളിപാടിന്റെ പൂർണ്ണത. മിശിഹാ കുരിശിൽ മരിച്ചത് മനുഷ്യവംശം മുഴുവനും വേണ്ടിയാണ്. തന്റെ രക്ഷാകര ദൗത്യത്തിലൂടെ അവിടുന്ന് വീണ്ടുരക്ഷിച്ചത് മനുഷ്യ വംശം മുഴുവനെയുമാണ്. ഈ രക്ഷാകര ചരിത്രത്തിന്റെ ഭാഗമാകാൻ വിളിക്ക പ്പെട്ടവരാണ് മതഭേദമില്ലാതെ ഓരോ മനുഷ്യരും. മിശിഹായുടെ രക്ഷ ഇതര മതങ്ങളിലുള്ള ദൈവാനുഭവങ്ങളെ ഉജ്ജ്വലമാക്കാനുതകുന്നതാണ്. അവയെ പ്രചോദിപ്പിക്കുമ്പോഴും രക്ഷയുടെ സ്രോതസ്സ് മിശിഹാ തന്നെയാണ്. നമുക്ക് ഗ്രഹിക്കാനാകാത്ത, മിശിഹായുമായുള്ള ഒരു പരോക്ഷ ബന്ധത്തിലൂടെയാണ് അവരും രക്ഷ പ്രാപിക്കുന്നത്. ഈ രക്ഷയാകട്ടെ പ്രദാനം ചെയ്യുന്നത് കത്തോലിക്കാ സഭയിലൂടെയുമാണ്.
മനുഷ്യരുടെ രക്ഷ
സഭാ പ്രബോധനങ്ങളിൽ സ്വാഭാവികമായ പരിണാമം സംഭവിച്ചാണ് വിശ്വാസസത്യങ്ങൾ ഉണ്ടാകുന്നത്. നമുക്ക് ലഭിച്ച ദൈവിക വെളിപാടുകളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതുകൊണ്ടാണ് പ്രബോധനങ്ങളിൽ പരിണാമങ്ങൾ സംഭവിക്കുന്നത്. വിശ്വാസ സത്യങ്ങളിൽ ഏറ്റവും വിപ്ലവാത്മകമായ പരിണാമത്തിന് വിധേയമായതാണ് സഭയ്ക്ക് പുറമേയുള്ള രക്ഷയെക്കുറിച്ചുള്ള പ്രബോധനം. ”സഭയ്ക്ക് പുറമെ രക്ഷയില്ല” (“extra Ecclesiam nulla salus”) എന്നതാണ് അന്നും ഇന്നും എന്നും കത്തോലിക്കാ സഭയുടെ അപ്രമാദിത്വമുള്ള പ്രബോധനം. ഇത് ഒരു വിശ്വാസ സത്യവുമാണ്. സഭയ്ക്ക് പുറമേ മനുഷ്യരില്ല എന്ന അർത്ഥ തലങ്ങളിലേയ്ക്ക് വ്യാഖ്യാനിക്കാൻ സാധിക്കുമ്പോഴാണ് ഈ പ്രബോധനം അതിന്റെ അന്തരാളത്തിൽ മനസ്സിലാക്കുവാൻ സാധിക്കുന്നത്. മാമ്മോദീസ സ്വീകരിച്ച് പ്രത്യക്ഷത്തിൽ അംഗങ്ങളായിട്ടുള്ളവർ മാത്രമല്ല കത്തോലിക്കാ സഭയിൽ ഉള്ളത്. ഇതര മത വിശ്വാസങ്ങളിൽ ഉള്ളവരും, മതങ്ങൾ ഒന്നും തന്നെ ഇല്ലാത്തവരും തങ്ങളുടേതല്ലാത്ത കാരണത്താൽ സത്യത്തിന്റെ പൂർണ്ണതയായ മിശിഹായെയും രക്ഷാകര മാർഗ്ഗമായ കത്തോലിക്കാ സഭയെയും അറിയാതെ പോയെങ്കിലും, അവരും മനഃസാക്ഷിക്കനുസൃതം വിശ്വസ്തതയോടെ ജീവിക്കുന്നതു വഴി, സഭയിലൂടെ മിശിഹായുടെ രക്ഷാകര പദ്ധതിയിൽ പങ്കാളികളാകുന്നു.
ചില സാങ്കേതിക പദങ്ങൾ ഉപയോഗിച്ച് ഇതൊന്ന് വിശദീകരിക്കാൻ ശ്രമിക്കാം. വ്യക്തിയുടെ ധാർമ്മികത നിർണ്ണയിക്കുന്നത് ദൈവവുമായുള്ള അവന്റെ അടിസ്ഥാനപരമായ നിലപാടാണ്. പാപത്തെ പ്രവൃത്യാധിഷ്ഠിത സമീപനത്തിൽ നിന്ന് വ്യക്ത്യാധിഷ്ഠിത സമീപനത്തിലേക്കു പറിച്ചുനടുന്ന നൂതന പ്രവണത കണ്ടുവരു ന്നുണ്ടെങ്കിലും അവ സഭാ പ്രബോധനങ്ങളുമായി ചേർന്നു പോകുന്നതല്ല. പാപവും പുണ്യവും പ്രവൃത്തിയുടെ വിശേഷണങ്ങളായി കാണാതെ വ്യക്തിയുടെ വിശേഷണങ്ങളായി പരിഗണിക്കുന്നതാണ് അതിലെ അപകടം. പാപത്തെ പ്രവൃത്യാധിഷ്ഠിതമായി വീക്ഷിച്ചുകൊണ്ടാണ് തുടർന്നുള്ള കാര്യങ്ങൾ പറയുന്നത്. രണ്ടുതരം പ്രവൃത്തികളാണുള്ളത്: ദൈവവുമായി നമ്മുടെ ബന്ധം നിലനിർത്തുന്നതും, വിച്ഛേദിക്കുന്നതും. ദൈവവുമായുള്ള ബന്ധത്തിൽ നമ്മൾ ശുദ്ധീകരണ വരപ്രസാദത്തിൽ ആയിരിക്കുന്നു. മാരക പാപം ചെയ്യുമ്പോഴാകട്ടെ, ഈ പ്രസാദവരം നഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു മനുഷ്യൻ രക്ഷ പ്രാപിച്ചോ ഇല്ലയോ എന്നത് സംഭവ്യമാകുന്നത് മരണാനന്തരം തനത് വിധിയിലാണ്. ശുദ്ധീകരണ വരപ്രസാദത്തോടെ മരിക്കുന്നവരാണ് രക്ഷ പ്രാപിക്കുന്നത്.
എങ്ങനെയാണ് ശുദ്ധീകരണ വരപ്രസാദം ലഭിക്കുന്നത്?
ശുദ്ധീകരണ വരപ്രസാദം ആദ്യമായി ലഭിക്കാനുള്ള സാധാരണ മാർഗ്ഗം മാമ്മോദീസ എന്ന കൂദാശയാണ്. അസാധാരണ മാർഗ്ഗങ്ങളിലൂടെയും ശുദ്ധീകരണ വരപ്രസാദം ലഭിക്കുമെന്നും സഭ പഠിപ്പിക്കുന്നുണ്ട്. ഒരു കൂദാശ അല്ലെങ്കിൽ പോലും ‘ആഗ്രഹത്താലുള്ള മാമ്മോദീസായും’ ‘രക്തത്താലുള്ള മാമ്മോദീസായും’ അസാധാരണ മാർഗ്ഗത്തിനുള്ള ഉദാഹരണങ്ങളാണ് (Cf. CCC. 1258). മിശിഹാ സകല ജനപദങ്ങൾക്കും വേണ്ടി മരിച്ചതിനാൽ സകല മനുഷ്യർക്കും ശുദ്ധീകരണ വരപ്രസാദം ലഭിക്കാൻ ‘ദൈവത്തിനു മാത്രം അറിയാവുന്ന’ മറ്റു മാർഗ്ഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയും സഭ തള്ളിക്കളയുന്നില്ല (Cf. CCC. 1260). ശുദ്ധീകരണ വരപ്രസാദം ലഭിച്ചാൽ പോലും ഒരു മാരകപാപം ചെയ്യുന്നതോടെ അത് വീണ്ടും നഷ്ടപ്പെടും. മാരക പാപത്തിൽ വീണ്ടും നഷ്ടപ്പെടുന്ന ശുദ്ധികരണ വരപ്രസാദം വീണ്ടെടുക്കാനുള്ള സ്വാഭാവിക മാർഗ്ഗം അനുരഞ്ജന കൂദാശ സ്വീകരിക്കുക മാത്രമാണ്. എങ്കിലും ഒരു അസാധാരണ മാർഗ്ഗമെന്ന നിലയിൽ ചില വ്യവസ്ഥ കളോടെയുള്ള ഒരു പൂർണ്ണ മനഃസ്ഥാപത്തിനും ഇത് വീണ്ടെടുക്കാനുള്ള കഴിവുണ്ടെന്നാണ് സഭ പഠിപ്പിക്കുന്നത് (Cf. CCC. 1452). ദൃശ്യ സഭയ്ക്ക് പുറമേ നീതിനിഷ്ഠരായി പ്രവർത്തിക്കുന്ന വ്യക്തികൾ മാമ്മോദീസ സ്വീകരിക്കാതിരുന്നിട്ടും എങ്ങനെയാണ് രക്ഷപ്രാപിക്കുന്നത് എന്നതിനെപ്പറ്റി വ്യക്തമായ ധാരണ സഭയ്ക്ക് ഇല്ലെങ്കിലും, ഒരു നിഷേധാത്മക മനോഭാവം സ്വീകരിക്കാതെ അവരുടെ രക്ഷ യെക്കുറിച്ച് ഭാവാത്മകമായ നിലപാടാണ് സഭ എടുക്കുന്നത്. ഇതര മതങ്ങളിലുള്ള സത്യത്തിന്റെ അംശങ്ങളും അവരിലെ പുണ്യാത്മാക്കളുടെ ജീവിത മാതൃകയും അവരെ മിശിഹായുമായുള്ള ബന്ധത്തിലേയ്ക്ക് നയിക്കുക തന്നെ ചെയ്യും. ആ ബന്ധത്തെ കൂടുതൽ ഉജ്ജ്വലമാക്കാൻ നമ്മുടെ പ്രേഷിത പ്രവർത്തനങ്ങൾക്കു സാധിക്കണം.
ഇതര മതസ്ഥരുടെ ആരാധനാ രീതികളിൽ കുറവുകൾ ഉണ്ടെങ്കിലും അവർ മിശിഹായിലൂടെ പ്രകടമായ രക്ഷയിൽ തങ്ങളുടേതായ രീതിയിൽ ഭാഗഭാക്കുകളാകുക തന്നെയാണ് ചെയ്യുന്നത്. ഇത് കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടാണ്. ഇതര മതവിഭാഗങ്ങളിൽ ഉള്ളവർ ഇത് അംഗീകരിക്കണമെന്നോ അല്ലെങ്കിൽ കുറഞ്ഞപക്ഷം താത്ത്വികമായ ഒരു സമവായത്തിനെങ്കിലും എത്തണമെന്നോ ഇത് അർത്ഥമാക്കുന്നില്ല.