വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള തിരുനാൾ: ഓഗസ്റ്റ് 30

ഉപക്രമം
ഭാരതീയ സഭയ്ക്ക് (പ്രത്യേകിച്ചു കേരളത്തിന്) ദൈവം നല്കിയ സമ്മാനങ്ങളാണ് വിശുദ്ധ തോമാശ്ലീഹാ, വാഴ്ത്തപ്പെട്ട റാണി മരിയ, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള എന്നീ മൂന്നു രക്തസാക്ഷികൾ. തങ്ങളുടെ രക്തസാക്ഷിത്വത്താൽ അവർ മിശി ഹായ്ക്കും സുവിശേഷത്തിനും സാക്ഷ്യം വഹിച്ചു. ഇവരിൽ ആദ്യത്തെ രണ്ടു പേരെപ്പറ്റി നാം നേരത്തെ കണ്ടു കഴിഞ്ഞു. എന്നാൽ ധീരരക്തസാക്ഷിയായ ദേവസഹായം പിള്ളയെപ്പറ്റി അധികമാരും കേട്ടിട്ടില്ല. ഈ പുണ്യാത്മാവിന്റെ ധന്യചരിതം നമ്മെ കോരിത്തരിപ്പിക്കും,ഉത്തേജിപ്പിക്കും, സത്യത്തിനു സാക്ഷ്യം വഹിക്കാൻ നമുക്കു പ്രചോദനം നൽകും.
ജനനം, ബാല്യം, വിദ്യാഭ്യാസം, ഉദ്യോഗം
ആധുനിക കേരളത്തിന്റെ മുഖ്യഭാഗമായ പഴയ തിരുവിതാംകൂറിന്റെ ആദ്യതല സ്ഥാനമായിരുന്നു പത്മനാഭപുരം. ഇതിനടുത്തുള്ള ”നട്ടാലം” എന്ന സ്ഥലത്ത് 1712 ഏപ്രിൽ 23-ാം തീയതിയായിരുന്നു ഈ പുണ്യപുരുഷന്റെ ജനനം. അതിപ്രശസ്തരും സമ്പന്നരും തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തി യിരുന്നവരുമായ മരുതകുളങ്ങര കുടുംബത്തിലെ വാസുദേവൻ നമ്പൂതിരിയും ദേവകിയമ്മയുമായിരുന്നു മാതാപിതാക്കൾ. അവർ ഈ മകന് ”നീലകണ്ഠൻ പിള്ള” എന്ന പേരു നൽകി.മാമ്മോദീസായ്ക്കു ശേഷമാണ് ഈ പേര്”ദേവസഹായം പിള്ള” എന്നു മാറിയത്.അന്ന് ലഭ്യമായിരുന്നതിൽ ഏറ്റവും മികച്ച വിദ്യാഭ്യാസം തന്നെ നീലകണ്ഠൻ പിള്ളയ്ക്കു ലഭിച്ചു. സംസ്‌കൃതം, തമിഴ്, മലയാളം എന്നീ ഭാഷകളിൽ അസാമാന്യമായ പ്രാവീണ്യം ഈ യുവാവിനു സിദ്ധിച്ചു. കൂടാതെ തർക്കം, വേദാന്തം, വ്യാകരണം, ആയുധാഭ്യാസം എന്നിവയിലും അവൻ മികവു കാട്ടി. ഉത്തമ ശിക്ഷണത്തിൽ വളർന്നു വന്ന അവൻ ബാല്യം മുതലേ സൽസ്വഭാവിയും ദയാലുവുമായിരുന്നു.
കുടുംബത്തിൽ നീലകണ്ഠ പിള്ള എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റി. കാരണവർക്കു വയസ്സായപ്പോൾ കുടുംബഭാരം നീലകണ്ഠന്റെ തോളിലായി. അവൻ വിവേകപൂർവ്വം കുടുംബഭരണം നടത്തിപ്പോന്നു. അതിരറ്റ സമ്പത്തും അധികാരവും കൈകളിൽ! എന്നിട്ടും അവൻ അഹങ്കരിച്ചില്ല. അത്യധികം വിനയത്തോടും കരുണയോടും കൂടിയ കുടുംബഭരണം! കുടുംബത്തിന്റെ കീഴിലുള്ള ”കുടിയാന്മാർ” അദ്ദേഹത്തെ ”ദീനദയാലു” എന്ന പേരു നൽകി ആദരിച്ചു.
തന്റെ മതത്തിന്റെയും കുലത്തിന്റെയും ആചാരാനുഷ്ഠാനങ്ങൾ സശ്രദ്ധം നിറവേറ്റുന്നതിൽ ഈ യുവകാരണവർ യാതൊരു മടിയും കാണിച്ചിരുന്നില്ല. കുലദേവതയായ ഭദ്രകാളിയെ പ്രീണിപ്പിക്കുന്നതിനു വേണ്ടി പൂജാദികർമ്മങ്ങൾ മുറപോലെ നടന്നിരുന്നു. അക്കാലത്ത് തിരുവിതാംകൂർ ഭരിച്ചിരുന്നത് ചരിത്ര പ്രസിദ്ധനായ മാർത്താണ്ഡവർമ്മ മഹാരാജാവായിരുന്നു! നീലകണ്ഠ പിള്ളയുടെ ബുദ്ധിസാമർത്ഥ്യത്തെയും സ്വഭാവമഹിമയെയും പറ്റി കേട്ടറിഞ്ഞ മഹാരാജാവ് അദ്ദേഹത്തെ പത്ഭനാഭപുരം നീലകണ്ഠസ്വാമിക്ഷേത്രത്തിലെ കാര്യസ്ഥനായി നിയമിച്ചു. അതോടൊപ്പം പത്ഭനാഭപുരം കോട്ടയുടെ നിർമ്മണച്ചുമതലയുമു ണ്ടായിരുന്നു. ക്ഷേത്രകാര്യങ്ങൾ അന്വേഷിക്കുക, കോട്ട നിർമ്മാണത്തിനു വേണ്ട സാധനസാമഗ്രികൾ സംഭരിക്കുക, കൊട്ടാരത്തിലെ കാര്യങ്ങൾ അന്വേഷിക്കുക, പട്ടാള ഉദ്യോഗസ്ഥന്മാർക്കു ശമ്പളം കൊടുക്കുക തുടങ്ങിയ കാര്യങ്ങളാണ് മഹാ രാജാവ് നീലകണ്ഠ പിള്ളയെ ഭരമേല്പിച്ചത്.
വിവാഹം
അധികം താമസിയാതെ ഇരണിയലിനടുത്തുള്ള മേക്കാട്ടു കുടുംബത്തിലെ രൂപ
വതിയും ശാലീനയുമായ ”ഭാർഗവി” എന്ന യുവതിയെ അദ്ദേഹം വിവാഹം കഴിച്ചു.
സംഭവബഹുലമായ ജീവിതത്തിനിടയിലും അവരുടെ നിർവ്യാജമായ പരസ്പര സ്‌നേഹം നിലനിന്നു. തന്റെ ഭർത്താവിന്റെ പാദങ്ങളെ പിന്തുടർന്ന് ആ സ്ത്രീയും സത്യവിശ്വാസം സ്വീകരിക്കുകയും വിശുദ്ധ ജീവിതം നയിച്ച് സ്വർഗ്ഗോന്മുഖമായി ജീവിക്കുകയും ചെയ്തു.
ഒരു സൗഹൃദം പുഷ്പിക്കുന്നു!
തിരുവിതാംകൂർ രാജ്യത്തോടു ചേർന്നുകിടന്ന ചെറിയ നാട്ടുരാജ്യങ്ങളെയെല്ലാം മാർത്താണ്ഡവർമ്മ മഹാരാജാവ് യുദ്ധം ചെയ്തു പിടിച്ചടക്കി. ഈ അവസരത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ കുളച്ചൽ യുദ്ധത്തിൽ 1741-ൽ ഡച്ചു സൈന്യാധിപനായിരുന്ന ഡിലനായി തടവുകാരനായി പിടിക്കപ്പെട്ടു. ഉത്തമ കത്തോലിക്കനായിരുന്ന ഡിലനാ യിയുടെ ബുദ്ധിസാമർത്ഥ്യം മനസ്സിലാക്കിയ മഹാരാജാവ് അദ്ദേഹത്തെ തന്റെ സൈന്യങ്ങളുടെ അധിപനായി നിയമിച്ചു. അദ്ദേഹം പത്ഭനാഭപുരത്തിനടത്തുള്ള ഉദയഗിരിയിലാണ് താമസിച്ചിരുന്നത്. ഏകദേശം 37 വർഷം അദ്ദേഹം അവിടെ താമസിച്ചു.
വിശ്വാസത്തിലേക്ക്
ഈ സമയത്ത് പത്ഭനാഭപുരം കോട്ടയുടെ നിർമ്മാണച്ചുമതല വഹിച്ചിരുന്ന നീലകണ്ഠ പിള്ള ഡിലനായിയുമായി പരിചയപ്പെടാനിടയായി. ക്രമേണ അവർ ഉറ്റ മിത്രങ്ങളാ യിത്തീർന്നു. ഡിലനായിയിൽ നിന്നും മിശിഹായെയും സത്യവിശ്വാസത്തെയും പറ്റി നീലകണ്ഠ പിള്ള പലതും ഗ്രഹിച്ചു. സത്യദൈവത്തെ അറിയാനുള്ള നീലകണ്ഠ പിള്ളയുടെ ആഗ്രഹം അറിഞ്ഞ ഡിലനായി അദ്ദേഹത്തെ ഒരു കത്തുമായി വടക്കൻ കുളത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ബുട്ടാരിയച്ചന്റെ അടുക്കലേക്ക് അയച്ചു. കത്തു വായിച്ച അച്ചൻ നീലകണ്ഠ പിള്ളയുടെ മാമ്മോദീസ മുങ്ങാനുള്ള ആഗ്രഹം ഉടനെ നടത്തിക്കൊടുത്തില്ല. നീലകണ്ഠ പിള്ളയുടെ സാഹചര്യങ്ങൾ, ഉദ്യോഗവലിപ്പം, സമീപത്തുള്ള ഹിന്ദുക്കളിൽ നിന്നുണ്ടായേക്കാവുന്ന പ്രതികരണവും പ്രതിഷേധവും ഇവയൊക്കെ കണക്കിലെടുത്താണ് അച്ചൻ ഈ തീരുമാനത്തിലെത്തിയത്.
എന്നാൽ ആരുടെയും പ്രേരണ കൊണ്ടല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ക്രിസ്ത്യാനിയാവുന്നതെന്ന് നീലകണ്ഠപിള്ള പറഞ്ഞു. സത്യവിശ്വാസത്തെപ്രതി തനിക്കുള്ളതെല്ലാം – സ്വജീവൻ തന്നെയും – ഉപേക്ഷിക്കാൻ തയ്യാറാണെന്ന നീലകണ്ഠപിള്ളയുടെ വിശ്വാസപ്രഖ്യാപനം അച്ചൻ ശ്രദ്ധിച്ചു. തുടർന്ന് മാമ്മോദീസ സ്വീകരണത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പ്രാർത്ഥനകളുമൊക്കെ പഠിപ്പിക്കുന്നതിനായി ഉപദേശിയായിരുന്ന പ്രകാശംപിള്ളയെ നിയോഗിച്ചു. അതെല്ലാം അദ്ദേഹം പഠിച്ചു. ഒടുവിൽ നീലകണ്ഠപിള്ള കാത്തിരുന്ന സുദിനമെത്തി. 1746 മെയ് 17-ാം തീയതി നീലകണ്ഠപിള്ള മാമ്മോദീസ സ്വീകരിച്ചു മിശിഹായുടെ മൗതിക ശരീരമായ തിരുസ്സഭയിലെ ഒരംഗമായി. ”ദൈവം മാത്രം സഹായമുള്ളവൻ” എന്നർത്ഥം വരുന്ന ‘ദേവസഹായം’ (ലാസർ) എന്ന പേരാണ് നീലകണ്ഠപിള്ള മാമ്മോ ദീസായിൽസ്വീകരിച്ചത്. പ്രകാശംപിള്ളയായിരുന്നു തലതൊട്ടപ്പൻ.
മാമ്മോദീസായ്ക്കു ശേഷം സ്വദേശത്തേക്കു മടങ്ങിയ ദേവസഹായം പിള്ള മിശിഹായുടെ ഒരു ഉത്തമപ്രേഷിതനായി മാറുകയായിരുന്നു. തന്റെ ഭർത്താവിനെ ജീവനേക്കാൾ സ്‌നേഹിച്ചിരുന്ന സഹധർമ്മിണി ബന്ധുജനങ്ങളുടെ പ്രതിഷേധത്തെ വകവയ്ക്കാതെ ബുട്ടായി അച്ചനിൽനിന്നു തന്നെ മാമ്മോദീസ സ്വീകരിച്ചു. ത്രേസ്യാ (ജ്ഞാനപ്പൂ) എന്ന പേരാണ് അവൾക്കു നൽകപ്പെട്ടത്.
തനിക്കു ലഭിച്ച സത്യവെളിച്ചം മറ്റുള്ളവർക്കും പകർന്നുകൊടുക്കാൻ അതിയായി ആഗ്രഹിച്ച ദേവസഹായം പിള്ളയുടെ പ്രവർത്തനഫലമായി നിരവധിയാളുകൾ സത്യവിശ്വാസത്തിലേക്കു കടന്നു വന്നു. വിശ്വാസികളുടെ സംഖ്യ വർദ്ധിച്ചതോടെ ഒരു പുതിയ ക്രൈസ്തവസമൂഹം തന്നെ രൂപമെടുത്തു.
ഒരു മഹോത്സവം
തിരുവിതാംകൂറിൽ അന്ന് ബ്രാഹ്മണമേധാവിത്വത്തിന്റെ കാലം! രാജാവും അവരുടെ സ്വാധീനവലയത്തിലായിരുന്നു. ആയിടയ്ക്ക് മരുതകുളങ്ങര കുടുംബത്തിലും സമീപപ്രദേശങ്ങളിലും നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന കഷ്ടാരിഷ്ടതകളും നാശനഷ്ടങ്ങളും വിപത്തുകളുമെല്ലാം ദേവീകോപത്തിന്റെ ഫലമാണെന്നു ബ്രാഹ്മണർ വ്യാഖ്യാനിച്ചു.സാധുജനങ്ങൾ അതു വിശ്വസിച്ചു. ദേവസഹായവും ഭാര്യയും ക്രിസ്തുമാർഗ്ഗത്തിൽചരിച്ചു തുടങ്ങിയിരുന്നതുകൊണ്ട് ഇതൊന്നും അവരെ സ്പർശിച്ചില്ല. ഇവയൊക്കെ മുഖ്യമായും ജനങ്ങളുടെ അന്ധവിശ്വാസങ്ങളുടെയും അനാചാര ങ്ങളുടെയും ഫലമാണെന്ന് അവർക്കറിയാമായിരുന്നു.
എന്നാൽ ദുരന്തങ്ങൾ ദേവീകോപഫലമാണെന്നു വിശ്വസിച്ച ബ്രാഹ്മണർ ഭദ്രകാളിയുടെ ഒരു വിഗ്രഹം ഒരു മഹോത്സവമായി, പൂജാദി കർമ്മങ്ങളോടുകൂടെ, പുനഃപ്രതിഷ്ഠിക്കണമെന്ന് ശഠിച്ചു. ഈ മഹോത്സവത്തിന് ദേവസഹായംപിള്ളയെ ക്ഷണിച്ചിരുന്നില്ല. എന്നാൽ എങ്ങിനെയും അദ്ദഹത്തെ തിരിച്ചുകൊണ്ടുവരാൻ രഹസ്യമായി അവർ നീക്കങ്ങൾ നടത്തി. വാദപ്രതിവാദങ്ങളിൽ അദ്ദേഹത്തെ തോല്പിക്കാൻ അവർക്കു കഴിഞ്ഞില്ല. അദ്ദേഹം പശ്ചാത്തപിക്കുന്നെങ്കിൽ ഭസ്മം പൂശി അദ്ദേഹത്തെ സ്വീകരിക്കാനും അവർ തീരുമാനിച്ചിരുന്നു.അതനുസരിച്ച് ഉത്സവാവ സരത്തിൽ ഒരു ബ്രാഹ്മണൻ അവിടെ വരാനിടയായ ആ ക്രിസ്തുദാസന്റെ മേൽ ഭസ്മം വിതറി. അദ്ദേഹം പിൻതിരിഞ്ഞ് ”സാത്താനേ, പിന്നിൽപോ” എന്ന് ഉച്ചത്തിൽ വിളിച്ചു
പറഞ്ഞു. ആ ബ്രാഹ്മണൻ കലിതുള്ളി അവിടെനിന്നു പോയി.