വഴിതെറ്റുന്ന വണക്കം

മധ്യകേരളത്തിലെ പ്രശസ്തമായ ഒരു തീർത്ഥാടനകേന്ദ്രത്തിലെ തിരുനാൾ പ്രദ
ക്ഷിണം അത്യാഢംഭരപൂർവ്വം നടക്കുകയാണ്. വിശുദ്ധന്റെ തിരുസ്വരൂപം അനേകർ ചേർന്ന് വഹിക്കുന്നു. പാതി വഴി പിന്നിട്ടപ്പോൾ രൂപക്കൂടിനുള്ളിലെ തിരുസ്വരൂപം കെട്ടിവച്ചിരുന്ന കെട്ടഴിഞ്ഞ് രൂപം ഇളകിത്തുടങ്ങി. പ്രദക്ഷിണത്തിന്റെ കാർമ്മി കനായ വൈദികനെ വിളിച്ച്, രൂപം കെട്ടിവയ്ക്കാൻ കൈക്കാരൻ ആ വൈദികനോട് ആവശ്യപ്പെട്ടു.നിങ്ങൾ തന്നെ ശരിയാക്കിക്കൊള്ളാൻ വൈദികൻ പറഞ്ഞെങ്കിലും അവർ അത് ചെയ്യാൻ തയ്യാറായില്ല. വിശുദ്ധന്റെ തിരുസ്വരൂപത്തിൽ പട്ടം സ്വീകരിച്ച വൈദികനല്ലാതെ മറ്റാരും തൊടാറില്ല. അത്രമേൽ വിശുദ്ധമാണ് ആ തിരുസ്വരൂപം!
കോട്ടയത്തിനു സമീപമുള്ള ഒരു ധ്യാനകേന്ദ്രം. വചനപ്രഘോഷകനായ ബ്രദർ ധ്യാന പ്രസംഗം നടത്തുന്നു. പരി. അമ്മയാണ് പ്രസംഗവിഷയം. ഉൽപത്തി 1, 26-27 വ്യാഖ്യാനിക്കുകയാണ്. നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം എന്ന ദൈവത്തിന്റെ ആലോചന പരി. മറിയത്തോടായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഭാഷ്യം. അതുകൊണ്ടാണ് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പുരുഷനും സ്ത്രീയുമായിത്തീർന്നത് എന്നതായിരുന്നു വ്യാഖ്യാനം. ധ്യാനത്തിൽ പങ്കെടുത്തിരുന്ന ഒരു കുടുംബനാഥൻ ഈ വ്യാഖ്യാനം തെറ്റാണെന്നും അത് തിരുത്തണമെന്നും പറഞ്ഞപ്പോൾ പരി.മറിയം ദൈവത്വത്തിലെ സ്ത്രീത്വമാണെന്നും ദൈവത്തിന്റെ അമ്മയായതിനാൽ ദൈവം തന്നെയാണെന്നും സമർത്ഥിക്കാനാണ് ആ ധ്യാനഗുരു ശ്രമിച്ചത്. ഈ സംഭവങ്ങൾ ലേഖകന്റെ സ്വന്തം അനുഭവങ്ങളാണ് എന്നു കുറിക്കട്ടെ…
കത്തോലിക്കാ സഭ പരി. കന്യകാമറിയത്തെയും വിശുദ്ധരെയും വണങ്ങുന്നു. ഭാരത
ത്തിലെ മാർത്തോമ്മാ നസ്രാണികൾക്ക് പരി.കന്യകാമറിയത്തോട് സവിശേഷമായ ഭക്തിയുണ്ട്. ഈ സഭയുടെ എല്ലാ പുരാതന ദൈവാലയങ്ങളും മർത്ത്മറിയത്തിന്റെ നാമധേയത്തിലാണ് സ്ഥാപിതമായിരിക്കുന്നത്. പരി. കന്യകയുടെ ഒട്ടനവധി തിരുനാളുകളുടെ ആഘോഷങ്ങൾ നമ്മുടെ സഭയുടെ പാരമ്പര്യ സ്വത്താണ്. നമ്മുടെ കുടുംബപ്രാർത്ഥനകളിലും (സന്ധ്യാപ്രാർത്ഥന) വ്യക്തിപരമായ ഭക്താനുഷ്ഠാ നങ്ങളിലും പരി. അമ്മയ്ക്ക് വലിയ സ്ഥാനം നാം നൽകുന്നു. വി. ഗ്രന്ഥം പരി. അമ്മയ്ക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ നാമും പരി. അമ്മയെ ബഹുമാ നിക്കുന്നു, വണങ്ങുന്നു.
എന്നിരുന്നാലും അപകട വഴികളിലൂടെയാണ് നമ്മുടെ മരിയഭക്തിയും വിശുദ്ധരോടുള്ള വണക്കവും ഇന്ന് യാത്രചെയ്യുന്നത് എന്നു പറയാതെ വയ്യ. വഴി മാറിപ്പോകാതിരിക്കാൻ നാം ഏറെ ജാഗ്രത പുലർത്തേണ്ട മേഖലയാണിത്. വിശ്വാസം വഴിതെറ്റുന്നുവോ? അനിയന്ത്രിതമായ ഭക്താഭ്യാസങ്ങൾ യഥാർത്ഥ വിശ്വാസത്തെ വഴിതെറ്റിക്കുന്നുവോ? എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സഭയുടെ വളർച്ച സഭാ മക്കളുടെ വിശ്വാസബോധ്യങ്ങളിലുള്ള വളർച്ചയാണ്. സഭയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെ ലക്ഷ്യവും വിശ്വാസ വളർച്ചയാണ്. ഈ വിശ്വാസ വളർച്ചയ്ക്ക് ഇന്ന് തടസം സൃഷ്ടിക്കുന്നത് സഭയ്ക്ക് പുറമേയുള്ള ശക്തികളെക്കാൾ കൂടുതലായി സഭയ്ക്കുള്ളിലെ വിശ്വാസ അപജയങ്ങളാണെന്ന് നാം തിരിച്ചറിയണം. അവിശ്വാസ ത്തേക്കാൾ ഉപരിയായി അല്പവിശ്വാസവും അർദ്ധവിശ്വാസവും അന്ധവിശ്വാ സവുമാണ് ഇന്ന് നാം നേരിടുന്ന വിശ്വാസവഴിയിലെ വെല്ലുവിളി. അവിശ്വാസ ത്തേക്കാളേറെ ഇവ വിശ്വാസവളർച്ചയ്ക്ക് തടസം സൃഷ്ടിക്കുന്നു, വിശ്വാസെത്ത അപകട വഴികളിലേയ്ക്ക് നയിക്കുന്നു. ഈ സാഹചര്യത്തിലാണ് സഭയുടെ പഠനങ്ങളെ മനസ്സിലാക്കുകയും അതിനനുസരിച്ച് അജപാലന പ്രവർത്തനങ്ങളെയും ആത്മീയ ജീവിതത്തെയും പുനഃപരിശോധിക്കുകയും ചെയ്യേണ്ടത്.
ദൈവാരാധനയെയും വിശുദ്ധരോടുള്ള വണക്കത്തെയും കുറിച്ച് പഠിക്കുമ്പോൾ മൂന്ന് ലത്തീൻ വാക്കുകളാണ് സഭ ഉപയോഗിക്കുന്നത്:
1. ലാത്രിയ (Latria): ദൈവത്തിനും ദൈവത്തിനു മാത്രവും നൽകുന്ന ‘ആരാ
ധന’യെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.
2. ദൂളിയ (Dulia): രക്തസാക്ഷികൾക്കും വിശുദ്ധർക്കും നൽകുന്ന ‘വണക്ക’ത്തെ സൂചിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കുന്നു.
3. ഹൈപ്പർ ദൂളിയ (Hyperdulia): ഈ വാക്കിന്റെ അർത്ഥം ‘ശ്രേഷ്ഠമായ വണക്കം’ എന്നാണ്. പരി. കന്യകാ മറിയത്തിനു നൽകുന്ന വണക്കത്തെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. അതായത് വിശുദ്ധരേയും രക്തസാക്ഷികളെയുംകാൾ ഉയർന്ന വണക്കം പരി. അമ്മയ്ക്ക് സഭ നൽകുന്നു.
സഭാ പഠനങ്ങൾക്ക് വളരെ വ്യക്തമായ ധാരണയുണ്ടെങ്കിലും ഇവ തമ്മിലുള്ള വ്യത്യാസത്തെ മനസ്സിലാകുന്ന വിധമല്ല ഇന്ന് പല വണക്കങ്ങളും ഭക്താഭ്യാസങ്ങളും നടക്കുന്നത് എന്നത് ഇവയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുവാൻ കൂടി നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.
ലേഖനാരംഭത്തിൽ സൂചിപ്പിച്ച സംഭവത്തിൽ വിശുദ്ധന്റെ തിരുസ്വരൂപത്തിൽ സ്പർശിക്കുവാൻ മടിക്കുന്ന/ഭയപ്പെടുന്ന വ്യക്തികൾ എല്ലാ ദിവസവും വി. കുർബാന കൈക്കൊള്ളാൻ/വി. കുർബാനയെസ്പർശിക്കുവാൻ യാതൊരു ഭയപ്പാടും കാട്ടുന്നില്ല. വി. കുർബാന കൈക്കൊള്ളുന്ന വിശ്വാസികൾ വിശുദ്ധന്റെ തിരുസ്വരൂപത്തെ സ്പർശിക്കുവാൻ സാധിക്കാത്തവിധം എന്ത് പ്രത്യേകതയാണ് വി. കുർബാനയെക്കാൾ ഉപരിയായി വിശുദ്ധന്റെ തിരുസ്വരൂപത്തിന് ഉള്ളത് എന്ന് ചിന്തിക്കേണ്ടതാണ്.
ഇത് ചെറിയൊരു ഉദാഹരണം മാത്രം! വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും വിശ്വാസവഴികളെ ഒരു പക്ഷെ വ്യതിചലിപ്പിക്കുന്നതുമായ ആചാരങ്ങളാണ് നമ്മുടെ ഭക്താഭ്യാസങ്ങളിൽ പലതുമെന്ന് പറയാതെ വയ്യ. ആയതിനാൽ വിശുദ്ധരോടുള്ള വണക്കവും ഭക്താഭ്യാസങ്ങളും വിവേകപൂർവ്വം ക്രമീകരിക്കപ്പെടേണ്ടതും ഉപയോഗിക്കപ്പെടേണ്ടതുമാണ്. ദൈവാരാധനയും (Latria) വണക്കവും (Dulia & Hyperdulia) തമ്മിലുള്ള വ്യതിരക്തത വിശ്വാസികൾക്ക് വ്യക്തമാകത്തക്കവിധമായിരിക്കണം അവ ക്രമീകരിക്ക പ്പെടേണ്ടത്. പരി. ത്രിത്വത്തിനും പരി. കുർബാനയ്ക്കും സഭ ആരാധന സമർപ്പി ക്കുമ്പോൾ പരി. അമ്മയ്ക്കും വിശുദ്ധർക്കും വണക്കവും ആദരവുമാണ് അർപ്പി ക്കുന്നത്. ആരാധനയ്ക്കായി ദൈവാലയത്തിൽ എത്തിച്ചേരുന്ന ഒരു വിശ്വാസി അതിമനോഹരമായി വർണ്ണ വിളക്കുകളാലും മറ്റും അലങ്കരിക്കപ്പെട്ടിരിക്കുന്ന വിശുദ്ധരുടെ തിരുസ്വരൂപവും സാധാരണമായ ഒരു മേശപോലെ കാണപ്പെടുന്ന വി. ബലിപീഠവും കാണുമ്പോൾ ആരാധനാ ചിന്തകളെല്ലാം തിരുസ്വരൂപത്തിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നുവെങ്കിൽ, നമ്മുടെ ദൈവാലയങ്ങൾ പ്രധാനമായും ദൈവാരാധനയ്ക്ക് അനുയോജ്യമായ വിധം ക്രമീകരിക്കപ്പെടേണ്ടതല്ലേ.
പരി. കുർബാന വളരെ സാധാരണമായി അർപ്പിക്കപ്പെടുകയും അതോടനു ബന്ധിച്ചുള്ള വണക്കത്തിനും നൊവേനയ്ക്കും മദ്ബഹായിലെ എല്ലാ തിരികളും കത്തിക്കുകയും ധൂപവും ഗായകസംഘവും നൊവേനയ്ക്കു മാത്രമായി ക്രമീകരി ക്കുകയും ചെയ്യുമ്പോൾ ദൈവാരാധനയും വിശുദ്ധരോടുള്ള വണക്കവും തമ്മിലുള്ള വ്യത്യാസം നേർവിപരീതമായ ചിന്തകളിലേക്കല്ലേ വഴിതെളിക്കുന്നത്. ദൈവാരാധനയ്ക്കുള്ള പ്രാധാന്യം നഷ്ടപ്പെടുത്തി വിശുദ്ധരോടുള്ള വണക്കത്തിനു പ്രാധാന്യം നൽകുന്നത് വിശ്വാസവഴിയിലെ അപകടകരമായ യാത്രയാണ്. നമ്മുടെ ഭവനങ്ങളിലെ പ്രാർത്ഥനാമുറിയിൽ പരി. അമ്മയുടെയോ വിശുദ്ധരുടെയോ വലിയ ചിത്രങ്ങൾ പ്രധാന ഭാഗത്ത് മനോഹരമായി അലങ്കരിച്ച് വയ്ക്കുകയും എന്നാൽ നമ്മുടെ കർത്താവിന്റെ ചിത്രം പ്രധാന സ്ഥാനത്തു നിന്ന് അകന്നിരിക്കുന്നതായും പല ഭവനങ്ങളിലും കണ്ടിട്ടുള്ളതാണ്. ഇതും പുനഃക്രമീകരി ക്കേണ്ടതല്ലേ.കർത്താവിന്റെ ദിവസമായ ഞായറാഴ്ചയുടെ ആചരണത്തെ വിസ്മരിച്ചുകൊണ്ട് വിശുദ്ധരുടെ തിരുനാളുകൾ അത്യാഘോഷമായി നടത്തുന്നതും വിശുദ്ധരോടുള്ള വണക്കത്തിന്റെ പേരിൽ ദൈവാരാധനയ്ക്ക് നൽകേണ്ട ഒന്നാം സ്ഥാനം നഷ്ട പ്പെടുത്തുന്നോ എന്ന് പുനഃപരിശോധന ചെയ്യേണ്ടതാണ്.
വിശുദ്ധരോടുള്ള വണക്കം വിശുദ്ധരുമായി ബന്ധപ്പെട്ട വസ്തുക്കൾ വണങ്ങുന്ന
തിലേക്ക് മാത്രമായി അധഃപതിച്ചിരിക്കുന്നു.മാതാവിനോടുള്ള ഭക്തി ജപമാല എന്ന പ്രാർത്ഥനാ ഉപകരണത്തോടുള്ള ഭക്തിയായും മാർ യൗസേപ്പിനോടുള്ള ഭക്തി ഒരു
പ്രത്യേക രൂപത്തോടുള്ള ഭക്തിയായും വി.സെബസ്ത്യാനോസിനോടുള്ള ഭക്തി അമ്പിനോടുള്ള ഭക്തിയായും നാം വിലകുറച്ചിരിക്കുന്നു. വിശുദ്ധരുടെ ജീവിത മാതൃക ഉൾക്കൊള്ളാനാണ് പ്രധാനമായും തിരുസഭാമാതാവ് അവരെ ഉയർത്തിക്കാട്ടുന്നത്, ഒപ്പം അവരുടെ മാധ്യസ്ഥ്യ സഹായം ലഭിക്കാനും വിശുദ്ധരെ അനുകരിക്കുന്നതുവഴിയല്ലേ നാം അവരെ ബഹുമാനിക്കേണ്ടത്. അവരുടെ ജീവിതമാതൃക അനുകരിക്കുന്നതല്ലേ അവരെ പ്രസാദിപ്പിക്കുന്നത്. അതുവഴി അവരുടെ മാധ്യസ്ഥ്യ സഹായവും നമുക്കു ലഭ്യമാകുന്നു. ആകയാൽ വിശ്വാസ വഴികളിലെ ഈ അപകടങ്ങൾ തിരിച്ചറിഞ്ഞ് സഭയുടെ യഥാർത്ഥ വിശ്വാസവഴികളിൽ സഞ്ചരിച്ച് സഭയുടെ വളർച്ചയിൽ പങ്കാളികളാവാൻ
നമുക്ക് പരിശ്രമിക്കാം.