വേദപുസ്തകത്തിൽ കാണുന്ന പ്രവാചകന്മാർ ഏറെ പ്രത്യേകതയുള്ളവരായിരുന്നു. സാധാരണഗതിയിൽ പ്രവാചകന്മാരെ ‘മുൻകൂട്ടി കാര്യങ്ങൾ വെളിപ്പെടുത്തുന്നവർ’ എന്ന രീതിയിലാണ് ആളുകൾ മനസ്സിലാക്കുന്നത്. എന്നാൽ ബൈബിളിലെ പ്രവാ
ചകന്മാർ ഭാവി മുൻകൂട്ടി പറയുന്നവരായിരുന്നില്ല; മറിച്ച് ദൈവസന്ദേശവും ദൈവഹിതവും വെളിപ്പെടുത്തുന്നവരായിരുന്നു (Prophet is not a foreteller but forth-teller). ദൈവഹിതത്തെ സന്ദേഹമില്ലാതെ ധൈര്യപൂർവ്വം സാക്ഷിക്കുന്നവരാണ് പ്രവാചകർ. പവ്വത്തിൽ പിതാവിന്റെ ജീവിതം പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന വസ്തുതയും ഇതുതന്നെയാണ്. കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടുള്ള പിതാവിന്റെ പ്രതികരണങ്ങൾ പ്രവാചക നിഷ്ടയിലും ശൈലിയിലും ദൗത്യത്തിലുമാണ്.
പ്രവാചകൻ ദൈവത്തിന്റെ ജിഹ്വ
പ്രവാചകത്വം ദൈവത്തിന്റെ സവിശേഷമായ സ്പർശമാണ്. ഏശയ്യാ പ്രവാചകന്റെ നാവിൽ കൊടിൽകൊണ്ട് തീക്കനൽ സ്പർശിച്ച് പ്രവാചക ദൗത്യം നല്കാൻ ദൂതനെ അയച്ചവനാണ് ദൈവം. ദൈവത്തിന്റെ നാവായി ലോകത്തിൽ വർത്തിക്കാനും ജനത്തിന്റെ നാവായി ദൈവതിരുമുമ്പിൽ വ്യാപരിക്കാനുമാണ് തന്റെ ഇടയനടുത്ത ശുശ്രൂഷയിൽ പിതാവ് ശ്രദ്ധിക്കുന്നത്. അളന്നു തൂക്കിയുള്ള സംസാരശൈലിയാണ് പിതാവിന്റേത്. അഭിവന്ദ്യ ക്രിസോസ്തം വലിയ മെത്രാപ്പോലീത്താ പവ്വത്തിൽ പിതാവിനെക്കുറിച്ച് പറഞ്ഞത് ‘പറയേണ്ടത് പറയും; പറയേണ്ടതു മാത്രം പറയും’ എന്നാണ്. കഴിഞ്ഞ ഒൻപതു പതിറ്റാണ്ടിന്റെ ജീവിതകാലയളവിനുള്ളിൽ പിതാവിന് ഒരിക്കൽപോലും താൻ പറഞ്ഞ വാക്ക് പിൻവലിക്കേണ്ടി വന്നിട്ടില്ല. ദൈവത്തിന്റെ നാവായി, ദൈവത്തിന്റെ സന്ദേശം മാത്രം ജീവിത സാഫല്യമായി കരുതിയതിന് ദൈവം നല്കിയ സമ്മാനമാണിത്.
സത്യത്തിലും സ്‌നേഹത്തിലും
പിതാവിന്റെ ഇടയനടുത്ത ശുശ്രൂഷയിൽ ആപ്തവാക്യമായി തിരഞ്ഞെടുത്തത് ‘സത്യത്തിലും സ്‌നേഹത്തിലും’ എന്ന വാക്യമാണ്. പ്രവാചകൻ അപ്രിയ സത്യങ്ങൾ നിർഭയം പ്രഘോഷിക്കുന്നവനാണ്. സത്യത്തിനുവേണ്ടി എന്തു ത്യാഗവും ചെയ്യാൻ പിതാവ്തയ്യാറാണ്. രൂക്ഷമായ വിമർശനങ്ങൾക്കൊന്നും അദ്ദേഹത്തിന്റെ നില പാടുകളെ മയപ്പെടുത്താനോ വ്യതിചലിപ്പിക്കാനോ കഴിഞ്ഞില്ല. കാരണം സത്യ ത്തിനുവേണ്ടി നിലകൊള്ളുന്ന പ്രവാചകന്റെ മനസ്സാണ് പിതാവിനുള്ളത്. ജനപ്രീതി നോക്കി പിതാവ് ഒരിക്കലും പ്രതികരിച്ചിട്ടില്ല. ഭൂരിപക്ഷത്തിന് സുഖിക്കുന്നതോ സുഖിക്കാത്തതോ എന്നും ചിന്തിക്കാറില്ല.
സത്യത്തിനുവേണ്ടി നിലകൊള്ളുമ്പോഴും തൂലിക ചലിപ്പിക്കുമ്പോഴും എതിർ ചേരിയെ ആദരവോടെ കാണുന്ന പിതാവ് തന്റെ ആപ്തവാക്യത്തെ മുറുക്കുമ്പോഴും സ്‌നേഹം കൊണ്ട് അയയ്ക്കുമായിരുന്നു. അഭിപ്രായങ്ങളിലും നിലപാടുകളിലും ഭിന്നാഭിപ്രായമുള്ളവരുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്ന പിതാവ് സ്‌നേഹം എന്ന അടിസ്ഥാന സുവിശേഷത്തിൽ ജീവിക്കുന്ന വ്യക്തിയാണ്. ആശയങ്ങളിലെ പൊരുത്തക്കേട് ഒരിക്കൽ പോലും വ്യക്തിവിരോധത്തിലേക്ക് വന്നു കണ്ടിട്ടില്ല. പിതാവിന്റെ വ്യക്തിപരമായ സ്‌നേഹം അനേകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. മിഷൻ ലീഗിലെ കുട്ടികൾ അയക്കുന്ന കത്തുകൾക്കുപോലും വ്യക്തിപരമായി മറുപടി നല്കുന്ന പിതാവ് സ്‌നേഹം ചോർന്നുപോകാതെ ധീരമായി സത്യത്തിനുവേണ്ടി പോരാടുന്ന ആദർശരൂപമാണ്.
ശാന്തനും ധീരനുമായ പ്രവാചകൻ
തെറ്റിദ്ധരിപ്പിക്കപ്പെട്ടപ്പോഴും പരിഹസിക്കപ്പെട്ടപ്പോഴും ഈശോയുടെ മുഖം ശാന്ത മായിരുന്നു, പക്ഷേ ധീരവും. സഭയിൽ നിന്നും പുറത്തു നിന്നും വിമർശനങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്നപ്പോഴും പിതാവ് ശാന്തനായിരുന്നു. തന്റെ നിലപാടു
കളിൽ ധീരനും. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുപോലും അദ്ദേഹത്തെ പ്രകോപിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് കാലം തെളിയിച്ച സത്യമാണ്. അടിസ്ഥാനരഹിതങ്ങളായ വിമർശനങ്ങളും ആക്ഷേപങ്ങളും യുക്തിരഹിതവും പൊള്ളത്തരങ്ങളുമായിരുന്നെന്ന് കാലം ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു. ദൈവഹിതം നിവർത്തിക്കുമ്പോൾ ഏറ്റെടുക്കേണ്ടി വരുന്ന സഹനങ്ങൾ പ്രവാച കർക്ക് ശാന്തതയും ധീരതയും പകരുന്നതായാണ് വേദപുസ്തകത്തിലെ സന്ദേശം.
ജീവിതം വില നൽകിയ പ്രവാചകൻ
കനത്ത വില നല്‌കേണ്ടവനാണ് പ്രവാചകൻ. ശിരസ്സ് ഛേദിക്കപ്പെട്ടേക്കാം, അകാ ലത്തിൽ മൃത്യു വരിക്കപ്പെട്ടേക്കാം, ജീവിക്കുന്ന രക്തസാക്ഷിയായി മാറിയേക്കാം. പ്രവാചകത്വത്തിന്റെ സമ്പൂർണ്ണത നാം ഈശോയിൽ കാണുമ്പോൾ അവൻ സ്വ ജീവിതം ബലിയായി നല്കിയവനാണ്. ജനകീയ പിന്തുണക്കും, ലഭിക്കാമായിരുന്ന പല സ്ഥാനമാനങ്ങൾക്കുംവേണ്ടി നിലപാടുകളിൽ വെള്ളം ചേർക്കാത്ത പ്രവാ ചകനാണ് പവ്വത്തിൽ പിതാവ്. എനിക്ക് ജീവിതം മിശിഹായെന്നു പറഞ്ഞ ശ്ലീഹാ യെപ്പോലെ തന്റെ ജീവിതം മിശിഹായ്ക്കും അവന്റെ സഭയ്ക്കും നല്കിയ കാല ഘട്ടത്തിന്റെ പ്രവാചകനാണ് പിതാവ്. ‘ഓർമ്മ പുസ്തകം’ എന്ന തന്റെ ആത്മകഥാ പരമായ കുറിപ്പിൽ പിതാവ് ഓർത്തു പറയുന്ന കാര്യം കാഞ്ഞിരപ്പള്ളിയിൽ നിന്ന് ചങ്ങനാശേരിയിലേക്ക് യാത്രയായപ്പോൾ ആരോ ചെവിയിൽ പറഞ്ഞത്രേ ‘ചങ്ങനാശേരി ജീവിതം രക്തസാക്ഷിത്വത്തിന്റെ ജീവിതമാകും’. അക്ഷരാർത്ഥത്തിൽ അത് ശരിയായിരുന്നു എന്ന് പിതാവ് പലപ്പോഴും എന്നോട് പറഞ്ഞിട്ടുമുണ്ട്. ജീവിച്ചിരിക്കുമ്പോൾ തെറ്റിദ്ധരിക്കപ്പെടുക രക്തസാക്ഷിത്വമല്ലാതെ എന്താണ്!
ഉറങ്ങാത്ത കാവൽക്കാരൻ
പുലർച്ചെ ഉണരുന്ന പിതാവ് തന്റെ ആത്മീയ ദിനചര്യകൾ കഴിഞ്ഞാൽ ഒൻപതോളം പത്രങ്ങൾ വായിക്കും. അതുകൊണ്ട് തന്നെ ഓരോ സംഭവങ്ങളോടുമുള്ള പിതാവിന്റെ പ്രതികരണങ്ങൾക്ക് ഈ തലമുറ കാതോർക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ ധ്വംസിക്കപ്പെട്ടപ്പോഴെല്ലാം പവ്വത്തിൽ പിതാവ് തന്റെ തൂലികയ്ക്ക് മൂർച്ചകൂട്ടി. മതത്തെക്കുറിച്ചും വ്യക്തമായ ബോധ്യത്തോടെ സമൂഹത്തോട് സംവദിക്കാനുള്ള കഴിവാണ് പിതാവിനെ ഈ കാലഘട്ടത്തിന്റെ പ്രവാചകനാക്കി മാറ്റുന്നത്. ഭരണഘടന (Constitution), നീതിന്യായ വ്യവസ്ഥിതി (Judiciary), ഭരണനിർവ്വഹണത്തിനുള്ള ഉദ്യോഗസ്ഥ വ്യവസ്ഥിതി (Bureaucracy), മാധ്യമങ്ങൾ (Media), അഭിപ്രായസ്വാതന്ത്ര്യം (Freedom of Expression) എന്നിവയെ പ്രവാചക പാടവത്തോടെ തന്റെ മൂർച്ചയുള്ള തൂലികകൊണ്ട് കോടികെട്ടി സംരക്ഷിച്ച കാലഘട്ടത്തിന്റെ ജാഗ്രതയുള്ള കാവൽക്കാരനാണ് അഭി. പിതാവ്. ജീവിക്കുന്ന കാലഘട്ടത്തിന്റെ അടയാളങ്ങളുടെ ദൈവികമാനം വെളിപ്പെടു ത്തുന്നവനും ആ വഴി നടക്കാൻ മാതൃക കാണിക്കുന്നവനുമാണ് പ്രവാചകൻ. എങ്കിൽ ഈ കാലഘട്ടത്തിൽ അതാണ് പവ്വത്തിൽ പിതാവ്. നവതിയിലേക്ക് പ്രവേശിക്കുന്ന പിതാവിന് ആശംസകൾ നേരുന്നു.