കത്തോലിക്കാവിശ്വാസം ചോദ്യോത്തരങ്ങളിലൂടെ – 10

0
570

ചോദ്യം: നമ്മുടെ കർത്താവായ ഈശോമിശിഹാ പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ ‘ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടു ത്തരുതേ’ എന്ന തർജ്ജമ ശരിയല്ലെന്നും അതിനുപകരം ‘ഇനിമുതൽ പ്രലോഭനത്തിൽ ഉൾപ്പെടുവാൻ ഞങ്ങളെ അനുവദിക്കരുത്’ എന്നുമാണ് വേണ്ടതെന്ന് ഫ്രാൻസിസ് മാർപ്പാപ്പാ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി കണ്ടു. ഇതിനെക്കുറിച്ച് പിതാവ് വിശദീകരിച്ചാൽ നന്നായിരുന്നു.
ഉത്തരം: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയുടെ ഇംഗ്ലീഷ്പ രിഭാഷയിലെ lead us not into temptation എന്നും മറ്റ് യൂറോപ്യൻ ഭാഷകളിലെ സമാനമായ പരിഭാഷകളും സംശയം ഉളവാക്കുന്നവയാണ്. ദൈവമാണ് നമ്മളെ പ്രലോഭനത്തിലേയ്ക്കു നയിക്കുന്നത് എന്ന ഒരു ധ്വനി അതിനുണ്ട് എന്നാണ് മാർപ്പാപ്പാ പറഞ്ഞത്. മലയാളത്തിൽ ‘ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ’ എന്ന വാചകത്തിന് അങ്ങനെയൊരു ധ്വനി പ്രകടമായി കാണാൻ സാധിക്കുകയില്ല. മാർപ്പാപ്പാ ഇതൊരു ഔദ്യോഗിക നിർദ്ദേശമായി പറഞ്ഞതല്ല. ഒരു വചന വ്യാഖ്യാ നത്തിന്റെ അവസരത്തിൽ നമ്മൾ ഈ വാചകത്തിന്റെ ശരിയായ ധ്വനി ഉൾക്കൊള്ളണം എന്നു മാത്രമാണ് മാർപ്പാപ്പാ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ലോകത്ത് ഒരിടത്തും തിരുത്തലുകൾ നടത്തിയിട്ടില്ല. ബൈബിൾ വചനങ്ങൾ തിരുത്താൻ സാധിക്കുന്നവയല്ലല്ലോ.
ചോദ്യം: തനതായ ആരാധനാ പാരമ്പര്യമുള്ള സീറോ മലബാർ സഭയുടെ പാരമ്പര്യം, വിശ്വാസം, മാർത്തോമ്മാ സ്ലീവാ എന്നിവയെക്കുറിച്ച് സഭയിലെ തന്നെ പിതാക്കന്മാർ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടെന്നും പ്രാധാന്യം നൽകേണ്ടത് വിശ്വാസ ത്തിനാണെന്നും സൂചിപ്പിച്ചുകൊണ്ട് ലേഖനങ്ങൾ പല മാധ്യമങ്ങളിലും പ്രത്യക്ഷ പ്പെട്ടിരുന്നു. ഇക്കാര്യത്തിൽ നമ്മുടെ കാഴ്ചപ്പാട് വിശദീകരിക്കാമോ?
ഉത്തരം: പാരമ്പര്യത്തെയും വിശ്വാസത്തെയും വ്യത്യസ്തമായി കാണുന്ന തുകൊണ്ടാണ് ഈ പ്രശ്‌നം സംഭവിക്കുന്നത്. സഭയുടെ പാരമ്പര്യം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു കൈമാറപ്പെടുന്ന ഒന്നായി കണക്കാക്കരുത്. ഇത് ദൈവീകമായ കൈമാറ്റമാണ്. പരിശുദ്ധാത്മാവാണ് ഈ കൈമാറ്റത്തിന്റെ ചാലകം. സഭയുടെ വിശ്വാസം പ്രകടിപ്പിക്കുന്നത് അവളുടെ പാരമ്പര്യങ്ങളിൽ കൂടെയാണ്. പാരമ്പര്യവും വിശ്വാസവും രണ്ടല്ല ഒന്നു തന്നെയാണ്. പാരമ്പര്യം ദൈവത്തിൽ നിന്ന് ഉത്ഭവിക്കു ന്നതാണ്. അതിന്റെ ഉറവിടത്തെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ വിശദമായി പഠിപ്പിക്കുന്നുണ്ട്. ശ്ലീഹന്മാർ തങ്ങൾക്കു ലഭിച്ചത് ഭരമേല്പിച്ചുകൊണ്ട് വിശ്വാസികളെ അനുശാസിക്കുന്നത് പ്രസംഗം മൂലമോ ലേഖനം മൂലമോ അവർ പഠിപ്പിച്ച പാരമ്പര്യങ്ങൾ മുറുകെ പിടിക്കാനാണ് (2 തെസ. 2, 15). മാത്രമല്ല, എന്നേക്കുമായി ഏല്പിക്കപ്പെട്ടിരിക്കുന്നവയ്ക്കുവേണ്ടി സമരം ചെയ്യാൻ കൂടെയാണ് (യൂദാ 3, DV. 8). ശ്ലീഹന്മാരിൽ നിന്നുള്ള ഈ പാരമ്പര്യം പരിശുദ്ധാരൂപിയുടെ സഹായത്താൽ സഭയിൽ വളർന്നുകൊണ്ടിരിക്കുന്നു (DV. 8). വിശുദ്ധ പാരമ്പര്യങ്ങളും വിശുദ്ധ ലിഖിതങ്ങളും… ഒരേ ദൈവിക ഉറവിടത്തിൽ നിന്ന് ഒഴുകി ഒരുവിധത്തിൽ ഒന്നായി ചേർന്ന് ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു DV. 9). വിശുദ്ധ പാരമ്പര്യവും തിരുലിഖിതങ്ങളും സഭയ്ക്ക് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഒരേയൊരു ദൈവവചനത്തിന്റെ ഭണ്ഡാഗാരമാണ് DV. 10). ഇവയെല്ലാം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവാവിഷ്‌കരണം എന്ന ഡോഗ്മാറ്റിക് കോൺസ്റ്റിറ്റിയൂഷനിൽ പറയുന്ന കാര്യങ്ങളാണ്.
ചോദ്യം: ചങ്ങനാശേരി അതിരൂപതയിലെ പള്ളികളിൽ പരി. കുർബാനയുടെ സമാപന സമയത്ത് മദ്ബഹായുടെ വലതുവശത്തു നിന്നുകൊണ്ടാണല്ലോ കാർമ്മികൻ ആശീർവാദം നല്കുന്നത്. ഈ രീതി അവലംബിക്കാനുള്ള കാരണം വിശദീകരിക്കാമോ
ഉത്തരം: പരി. കുർബാന ഈശോയുടെ ജീവിതം മുഴുവന്റെയും അനുസ്മരണമാണ്. മനുഷ്യാവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള എല്ലാ കാര്യങ്ങളും, എല്ലാ രക്ഷാകര രഹസ്യങ്ങളും പരി. കുർബാനയിൽ അനുസ്മരിക്കുന്നു. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി എന്ന മാലാഖാമാരുടെ കീർത്തനം ആലപിച്ച് ഈശോയുടെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് ആരംഭിക്കുന്ന പരി. കുർബാന ഈശോയുടെ ഈ ഭൂമിയിലെ അവസാന സംഭവമായ സ്വർഗ്ഗാരോഹണത്തെ അനുസ്മരിച്ചുകൊണ്ട് അവസാനിക്കുന്നു. സമാപന ആശീർവാദം ഈശോ സ്വർഗ്ഗാരോഹണം ചെയ്ത് പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി ഇന്നും നമ്മുടെ മേൽ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന ആശീർവാദത്തെയാണ് സൂചിപ്പിക്കുകയും നൽകുകയും ചെയ്യുന്നത്. ബലിപീഠത്തിന്റെ വലതുവശം മിശിഹായുടെ സ്ഥാനമായി കരുതപ്പെടുന്നു. ”അവൻ അവരെ ബഥാനിയായ വരെ കൂട്ടിക്കൊണ്ടു പോയി കൈകളുയർത്തി അവരെ അനുഗ്രഹിച്ചു കൊണ്ടിരിക്കെ അവൻ അവരിൽ നിന്നും മറയുകയും സ്വർഗ്ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു” (ലൂക്ക24,50-51). ”ഈശോ ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടു” (ശ്ലീഹ. നട. 2,33). എന്നെല്ലാം നാം വചനത്തിൽ വായിക്കുന്നു. അതിനാലാണ് മദ്ബഹായുടെ വലതുവശത്തു നിന്ന് കാർമ്മികൻ ആശീർവാദം നല്കുന്നത്. മാത്രമല്ല ഈശോയുടെ ഉത്ഥാനത്തിന്റെ തെളിവുകളിൽ ഒന്നാണ് ശൂന്യമായ കല്ലറ. ശൂന്യമായ കല്ലറയാണ് ശ്ലീഹന്മാരെ വിശ്വാസത്തിലേക്കു നയിച്ചത്. ബലിപീഠം മിശിഹായുടെ കല്ലറയെ സൂചിപ്പിക്കുന്നു. അതിനാൽ വിശ്വാസികൾ ബലിപീഠത്തെ അഥവാ മിശിഹായുടെ കല്ലറയെ വ്യക്തമായി കാണുന്നതിനുവേണ്ടി കൂടിയാണ് കാർമ്മികൻ ആശീർവാദസമയത്ത് വലതുവശത്തേക്ക് മാറി നിൽക്കുന്നത്. ശൂന്യമായ സ്ലീവായും മിശിഹായുടെ ഉത്ഥാനത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.
ചോദ്യം: നമ്മുടെ സഭയുടെ അഭിമാനസ്തംഭങ്ങളും ചരിത്ര സ്മാരകങ്ങളുമായ
പള്ളികളെക്കുറിച്ചുള്ള അറിവുകൾ മുതിർന്നവർക്കും കുട്ടികൾക്കും പകർന്നു നൽകുന്നതിന് എന്തെങ്കിലും പദ്ധതികൾ ഉള്ളതു നല്ലതല്ലേ?
ഉത്തരം: നമ്മുടെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്. പക്ഷേ നമ്മുടെ സമൂഹത്തിന് ചരിത്രത്തെക്കുറിച്ച് കാര്യമായ അവബോധമില്ല എന്നത് വേദനാജ നകമായ വസ്തുതയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ പല പള്ളികളും പുനരുദ്ധാ രണത്തിനുവേണ്ടി പൊളിച്ചുകളഞ്ഞിട്ടുണ്ട്. പലപുരാതന ഗ്രന്ഥങ്ങളുംതാളിയോലകളു
മൊക്കെ പ്രാധാന്യം മനസ്സിലാക്കാതെ നശിപ്പിച്ചു കളഞ്ഞിട്ടുണ്ട്. പലപള്ളികളിലെയും പഴയ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഇതുപോലെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇവയൊക്കെ ഈ സഭാസമൂഹം നൂറ്റാണ്ടുകളായി ഇവിടെ ഉണ്ട് എന്നുള്ളതിന് വ്യക്തമായ തെളിവുകളാണ്. ചരിത്രം അറിയാത്തവർക്ക് ഇവയുടെ മൂല്യം മനസ്സിലാവുകയില്ല എന്നതാണ് ഇവ നശിപ്പിക്കപ്പെടുന്നതിനു പ്രധാന കാരണം. അതിനാൽ ചരിത്രം കൂടുതലായി എല്ലാവർക്കും – കുട്ടികൾക്കും മുതിർന്നവർക്കും –
പകർന്നു കൊടുക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണ് പഞ്ചവത്സര അജപാലന പദ്ധതിയിൽ കഴിഞ്ഞ വർഷത്തെ പഠനവിഷയമായി സഭാചരിത്രം ഉൾപ്പെടു ത്തിയിരുന്നത്.ചരിത്രപ്രാധാന്യമുള്ള പള്ളികളിലേക്കും സ്ഥലങ്ങളിലേക്കും സൺഡേ സ്‌കൂളുകളും സംഘടനകളും ഇടവകകളും ഒക്കെ തീർത്ഥാടനങ്ങൾ നടത്തുകയും അവയുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്യണം.
ചോദ്യം: ഇന്നത്തെ വാർത്താ ചാനലുകളിലെ പ്രധാനപ്പെട്ട ഒരു ഇനമാണല്ലോ ചർച്ചകൾ. സഭാപരവും സാമൂഹികവും മതപരവും രാഷ്ട്രീയപരവും ധാർമ്മി കവുമായ വിഷയങ്ങളിലുള്ള ചർച്ചകളിൽ പങ്കെടുത്ത് അന്തസ്സായ രീതിയിൽ സഭയെ പ്രതിനിധീകരിച്ച് മറുപടി പറയുന്നതിന് നമ്മുടെ ഒരു ടീമിനെ പരിശീലിപ്പിക്കുന്നത് നല്ലതല്ലേ?
ഉത്തരം: നമ്മുടെ സീറോ മലബാർ സഭയിൽ ഒരു മീഡിയ കമ്മീഷൻ രൂപീ കരിച്ചിട്ടുണ്ട്. അഭി. മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ നേതൃത്വത്തിൽ ഇത് പ്രവർത്തിച്ചുവരുന്നു. ഈ കമ്മീഷന്റെ അംഗങ്ങളെ ചാനൽ ചർച്ചകളിലും മറ്റും സഭയുടെ ഔദ്യോഗിക നിലപാടുകൾ വിശദീകരിക്കുന്നതിന് ക്ഷണിക്കാവുന്നതാണ്. എന്നാൽ പല ചാനലുകാരും തങ്ങൾക്ക് താല്പര്യമുള്ളവരെ മാത്രമാണ് ക്ഷണിക്കുന്നത്. അവർ പറയുന്ന കാര്യങ്ങൾ സഭയുടെ നിലപാടുകളായി തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്.