സാർവ്വത്രിക വെളിപാടുകളും പ്രത്യേക വെളിപാടുകളും

0
574

പൊതു വെളിപാടുകൾ സാർവ്വത്രികമായും പ്രത്യേകമായും നൽകപ്പെട്ടിട്ടുണ്ട്. സാർവ്വത്രിക വെളിപാടുകളിലൂടെയുള്ള ദൈവാവിഷ്‌കരണമാണ് കഴിഞ്ഞ ലക്കത്തി ൽ നാം മനസ്സിലാക്കിയത്. സാർവ്വത്രിക വെളിപാടുകൾ പ്രപഞ്ചരഹസ്യങ്ങളിൽ നിന്ന് വായിച്ചെടുക്കാമെങ്കിൽ സവിശേഷമായി നൽകപ്പെട്ടിട്ടുള്ള വെളിപാടുകൾ ഓരോ ജനതകളിൽ നിന്നും മനസ്സിലാക്കേണ്ടതുണ്ട്. ദൈവത്തിന്റെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ മനുഷ്യന് തന്റെ സ്വാഭാവിക ബുദ്ധി ഉപയോഗിച്ച് സാർവ്വത്രിക വെളിപാടുകളിൽ നിന്ന് ദൈവത്തെ നിസ്സംശയം അറിയാൻ കഴിയും. എന്നിരുന്നാലും, മനുഷ്യന്റെ ധിഷണാശക്തികൾക്ക് അപ്രാപ്യമായ മറ്റൊരു വിജ്ഞാനത്തിന്റെ മണ്ഡലം കൂടെയുണ്ട് (CCC 60). ഇതാണ് സവിശേഷമായി നൽകപ്പെട്ടിട്ടുള്ള അതി സ്വാഭാവിക വെളിപാട്. എന്താണ് ഈ പ്രത്യേക വെളിപാടുകൾ; ആർക്കാണ് ഇവ ലഭി ച്ചിട്ടുള്ളത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കാം.
എന്തൊക്കെയാണ് ഈ പ്രത്യേക വെളിപാടുകൾ?
കത്തോലിക്കാ തിരുസ്സഭ വിശ്വസിക്കുകയും തെന്ത്രോസ് സൂനഹദോസ് അസന്നിഗ്
ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഈ സവിശേഷമായ വെളിപാടുകൾ വിശുദ്ധ ഗ്രന്ഥത്തിലും വിശുദ്ധ പാരമ്പര്യത്തിലും മാത്രമാണ് അടങ്ങിയിരിക്കുന്നത് എന്നാണ് (Pontifical council for promoting Christian unity, towards a statement on the Church, 47, Nairobi 1986).
ആർക്കാണ് പ്രത്യേക വെളിപാടുകൾ ലഭിച്ചത്?
പഴയനിയമകാലഘട്ടത്തിലാണ് ഈ പ്രത്യേക വെളിപാടുകൾ ആരംഭിച്ചത്. ”പൂർവ്വ
കാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്.” (ഹെബ്ര 1, 1). ദൈവം ഇസ്രായേലിനെ തന്റെ ജനമായി രൂപപ്പെടുത്തുകയും തന്റെ നിയമം പ്രവാചകന്മാർ മുഖേന അവരെ പഠിപ്പിക്കുകയും ചെയ്തു. അവസാനം പിതാവ് പ്രവചനങ്ങളുടെ പൂർത്തീകരണമായി തന്റെ പുത്രനെ രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാൻ ഭൂമിയിലേക്കയച്ചു. മിശിഹാ, പന്ത്രണ്ട് ശ്ലീഹന്മാരെ തന്റെ പ്രത്യേക സാക്ഷികളായി തെരഞ്ഞെടുക്കുകയും അവർക്ക് അവന്റെ ആത്മാവിന്റെ പ്രചോദനം വാഗ്ദാനം ചെയ്ത് ലോകത്തിലെല്ലായിടത്തും സുവിശേഷം പ്രഘോഷിക്കാൻ അയയ്ക്കുകയും ചെയ്തു. ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാന്മാരിൽ അധിഷ്ഠിതമായ പ്രബോധ നാധികാരംവഴിയാണ് ഈ പ്രത്യേക വെളിപാടുകൾ സൂക്ഷിക്കപ്പെടുന്നത്.
ഇസ്രായേലിനു മാത്രമാണോ പ്രത്യേക വെളിപാടുകൾ നൽകപ്പെട്ടിട്ടുള്ളത്?
സർവ്വ മനുഷ്യരെയും ഉദ്ദേശിച്ചുള്ള നവീനവും സനാതനവും ഹൃദയത്തിലെഴു
തേണ്ടതുമായ ഒരു പുതിയ ഉടമ്പടിയെ കാത്തിരിക്കുന്ന ജനതയെയാണ് ദൈവം രൂപ
പ്പെടുത്തിയത് (CCC 64). ഇസ്രായേലിന്റെ തെരഞ്ഞെടുപ്പുവഴി അവർക്ക് നൽകപ്പെട്ട
താണെങ്കിലും, അവർക്കുവേണ്ടി മാത്രം നൽകപ്പെട്ടതല്ലായിരുന്നു ഈ പ്രത്യേക വെളിപാടുകൾ; ഇത് സർവ്വ മനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടി അവരിലൂടെ നൽകപ്പെട്ടതാണ്. ഇസ്രായേലിനെ അനുഗൃഹീത ജനമായും ഇതര ജനവിഭാഗങ്ങളെ രണ്ടാംതരം ജനമായും കാണുന്ന പ്രവണത അതിനാൽ വെളിപാടിന്റെ ശരിയായ വ്യാഖ്യാനമല്ല.സകല ജനതകളിൽ നിന്നുള്ളവരും സ്വർഗ്ഗരാജ്യത്തിലെ വിരുന്ന് ആസ്വദിക്കും എന്നാണ് ഈശോ പറഞ്ഞത്. ”വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകൾ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ വിരുന്നിനിരിക്കും” (മത്താ. 8,11). ജാതിയുടെയോ വർഗ്ഗത്തിന്റെയോ അടിസ്ഥാനത്തിൽ ആയിരിക്കുകയില്ല, സ്‌നേഹ പ്രവൃത്തികളുടെ അടിസ്ഥാനത്തിലായിരിക്കും സൗഭാഗ്യവും ദൗർഭാഗ്യവും നൽക പ്പെടുക എന്നും മിശിഹാ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട് (Cf. മത്താ. 25,31-46). എന്നാൽ, ഈശോയുടെ പരസ്യകാല ജീവിതത്തെ യഹൂദരോട് ബന്ധപ്പെടുത്തി ചിത്രീകരിക്കുകയും യഹൂദരല്ലാത്തവരെ അവഗണിക്കുകയും ചെയ്യുന്ന ഭാഗങ്ങളും സുവിശേഷങ്ങളിൽ കാണാം. ”ഇസ്രായേൽ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്” (മത്താ. 15,24). പരസ്യജീവിതകാലത്ത് ഈശോ ശിഷ്യന്മാരെ അയക്കുമ്പോഴും വിജാതിയരെ ഒഴിവാക്കുന്ന ഭാഗങ്ങളുണ്ട്. ”നിങ്ങൾ വിജാതീരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിക്കുകയുമരുത്. പ്രത്യുത, ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിൻ” (മത്താ. 10,5-6). ഏത് വചനഭാഗം വ്യാഖ്യാനിക്കുമ്പോഴും അത് ഈശോയുടെ മനോഭാവത്തിനും സുവിശേഷത്തിന്റെ മുഖ്യധാര സന്ദേശത്തിനും എതിരാകാൻ പാടില്ല എന്നത് ഒരു സാമാന്യ തത്ത്വമാണ്. സുവിശേഷത്തിലെ ദുർഗ്രഹമായ ഇത്തരം വചനഭാഗങ്ങൾ വ്യാഖ്യാനിക്കുമ്പോൾ വ്യാഖ്യാന രീതിശാസ്ത്രത്തിലെ ഈ സാമാന്യ തത്ത്വങ്ങൾ നിർബ്ബന്ധമായും ഉപയോഗിക്കണം. അങ്ങനെ നോക്കുമ്പോൾ വിജാതിയർക്കു വേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും, അവർക്ക് ജറുസലേം ദൈവാലയത്തിൽ സവിശേ ഷമായ സ്ഥാനം നൽകുകയും സ്വർഗ്ഗരാജ്യത്തിലെ വിരുന്നിൽ വിജാതീയരും കാണു മെന്ന് പറയുകയും ചെയ്യുന്ന ഈശോയെയും സുവിശേഷങ്ങളിൽ കാണാൻസാധിക്കും.
അതിനാൽ സുവിശേഷങ്ങളിലെ വിജാതീയ വിരുദ്ധമായ വചനഭാഗങ്ങൾ വ്യാഖ്യാ നിക്കാൻ രക്ഷാകര പദ്ധതിയിൽ യഹൂദർക്കുള്ള സവിശേഷമായ സ്ഥാനത്തെപ്പറ്റി സുവിശേഷകന്മാർക്കുണ്ടായിരുന്ന ധാരണയെ പറ്റിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇസ്രായേലിലൂടെ ലോകരക്ഷ എന്നതായിരുന്നു യഹൂദരുടെ വിശ്വാസം. യഹൂദർ പൂർണ്ണമായും ദൈവത്തെ സ്വീകരിച്ച് മെശയാനികമാർഗ്ഗം തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ അത് കണ്ട് വിജാതീയരും മിശിഹായിലേക്കു തിരിയുമെന്ന് ശിഷ്യന്മാർ വിശ്വസിച്ചിരുന്നു. അതിനാൽ മാത്രമാണ് സുവിശേഷവ ത്ക്കരണത്തിൽയഹൂദരുടെ മാനസാന്തരത്തിന് മുൻഗണന നൽകിയത്. എന്നാൽ സുവിശേഷകന്മാരുടെ ഈ ധാരണയെ തെറ്റിച്ചുകൊണ്ട് വിജാതീയർ യഹൂദർക്കു മുമ്പേ മിശിഹായെ തിരിച്ചറിഞ്ഞതിന് ലോക ചരിത്രം സാക്ഷിയാണ്.
ഇതരമതങ്ങളിൽ പ്രത്യേക വെളിപാടുകൾ ഉണ്ടോ?
മിശിഹായിലൂടെ വെളിവാക്കപ്പെട്ട പ്രത്യേക വെളിപാടുകളുടെ ആരംഭം യഹൂദരി
ലൂടെയായിരുന്നു. അതിനാൽ പ്രത്യേക വെളിപാടുകൾ പൊതുവാണ്. വെളിപാടുകൾ ഒന്നാണെങ്കിലും അവയെ ഇരു വിഭാഗങ്ങളും വ്യാഖ്യാനിക്കുന്നത് ഒരുപോലെയല്ല എന്നുമാത്രം. ഇതര മതങ്ങളിലും പലതരത്തിലുള്ള ദൈവികവെളിപാടുകൾ ഉണ്ടെന്ന് അവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈശോമിശിഹായുടെ രണ്ടാം വരവിനു മുമ്പ് ഒരു തരത്തിലുമുള്ള പൊതുവെളിപാടുകൾ ഇനി ഉണ്ടാകില്ല എന്നതാണ് കത്തോലി ക്കാ സഭയുടെ പ്രബോധനം (Cf. CCC 66, De Verbum, 4). പൊതു വെളിപാടുകൾ മിശി ഹായെ ശ്രവിച്ച ശ്ലീഹന്മാരുടെ മരണത്തിലൂടെ അവസാനിച്ചു. വിശ്വാസത്തിന്റെ നിക്ഷേപത്തിലുള്ളതല്ലാതെ മറ്റൊരു പ്രത്യേക വെളിപാടും ദൈവത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും ഇനിയുണ്ടാകില്ലെന്നും സാരം. വിശ്വാസത്തിന്റെ നിക്ഷേപത്തിൽ പ്രത്യേക വെളിപാടുകൾ അതിന്റെ പൂർണ്ണതയിൽ ഉണ്ടെങ്കിൽ പോലും, അതിന്റെ സാരാംശം മുഴുവനും ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല. കത്തോലിക്കാ സഭ തന്റെ പ്രബോധനാധികാരം ഉപയോഗിച്ച് വിശുദ്ധ ലിഖിതങ്ങളിൽ ഉള്ളവയെ കണ്ടെത്തു കയും ശതാബ്ദങ്ങളായി പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
പ്രത്യേക വെളിപാടുകൾ വേറെ ഇല്ലെങ്കിലും സ്വകാര്യ വെളിപാടുകൾ മനുഷ്യർക്ക് ലഭിച്ചിട്ടുണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം സ്വകാര്യ വെളിപാടുകൾ പൊതു വെളി പാടിന്റെ ഭാഗമല്ല; മാത്രവുമല്ല അവ മനുഷ്യ മനുഷ്യ രക്ഷയ്ക്ക് അത്യന്താപേക്ഷിത വുമല്ല.സ്വകാര്യ വെളിപാടുകളെ ആശ്രയിക്കുന്നതിന് മുമ്പ് അവയുടെ ഉറവിടം ദൈവത്തിൽ നിന്നാണെന്ന് സ്ഥിരീകരിക്കേണ്ടതുമുണ്ട് (Cf. CCC 67).