വി. യോഹന്നാൻ എഴുതിയ സുവിശേഷം-27 ഈശോയുടെ ഉത്ഥാനവും പ്രത്യക്ഷീകരണങ്ങളും (യോഹ 20,1-31)

മരണത്തെ പരാജയപ്പെടുത്തി ഈശോ ഉത്ഥാനം ചെയ്തതിന്റെ വിവരണമാണ് ഈ അദ്ധ്യായത്തിന്റെ ഉള്ളടക്കം. മിശിഹായുടെ ഉത്ഥാനം ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനവും അന്തഃസത്തയുമാണ്. ആദിമസഭ മിശിഹായുടെ ഉത്ഥാനത്തിലുള്ള വിശ്വാസം പ്രകടമാക്കിയിരുന്നത് രണ്ടു തരത്തിലാണ്: 1. വിശ്വാസപ്രഖ്യാപനങ്ങൾ. ഉദാഹരണം: 1 കൊറി 15,3-5; 2. ഉത്ഥാനവിവരണങ്ങൾ. പ്രധാനമായും രണ്ടുതരത്തിലുള്ള വിവരണങ്ങളാണുള്ളത്. 1. ശൂന്യമായ കബറിടത്തിന്റെ വിവരണം;2. പ്രത്യക്ഷീകരണത്തിന്റെ വിവരണങ്ങൾ. ശൂന്യമായ കബറിടം, മരിച്ചയാൾതന്നെയാണ് ഉയിർത്തെഴുന്നേറ്റത് എന്നു സാക്ഷ്യപ്പെടുത്തുമ്പോൾ, പ്രത്യക്ഷീകരണങ്ങൾ മരിച്ചയാ ൾ വ്യത്യസ്തനായിട്ടാണ് ഉയിർത്തെഴുന്നേറ്റതെന്ന് സാക്ഷ്യപ്പെടുത്തുന്നു.യോഹന്നാൻ സുവിശേഷകനിൽ ശൂന്യമായ കബറിടത്തിന്റെ ഒരു വിവരണവും പ്രത്യക്ഷീകരണ ത്തിന്റെ മൂന്നു വിവരണങ്ങളുമാണുള്ളത്.
1. ശൂന്യമായ കബറിടം (20,1-10)
2. ഈശോ മഗ്‌ദേലനമറിയത്തിനു പ്രത്യക്ഷപ്പെടുന്നു (20,11-18)
3. ഈശോ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നു (20,19-23)
4. ഈശോ തോമ്മാശ്ലീഹായ്ക്കു പ്രത്യക്ഷപ്പെടുന്നു (20,24-29)
5. ഉപസംഹാരം (20,30-31)
1. ശൂന്യമായ കബറിടം (20,1-10)
”ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോൾത്തന്നെ മഗ്ദലേനാമ റിയം ശവകുടീരത്തിന്റെ സമീപത്തേക്കു വന്നു. ശവകുടീരത്തിന്റെ കല്ലു മാറ്റപ്പെട്ടി രിക്കുന്നതായി കണ്ടു” (20,1). ശൂന്യമായ കബറിടം മിശിഹായുടെ ഉത്ഥാനത്തിന്റെ അടയാളമാണ്. കാരണം, മരണമില്ലാതെ ഉത്ഥാനമില്ല.മരണം സ്ഥിരീകരിക്കപ്പെടുന്നത്
മൃതസംസ്‌കാരത്തിലൂടെയാണ്. ശൂന്യമായ കബറിടം എല്ലാ സുവിശേഷകന്മാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.                                                                              ശ്ലീഹന്മാർ ആധികാരികസാക്ഷികൾ: മറിയം ഉടനെ ഓടി പത്രോസിനെയും ഈശോ സ്‌നേഹിച്ച ശിഷ്യനെയും വിവരമറിയിക്കുന്നു. അവർ ഓടി  കല്ലറയിങ്കലെത്തി. ”കച്ച അവിടെ കിടക്കുന്നതും തലയിൽ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്ത് ചുരുട്ടിവച്ചിരിക്കുന്നതും കണ്ടു… വിശ്വസിച്ചു” (20,6-8). ഉത്ഥിതനായ ഈശോയുടെ ശരീരം ആത്മീയശരീരമാണ് (1 കൊറി 15,44). അതു കൊണ്ട് ‘കച്ച’ ഇനി ആവശ്യമില്ല. തൂവാലയ്ക്ക് ഗ്രീക്കുമൂലഭാഷയിൽ’സൂദാരിയോൺ’ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. പഴയനിയമത്തിൽ മൂശെ കർത്താവിനോടു സംസാരിച്ചതിനുശേഷം ഇറങ്ങിവന്ന് ഇസ്രായേലുമായി കണ്ടുമുട്ടിയപ്പോൾ തന്റെ മുഖം ദിവ്യപ്രഭയാൽ പ്രകാശമാന മായതുകൊണ്ട് ഒരു മൂടുപടം ധരിച്ചു എന്ന് പുറപ്പാടു പുസ്തകത്തിൽ പറയുന്നുണ്ട്.ആ മൂടുപടത്തിന് ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് (പുറ 34,33-35). അതുകൊണ്ട്  കച്ചയും ഈ തൂവാലയും ഉത്ഥിതനായ മിശിഹായുടെ അടയാളങ്ങളായി കാണാവുന്ന താണ്.
2. ഈശോ മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെടുന്നു (20,11-18)
ഉത്ഥിതനായ ഈശോ ആദ്യം പ്രത്യക്ഷപ്പെട്ടത് മഗ്ദലേനമറിയത്തിനാണ്. ശൂന്യമായ കല്ലറയിങ്കൽ വന്ന ശിഷ്യന്മാർ മടങ്ങിപ്പോയിട്ടും അവൾ കരഞ്ഞുകൊണ്ട് അവിടെ നിന്നിരുന്നു. അപ്പോൾ ഉത്ഥിതനായ മിശിഹാ അവൾക്കു പ്രത്യക്ഷപ്പെട്ടു. പക്ഷേ, അത് ഈശോയാണെന്ന് അവൾക്കു മനസ്സിലായില്ല. തോട്ടക്കാരനാണെന്നു വിചാരിച്ച്
അവൾ സംസാരിച്ചപ്പോൾ, ”ഈശോ അവളുടെ പേരു വിളിച്ചു: മറിയം! അവൾ തിരിഞ്ഞ് റബ്ബോനി എന്ന് ഹെബ്രായഭാഷയിൽ വിളിച്ചു – ഗുരു എന്നർത്ഥം” (20,16). അപ്പോൾ ഈശോ പറഞ്ഞു: ”നീ എന്നെ തടഞ്ഞുനിർത്താതിരിക്കുക. എന്തെന്നാൽ, ഞാൻ പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല. നീ എന്റെ സഹോദ രന്മാരുടെ അടുത്തുചെന്ന് അവരോട് ഞാൻ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുക്കലേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക” (20,17). തനിക്കു പ്രത്യക്ഷ പ്പെട്ട ഉത്ഥിതനായ ഈശോയെ മറിയം ശരിയായവിധം തിരിച്ചറിഞ്ഞില്ല. ”ഗുരു” എന്ന സംബോധന അതാണു സൂചിപ്പിക്കുന്നത്. ജീവിതകാലത്ത് ഗുരുശിഷ്യബന്ധം പുലർ ത്തിയിരുന്നതുപോലെ ഇനിയും തുടരാൻ സാധിക്കുമെന്നാണ് അവൾ വിചാരി ച്ചത്. എന്നാൽ അപ്രകാരമല്ല, താൻ മഹത്ത്വീകൃതനാണെന്നും, ഇനി സഭയുടെ വിശ്വാസ ത്തിലൂടെയാണ് തന്നോടുള്ള ബന്ധം പുലർത്തേണ്ടതെന്നും, ഈ വസ്തുത തന്റെ ശിഷ്യ ന്മാരെ അറിയിക്കണമെന്നും ഈശോ അവളെ ഓർമ്മിപ്പിക്കുകയാണ്. സഭയിൽ  സന്നിഹിതനായിരിക്കുന്ന ഉത്ഥിതനായമിശിഹായെ ”വചന”ത്തിലൂടെ തിരിച്ചറി
യണമെന്നും ഇവിടെ സൂചനയുണ്ട്.
3. ഈശോ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നു (20,19-23)
രണ്ടാമതായി ഉത്ഥിതനായ ഈശോ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നു. കതകുകൾ അടച്ചിരിക്കെ ഈശോ അവരുടെ മദ്ധ്യേ വന്നു നിന്നു. മഹത്ത്വീകൃതമായ ശരീരമാണ് ഈശോയ്ക്കുള്ളത് എന്ന് ഇതു സൂചിപ്പിക്കുന്നു. ഉത്ഥിതനായ ഈശോ ശിഷ്യർക്കു സമാധാനം ആശംസിക്കുന്നു. ‘സമാധാനംനിങ്ങളോടുകൂടെ’ എന്നാണ് ശരിയായ
വിവർത്തനം. അവിടുത്തെ രക്ഷാകരപ്രവർത്തനം പൂർത്തിയാക്കിയതോടെ ശിഷ്യർ ക്കുകരഗതമാകുന്ന സമാധാനമാണ് ഈ ആശംസയുടെ വിഷയം. ഈശോ യുമായും ഈശോയിലൂടെ ദൈവവുമായുമുള്ള ഐക്യത്തിൽനിന്നുവരുന്ന സമാധാ നമാണ് ഈശോ ഇവിടെ ശിഷ്യർക്ക് ആശംസിക്കുന്നത്.
സമാധാനാശംസയോടൊപ്പം ഈശോ ശിഷ്യർക്ക് പരിശുദ്ധാത്മാവിനെ നല്കുകയും പ്രേഷിതദൗത്യം അവരെ ഭരമേല്പിക്കുകയും ചെയ്യുന്നു: ”പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു” (20,21). തന്റെ നിശ്വസനത്തിലൂടെയാണ് ഈശോ ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവിനെ നല്കിയത്. പരിശുദ്ധാത്മാവ് ഈശോയുടെ ആത്മാവുതന്നെയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. പരിശുദ്ധാത്മാവിലൂടെ ഈശോ തന്നെ ശിഷ്യസമൂഹത്തിൽ വസിച്ചുകൊണ്ട് തന്റെ പ്രേഷിതദൗത്യംനിർവ്വഹിക്കുന്നു. ഈ പ്രേഷിതദൗത്യം പാപമോചകദൗത്യമായിട്ടാണ് യോഹന്നാന്റെ സുവിശേഷം അവതരിപ്പിക്കുന്നത്: ”നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും” (20,23). ശ്ലൈഹികാടിസ്ഥാനത്തിൽ പണിയപ്പെട്ടിരിക്കുന്ന സഭയിലൂടെയാണ് ഇന്ന് ഈശോ മനുഷ്യർക്കു പാപമോചനം നല്കുന്നത്. മനുഷ്യരുടെ വിശുദ്ധീകരണത്തിന് സഭ നിർണായകമായിത്തീരുന്നു. സഭയുടെ കൂദാശാജീവിത ത്തിലൂടെയാണ് സഭാംഗങ്ങൾക്ക് ഇന്നു പാപമോചനം നേടാൻ കഴിയുക. ലോകത്തി ന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായിവന്ന ഈശോമിശിഹാ (യോഹ 1, 29) ഇന്ന് സഭയിലൂടെ തന്റെ രക്ഷാകരദൗത്യം തുടർന്നു നിർവ്വഹിക്കുന്നു.
4. ഈശോ തോമ്മാശ്ലീഹായ്ക്കു പ്രത്യക്ഷപ്പെടുന്നു (20,24-29)
ഈശോ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ തോമ്മാശ്ലീഹാ അവരോടുകൂടെ ഉണ്ടായി രുന്നില്ല. ”ഞങ്ങൾ കർത്താവിനെ കണ്ടു” എന്നവർ പറഞ്ഞപ്പോൾ തോമ്മാശ്ലീഹാ കാണാതെ വിശ്വസിക്കുകയില്ല എന്നു പറഞ്ഞു. അതുകൊണ്ട് എട്ടു ദിവസങ്ങൾ ക്കുശേഷം തോമ്മാശ്ലീഹായും ശിഷ്യരോടുകൂടെ ഉണ്ടായിരുന്നപ്പോൾ ഈശോ വീണ്ടും അവർക്കു പ്രത്യക്ഷപ്പെട്ടു. തോമ്മാശ്ലീഹാ ആവശ്യപ്പെട്ടതുപോലെ തോമ്മായുടെ ‘വിരൽ കൊണ്ടുവരാനും തന്റെ കൈകൾ കാണുവാനും, അയാളുടെ കൈനീട്ടി തന്റെ പാർശ്വത്തിൽ വയ്ക്കുവാനും, അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കു വാനും’ ഈശോ ശ്ലീഹായെ ക്ഷണിച്ചു (20,27). അപ്പോൾ തോമസ് പറഞ്ഞു: എന്റെ കർത്താവേ, എന്റെ ദൈവമേ! (20,28). ‘കണ്ടു വിശ്വസിക്കുക’ എന്നത് ശ്ലീഹന്മാരുടെ വിശ്വാസത്തിന് ആധികാരികത നല്കുന്നതാണ്. മറ്റു ശ്ലീഹന്മാരും ഉത്ഥിതനായ മിശിഹായെ കണ്ടു വിശ്വസിച്ചവരാണ് (20,25). അതുകൊണ്ടുതന്നെയായിരിക്കണം ഈശോ രണ്ടാമതു പ്രത്യക്ഷപ്പെട്ടതും തോമ്മാശ്ലീഹായെ വിശ്വസിക്കാൻ ക്ഷണിച്ചതും. തോമ്മാശ്ലീഹാ നടത്തിയത് ഏറ്റം വലിയ വിശ്വാസപ്രഖ്യാപനവുമാണ്.
ഉപസംഹാരത്തിനു തൊട്ടുമുമ്പുള്ള സംഭവമെന്ന നിലയിൽ ഈ രംഗം മറ്റൊരു സന്ദേ ശവും നല്കുന്നുണ്ട്. ”നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിക്കു ന്നവർ ഭാഗ്യവാന്മാർ” (20,29) എന്ന ഈശോയുടെ വാക്കുകൾ അതു സൂചിപ്പിക്കുന്നു ണ്ട്. വി. യോഹന്നാന്റെ സുവിശേഷം വിശ്വാസത്തിന് ഊന്നൽ കൊടുക്കുന്ന സുവി ശേഷമാണ്. ഈ വിവരണത്തിൽ മൂന്നുതരം വിശ്വാസങ്ങൾ ഉദാഹരിക്കപ്പെടുന്നുണ്ട്: 1. അടയാളങ്ങൾ തേടുന്ന വിശ്വാസം; 2. ശ്ലൈഹികവിശ്വാസം; 3. വിശ്വാസികളുടെ സമൂഹമായ സഭയുടെ വിശ്വാസം. കാണുകയും കൈ വയ്ക്കുകയും ചെയ്തല്ലാതെ വിശ്വസിക്കുകയില്ല എന്ന് നിർബന്ധം പിടിക്കുന്ന തോമ്മാശ്ലീഹാ, അടയാളങ്ങളും അത്ഭുതങ്ങളും തേടുന്നവരുടെ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നു. ”നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു” (20,29) എന്നു പറയുന്നത് ശ്ലീഹന്മാരുടെ വിശ്വാസ ത്തെയും, ”കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ” (20,29) എന്നു പറയുന്നത് ഭാവിയിൽ സഭയുടെ അംഗങ്ങളാകുന്നവരുടെ വിശ്വാസത്തെയും പ്രതിനി ധീകരി ക്കുന്നു.
5. ഉപസംഹാരം (20,30-31)
യോഹന്നാൻശ്ലീഹാ തന്റെ സുവിശേഷത്തിന്റെ ഉള്ളടക്കത്തെ വിശേഷിപ്പിക്കുന്നത് ‘അടയാളങ്ങൾ’ എന്നാണ്. ‘അടയാളം’ എന്നത് അദൃശ്യമായ ഒന്നിനെ ദൃശ്യമാക്കുന്ന താണ്. സുവിശേഷത്തിന്റെ ഉള്ളടക്കം ഈശോയുടെ വാക്കുകളും പ്രവൃത്തികളും അത്ഭുതങ്ങളും ജീവിതം മുഴുവനുമാണ്. ഇവയെല്ലാം അദൃശ്യനായ ദൈവത്തെ മനുഷ്യർക്കു വെളിപ്പെടുത്തുന്ന അടയാളങ്ങളായിരുന്നു (യോഹ 1,18). സുവിശേ ഷത്തിൽ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും ഈശോ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം എഴുതിയതിന്റെ ലക്ഷ്യം, ഈ സുവിശേഷവുമായി ബന്ധപ്പെടു ന്നവരെല്ലാം ഈശോ ദൈവപുത്രനും മിശിഹായുമാണെന്നു വിശ്വസിക്കുന്നതിനും, അതിന്റെ ഫലമായി അവർക്ക് നിത്യജീവൻ ഉണ്ടാകുന്നതിനുംവേണ്ടിയാണ്. ‘ദൈവ പുത്രൻ’ എന്നു പറഞ്ഞാൽ ‘ദൈവത്തിന്റെ ജീവനിൽ പങ്കുചേരുന്നവൻ’ എന്നർത്ഥം. ‘മിശിഹാ’ എന്നു പറഞ്ഞാൽ ‘ദൈവികജീവൻ മനുഷ്യർക്കു നല്കാൻവേണ്ടി ദൈവ ത്താൽ അഭിഷേകം ചെയ്യപ്പെട്ട് അയയ്ക്കപ്പെട്ടവൻ’ എന്നർത്ഥം. അപ്രകാരം ഒരു മിശിഹാനുഭവവും ജീവന്റെ അനുഭവവും എല്ലാവർക്കുമുണ്ടാകണമെന്നതാണ് യോ ഹന്നാന്റെ സുവിശേഷത്തിന്റെ പ്രഖ്യാപിതലക്ഷ്യം.
ചോദ്യങ്ങൾ
1. ഈശോയുടെ ഉത്ഥാനത്തിലുള്ള വിശ്വാസം ആദിമസഭ പ്രകടമാക്കിയിരുന്നത് എപ്രകാരമാണ്?
2. ശൂന്യമായ കബറിടം എപ്രകാരമാണ് ഈശോയുടെ ഉത്ഥാനത്തിനു സാക്ഷ്യമായിത്തീരുന്നത്?
3. മഗ്ദലേനമറിയത്തിനുണ്ടായ പ്രത്യക്ഷീകരണം, ഉത്ഥിതനായ മിശിഹായോട് നാം എപ്രകാരം ബന്ധപ്പെടണമെന്നാണ് നമ്മെ പഠിപ്പിക്കുന്നത്?
4. ശിഷ്യന്മാർക്കുണ്ടായ പ്രത്യക്ഷീകരണം സഭയിലുള്ള മിശിഹായുടെ സാന്നിദ്ധ്യത്തെക്കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?