വിശുദ്ധ എവുഫ്രാസിയാ (1877 – 1952) തിരുനാൾ: ഓഗസ്റ്റ് 30

സാർവത്രിക സഭയുടെ ശ്രേഷ്ഠ പുത്രിയും പൗരസ്ത്യസഭകളിലൊന്നായ സീറോ-മലബാർ സഭയുടെയും കേരളത്തിലെ മാർത്തോമ്മാ നസ്രാണി സമൂഹത്തിന്റെയും അഭിമാനവുമാണ് വിശുദ്ധ എവുഫ്രാസിയാ എലുവത്തിങ്കൽ (Saint Euphrasia Eluvathingal). 2014 നവംബർ 23-ാം തീയതി വത്തിക്കാനിൽ വച്ച് ഈ പുണ്യവതിയെ വിശുദ്ധരുടെ പട്ടികയിൽ ചേർത്തത് ഫ്രാൻസിസ് മാർപ്പാപ്പായാണ്. നമ്മുടെ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവുമെന്ന് പറയാവുന്ന ഈ പുണ്യചരിതയെപ്പറ്റി അറിയുന്നത് ആവേശകരമായ ഒരനുഭൂതിയാണ്.
ബാല്യകാലവും ദൈവവിളിയും
കേരളത്തിൽ തൃശൂർ ജില്ലയിലുള്ള ഇരിഞ്ഞാലക്കുടയിലെ കാട്ടൂരിൽ ഒരു കത്തോലിക്കാ നസ്രാണിക്കുടുംബത്തിൽ റോസ എലുവത്തിങ്കൽ 1877 ഒക്‌ടോബർ 17-ാം തീയതി ജനിച്ചു. ഈ റോസയാണ് പിന്നീട് സന്ന്യാസിനിയായപ്പോൾ എവുഫ്രാസിയാ എന്ന പേരു സ്വീകരിച്ചത്. ഒരു ഭൂവുടമയായിരുന്ന ചേർപ്പൂക്കാരൻ അന്തോണിയുടെയും ഭാര്യ കുഞ്ഞേത്തിയുടെയും ഏറ്റവും മൂത്ത സന്താനമായിരുന്നു റോസ. കുടുംബം സമ്പന്നമായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. ജനിച്ച് ഒരാഴ്ചക്കുള്ളിൽ – 1877 ഒക്‌ടോബർ 25-ാം തീയതി എടത്തുരുത്തിയിലുള്ള കർമ്മലനാഥയുടെ ഫൊറോനാപ്പള്ളിയിൽ വച്ച് അവൾക്ക് മാമ്മോദീസാ നൽകപ്പെട്ടു. ഒമ്പതാമത്തെ വയസ്സിൽ അവൾക്ക് പരിശുദ്ധ കന്യകയുടെ ഒരു ദർശനം ഉണ്ടായതായി പറയപ്പെടുന്നു. അതോടെ അവൾ കന്യാവ്രതം നേർന്ന് തന്റെ ജീവിതം മുഴുവനും ദൈവസേവനത്തിനായി സമർപ്പിച്ചു. പത്താമത്തെ വയസ്സിൽ അവൾ കർമ്മലീത്താ മഠം വക ബോർഡിംഗ് സ്‌കൂളിൽ ചേർന്ന് പഠനമാരംഭിച്ചു. (സീറോ മലബാർ സഭയിൽ വിശുദ്ധരായ ചാവറ കുരിയാക്കോസ് ഏലിയാസച്ചനും ലിയോപ്പോൾഡ് ബെക്കാറോയും ചേർന്ന് 1866-ൽ എറണാകുളം ജില്ലയിലുള്ള കൂനമ്മാവിൽ സ്ഥാപിച്ചതാണ് ആദ്യത്തെ ഏതദ്ദേശീയ കർമ്മലീത്താ സമൂഹം). കർമ്മലീത്താ സന്ന്യാസിനിയാകാൻ അത്യധികം ആഗ്രഹിച്ച റോസയെ അവളുടെ പിതാവ് ആദ്യം എതിർത്തു. സമ്പന്നമായ ഒരു കുടുംബത്തിലെ മകനുമായി ഒരു വിവാഹം ആലോചിച്ചെങ്കിലും മകൾ തീരുമാനത്തിൽ ഉറച്ചു നിന്നു. ഒടുവിൽ അദ്ദേഹം അവളുടെ ഇഷ്ടത്തിനു വഴങ്ങിയെന്നു മാത്രമല്ല, അവളെ മഠം വരെ അനുഗമിക്കുകയും ചെയ്തു.
സന്ന്യാസജീവിതം
തൃശൂർ സീറോ മലബാർ അതിരൂപതയുടെ ആദ്യത്തെ മെത്രാനായിരുന്ന മാർ ജോൺ മേനാച്ചേരി 1897-ൽ അമ്പഴക്കാട്ട് എന്ന സ്ഥലത്ത് ഒരു കർമ്മലീത്താ മഠം സ്ഥാപിച്ചു. ഇന്ന് ഈ മഠം ഇരിഞ്ഞാലക്കുട രൂപതയിലാണ്. ബിഷപ്പ് മേനാച്ചേരി തന്റെ രൂപതക്കാരായ അഞ്ചു പേരെ കൂനമ്മാവിൽ നിന്നും അമ്പഴക്കാട്ടേയ്ക്കു കൊണ്ടുപോന്നു (മെയ് 9-ാം തീയതി). അടുത്ത ദിവസം റോസ സന്ന്യാസാർത്ഥിനിയായി അവിടെ ചേർന്നു. ഈശോയുടെ തിരുഹൃദയത്തിന്റെ സിസ്റ്റർ എവുഫ്രാസിയാ എന്ന പേരാണ് അവൾ സ്വീകരിച്ചത്. 1898 ജനുവരി 10-ാം തീയതി അവൾ നൊവിഷ്യേറ്റിൽ പ്രവേശിച്ചു. ആരോഗ്യക്കുറവുകൊണ്ട് അവളെ മഠത്തിൽ നിന്നു പറഞ്ഞുവിട്ടാലോ എന്നുപോലും അധികാരികൾ ചിന്തിക്കയുണ്ടായി.
ഈയവസരത്തിൽ എവുഫ്രാസിയായ്ക്ക് തിരുക്കുടുംബത്തിന്റെ ഒരു ദർശനമുണ്ടായതായി പറയപ്പെടുന്നു. അതോടെ ദീർഘകാലമായി അവൾ അനുഭവിച്ചിരുന്ന രോഗം പാടെമാറി. 1900, മെയ് 24-ാം തീയതി എവുഫ്രാസിയാ തന്റെ ആഘോഷമായ വ്രതവാഗ്ദാനംനടത്തി. ഒല്ലൂരിൽ ആരംഭിച്ച ”ചിന്ന റോമാ”എന്നറിയപ്പെടുന്ന സെന്റ് മേരീസ് കോൺവെന്റിന്റെ ആശീർവാദ സമയത്താണ് ഈ വ്രതവാഗ്ദാനം നടന്നത്. അവൾ തന്റെ നിത്യവ്രതങ്ങൾ സ്വീകരിച്ച ശേഷം നൊവീസ് മിസ്ട്രസിന്റെ അസിസ്റ്റന്റായി നിയമിക്കപ്പെട്ടു. ആരോഗ്യം ദുർബ്ബലമായിരുന്നെങ്കിലും 1904-ൽ അവൾ നൊവിസ് മിസ്ട്രസിന്റെ സ്ഥാനത്ത് അവരോധിക്കപ്പെട്ടു. 1913 വരെ ഒമ്പതു വർഷം ഈ ജോലിയിൽ തുടർന്നു. 1913-ൽ അവൾ മഠത്തിന്റെ മദർ സുപ്പീരിയറായി.1916 വരെ ഈ സേവനം തുടർന്നു.
നിരന്തരമായ പ്രാർത്ഥനാജീവിതം നയിച്ചിരുന്ന അവൾക്ക് ഈശോയുടെ തിരുഹൃദയത്തോട് പ്രത്യേക ഭക്തി ഉണ്ടായിരുന്നു. നിരവധി പേർ അവളെ ”പ്രാർത്ഥിക്കുന്ന അമ്മ” എന്നാണ് വിളിച്ചിരുന്നത്. പകൽ സമയത്ത് ഏറെ നേരം അവൾ മഠത്തിലെ ചാപ്പലിൽ പരിശുദ്ധ കുർബാനയുടെ മുമ്പാകെ പ്രാർത്ഥിക്കുക പതിവായിരുന്നു. അവളുടെ ദിവ്യകാരുണ്യഭക്തി പ്രത്യേകം എടുത്തു പറയേണ്ടതാണ്. പരിശുദ്ധ കന്യകാമാതാവിനോടുണ്ടായിരുന്ന ഭക്തി പ്രകർഷവും നിസ്തുലവുമായിരുന്നു.
1952 ഓഗസ്റ്റ് 29-ാം തീയതി സെന്റ് മേരീസ് കോൺവെന്റിൽ വച്ചാണ് എവുഫ്രാസിയ മരിക്കുന്നത്. ഓഗസ്റ്റ് 29 മറ്റൊരു തിരുനാൾ ദിനമായതിനാൽ പുണ്യവതിയുടെ തിരുനാൾ ഓഗസ്റ്റ് 30-നാണ് കലണ്ടറിൽ കൊടുത്തിരിക്കുന്നത്. മരണാനന്തരം അത്ഭുതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങി.
അത്ഭുതങ്ങൾ
റിപ്പോർട്ടു ചെയ്യപ്പെട്ട അത്ഭുതങ്ങളിൽഒന്നാമത്തേത് ഒരു കാർപ്പെന്ററുടെ അസ്ഥിയിലെ കാൻസർ സുഖപ്പെട്ടതായിരുന്നു. ഒല്ലൂരിലെ അഞ്ചേരിയിലുള്ള ഒരു തോമസ് തരകനായിരുന്നു കാൻസർ രോഗി. അയാൾഫർണിച്ചർ പോളീഷ് ചെയ്യുന്ന പണിക്കാരനായിരുന്നു. കാൻസർ കണ്ടുപിടിച്ച ശേഷം ഓപ്പറേഷനുവേണ്ടി അയാളെ തൃശൂരിലെ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്കു തൊട്ടുമുമ്പ് ട്യൂമർ അപ്രത്യക്ഷമായി. അത് എവുഫ്രാസിയാ മ്മയോടുള്ള പ്രാർത്ഥനയുടെ ഫലമാണെന്ന് അയാളുടെ സഹോദരിയായ റോസി വെളിപ്പെടുത്തുകയുണ്ടായി.
റിപ്പോർട്ടു ചെയ്യപ്പെട്ട രണ്ടാമത്തെ അത്ഭുതം ആളൂർ സ്വദേശിയായ ജൂവെൽ എന്ന ഏഴു വയസ്സുകാരനുണ്ടായ രോഗശാന്തിയാണ്. ഈ കുട്ടിക്ക് കഴുത്തിലെ ട്യൂമർ മൂലം ഭക്ഷണം ഇറക്കാൻ കഴിയുമായിരുന്നില്ല. ഇത് സുഖപ്പെടുത്താനാവാത്ത രോഗമാണെന്ന് പോട്ടയിലെ ധന്യ ഹോസ്പിറ്റലിലെ ഡോക്ടർമാർ പറഞ്ഞു. പാവപ്പെട്ടവനായ ജൂവെലിന്റെ കുടുംബത്തിന് പ്രാർത്ഥന മാത്രമായിരുന്നു ശരണം. അവർ ഉള്ളുരുകി എവുഫ്രാസിയാമ്മയോടു പ്രാർത്ഥിച്ചു. ട്യൂമർ അപ്രത്യക്ഷമായി. ഈ രോഗസൗഖ്യം ഡോക്ടർമാരെ വിസ്മയഭരിതരാക്കി.
നാമകരണ നടപടികൾ
ദൈവദാസി (Servant of God)
1986 സെപ്റ്റംബർ 27-ാം തീയതി നാമകരണ നടപടികൾ ഒല്ലൂരിൽ ആരംഭിച്ചു. 1987 ഓഗസ്റ്റ് 13-ാം തീയതി ഫാദർ ലൂക്കാസ് വിത്തുവട്ടിക്കൽ പോസറ്റുലേറ്ററായി നിയമിക്കപ്പെട്ടു. മാർ ജോസഫ് കുണ്ടുകുളത്തിന്റെ മുമ്പാകെ അദ്ദേഹം പോസ്റ്റുലേറ്ററായി സത്യപ്രതിജ്ഞ ചെയ്തു. തൃശൂരിലെ ആർച്ചുബിഷപ്പായിരുന്നു മാർ കുണ്ടുകുളം. 1987 ഓഗസ്റ്റ് 29-ന് എവുഫ്രാസിയായെ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു.
ധന്യ (Venerable)
മാർ കുണ്ടുകുളം എവുഫ്രാസിയായുടെ നാമകരണത്തിനായി 1988-ൽ ഒരു രൂപതാക്കോടതി സ്ഥാപിച്ചു. അതിനുമുമ്പ് 1987-ൽ സിസ്റ്റർ പെരിഗ്രിനെ വൈസ് പോസ്റ്റുലേറ്ററായി നിയമിച്ചിരുന്നു. 1990 ജനുവരി 30-ാം തീയതി എവുഫ്രാസിയായുടെ ശവകുടീരം തുറന്ന്, അവശിഷ്ടങ്ങൾ പുതിയതായി നിർമ്മിച്ച ഒരു കല്ലറയിലേക്കു മാറ്റി. 2002 ജൂലൈ 5-ാം തീയതി ജോൺ പോൾ മാർപ്പാപ്പാ അവളെ ധന്യ പദവിയിലേക്ക്ഉയർത്തി.
വാഴ്ത്തപ്പെട്ടവൾ (Blessed)
2006 ഡിസംബർ 3-ാം തീയതി ഒല്ലൂരിലെ സെന്റ് ആന്റണീസ് ഫൊറോനാപ്പള്ളിയിൽ വച്ച് മേജർ ആർച്ചുബിഷപ്പ് വർക്കി വിതയത്തിൽ, ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പായുടെ നാമത്തിൽ, എവുഫ്രാസിയായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ അപ്പസ്‌തോലിക് നുൺഷ്യോ ആർച്ചുബിഷപ്പ് പെദ്രോ ലോപ്പസ് ക്വിന്റാനാ,തൃശൂർ ആർച്ചുബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി എന്നിവർക്കു പുറമേ 30 മെത്രാന്മാരും 500 വൈദികരും സന്നിഹിതരായിരുന്നു.
വിശുദ്ധ പദവിയിലേക്ക് (Saint)
2014 നവംബർ 23-ാം തീയതി ഫ്രാൻസിസ് മാർപ്പാപ്പാ എവുഫ്രാസിയായെ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിൽ വച്ചു നടന്ന ചടങ്ങിലെ കുർബാനയ്ക്ക് അൾത്താരയിലേക്ക് എവുഫ്രാസിയായുടെ തിരുശേഷിപ്പുകൾ വഹിച്ചത് കർമ്മലീത്താസഭയുടെ മദർ ജനറലായിരുന്ന മദർ സാങ്റ്റായാണ്.
ഉപസംഹാരം
ഒരു വിശുദ്ധയ്ക്ക് എങ്ങനെ കരുണയും നന്ദിയും പ്രദർശിപ്പിക്കാനാവുമെന്ന് വിശുദ്ധ എവുഫ്രാസിയാ കാട്ടിത്തന്നു. തനിക്ക് എന്തെങ്കിലും ഒരു ചെറിയ ഉപകാരം ചെയ്യുന്നവരോടു പോലും ”മരിച്ചാലും മറക്കില്ലെട്ടോ” എന്ന് ഈ പുണ്യവതി പറയുമായിരുന്നു. അവളുടെ രോഗാവസ്ഥയിൽ ദൈവമാതാവും മാലാഖാമാരും അവളുടെ അടുത്ത് എത്തിയിരുന്നത്രെ! വിശുദ്ധയുടെ എളിമയും നിഷ്‌കളങ്കതയും കരുണയുമൊക്കെ കഴിയുന്നത്ര അനുകരിക്കാൻ നമുക്കു ശ്രമിക്കാം.