2. ചങ്ങനാശേരി കോട്ടയം വികാരിയാത്തിന്റെ ആസ്ഥാനമായി മാറുന്നു ഇടയനില്ലാത്ത ആടുകൾക്ക് ഒരു ഇടയനെത്തന്നെ നൽകുന്ന ദീർഘവീക്ഷണവും നയചാതുര്യവും മോൺ. കണ്ടങ്കരിക്കുണ്ടായിരുന്നു. കോട്ടയത്ത് ആസ്ഥാനമുറപ്പിച്ച വികാരി അപ്പസ്‌തോലിക്കയെ പല ആവശ്യങ്ങൾക്കായി ചങ്ങനാശേരിയിലേക്ക് ക്ഷണിച്ചുവരുത്തി അദ്ദേഹവുമായി ഒരു വ്യക്തിബന്ധം സ്ഥാപിക്കുകയുണ്ടായി. 1888-ൽ നടന്ന ചങ്ങനാശേരി സൂനഹദോസിന്റെ മുഖ്യസംഘാടകൻ മോൺ. കണ്ടങ്കരിയായിരുന്നു. സഭയെയും സമുദായത്തെയും സംബന്ധിച്ച സാമൂഹിക പരിവർത്തനത്തിനുതകുന്നതുൾപ്പെടെ ഒട്ടേറെ തീരുമാനങ്ങൾ അവിടെവച്ചുണ്ടായി. ശൈശവ വിവാഹനിരോധനം, ആഭരണധൂർത്തിനും മദ്യാസക്തിക്കുമെതിരെയുള്ള ആഹ്വാനം, സുറിയാനി പഠന പ്രോത്സാഹനം തുടങ്ങിയവ അതിൽ ചിലതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സന്ന്യാസഭവനങ്ങളുടെയും വളർച്ചയുമായി ബന്ധപ്പെട്ട് ചാൾസ് ലവീഞ്ഞിന്റെ ബഹുമാനാദരവുകളും വിശ്വാസ്യതയും അദ്ദേഹം പിടിച്ചുപറ്റി. കോട്ടയത്തെ തന്റെ ബംഗ്ലാവ് -വുഡ്‌ലാന്റ് എസ്റ്റേറ്റ് (ഇന്നത്തെ മനോരമ, ബസേലിയസ് കോളേജ് ഇരിക്കുന്ന സ്ഥലം) കോട്ടയം, കരാപ്പുഴ എന്ന സ്ഥലത്തെ പറയൻകുന്ന് എന്നറിയപ്പെടുന്ന 100 ഏക്കർ എന്നിവ നഷ്ടപ്പെട്ടതും കോട്ടയത്തെ സുറിയാനി കത്തോലിക്കാ വൈരള്യവും കുറവിലങ്ങാട് വിദ്യാഭ്യാസസ്ഥാപന സാധ്യതയെപ്പറ്റി ലവീഞ്ഞ് മെത്രാന്റെ നിഷേധാത്മകമായ വിലയിരുത്തലും കോട്ടയം വികാരിയാത്തിന് ഒരു പുതിയ ആസ്ഥാനം തേടാനുള്ള കാരണമായി. ഈ സാഹചര്യത്തിൽ കണ്ടങ്കരിയച്ചന്റെ നേതൃത്വത്തിൽ ചാൾസ് ലവീഞ്ഞിന്റെ 50-ാം പിറന്നാളിനോടനുബന്ധിച്ച് ചങ്ങനാശേരിയിൽ ഒരു സ്വീകരണം നല്കുകയും പിറ്റേദിവസം ഇപ്പോൾ ചങ്ങനാശേരി അതിരൂപതാ ഭവനമിരിക്കുന്ന ഇരുമ്പനംകുന്ന് -തകിടി – കാണിച്ചുകൊടുക്കുകയും ചെയ്തു. മെത്രാനച്ചന് ഇഷ്ടമെങ്കിൽ ഈ സ്ഥലം വികാരിയാത്ത് ആസ്ഥാനമായി വാങ്ങിച്ചുതരാമെന്ന് അഭിപ്രായപ്പെടുകയും തുടർന്ന് മാളിയേക്കൽ മാത്തുച്ചന്റെയും മെത്രാനച്ചന്റെയും പേരിൽ ഈ സ്ഥലം പതിച്ചുതരാം എന്ന വാഗ്ദാനം നല്കുകയും ചെയ്തു. 1890 ജനുവരി 8-ന് സ്ഥലമിടപാട് പൂർത്തിയായി. തൽഫലമായി 1891 ഫെബ്രുവരി 21-ന് റോമിന്റെ അനുവാദപ്രകാരം കോട്ടയം വികാരിയാത്തിന്റെ ആസ്ഥാനം ചങ്ങനാശേരിയിലേക്ക് മാറ്റുകയും ചെയ്തു. 1891 ഏപ്രിൽ 10 ദീപിക വാർത്ത ഇങ്ങനെയാണ്:
കഴിഞ്ഞ മാസം 21-ാം തീയതി ശനിയാഴ്ച ചങ്ങനാശേരി പള്ളിക്കാർ മെത്രാൻ അവർകളെ തന്റെ മെത്രാസനമായി നിശ്ചയിച്ച ചങ്ങനാശേരിയിലേയ്ക്ക് ആഘോഷമായി കൊണ്ടുപോയി. 1891-ൽ കർമ്മലീത്താ മഠത്തിന്റെ മൂന്നു നിലകൾ പൂർത്തിയായി. അവിടെ താമസിച്ചുകൊണ്ട് ചാൾസ് ലവീഞ്ഞ് അരമന നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സിറിയക് കണ്ടങ്കരിയച്ചന്റെ പൈതൃക സംരക്ഷ ണത്തണലിൽ അങ്ങനെ താല്ക്കാലിക മെത്രാസനമന്ദിരവും സന്ന്യാസിനീഭവനവും, സ്‌കൂളും, ബോർഡിംഗും എല്ലാം ചങ്ങനാശേരി പള്ളിയങ്കണത്തിൽ ഒരു നഴ്‌സറിപോലെ പരിപാലിക്കപ്പെട്ടു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പറിച്ചു നടപ്പെട്ടു വളർന്നവയാണ് ഇന്നു കാണുന്ന ചങ്ങനാശേരിയിലെ അരമനയും, എസ്.ബി സ്‌കൂളും, വെടിക്കുന്ന് എന്നറിയപ്പെടുന്ന സ്ഥലത്തെ എസ്. ബി കോളേജുമെല്ലാം! ചാഴ്‌സ് ലവീഞ്ഞ് പിതാവിന്റെ വലംകൈയായി നിന്നുകൊണ്ട് ചങ്ങനാശേരി ക്ലാര സന്ന്യാസിനി സമൂഹം, അതോടനുബന്ധിച്ചുള്ള വി. ജെർമേൻ അഗതിമന്ദിരം, സന്ന്യാസിനികൾക്കും പെൺകുട്ടികൾക്കും തയ്യൽ – അലങ്കാരപ്പണികൾക്കു പരിശീലനം എല്ലാം കണ്ടങ്കരിയച്ചന്റെ സംരംഭങ്ങളായിരുന്നു. പി.ജെ സെബാസ്റ്റ്യൻ പുല്ലാംകളം ”എന്റെ ജീവിതയാത്ര” എന്ന ആത്മകഥയിൽ പറയുന്നു: ”ഹൈസ്‌കൂൾ ശിശുവിനെ വളർത്തി പുഷ്ടിപ്പെടുത്തിയത് മോൺ. സിറിയക് കണ്ടങ്കരിയാണ്”. ഞാൻ നട്ടു. അപ്പോളോ നനച്ചു എന്ന്വി. പൗലോസ് പറയുന്നതുപോലെ ഡോ. ലവീഞ്ഞു നട്ടതിനു വെള്ളം കോരിയത് മോൺ. സിറിയക് കണ്ടങ്കരിയാണ്.
പാറേൽപള്ളി സ്ഥാപനം
കണ്ടങ്കരിയച്ചന്റെ സഭാപരമായ പ്രവർത്തനത്തിൽ എടുത്തുപറയത്തക്ക സംഭാവനയാണ് പാറേൽ അമലോത്ഭവ മാതാവിന്റെ ജൂബീലിക്കപ്പേള. വികാരിയാത്തിലെ എല്ലാ ഇടവകകളിൽനിന്നും പണം സമാഹരിച്ചു നിർമ്മിച്ചതാണ് ഇത്. ഒരു സംഘാടകനും സഹകാരിയുമെന്ന നിലയിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ മകുടോദഹരണമാണ് പാറേൽ പള്ളി സ്ഥാപനം. പാറേൽ പള്ളി സ്ഥാപനത്തെക്കുറിച്ച് 1907-ൽ ‘അമലോത്ഭവ ജൂബിലി കപ്പേള’ എന്ന ഒരു ലഘു ഗ്രന്ഥവും അദ്ദേഹം പ്രസിദ്ധീകരിച്ചു. 1905-ൽ മാർച്ച് 24-ന് ശിലാസ്ഥാപനവും – 1907-ൽ പള്ളിയുടെ വെഞ്ചരിപ്പും നടന്നു. ചങ്ങനാശേരി പാറ എന്ന സ്ഥലം ഇളപ്പുങ്കൽ അമ്പിച്ചൻ അദ്ദേഹത്തിനു സൗജന്യമായിപതിച്ചു നൽകി. സ്ഥലം പുറമ്പോക്ക് സ്ഥലമാണെന്ന സർക്കാർ പേഷ്‌കാർ ദിവാൻ കപ്പാടം രാമൻപിള്ളയുടെ വാദത്തെ അദ്ദേഹം എതിർത്തു തോല്പിച്ചു. അനന്തരം ധനു 8-നു നടന്ന ജൂബിലി ആഘോഷം എല്ലാം കൊണ്ടും അവിസ്മരണീയമായിരുന്നു. അദ്ദേഹത്തിന്റെ തന്നെവിവരണത്തിൽ നിന്ന്: ”അനന്തരം ധനു 8-ന് നടന്ന ജൂബിലി ആഘോഷം എല്ലാം കൊണ്ടും സ്മരണീയമായിരുന്നു. പള്ളിയിലുള്ള സകല കർമ്മങ്ങളും വലിയ തിരുനാളുകളുടെ രീതി അനുസരിച്ച് നടത്തപ്പെട്ടു. 8-ന് ഉച്ചതിരിഞ്ഞ് പരി.ദൈവജനനിയുടെ പുതിയ രൂപം ചന്ത, അങ്ങാടി മുതലായ സ്ഥലങ്ങളിൽ ആഘോഷമായി കൊണ്ടുപോകപ്പെട്ടു. ഇതിൽ അതിപ്രബല മെത്രാനച്ചൻ (മാർ മാക്കിൽ) അവർകൾ തന്നെ പ്രധാനഭാഗം വഹിച്ചതും പ്രത്യേകം പ്രസ്താവയോഗ്യമാണ്. പരി. ദൈവജനനിയോട് തങ്ങൾക്കുള്ള ഭക്തി വിശ്വാസങ്ങളെ കത്തോലിക്കാ വിശ്വാസങ്ങൾക്കടുത്ത വിധത്തിൽ ജനങ്ങൾ പ്രദർശിപ്പിച്ചതും പ്രദക്ഷിണ മാർഗ്ഗങ്ങളിൽ ചെയ്തിരുന്ന കമനീയമായ വിവിധ അലങ്കാരങ്ങളും പ്രത്യേകം ശ്ലാഘാവഹവും അതിമഹനീയവുമായിരുന്നു.
അന്യജാതി മതസ്ഥർ ഇതിൽ ചേരാതിരുന്നില്ല.
പരി. ദൈവജനനിയുടെ രൂപത്തെ ദർശിക്കാനായി മുഹമ്മദീയസ്ത്രീകൾ പോലും ഓടി എത്തിക്കൊണ്ടിരുന്നു. പ്രദക്ഷിണം ചന്തക്കടവിലെ കുരിശുപള്ളിയെ സമീപിച്ച
പ്പോൾ അവിടെ അതിവിശേഷമായി ഒരുക്കിയിരിക്കുന്ന വിശേഷ പന്തലിൽ രൂപം സ്ഥാപിച്ചുകൊണ്ട് അന്ന് കാവാലത്തുപള്ളിയിൽ വികാരിയായിരുന്ന പ്രൊപ്പഗാന്ത വിദ്യാർത്ഥി ബ.കുര്യാളച്ചേരിൽ തോമ്മാ കത്തനാരവർകൾ പരി. ദൈവജനനിയോട് തനിക്കുള്ള ഭക്തിവിശ്വാസത്തെ പ്രദർശിപ്പിക്കുന്നതിനു തനിക്കു ലഭിച്ചതായ ഈ അവസരത്തെ ഉപയോഗപ്പെടുത്തി തന്റെ വാഗ്‌വൈഭവത്തെ പ്രതീക്ഷിക്കത്ത ക്കവിധത്തിൽ സരസവും സാരഗർഭവുമായ ഒരു പ്രസംഗം ചെയ്തു. അന്നു രാത്രി ഇതര ദേശങ്ങളിലെ മുറപോലെ പട്ടണം മുഴുവനും ഒരു ദീപക്കാഴ്ചയും ഉണ്ടായിരുന്നു. (1907)”