മൊപ്‌സുവെസ്ത്യായിലെ മാർ തെയദോർ (+428 AD)

അടുത്തകാലത്ത് പുനരുദ്ധരിക്കപ്പെട്ട് ഉപയോഗത്തിലായ രണ്ടാം കൂദാശക്രമം വഴി സീറോ-മലബാറുകാർക്ക് മൊപ്‌സുവെസ്ത്യായിലെ മെത്രാനായിരുന്ന മാർ തെയദോർ പരിചിതനാണ്. പാശ്ചാത്യസുറിയാനിപാരമ്പര്യത്തിൽപ്പെട്ട അദ്ദേഹം ഗ്രീക്കുഭാഷ യിലാണ് തന്റെ കൃതികൾ എഴുതിയതെങ്കിലും സുറിയാനിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ കൃതികൾ പൗരസ്ത്യസുറിയാനിസഭയിൽ ഏറെ സ്വാധീനം ചെലുത്തി യിരുന്നു. അന്ത്യോക്യായിലെ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച തെയദോർ ‘സുവർ ണനാവു’ള്ളവൻ എന്നറിയപ്പെട്ടിരുന്ന മാർ യോഹന്നാൻ ക്രിസോസ്‌തോമിന്റെ സതീർ ത്ഥ്യനായിരുന്നു. യുവത്വത്തിന്റെ ആരംഭത്തിൽ ദയറായിൽ ചേർന്ന അദ്ദേഹം പക്ഷേ താമസിയാതെ വിവാഹിതനാകാനാഗ്രഹിച്ച് സന്ന്യാസമുപേക്ഷിച്ച് അഭിഭാഷ കനായി. എന്നാൽ ‘വീണുപോയ തെയദോറിന്’ എന്ന പേരിൽ പില്ക്കാലത്ത് പ്രശസ്തമായ ക്രിസോസ്‌തോമിന്റെ രണ്ട് കത്തുകൾ വഴിമാറിപോയ തെയദോറിനെ വീണ്ടും ദയറായിലെത്തിച്ചു. 383-ൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം 398-ൽ മൊപ്സുവെസ്ത്യായിലെ മെത്രാനായി. നീണ്ട 36 വർഷക്കാലം തന്റെ മരണം വരെ അദ്ദേഹം മേല്പ്പട്ടക്കാരനായി സഭാശുശ്രൂഷ തുടർന്നു. പൗരസ്ത്യസഭ കളിൽ പ്രകാശഗോപുരങ്ങളായി എന്നും പ്രശോഭിക്കുന്ന ഈ പിതാക്കന്മാർ മരണം വരെ തങ്ങളുടെ സൗഹൃദം തുടർന്നുപോന്നു. നാടുകടത്തപ്പെട്ട് ദീർഘകാലം വിപ്രവാസത്തിൽ കഴിഞ്ഞിരുന്ന അവസരത്തിൽ തന്നെ പിടിച്ചുനിറുത്തിയതും ആശ്വസിപ്പിച്ചതും തെയദോറിന്റെ സ്‌നേഹമായിരുന്നെന്ന്ക്രിസോസ്‌തോം സാക്ഷ്യപ്പെടുത്തുന്നത് ഹൃദയസ്പർശനീയമാണ്:തെയദോറിന്റെ സ്‌നേഹം എനിക്കൊ രിക്കലും മറക്കാൻ സാധ്യമല്ല. അത് അത്രമാത്രം ഹൃദ്യവും നിഷ്‌ക്കളങ്കവും ആത്മാർത്ഥവും നിഷ്‌കപടവും ആയിരുന്നു. ബാല്യംമുതൽ നിലനിന്നിരുന്ന സ്‌നേഹമായിരുന്നു അത്. ജാഗരൂകവും കുലീനവുമായ ആ ആത്മാവിന്റെ സ്‌നേഹമെന്ന ധനം എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിക്കുന്നു. സഭാപിതാക്കന്മാരുടെ ഇടയിൽ പ്രതിഭാശാലിയായിരുന്ന തെയദോർ ഉജ്ജ്വല വാഗ്മിയായിരുന്നു. രാത്രി മുഴുവൻ വി. ഗ്രന്ഥം പഠിച്ചിരുന്ന അദ്ദേഹം ‘വ്യാഖ്യാതാവ് (The Exeget)’ എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. വിശുദ്ധഗ്രന്ഥത്തിന്റെ വാച്യാർത്ഥ (Literal Meaning)മാണ് എല്ലാ വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനമായി നിലകൊള്ളേണ്ടത് എന്ന് അദ്ദേഹം പഠിപ്പിച്ചു. 431-ലെ എഫേസൂസ് സൂനഹദോസിന് ശേഷം ‘നെസ്‌തോറിയനിസ’ത്തിന്റെ ഉപജ്ഞാതാവ് തെയദോറാണെന്ന ആരോപണ  മുയർന്നുതുടങ്ങി. തന്റെ മരണശേഷം 125 വർഷങ്ങൾക്കുശേഷം പാഷണ്ഡിയായി മുദ്ര കുത്തപ്പെട്ട് 553-ലെ രണ്ടാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വച്ച് മാർ തെയദോർ സഭയിൽനിന്ന് പുറത്താക്കപ്പെട്ടു. റോമാസാമ്രാജ്യത്തിലെ സഭ തെയദോ റിനെ ശപിച്ചുതള്ളിയെങ്കിലും പൗരസ്ത്യസുറിയാനി സഭ അദ്ദേഹത്തോടുള്ള ആദരവ് തുടർന്നുപോന്നു. പേർഷ്യൻ സഭയുടെ ബൗദ്ധിക കേന്ദ്രമായിരുന്ന എദ്ദേസ്സായിലെയും നിസ്സിബിസ്സിലെയും കലാലയങ്ങളിൽ ദൈവശാസ്ത്രത്തിലും വ്യാഖ്യാനരീതികളിലും തെയദോറായിരുന്നു വഴികാട്ടി.
പാഷണ്ഡത ആരോപിക്കപ്പെട്ട് മാർ തെയദോറിന്റെ കൃതികൾ നശിപ്പിക്കപ്പെട്ടു വെങ്കിലും സുറിയാനിയിലും ഗ്രീക്കിലുമായി ഏതാനും കൃതികളുടെ കൈയ്യെ ഴുത്തുപ്രതികൾ ലഭ്യമായിട്ടുണ്ട്. ദൈവശാസ്ത്രപരമായി ഏറെ പ്രാധാന്യമർഹിക്കുന്ന കൃതിയാണ് നിഖ്യാവിശ്വാസപ്രമാണത്തിന്റെ വ്യാഖ്യാനവും, കർത്തൃപ്രാർത്ഥന, മാമ്മോദീസാ, വി.കുർബാന എന്നിവയെക്കുറിച്ചുള്ള വിശദീകരണങ്ങളും ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ മതാധ്യാപനപ്രസംഗങ്ങൾ (Catechetical Lectures). സങ്കീർത്തനഭാ ഷ്യം, പന്ത്രണ്ട് ചെറിയ പ്രവാചകരുടെ ഭാഷ്യം, യോഹന്നാന്റെ സുവിശേഷ ത്തിന്റെ ഭാഷ്യം, മാസിഡോണിയരുമായുള്ള സംവാദം തുടങ്ങിയകൃതികളും നമുക്ക് ലഭ്യമായിട്ടുണ്ട്.
ആധുനിക ദൈവശാസ്ത്രജ്ഞർ മാർ തെയദോർ സത്യവിശ്വാസിയായിരുന്നുവെന്ന് പരക്കെ അംഗീകരിക്കുന്നുണ്ട്. വിശുദ്ധഗ്രന്ഥത്തിലും ലിറ്റർജിയിലും മറഞ്ഞിരിക്കുന്ന ദൈവികരഹസ്യങ്ങൾ തനിക്ക് ദൈവം സമ്മാനിച്ച ഭാസുരനയനങ്ങൾകൊണ്ട് സദാ ദർശിക്കുകയും അവയുടെ നിഗൂഢാർത്ഥം അപരർക്ക് ലളിതമായി വ്യാഖ്യാനി ച്ചുനല്കുവാൻ അക്ഷീണം യത്‌നിക്കുകയും ചെയ്തിരുന്ന ഈ മഹാനായ മല്പാൻ പാഷണ്ഡിയായി എണ്ണപ്പെട്ട് വിസ്മൃതനാകുവാൻ ഇടയാകാതിരുന്നതിന്റെ കാരണം 6-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബർഹദ്ബ്ശബായുടെ വാക്കുകളിൽ വ്യക്തമാണ്:
തെയദോർ തന്റെ ജീവിതകാലത്തു മാത്രമല്ല, മരണശേഷവും തന്റെ ഗ്രന്ഥങ്ങ ളിലൂടെ ലോകത്തെ അമ്പരപ്പിച്ചു. ഈ വിജ്ഞാനസാഗരത്തിന്റെ സത്പ്രവൃത്തി കളെപ്പറ്റി ആർക്ക് വിവരിക്കാൻ കഴിയും. അദ്ദേഹത്തിൽ പ്രവർത്തിച്ച പരിശുദ്ധാ ത്മാവിന്റെ അത്ഭുതകർമ്മങ്ങളെപ്പറ്റിയും ആർക്ക് വിവരിക്കാൻ കഴിയും. അദ്ദേഹത്തിന്റെ പക്കലെത്തുന്ന മെത്രാന്മാർ സ്വയം അദ്ദേഹത്തിന്റെ ശിഷ്യ രെന്നുകരുതി. ബൗദ്ധികവ്യാപാരങ്ങളിൽ അതിപ്രഗത്ഭരായ താത്ത്വികരും അദ്ദേഹത്തിന്റെ മുമ്പിൽ വിദ്യാർത്ഥികളെപ്പോലെയായിരുന്നു. എത്ര വിഷമം പിടിച്ചതും കെട്ടുപിണഞ്ഞതുമായ പ്രശ്‌നങ്ങളും അദ്ദേഹത്തിന്റെ പക്കൽ വരുമ്പോൾ അവസാനിക്കുമായിരുന്നു. അപ്പുറത്തേക്ക് കടന്നില്ല. ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് അദ്ദേഹം വ്യാഖ്യാനിച്ചു കൊടുത്തു. സൂര്യപ്രകാശംപോലെ അദ്ദേഹം അവയെല്ലാം വ്യക്തമാക്കി (PO 9: 503-504).