ഈ ആധുനികയുഗത്തിലും ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന മതവിഭാഗം ക്രിസ്ത്യാനികളാണ്. ഈശോമിശിഹായിൽ വിശ്വസിക്കുന്നു എന്ന ഒറ്റക്കാരണത്താലാണ് ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നത്. മരണം, ജയിൽവാസം, കൊള്ള, ശാരീരികപീഡനങ്ങൾ, ബലാത്സംഗം എന്നിവയ്‌ക്കെല്ലാം തങ്ങളുടെ വിശ്വാസം മൂലം ക്രൈസ്തവർ ഇരകളാക്കപ്പെടുന്നു. ശത്രുക്കളോട് ക്ഷമിക്കാനും, ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാനും പഠിപ്പിച്ച തങ്ങളുടെ കർത്താവിന്റെ വാക്കുകൾ അനുസരിക്കുന്നതിനാൽ ഇത്രയധികം പീഡിപ്പിക്കപ്പെട്ടിട്ടും ഒരിടത്തുപോലും ക്രിസ്ത്യാനികൾ ആയുധമെടുത്ത് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ചിട്ടില്ല. തങ്ങളുടെ മതത്തിൽ വിശ്വസിക്കാത്ത എല്ലാവരെയും കൊന്നു തള്ളി സ്വർഗ്ഗം നേടാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന തീവ്രവാദികളെ ‘സാമ്രാജ്യത്വ വിരുദ്ധ പോരാളികൾ’ ആയി ചിത്രീകരിച്ചു ന്യായീകരിക്കുന്നവർ സ്വയം പീഡനമേൽക്കുമ്പോഴും അപരനെ ആക്രമിക്കാൻ തയ്യാറാകാത്ത ക്രിസ്ത്യാനികൾ മതതീവ്രവാദത്തിന്റെ ‘ഇരകൾ’ ആണെന്നുപോലും അംഗീകരിക്കാൻ മടിക്കുന്നു.
വിവിധ അന്താരാഷ്ട്ര ഏജൻസികൾ നടത്തിയ പഠനങ്ങൾ ലോകത്ത് ഏറ്റവും കൂടുതൽ മതമർദ്ദനത്തിനു വിധേയമാകുന്നത് ക്രൈസ്തവ വിശ്വാസികളാണെന്ന് തെളിവുകൾ നിരത്തി സ്ഥാപിക്കുന്നുണ്ട്. ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ക്രൈസ്തവപീഡനം നടക്കുന്നതെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
വിശ്വാസത്തിന്റെയും ലിംഗത്തിന്റെയും പേരിൽ ഇരട്ടി പീഡനം ക്രിസ്ത്യൻ സ്ത്രീകൾ നേരിടേണ്ടതായി വരുന്നുവെന്നും വിവിധ പഠനങ്ങൾ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. കൂട്ടബലാത്സംഗത്തിനിരയാക്കപ്പെടുന്നതും അടിമകളായി വിൽക്കപ്പെടുന്നതും ലൈംഗിക അടിമകളായി മാറേണ്ടിവരുന്നതും സ്ത്രീകളാണ്. പിഞ്ചു കുഞ്ഞുങ്ങളും ദയാദാക്ഷിണ്യമില്ലാതെ മതതീവ്രവാദികളുടെ പീഡനങ്ങൾക്ക് ഇരയാക്കപ്പെടുന്നു.
”നമുക്കും അവനോടുകൂടെ പോയി മരിക്കാം” എന്നു പറഞ്ഞ ധീരശിഷ്യൻ മാർ തോമാശ്ലീഹായെപ്പോലെ സ്വന്തം ജീവൻ പോലും നഷ്ടമാകാവുന്ന സാഹചര്യത്തിൽ ഐഎസ് തീവ്രവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്ക് ആശ്വാസമേകാനും, പത്രപ്രവർത്തകർ പോലും ഭയംമൂലം കടന്നു ചെല്ലാത്ത സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകൾ
ലോകത്തെ അറിയിക്കാനും അക്ഷീണം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന സന്ന്യാസിനിയാണ് സിസ്റ്റർ ഹതുനെ ദോഗൻ (Sister Hatune Dogan). സുറിയാനി ഓർത്തഡോക്‌സ് സഭയിലെ ‘എഫ്രേം ദ് സിറിയൻ’ സന്ന്യാസ സമൂഹത്തിലെ അംഗവും ഡീക്കണസുമായ സിസ്റ്റർ ഹതുനെയുടെ നേതൃത്വത്തിലുള്ള ‘ഹതുനെ ഫൗണ്ടഷൻ’ ഇന്ത്യയടക്കം 19 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. തുർക്കിയിൽ ജനിച്ച് ഇസ്ലാമിക തീവ്രവാദികളുടെ ആക്രമത്തിൽ നിന്നു രക്ഷപ്പെടാൻ ജർമ്മനിയിൽ അഭയം പ്രാപിച്ചയാളാണ് സിസ്റ്റർ ഹതുനെ. സിസ്റ്ററുടെ പതിനഞ്ചാമത്തെ വയസ്സിൽ തുർക്കിയിലെ മതമർദ്ദനങ്ങളിൽ നിന്നു രക്ഷനേടാൻ കുടുംബം ജർമ്മനിയിലേയ്ക്കു കുടിയേറുകയായിരുന്നു. മതപീഡനത്തിന്റെ ഭീകരത നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയിൽക്കൂടിയാവണം സ്ഥിരമായി വധഭീഷണികൾ ലഭിക്കുമ്പോഴും താനറിഞ്ഞ സത്യങ്ങൾ ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ട് ധീരതയോടെ ഈ സന്ന്യാസിനി മുന്നോട്ടുപോകുന്നത്.
ഇസ്ലാമിക തീവ്രവാദികളിൽ നിന്ന് മധ്യപൂർവ്വ ദേശത്തെ ക്രൈസ്തവർ അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾ എത്രമാത്രം പൈശാചികമാണെന്ന് സിസ്റ്റർ ഹതുനെ ദോഗൻ തന്റെ അനുഭവങ്ങളിൽ നിന്ന് വിശദീകരിക്കുന്നുണ്ട്. സിറിയയിലെ പൗരാണിക ക്രൈസ്തവ സമൂഹം ഉന്മൂലനം ചെയ്യപ്പെടുന്നതിനു ദൃക്‌സാക്ഷിയായിരുന്നു സിസ്റ്റർ ഹതുനെ. ലൈംഗിക അടിമകളായി വിൽക്കപ്പെടുകയും പീഡനങ്ങളെ അതിജീവിക്കുകയും ചെയ്ത ക്രിസ്ത്യൻ, യസീദി പെൺകുട്ടികളുടെ അനുഭവങ്ങൾ സിസ്റ്റർ പങ്കുവയ്ക്കുന്നത് ഞെട്ടലോടെയേ കേട്ടുനിൽക്കാൻ സാധിക്കൂ. അവിശ്വസനീയമായ വെളിപ്പെടുത്തലുകൾ നടത്തുന്ന സിസ്റ്ററിന്റെ പല അഭിമുഖങ്ങളും യൂട്യൂബ് അടക്കമുള്ള വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റുകൾ നീക്കം ചെയ്തിട്ടുണ്ടെങ്കിലും മറ്റു പല പോർട്ടലുകളിലും ലഭ്യമാണ്. സിറിയയിലെ ആലപ്പോയിൽ ഒരു യുവതിയും അവളുടെ ഒമ്പതു വയസ്സുള്ള മകളും ഭർത്താവടക്കമുള്ള കുടുംബാംഗങ്ങളുടെ മുന്നിൽ വച്ചാണ് ബലാത്സംഗത്തിന് ഇരയായത് എന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. ദമാസ്‌ക്കസിൽ വച്ചാണ് ആ യുവതിയെ സിസ്റ്റർ പരിചയപ്പെടുന്നത്. കൂട്ടബലാത്സംഗത്തിനു ശേഷം അവളുടെ കുടുംബാംഗങ്ങളായ ആറുപേരെ അവളുടെ മുന്നിൽ വച്ചുതന്നെ തീവ്രവാദികൾ കഴുത്തറുത്തു കൊന്നു. ഒരു ചെറുപ്പക്കാരൻ സിസ്റ്ററോട് പങ്കുവച്ച പീഡനവിവരണം ഇങ്ങനെ: അയാളെയും സഹോദരനെയും തീവ്രവാദികൾ പിടികൂടി ശരീരത്തിൽ വലിയ മുറിവുകൾ ഉണ്ടാക്കി അതിൽ ഉപ്പു നിറച്ചു. സഹോദരൻ മരിച്ചു; ഈ ചെറുപ്പക്കാരൻ രക്ഷപെട്ടു. ലൈംഗിക അടിമകളായി പിടിക്കപ്പെട്ട് ക്രൂരമായ ലൈംഗിക പീഡനങ്ങൾക്കു ശേഷം വിട്ടയയ്ക്കപ്പെട്ട പല യുവതികളുടെയും ഇടതു സ്തനം ഛേദിക്കപ്പെട്ടിരിന്നുവെന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയായി ഒട്ടേറെ കൊലകൾ നടത്തുകയും പിന്നീട് മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്ത ഒരാളുടെ വെളിപ്പെടുത്തൽ സിസ്റ്റർ ഹതുനെ വിശദീകരിക്കുന്നത് അവിശ്വസനീയമായി പലർക്കും തോന്നും. കഴുത്തറുത്തു കൊല്ലപ്പെടുന്ന ക്രിസ്ത്യാനികളുടെ രക്തം ചെറിയ കുപ്പികളിൽ ശേഖരിച്ച് സൗദി അറേബ്യയിലെ മതഭ്രാന്തന്മാരായ കോടീശ്വരന്മാർക്ക് വിൽക്കുമായിരുന്നു എന്നും, കുപ്പി ഒന്നിന് ഒരു ലക്ഷം ഡോളർ വരെ വിലയ്ക്കാണ് ക്രിസ്ത്യൻ രക്തം വിറ്റിരുന്നത് എന്നും അയാൾ പറഞ്ഞതായി സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. ആ രക്തത്തിൽ തങ്ങളുടെ കൈകൾ കഴുകിയാൽ പ്രസ്തുത ക്രിസ്ത്യാനിയെ ബലി നൽകിയതിൽ തങ്ങൾക്കും പങ്കാളിത്തം ലഭിക്കുമെന്നും തത്ഫലമായി സ്വർഗ്ഗം ലഭിക്കുമെന്നുമാണത്രേ അവരുടെ വിശ്വാസം. സിസ്റ്ററിന്റെ ഈ വെളിപ്പെടുത്തൽ സൈബർ ലോകത്ത് കടുത്ത വിമർശനം നേരിടേണ്ടിവന്നിരുന്നു. എന്നാൽ തന്റെ
വാക്കുകൾ സിസ്റ്റർ ഇതുവരെ മാറ്റി പറഞ്ഞിട്ടില്ല.
ആഗോളസമൂഹം ക്രൈസ്തവപീഡനങ്ങളോട് പുലർത്തുന്ന തണുപ്പൻ നിലപാടിൽ തന്റെ പല അഭിമുഖങ്ങളിലും സിസ്റ്റർ ദുഃഖം രേഖപ്പെടുത്തുന്നുണ്ട്. ഭീകരവാദത്തിനു മതമുണ്ടെന്നും ആരൊക്കെ എതിർത്താലും താൻ അത് ഉറക്കെ പറ
ഞ്ഞുകൊണ്ടിരിക്കുമെന്നും തങ്ങളുടെ ദയനീയമായ നിലവിളികളോട് പാശ്ചാത്യ സമൂഹം പ്രതികരിക്കുന്നില്ലെന്നും സിസ്റ്റർ ഹതുനെ ദോഗൻ പറയുന്നു.
ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന പത്തു രാജ്യങ്ങളിൽ ഏഴിലും ഇസ്ലാമിക ഭരണകൂടങ്ങളാലോ മുസ്ലീം തീവ്രവാദികളാലോ ആണ് അവർ പീഡിപ്പിക്കപ്പെടുന്നത് എന്നതാണ് ഞെട്ടിക്കുന്ന സത്യം. പാക്കിസ്ഥാൻ പോലുള്ള ഇസ്ലാമിക രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ രണ്ടാംതരം പൗരന്മാരാണ്. മതനിന്ദാ നിയമത്തിന്റെ മറവിൽ ക്രിസ്ത്യാനികൾ വിചാരണപോലും കൂടാതെ ജയിലിൽ അടയ്ക്കപ്പെടുന്നു. വിദ്യാഭ്യസ രംഗത്തും തൊഴിൽ മേഖലകളിലും അവർ മാറ്റി നിർത്തപ്പെടുന്നു. അവർ കഷ്ടപ്പെട്ടു സമ്പാദിച്ച സ്വത്തും വീടും ഏതു നിമിഷവും സർക്കാരിലേക്ക് കണ്ടുകെട്ടപ്പെടാം. ഒരു മുസ്ലീം ക്രിസ്ത്യാനി ആയാൽ അയാൾ കൊല്ലപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. മധ്യപൂർവ്വ ദേശത്തെ പല രാജ്യങ്ങളിലും ക്രൈസ്തവ സമൂഹം നാമാവശേഷമായി കഴിഞ്ഞിരിക്കുന്നു എന്ന് നമുക്കറിയാം. താലിബാനും ഐഎസ്‌ഐഎസും പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകൾ വർഷങ്ങൾ കൊണ്ട് പൈശാചികമായി ക്രൈസ്തവരെ ഉന്മൂലനം ചെയ്യുകയായിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നും ആഫ്രിക്കയിലേക്കു ശ്രദ്ധ മാറ്റിയിരിക്കുകയാണ് ഇസ്ലാമിക തീവ്രവാദ സംഘടനകൾ എന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ബൊക്കോഹറാം, ഇസ്ലാമിക് സ്റ്റേറ്റ്, വെസ്റ്റ് ആഫ്രിക്കാ പ്രൊവിൻസ് എന്നീ സംഘടനകൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവ ഉന്മൂലനം ലക്ഷ്യമിട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സോമാലിയയിൽ ക്രിസ്ത്യാനികൾ ഇല്ലാതായിരിക്കുന്നു. ക്രൈസ്തവ ആഘോഷങ്ങൾ ഔദ്യോഗികമായി വിലക്കിയിരിക്കുന്ന രാജ്യം കൂടിയാണ് സോമാലിയ. നൈജീരിയയിൽ ഒട്ടേറെ ക്രിസ്ത്യൻ ഗ്രാമങ്ങൾ ആക്രമിക്കപ്പെടുന്നു. ആയിരക്കണക്കിനു ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. ന്യൂസിലാൻഡിൽ മോസ്‌ക്കിൽ അതിക്രമിച്ചു കയറിയ അക്രമി 49 പേരേ വധിച്ച ആഴ്ചയിൽ നൈജീരിയയിൽ 125 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. 145 വീടുകൾ അഗ്നിക്കിരയാക്കി. ആയിരക്കണക്കിനു ക്രൈസ്തവർ പലായനം ചെയ്തു. നൈജീരിയയിൽ നടക്കുന്നത് ക്രിസ്ത്യൻ വംശഹത്യ ആണെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
വേട്ടക്കാരനൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന രാഷ്ട്രീയ ഇസ്ലാമിനെതിരെയോ ഏകാധിപത്യ ഭരണം നടത്തുന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾക്കെതിരെയോ ശബ്ദിക്കാനും ക്രൈസ്തവ പീഡനങ്ങളെ അപലപിക്കാനും രാഷ്ട്ര തലവന്മാരോ മതമേധാവികളോ മനുഷ്യാവകാശ സംഘടനകളോ തയ്യാറാകുന്നില്ല. ക്രൈസ്തവരുടെ മരണം ലോകത്തിന്റെ വേദനായാക്കി മാറ്റാൻ പെട്രോ ഡോളറിനാൽ വിലയ്‌ക്കെടുക്കപ്പെട്ട പിആർ ഏജൻസികളും ന്യൂസ് ഏജൻസികളും സെലിബ്രിറ്റികളും ഇല്ല. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ അക്രമത്തിനെതിരെ ശബ്ദമുയർത്താൻ നമ്മുടെ കേരളത്തിൽ പോലും സ്ഥിരം ‘പ്രതികരണ തൊഴിലാളികളായ സാംസ്‌കാരിക നായകർ’ വായ് തുറന്നതേയില്ല എന്നത് ശ്രദ്ധിക്കാതെ വിട്ടുകളയരുത്. ”ഒരു അവയവം വേദനയനുഭവിക്കുമ്പോൾ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു. ഒരു അവയവം പ്രശംസിക്കപ്പെടുമ്പോൾ എല്ലാ അവയവങ്ങളും സന്തോഷിക്കുന്നു” (1 കോറി. 12,26) എന്ന വചനം ഉൾക്കൊണ്ട് പീഡിപ്പിക്കപ്പെടുന്ന നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി പ്രാർത്ഥനയിലും പ്രവൃത്തിയിലും നമുക്ക് ഒരുമിക്കാം. ഒരു അവയവത്തിന്റെ വേദന മറ്റൊരു അവയവത്തിന് അനുഭവിക്കാനാകുന്നില്ലെങ്കിൽ മാരകമായ മരവിപ്പ് ശരീരത്തിനു ബാധിച്ചിരിക്കുന്നു എന്നാണല്ലോ അർത്ഥം. നാശത്തിലേയ്ക്ക് നയിക്കുന്ന അത്തരമൊരു മരവിപ്പിലാണോ ഇപ്പോൾ നാം എന്ന് ആത്മവിചിന്തനം ചെയ്യാം.
മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.