മാർ തോമാശ്ലീഹാ യാമപ്രാർത്ഥനകളിൽ

ഭാരതസഭാചരിത്രത്തിലും പേർഷ്യൻസഭാചരിത്രത്തിലും മാർതോമാശ്ലീഹായ്ക്കുള്ളസ്ഥാനം അതുല്യമാണ്. ചരിത്രപുരുഷനായ തോമാശ്ലീഹായെക്കുറിച്ചുള്ള പഠനങ്ങൾ നിരവധിയാണ്. പാരമ്പര്യത്തിന്റെയും ചരിത്രരേഖകളുടെയും അടിസ്ഥാനത്തിൽ തോമാശ്ലീഹാ ഭാരതത്തിന്റെ ശ്ലീഹായാണെന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും.

മാർതോമാശ്ലീഹായെ പൗരസ്ത്യസുറിയാനി ആരാധനക്രമത്തിൽ എങ്ങനെ ചിത്രീകരിക്കുന്നു എന്നു മനസ്സിലാക്കാനുള്ള ഒരുശ്രമമാണ് ഈലേഖനം. ഈപഠനത്തിന് ഉറവിടമായി സ്വീകരിച്ചിരിക്കുന്നത് ദുക്‌റാന(ജൂലൈ3)തിരുനാളിനു പൗരസ്ത്യസുറിയാനിസഭ തന്റെ മക്കൾക്ക് സ്തുതികളാലപിക്കുവാൻ നൽകിയിരിക്കുന്ന യാമപ്രാർത്ഥനകളിലെ ഗീതങ്ങളും പ്രാർത്ഥനകളുമാണ്. തോമാശ്ലീഹായെക്കുറിച്ചുള്ള അറിവിന്റെ വലിയ ഒരു ഭണ്ഡാഗാരമാണ് ദുക്‌റാന തിരുനാളിലെ യാമപ്രാർത്ഥനകൾ എന്നുള്ളതിനാൽ പ്രധാനപ്പെട്ട ഏതാനും കാര്യങ്ങൾ മാത്രമേ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നുള്ളൂ.

1.കർത്താവിന്റെഎളിയദാസൻ
തോമാശ്ലീഹാ തന്റെ പ്രേഷിത ദൗത്യം ആരംഭിക്കുന്നത് എങ്ങനെയെന്ന് യാമപ്രാർത്ഥനകൾ വിവരിക്കുന്നത് ഇപ്രകാരമാണ്.

”മിശിഹാതൻ പ്രിയ ശിഷ്യഗണം
സുവിശേഷത്തിൻ ഘോഷകരായ്
ധരയിലയക്കപ്പെട്ടല്ലോ…
നാഥനുതന്നുടെ സ്വാതന്ത്ര്യം
കാഴ്ചയണച്ചവനാം തോമാ
വിൽക്കപ്പെട്ടവനടിമസമം-
വന്നു ഹെന്തോ ദേശമതിൽ”

കർത്താവിന്റെ എളിമയുള്ള ദാസനായി തോമാ ഇന്ത്യയിലേക്കു യാത്രയാകുന്നു.” തോമായുടെ നടപടികൾ” എന്ന അപ്പോക്രിഫൽ ഗ്രന്ഥത്തിലെ വിവരണമനുസരിച്ചാണ് ഈ ഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആ വിവരണം ഇപ്രകാരമാണ്:
‘ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ’ എന്ന ഈശോയുടെ പ്രേഷിതാഹ്വാനം സ്വീകരിച്ച ശ്ലീഹന്മാർ ഓരോരുത്തരും എങ്ങോട്ടു പോകണമെന്നുള്ളത് കുറിയിട്ടു നിശ്ചയിക്കുവാൻ തീരുമാനിച്ചു. തോമായ്ക്കു കുറിവീണത് ഇന്ത്യയിലേക്ക് പോകണമെന്നായിരുന്നു. കർത്താവ് നേരിട്ട് പ്രത്യക്ഷപ്പെട്ടാണ് തോമാശ്ലീഹായെ ഇന്ത്യയിലേക്ക് അയക്കുന്നത്. ഗുണ്ടഫോറസ് രാജാവിന്റെ വ്യാപാരിയായ ഹാബാൻ എന്നയാൾ ആ സമയം ജറുസലേമിൽ ഉണ്ടായിരുന്നു. രാജാവിനു കൊട്ടാരം പണിയാൻ ഒരു ആശാരിയെ അനേ്വഷിച്ചാണ് ഹാബാൻ അവിടെയെത്തിയത്. ഈശോ അയാളോടുചോദിച്ചു:”താങ്കൾക്കു ഒരു ആശാരിയെ ആവശ്യമുണ്ടോ?” ”ഉണ്ട്”,അയാൾ മറുപടി പറഞ്ഞു. മൂന്ന് വെള്ളിനാണയങ്ങൾക്ക് തോമായെ ഹാബാന് വിറ്റു കൊണ്ട് ഈശോ കച്ചവടം ഉടടിചെയതു: ”ഞാൻ തച്ചനായ ജോസഫിന്റെ മകൻ ഈശോ ഇന്ത്യാക്കാരുടെ രാജാവായ ഗുണ്ടഫോറസിന്റെ വ്യാപാരിയായ ഹാബാന് എന്റെ അടിമയായ തോമായെ വില്ക്കുന്നതായി അറിയിക്കുന്നു.” ഹാബാൻ തോമായോടു ചോദിച്ചു:”ഇദ്ദേഹം നിന്റെ യജമാനനാണോ?”തോമാ പ്രതിവചിച്ചു:”അതേ, അദ്ദേഹം എന്റെ കർത്താവാണ്.”

2.ഭാരതത്തിന്റെ ശ്ലീഹാ
സ്ലീവായുമേന്തി ഭാരതമണ്ണിൽ കാലുകുത്തുന്ന തോമാശ്ലീഹായെയാണ് യാമപ്രാർത്ഥനകളിൽ നമുക്കുകാണുവാൻ സാധിക്കുന്നത്. സ്ലീവായാകുന്ന കലപ്പകൊണ്ട് അദ്ദേഹം വിഗ്രഹാരാധനയാകുന്ന പാപത്തിൽ ഉറച്ചുപോയ നിലത്തെ ഉഴുതുമറിച്ച്, വചനമാകുന്ന വിത്തുവിതച്ച്, വിശ്വാസമാകുന്ന ഫലം പുറപ്പെടുവിച്ചു.
സൂര്യൻ തന്റെ പ്രകാശം ഭൂമിയിലേക്കുവർഷിക്കുന്നതുപോലെ തോമാ ഇന്ത്യയിലേക്കു തന്റെ പ്രഭതൂകി. തന്റെ പ്രബോധനങ്ങളാകുന്ന മഹത്ത്വത്തിന്റെ വെളിച്ചത്താൽ അവരുടെ പാപത്തിന്റെ അന്ധകാരത്തെ മറച്ച്, രാജാവായ മിശിഹായുടെ അജഗണമാക്കി മാറ്റി. ദുക്‌റാന തിരുനാളിലെ ഓനീസദ്മൗത്വായിൽ ദൈവജനം ഇങ്ങനെപാടുന്നു:

മാർതോമാവഴി ഭാരതമെങ്ങും
ജനതതിസത്യം കണ്ടുഗ്രഹിച്ചു.
മാർതോമാവഴി സമരായുധമാം
മാമ്മോദീസാ മുങ്ങി ജനതകൾ
മാർതോമാവഴി ഭാരതഭൂവോ
പാപവടുക്കൾ കഴുകിയകറ്റി
മാർതോമാവഴി കളകളൊതുങ്ങി
ജീവൻനൽകും വിത്തുവളർന്നു…
മാർതോമാവഴി യിന്ത്യയിലെല്ലാം
ബലിപീഠങ്ങൾ പാരമുയർന്നു.

അന്ധകാരപൂരിതമായ ഇന്ത്യയെ പ്രകാശപൂരിതമാക്കുന്ന തോമാശ്ലീഹായെക്കുറിച്ച് മാർ അപ്രേം തന്റെ ഗീതങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.

3.സ്വർഗ്ഗത്തിലെ ശില്പി
വി.പാരമ്പര്യത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട’തോമായുടെ നടപടികളി’ൽ വിവരിക്കുന്ന ഒരു സംഭവത്തിൽനിന്നാണ് തോമാശ്ലീഹായ്ക്ക്’ സ്വർഗ്ഗത്തിലെ ശില്പി’ എന്നനാമം കൈവന്നത്.

”തോമാശ്ലീഹാ ഭാഗ്യനിധേ
സ്വർഗ്ഗത്തിൽ നീ തീർത്തന്നാൾ
മോഹനമാമൊരു കൊട്ടാരം
ഭാരതജനതയ്ക്കുയിരേകാൻ.”

തോമാശ്ലീഹാ സ്വർഗ്ഗത്തിൽ കൊട്ടാരം പണിത സംഭവം ‘തോമായുടെ നടപടികളി’ൽ വിവരിക്കുന്നത് കാണുക: ഹാബാന്റെ കൂടെ ഇന്ത്യയിലെത്തിയ തോമാ
ശ്ലീഹാ ഗുണ്ടഫോറസ് രാജാവിന്റെ അരികിലെത്തി. രാജാവ് തോമാ
യോട്, ഒരുകൊട്ടാരം പണിയാൻ ആവശ്യപ്പെടുകയും അതിനുള്ള പണം നൽകു
കയും ചെയ്തു. എന്നാൽ തോമാശ്ലീഹാ ആ പണം പാവങ്ങൾക്കു വീതിച്ച് നൽകുകയും സുവിശേഷം പ്രസംഗിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ആത്ഭുതങ്ങൾപ്രവർത്തിക്കുകയുംചെയ്തു. ഈ വിവരം അറിഞ്ഞ രാജാവ് തോമായെ വിളിപ്പിച്ച് കൊട്ടാരം പണിയുടെ വിവരങ്ങൾ ആരാഞ്ഞു. താൻ കൊട്ടാരം പണിതെന്നും, എന്നാൽ ആ കൊട്ടാരം രാജാവിന്റെ മരണശേഷമേ കാണുവാൻ സാധിക്കുകയുള്ളുവെന്നും തോമാ ഉണർത്തിച്ചു. തോമാ തന്നെ കബളിപ്പിക്കുകയാണെന്നു കരുതിയ രാജാവ് അദ്ദേഹത്തെ തുറുങ്കിലടച്ചു. ആ രാത്രിയിൽതന്നെ രാജാവിന്റെ സഹോദരനായ ഗാദ് കലശലായ രോഗം പിടിപെട്ട് മരണമടഞ്ഞു. മാലാഖാമാർ ഗാദിന്റെ ആത്മാവിനെ സ്വർഗ്ഗത്തിലേയ്ക്കുകൊണ്ടുപോയി. അവിടെ മനോഹരമായ ഒരുകൊട്ടാരം ഗാദിന്റെ ശ്രദ്ധയിൽപെട്ടു. അത് ഗുണ്ടഫോറസ് രാജാവിനുവേണ്ടി തോമാശ്ലീഹാ പണിതതാണെന്ന് മാലാഖാമാർ അദ്ദേഹത്തോടു പറഞ്ഞു. ഈ വിവരം ഗാഥ് രാജാവിനോട് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞു. അങ്ങനെ തന്റെ മരണശേഷം തനിക്കു ലഭിക്കാൻ പോകുന്ന വലിയ സൗഭാഗ്യത്തെക്കുറിച്ച് രാജാവ് മനസ്സിലാക്കുകയും, തോമാശ്ലീഹായിൽനിന്ന് മാമ്മോദീസാ സ്വീകരിക്കുകയുംചെയ്തു.

4.കർത്താവിന്റെപടയാളി
”എന്റെകർത്താവേ, എന്റെദൈവമേ”(യോഹ.20,28)എന്ന വിശ്വാസപ്രഖ്യാപനം നടത്തിയ തോമാശ്ലീഹാ കർത്താവിന്റെ ധീരപോരാളിയായിരുന്നു.തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ ധീരമായ ഒരു പോരാട്ടമായാണ് വിശ്വാസികൾ ഏറ്റുപറയുന്നത്:

മാർതോമാ നീ സഹദായായ്
ധീരതയാർന്നൊരു പോരാട്ടം
അവസാനിപ്പിച്ചതിമോദാൽ
നാഥനിലേക്കു ഗമിച്ചല്ലോ.

പരിശുദ്ധാത്മാവാണ് ഈ പോരാട്ടത്തിനുള്ള ആയുധങ്ങൾ തോമായെ ധരിപ്പിച്ചത്.
എങ്ങനെയാണ് തോമാകർ ത്താവിന്റെ പടയാളിയായതെന്ന് യാമപ്രാർത്ഥനകൾവ്യക്തമാക്കുന്നു:

സത്യത്തിന്റെ കരുത്തേറും
യോദ്ധാവല്ലോ മാർതോമാ
കഷ്ടത, പീഡന, ക്ലേശങ്ങൾ
ധീരതയോടവനേറ്റന്നാൾ.

ദൈവത്തിന്റെ ആയുധങ്ങൾ ധരിക്കുവിൻ(എഫേ.6,1-17) എന്ന വി.പൗലോസ്ശ്ലീഹായുടെ വാക്കുകൾ ഇവിടെ കൂട്ടിവായിക്കാവുന്നതാണ്.

5.വിശ്വാസികളുടെകോട്ട
വിശ്വാസികൾക്കുവേണ്ടി തോമാശ്ലീഹാ ഇന്നുസ്വർഗ്ഗത്തിലിരുന്ന്പ്രാർത്ഥിക്കുകയാണ്:

മാർതോമായുടെ പ്രാർത്ഥനയെന്നും
കോട്ടസമാനം നിലനിൽക്കട്ടെ
രാവുംപകലും ഞങ്ങളെയെല്ലാം
ദുഷ്ടതയിൽനിന്നതു കാത്തീടട്ടെ.

ദുഷ്ടന്റെ കെണികളിൽനിന്നു വിശ്വാസികളെ കാത്തുരക്ഷിക്കുകയാണ് കോട്ടകണക്കെ ശക്തമായ തോമാശ്ലീഹായുടെ പ്രാർത്ഥനകൾ.

ഉപസംഹാരം
സ്വർഗ്ഗത്തിൽ നമുക്കായി നിത്യതയുടെ കൊട്ടാരം തീർത്തവനാണ് നമ്മുടെ വിശ്വാസത്തിന്റെ പിതാവായ മാർതോമാശ്ലീഹാ. ആ ശ്ലീഹായുടെ പ്രേഷിതതീക്ഷ്ണതയുടെ ചൈതന്യം മാർതോമാനസ്രാണികളായ നമുക്കുണ്ടാകണം. തികച്ചും അർത്ഥവത്തും അതിലുപരി ഇന്ന് ഇന്ത്യയിൽ പ്രസക്തവുമായ ഒരു ഗീതം യാമപ്രാർത്ഥനകളിലുണ്ട്:

ദുഷ്ടത,വഞ്ചന,കാപട്യം
വിശ്വാസത്തിൻ രാഹിത്യം
നിറയും ഭാരതമക്കളിതാ
സത്യവെളിച്ചം നുകരുന്നു.

ദുഷ്ടതയും വഞ്ചനയും കാപട്യവും വിശ്വാസരാഹിത്യവും നിറഞ്ഞ ഒരു സാഹചര്യത്തിൽ നമ്മുടെ പിതാവായ തോമാശ്ലീഹാ വിശ്വാസമാകുന്ന സത്യവെളിച്ചം പകർന്നുകൊടുത്തുവെങ്കിൽ, ആ പിതാവിന്റെ മക്കളായ നമ്മളും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും സത്യവെളിച്ചമായ ഈശോയെ ഈ ലോകത്തിനു പകർന്നു കൊടുക്കുവാൻ കടപ്പെട്ടവരാണെന്ന് ദുക്‌റാനതിരുനാൾ ഓർമ്മിപ്പിക്കുന്നു.