എദ്ദേസായിലെ മേല്പ്പട്ടക്കാരനായി ഏകദേശം കാൽനൂറ്റാണ്ടോളം സുറിയാനിസഭയിൽ കർത്താവിന് ശുശ്രൂഷ ചെയ്ത മാർ റാബുള അപൂർവ്വങ്ങളിൽ അപൂർവ്വമായ വ്യക്തിത്വത്തിനുടമയാണ്. ഗ്രീക്കിലും സുറിയാനിയിലും ഒരുപോലെ നൈപുണ്യം ഉണ്ടായിരുന്ന അദ്ദേഹം പണ്ഡിതനും ഒപ്പം സഭയിൽ വിവിധങ്ങളായ പരിഷ്‌ക്കാരങ്ങൾ വരുത്തിയ കർക്കശനായ മെത്രാനുമായിരുന്നു. ‘റാബുളായുടെ ജീവചരിത്രം’എന്ന പേരിൽ സുറിയാനിയിൽ രചിക്കപ്പെട്ട ഗ്രന്ഥമാണ് അദ്ദേഹത്തെക്കുറിച്ചുള്ള അറിവ് നമുക്ക് പകരുന്ന പ്രധാന ഉറവിടം. ജന്മം കൊണ്ടും കർമം കൊണ്ടും അനന്യനായ റാബുളയുടെ സംഭവബഹുലമായ ജീവിതം ഒരു മെത്രാന്റേത് എന്ന നിലയിൽ വിമർശിക്കപ്പെടേണ്ടതാണോ അതോ ന്യായീകരിക്കപ്പെടേണ്ടതാണോ എന്ന് നമുക്ക് സംശയം തോന്നാം.
സിറിയായിലെ ആലപ്പോയ്ക്കടുത്ത് ഖെന്നശ്രീനിൽ സമ്പന്ന കുടുംബത്തിൽ ജനിച്ച റാബുള ഒരു വിജാതീയ പുരോഹിതന്റെ പുത്രനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അമ്മയാകട്ടെ ഒരു ക്രിസ്ത്യാനിയും. അമ്മ അദ്ദേഹത്തിനുവേണ്ടി ക്രിസ്ത്യാനിയായ ഒരു ഭാര്യയെ കണ്ടെത്തിയെങ്കിലും റാബുള വിജാതീയനായിതന്നെ തുടർന്നു. പിന്നീട് മിശിഹായിലേക്ക് ആകൃഷ്ടനായി, വിശുദ്ധനാടുകൾ സന്ദർശിക്കുവാൻ നടത്തിയ തീർത്ഥാടനത്തിനിടയിൽ അദ്ദേഹം യോർദ്ദാനിൽവച്ച് മാമ്മോദീസാ സ്വീകരിച്ചു. താമസിയാതെതന്നെ തന്റെ ഭാര്യയെയും മക്കളെയും ഒരു ആശ്രമത്തിലാക്കി അദ്ദേഹം താപസജീവിതം ആരംഭിച്ചു. തന്റെ സ്വത്തുക്കൾമുഴുവൻ ദരിദ്രർക്കും ആവശ്യക്കാർക്കുമായി വിതരണം ചെയ്തു. ഏകാന്തവാസിയായി കഠിനതപസ്സനുഷ്ഠിച്ചുപോന്ന അദ്ദേഹം ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമായിരുന്നു ഭക്ഷിച്ചിരുന്നത്; അതും വളരെക്കുറച്ച് അപ്പവും പച്ചക്കറികളും മാത്രം. രാത്രിമുഴുവൻ ജാഗരണത്തിലും പ്രാർത്ഥനയിലും കഴിഞ്ഞിരുന്ന റാബുള ദൈവത്തിന്റെ കരുണയുടെ ആൾരൂപമായി ദരിദ്രരുടെയിടയിൽ കാണപ്പെട്ടിരുന്നു. മറ്റൊരു മിശിഹായായാണ് (Alter Christus) ‘റാബുളായുടെ ജീവചരിത്രം’ അദ്ദേഹത്തെ ചിത്രീകരിക്കുക. ഇപ്രകാരം സന്ന്യാസജീവിതം നയിച്ചുവരവെ A.D. 412-ൽ എദ്ദേസായിലെ മെത്രാനായിരുന്ന ദിയോജനസ് മരിച്ചപ്പോൾ റാബുള അദ്ദേഹത്തിന്റെ പിൻഗാമിയായി അഭിഷിക്തനായി്; A.D. 436-ൽ മരിക്കുന്നതുവരെ അദ്ദേഹം മെത്രാനായി തുടർന്നു.
മാർ റാബുളായുടെ സംഭവബഹുലമായ ജീവിതം സമാനതകളില്ലാത്തതാണ്. കരുണയും കാർക്കശ്യവും അദ്ദേഹത്തിൽ ഒരുപോലെ സമ്മേളിച്ചിരുന്നു. സഭയിലെ പാഷണ്ഡതകളും അച്ചടക്കമില്ലായ്മയുമൊക്കെ തുടച്ചുനീക്കാനായി അദ്ദേഹം നടത്തിയ പ്രയത്‌നങ്ങളിൽ മെത്രാന്മാർക്കുണ്ടാകേണ്ടിയിരുന്ന സൗമ്യതയേക്കാൾ രാജാക്കന്മാരുടെ അധികാരമനോഭാവമല്ലേ പ്രതിഫലിപ്പിക്കപ്പെട്ടത് എന്ന സംശയം പലരിലും അവശേഷിക്കുന്നു. മിശിഹായുടെ ദ്വൈതസ്വഭാവത്തിന് മുൻതൂക്കം നല്കിയിരുന്ന മൊപ്‌സുവെസ്ത്യായിലെ തെയദോറിന്റെ നേതൃത്വത്തിൽ വളർന്നുവന്ന അന്ത്യോക്യൻ മിശിഹാവിജ്ഞാനീയത്തിന്റെ വക്താവായിരുന്നു ആദ്യകാലങ്ങളിൽ അദ്ദേഹം. തെയദോറിന്റെ കൃതികളായിരുന്നു എദ്ദേസായിലെ വിഖ്യാത ദൈവശാസ്ത്രകലാലയത്തിലെ പഠനഗ്രന്ഥങ്ങൾ. അതുകൊണ്ട് എദ്ദേസാ മുഴുവൻ, അന്ത്യോക്യൻ മിശിഹാവിജ്ഞാനീയമായിരുന്നു തുടർന്നുപോന്നത്. കോൺസ്റ്റാന്റിനോപ്പിളിലെ മാർ നെസ്‌തോറിയോസും, അലക്‌സാണ്ട്രിയായിലെ മാർ സിറിലും തമ്മിൽ നടന്ന മിശിഹാവിജ്ഞാനീയസംബന്ധമായ തർക്കങ്ങളിൽ, റാബുളാ ആദ്യം അന്ത്യോക്യൻ നിലപാടു തുടർന്നിരുന്ന നെസ്‌തോറിയോസിനൊപ്പമായിരുന്നു. എന്നാൽ തർക്കം പരിഹരിക്കാൻ കൂടിയ എഫേസൂസ് സൂനഹദോസ് (A.D. 431) കഴിഞ്ഞ് തിരിച്ചെത്തിയ റാബുളാ മാർ സിറിളിന്റെ അനുയായി ആയി മാറി.
അന്ത്യോക്യൻ മിശിഹാവിജ്ഞാനീയത്തിന്റെ പ്രഖ്യാപിതശത്രുവായിതീർന്ന അദ്ദേഹം തെയദോറിന്റെ കൃതികൾ അഗ്നിക്കിരയാക്കി. എതിർത്ത എദ്ദേസായിലെ ദൈവശാസ്ത്രകലാലയത്തിന്റെ തലവനായ ഈബാസിനെ നാടുകടത്തി. അദ്ദേഹത്തിന്റെ യഹൂദരോടുള്ള വിരോധവും അതിരുകടന്നിരുന്നു. യഹൂദരിൽ പലരേയും അദ്ദേഹം നിർബന്ധിച്ച് ക്രിസ്ത്യാനികളാക്കിയിരുന്നു. അവരുടെ സിനഗോഗുകൾ കയ്യേറി അവ പള്ളികളാക്കി. റാബുളായുടെ കാലം വരെ സുറിയാനിസഭകളിൽ പ്രചാരത്തിലിരുന്നത് നാലു സുവിശേഷങ്ങളിൽ നിന്നുമുള്ള ഭാഗങ്ങൾ ചേർത്ത് താസിയാൻ ക്രോഡീകരിച്ച ഏക സമന്വിത സുവിശേഷമായ ദിയാതെസ്സറോണായിരുന്നു. പള്ളികളിൽനിന്ന് ദിയാതെസ്സറോണിന്റെ പ്രതികൾ തിരഞ്ഞുപിടിച്ച് കത്തിച്ചുകളഞ്ഞ റാബുളാ പ്ശീത്തായുടെ ഉപയോഗം നടപ്പിൽ വരുത്തി.പാവങ്ങളോടു കരുണകാട്ടിയിരുന്ന റാബുളാ പക്ഷേ താത്വികകാര്യങ്ങളിലെ കടുംപിടുത്തം കാരണം പലരുടെയും എതിർപ്പിന് പാത്രീഭൂതനായി. താപസികരായ ഏകാന്തവാസികൾ സമൂഹമായി ദയറാകളിൽ ജീവിക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. മാർ റാബുളാ തന്റെ അധികാരത്തിൻ കീഴിലുള്ള ദയറാക്കാർക്കും, ഉടമ്പടിയുടെ മക്കൾക്കും, പൂരോഹിതർക്കുമായി പ്രത്യേകം പ്രത്യേകം നിയമങ്ങൾ ക്രോഡീകരിച്ചിട്ടുണ്ട്. സിറിയായിലെ സന്യാസത്തിന്റെ ആദ്യ കാലഘട്ടത്തെപ്പറ്റി അറിയുവാൻ ഈ നിയമങ്ങൾ സഹായകമാണ്. അദ്ദേഹം പല ഗീതങ്ങളും രചിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. വിശുദ്ധനാട്ടിലെത്തിയ റാബുളാ കർത്താവിന്റെ സ്ലീവായെ വണങ്ങാനായി രചിച്ചുവെന്ന് പറയപ്പെടുന്ന ഗീതം പ്രസിദ്ധമാണ്:
അരചന്മാരിൽ ഉന്നതനാം / കുസ്തന്തീനോസ് അന്നാളിൽ / നഭസ്സിൽ കണ്ടൂ സ്ലീവായാം / ജീവദായകഅടയാളം
സ്ലീവായിൽനിന്നൊഴുകീടും / ചൈതന്യത്തിൻ ശക്തിയതാൽ / വിഗ്രഹപൂജിതരപജിതരായി / സഭയുടെ മക്കൾ വിജയിച്ചു
ഗാഗുൽത്താ ഗിരിമുകളിലവർ / കണ്ടെത്തിയതാം നിൻ /സ്ലീവാ അഗ്നിവമിക്കും കോട്ടസമം /സഭയുടെ സുതരെ കാക്കുന്നു.
സുറിയാനിസഭയുടെ ചരിത്രത്തിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഈ മേൽപ്പട്ടക്കാരൻ ഭരണകാര്യങ്ങളിൽ കർക്കശനായിരുന്നെങ്കിലും തന്റെ ചുറ്റുമുണ്ടായിരുന്ന പാവപ്പെട്ടവർക്ക് തന്റെ ഹൃദയത്തിൽ ഇരിപ്പിടം നല്കിയ മഹാമനസ്‌ക്കനായിരുന്നു. അദ്ദേഹത്തിന്റെ മരണം നഗരത്തെമുഴുവൻ ദുഃഖത്തിലാഴ്ത്തിയെന്നാണ് ചരിത്രം സാക്ഷിക്കുന്നത്. മരിച്ചിട്ടും അദ്ദേഹത്തിന്റെ അനുഗ്രഹിക്കുന്ന കരങ്ങൾ തങ്ങൾക്കുമേലുെണ്ടന്ന് എദ്ദേസ്സാവാസികൾ വിശ്വസിച്ചുപോരുന്നു.