ഈശോയുടെ പീഡാനുഭവവും മരണവും (മൂന്നാം ഭാഗം) (യോഹ 19, 17-42)

ഈശോ ദൈവവും മനുഷ്യനുമായതുകൊണ്ട്, രണ്ടു ദാഹങ്ങൾ ഇവിടെ ഈശോയിൽ സംഗമിക്കുന്നു: ദൈവത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ദാഹവും, മനുഷ്യനു വേണ്ടിയുളള ദൈവത്തിന്റെ ദാഹവും. ഈശോയുടെ മഹത്ത്വീകരണത്തിലൂടെ മനുഷ്യന്റെ ദാഹം ശമിപ്പിക്കുന്ന, പരിശുദ്ധാത്മാവാകുന്ന ജീവജലം നല്കപ്പെടുമെന്ന് യോഹ 7,37-39 ൽ ഈശോ പ്രഖ്യാപിക്കുന്നുണ്ട്. ആ പ്രഖ്യാപനം ഇവിടെ അന്വർത്ഥമാവുകയാണ്. പരിശുദ്ധാത്മാവാകുന്ന ജീവജലം പാനം ചെയ്യുവാനുള്ള മനുഷ്യന്റെ ദാഹവും ഈ ജീവജലം നല്കി മനുഷ്യന്റെ ദാഹം ശമിപ്പിക്കുവാനുള്ള ദൈവത്തിന്റെ ദാഹവും ഇവിടെ സംഗമിക്കുന്നു. ”എല്ലാം പൂർത്തിയായിരിക്കുന്നു. അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു” (19,30) എന്ന വാക്കുകൾ ജീവജലമാകുന്ന ആത്മാവിനെ നല്കുന്നതിനെയും സൂചിപ്പിക്കുന്നുണ്ട്.

പീഡാനുഭവമരണോത്ഥാനത്തിലൂടെ ഈശോ മഹത്ത്വീകരിക്കപ്പെട്ടതുവഴി പരിശുദ്ധാത്മാവാകുന്ന ജീവജലം മനുഷ്യകുലത്തിനു നല്കപ്പെട്ടു. സമാന്തരസുവിശേഷങ്ങളിൽ ഈശോ ”ജീവൻ വെടിഞ്ഞു” എന്നും (മത്താ 27,50; മർക്കോ 15,37) ”പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്നും (ലൂക്കാ 23,46) പറയുന്നിടത്ത്, യോഹന്നാന്റെ സുവിശേഷത്തിൽ, ”തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു” (യോഹ 19,30) എന്നേ കാണുന്നുള്ളു. തന്റെ രക്ഷാകരകർമ്മം പൂർത്തിയാക്കിയ ഈശോ അതിന്റെ ഫലമെന്നോണം മാനവകുലത്തിനു മുഴുവനുംവേണ്ടി തന്റെ ആത്മാവിനെ, പരിശുദ്ധാത്മാവിനെ നല്കുകയായിരുന്നു.

1.5. പാർശ്വം പിളർക്കപ്പെടുന്നു (19,31-37): കുരിശിൽ തറയ്ക്കപ്പെട്ടിരുന്നവരുടെ ശരീരങ്ങൾ താഴെയിറക്കാൻ വന്ന പടയാളികൾ ഈശോയോടുകൂടെ കുരിശിൽ തറയ്ക്കപ്പെട്ടവരുടെ കാലുകൾ തകർത്തു. എന്നാൽ, ഈശോ മരിച്ചു കഴിഞ്ഞിരുന്നതിനാൽ അവിടുത്തെ കാലുകൾ അവർ തകർത്തില്ല. ”എന്നാൽ, പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽനിന്നു രക്തവും വെള്ളവും പുറപ്പെട്ടു” (19,34). തിരുവെഴുത്തു പൂർത്തിയാകാൻ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചതെന്ന് സുവിശേഷകൻ സാക്ഷ്യപ്പെടുത്തുന്നു. ഈശോയെ പുതിയ പെസഹാക്കുഞ്ഞാടായി അവതരിപ്പിക്കുന്ന സുവിശേഷകൻ, പെസഹാക്കുഞ്ഞാടുകളുടെ അസ്ഥികൾ തകർക്കപ്പെടാതെ സൂക്ഷിക്കപ്പെടണമെന്ന പഴയനിയമ കല്പന ഓർമ്മിപ്പിക്കുന്നു (പുറ 12,46).
അതേസമയം, ഈശോയുടെ പാർശ്വം പിളർക്കപ്പെടുകയും അവിടെനിന്നു രക്തവും വെള്ളവും പുറപ്പെടുകയും ചെയ്തത് യോഹന്നാൻശ്ലീഹാ പ്രത്യേകം സാക്ഷ്യപ്പെടുത്തുന്ന ഒരു സംഭവമാണ്: ”അതു കണ്ടയാൾത്തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിന് താൻ സത്യമാണു പറയുന്നതെന്ന് അവൻ അറിയുകയും ചെയ്യുന്നു” (യോഹ 19,35). ബൈബിൾ വ്യാഖ്യാതാക്കൾ ഇതു പ്രതീകാത്മകമായിട്ടാണ് വിശദീകരിക്കുന്നത്. രക്തം ഈശോയുടെ രക്ഷാകരപ്രവർത്തനത്തെയും വെള്ളം അതിന്റെ ഫലമായി നല്കപ്പെട്ട പരിശുദ്ധാത്മാവിനെയും സൂചിപ്പിക്കുന്നു. സഭാപിതാക്കന്മാർ ഈ സംഭവത്തിന് കൂദാശാപരമായ വ്യാഖ്യാനമാണു നല്കുന്നത്. മണവാളനായ ഈശോയുടെ പാർശ്വത്തിൽനിന്നും മണവാട്ടിയായ സഭയും കൂദാശകളും -പ്രത്യേകിച്ച് മാമ്മോദീസായും പരിശുദ്ധ കുർബാനയും- ആവിർഭവിക്കുന്നതായി ഇതു സൂചിപ്പിക്കുന്നു.

1.6 മൃതസംസ്‌ക്കാരം
ഈശോയുടെ മൃതസംസ്‌കാരം ചുരുങ്ങിയ വാക്കുകളിൽ യോഹന്നാൻശ്ലീഹാ ഇവിടെ അവതരിപ്പിക്കുന്നു. യഹൂദരുടെ പ്രധാനപുരോഹിതന്റെ ആലോചനാസംഘത്തിൽപ്പെട്ട അരിമത്തിയാക്കാരൻ ജോസഫും നിക്കൊദേമോസുമാണ് ഈശോയുടെ മൃതസംസ്‌കാരം നടത്തുന്ന വ്യക്തികൾ. ഈശോയോടൊപ്പമുണ്ടായിരുന്ന സ്ത്രീകൾ ഈ സംഭവത്തിനു സാക്ഷികളുമാണ്. മൃതശരീരം രാത്രിയിൽ കുരിശിൽ കിടക്കുന്നത് നിയമവിരുദ്ധമായിരുന്നു (നിയ 21,23). അതുകൊണ്ടായിരിക്കണം അരിമത്തിയാക്കാരൻ ജോസഫ് ഈശോയുടെ ശരീരം എടുത്തുമാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചുവാങ്ങുകയും, സമീപത്തുണ്ടായിരുന്ന തോട്ടത്തിലെ കല്ലറയിൽ സംസ്‌കരിക്കുകയും ചെയ്തത് (19,38). ഈശോയുടെ മൃതസംസ്‌കാരവും അവിടുത്തെ രാജത്വം പ്രഖ്യാപിക്കുന്ന ഒരു അവസരമാണ്. അക്കാലത്തെ യഹൂദപ്രമാണികളിൽ പ്രമുഖരും കുലീനരുമായ ജോസഫിന്റെയും നിക്കൊദേമോസിന്റെയും സാന്നിദ്ധ്യം, ധാരാളം സുഗന്ധദ്രവ്യങ്ങൾ, പുതിയ കല്ലറ എന്നിവയെല്ലാം ഈശോയുടെ രാജത്വത്തിന്റെ അടയാളങ്ങളായി കണക്കാക്കാവുന്നതാണ്. ജോസഫ് മിശിഹായെ സംസ്‌കരിച്ചത് തന്റെ പുതിയ കല്ലറയിലായിരുന്നുവെന്ന് മത്തായിസുവിശേഷകൻ രേഖപ്പെടുത്തുന്നുണ്ട് (27,60). യഹൂദരുടെ കാഴ്ചപ്പാടിൽ ശിക്ഷാർഹമായ ഈ നടപടി സ്വീകരിക്കുവാൻ ജോസഫ് തയ്യാറായത്, അദ്ദേഹം മിശിഹായിൽ ദൈവത്തിന്റെ പ്രവർത്തനം ദർശിച്ചതുകൊണ്ടായിരിക്കണം.

ഈശോയുടെ മൃതസംസ്‌കാരം ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനപരമായ ഒരു വിഷയമാണ്. ഉത്ഥിതനായ മിശിഹായിലുള്ള ആദിമസഭയുടെ വിശ്വാസം നാലു കാര്യങ്ങളാണ് ഏറ്റുപറഞ്ഞിരുന്നത് – ഈശോയുടെ മരണം, മൃതസംസ്‌കാരം, ഉത്ഥാനം, പ്രത്യക്ഷപ്പെടൽ. മരണം സംഭവിച്ചു എന്നതിന് തീർച്ച നല്കുന്നത് മൃതസംസ്‌കാരമാണ്. അതുകൊണ്ടാണ് ശൂന്യമായ കബറിടവും പ്രത്യക്ഷീകരണങ്ങളും മിശിഹായുടെ ഉത്ഥാനത്തിന്റെ വിവരണങ്ങളായി സുവിശേഷങ്ങളിൽ രൂപംകൊണ്ടത്.

ചോദ്യങ്ങൾ
1. കാൽവരിയിൽ ഏതെല്ലാം രംഗങ്ങളായിട്ടാണ് യോഹന്നാൻ ഈശോയുടെ പീഡാ
നുഭവം വിവരിക്കുന്നത്?
2. കുരിശിലെ ശീർഷകവും തുന്നലില്ലാത്ത അങ്കിയും എന്തിനെ സൂചിപ്പിക്കുന്നു?
3. ഈശോ തന്റെ ആത്മാവിനെ സമർപ്പിക്കുന്നതും, ഈശോയുടെ പാർശ്വം പിളർക്കപ്പെടുന്നതും രക്തവും വെള്ളവും പുറപ്പെടുന്നതും ഏതെല്ലാം രക്ഷാകര യാഥാർത്ഥ്യങ്ങളെയാണ് സൂചിപ്പിക്കുന്നത്?
4. ഈശോയുടെ മൃതസംസ്‌കാരത്തിന്റെ അർത്ഥവും പ്രാധാന്യവും എന്ത്?