ദൈവിക വെളിപാട് സാർവത്രിക തലത്തിൽ

ദൈവം എന്ന കേവലസത്യത്തെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്വരയ്ക്ക് മാനവരാശിയോളം പഴക്കമുണ്ട്. മനുഷ്യൻ ഉണ്ടായകാലംമുതൽ ദൈവവിശ്വാസവും മതാത്മകതയും ഉണ്ട്. ഇവരണ്ടും ഇല്ലാത്ത ഏതെങ്കിലും ഒരു മാനവസമൂഹത്തെ ചരിത്രാതീതകാലഘട്ടത്തിൽപോലും കണ്ടെത്തുക അസാധ്യമാണ്. അവരുടെ വിശ്വാസം അവികസിതവും പ്രാകൃതവും ആയിരുന്നുവെങ്കിലും മാനുഷിക പരിമിതികളിൽനിന്നുകൊണ്ട് ദൈവത്തെ മനസ്സിലാക്കുവാൻ അവരും ശ്രമിച്ചിട്ടുണ്ട്.

ഏതൊക്കെയാണ് ദൈവികവെളിപാടുകൾ? കത്തോലിക്കാസഭയ്ക്ക്പുറമേ ദൈവിക വെളിപാടുകൾ ഉണ്ടായിട്ടുണ്ടോ? ഇവയെ എങ്ങനെയാണ് നമ്മൾ വീക്ഷിക്കേണ്ടത്? ഇതരമതങ്ങളിലെ ദൈവികവെളിപാടുകളുടെ ഉറവിടം എവിടെനിന്നാണ്? ഏതെങ്കിലും ജനതയ്ക്ക് എപ്പോഴെങ്കിലും ദൈവം സവിശേഷമായ രീതിയിൽ വെളിപ്പെടുത്തിയിട്ടുണ്ടോ? മതങ്ങളിലെ ദൈവാവിഷ്‌ക്കരണത്തിന്റെ ശരിതെറ്റുകൾ എങ്ങനെ കണ്ടെത്താനാകും? മതാന്തരസംവാദങ്ങളുടെ അന്തസത്തഎന്താണ്? സുവിശേഷവൽക്കരണം, മതവിമർശനങ്ങൾ എന്നിവയെ മതാന്തരസംവാദത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെ പ്രായോഗികമാക്കാം? ഇപ്രകാരമുള്ള ഏതാനും ചോദ്യങ്ങൾക്ക് ഉത്തരംകണ്ടെത്താനുള്ള ഒരു ശ്രമമാണ് ഈ ലേഖന പരമ്പര.

വെളിപാടിന്റെ ആദിമരൂപങ്ങൾ
പ്രപഞ്ചസൃഷ്ടിയോടൊപ്പംതന്നെ സ്രഷ്ടാവിനെക്കുറിച്ചുള്ള ജ്ഞാനവും പ്രപഞ്ചത്തിൽ ആലേഖനംചെയ്യപ്പെട്ടിട്ടുണ്ട്. പ്രപഞ്ചത്തെയും അതിലെ ചരാചരങ്ങളെയും തുറന്നമനസ്സോടെ വീക്ഷിക്കുന്ന ഏതൊരുവനും അതിലെ ദൈവികവെളിപാടുകൾ കണ്ടെത്താൻസാധിക്കും. ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ എഡ്വേർഡ് ബി ടൈയ്‌ലറുടെ അഭിപ്രായത്തിൽ, പ്രകൃതിയിലെ പ്രതിഭാസങ്ങളെയും ചരാചരങ്ങളെയും കുറിച്ചുള്ള അവബോധത്തിന്റെപ രിണാമത്തിന് അനുസൃതം ദൈവവിശ്വാസം ആദിമമനുഷ്യരിൽ രൂപംകൊണ്ടിട്ടുണ്ട്. സ്രഷ്ടാവായ ദൈവത്തെ യുക്തിപരമായചിന്തയിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ഒന്നാംവത്തിക്കാൻ സൂനഹദോസ് പഠിപ്പിക്കുന്നത്. അതിനാൽ ഏതൊരു മനുഷ്യനും അവന്റെ സ്വാഭാവികബുദ്ധി ഉപയോഗിച്ച് ദൈവത്തെ അവിടുത്തെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ അറിയുവാൻസാധിക്കും(Cf.CCC60). ഇത്തരത്തിൽ മനുഷ്യൻ നടത്തിയ ദൈവാന്വേഷണത്തിന്റെ െതളിവുകൾ ആദിമമനുഷ്യർ ചരിത്രത്തിൽ അവശേഷിപ്പിച്ചിട്ടുണ്ട്.

ആറ്‌ലക്ഷം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന പീക്കിങ് മനുഷ്യരുടെ ഫോസിലുകൾ ചൈനയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. അവരുടെ തലയോട്ടിയിലും ഗുഹകളിലും നടത്തിയ പഠനങ്ങളിൽനിന്ന് അവർ മനുഷ്യരുടെ തലച്ചോറ് ഭക്ഷിച്ചിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഒരുമതവിശ്വാസത്തിന്റെ ഭാഗമായിട്ടായിരിക്കാം അവർ അങ്ങനെ ചെയ്തിരുന്നതെന്നാണ് അനുമാനിക്കുന്നത്. നിയാണ്ടർത്താൽ മനുഷ്യർ ആഘോഷപൂർവ്വം മൃതശരീരങ്ങൾ മറവുചെയ്തിരുന്നത് അവർ മരണാനന്തരജീവിതത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ടായിരുന്നത്രേ! അനുദിനജീവിതത്തിൽ ഉപയോഗിക്കുന്ന സാധനങ്ങൾ കല്ലറകളിൽനിന്ന് കണ്ടെത്തിയതും മരണാനന്തരജീവിതത്തിലുള്ള അവരുടെ വിശ്വാസത്തെയാണ്‌ സൂചിപ്പിക്കുന്നത്.

നവീനശിലായുഗമനുഷ്യർ കൃഷിചെയ്ത് ജീവിക്കാൻ ആരംഭിച്ചപ്പോൾ പ്രകൃതിപ്രതിഭാസങ്ങളായ സൂര്യൻ, ഭൂമി,മഴ ,തുടങ്ങിയവയെല്ലാം മനുഷ്യരെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കി അതിലൊക്കെയും ഒരു ദൈവത്തെ ദർശിക്കാൻ തുടങ്ങി. ഗോത്രങ്ങളിൽ ഉണ്ടായിരുന്ന കുലദേവത സമ്പ്രദായങ്ങളും ഇത്തരത്തിൽ ഉണ്ടായതാണ്. ദൈവത്തിലുള്ള വിശ്വാസവും ദൈവികബിംബങ്ങളോടുള്ള ആരാധനയും അങ്ങനെ മനുഷ്യന്റെ അഭേദ്യമായ സ്വഭാവമായിതീർന്നു.
വെളിപാടിന്റെ വ്യത്യസ്ത ആവിഷ്‌കരണങ്ങൾ ഓരോ കാലഘട്ടത്തിലും സംസ്‌കാരത്തിലും ഉള്ള മനുഷ്യർ പ്രപഞ്ചത്തിൽ ആയിരിക്കുന്ന ദൈവത്തെ ആവിഷ്‌കരിക്കുകയും അനുഭവിക്കുകയും ചെയ്യുന്നതാണ് മതാത്മകത. സർവ്വജനത്തിനും വേണ്ടി ദൈവംനൽകിയ സാർവ്വത്രിക വെളിപാടുകൾ പ്രപഞ്ചത്തിൽനിന്നും വായിച്ചറിയുന്ന മനുഷ്യർ ഇത്തരത്തിൽ ദൈവത്തെ അന്വേഷിച്ച് ആവിഷ്‌കരിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

സാർവ്വത്രികവെളിപാടിലെ സത്യങ്ങൾ എല്ലാമതങ്ങളിലും അടിസ്ഥാനപ്രമാണങ്ങളായി കാണാം. അതിനാൽ മതങ്ങളെയൊക്കെയും ഒരേസത്യത്തിലേക്കുള്ള ചൂണ്ടുപലകകളായികാണാം. ഒരേസത്യത്തെയാണ് പ്രഘോഷിക്കാൻ ശ്രമിക്കുന്നതെങ്കിലും, പരിമിതികളും ഏറ്റക്കുറച്ചിലുകളും വിവിധമതങ്ങളിലെ പ്രമാണങ്ങളുടെ അന്തസത്തയിലും ശൈലിയിലും ആരാധനക്രമങ്ങളിലും വൈവിധ്യങ്ങൾക്ക് കാരണമാകുന്നുണ്ട്.

മതങ്ങളിലെ ബഹുത്വം
ദൈവാവിഷ്‌കരണത്തിലെ ന്യൂനത അല്ലെങ്കിൽ വൈവിധ്യം മതാത്മകതയുടെ ബഹുത്വത്തിന് വഴിതുറക്കുന്നണ്ട്. ഈ വൈവിധ്യം അതിനാൽതന്നെ മതങ്ങളുടെ നിലനിൽപിനു ഭീഷണി അല്ല. എന്നാൽ വൈവിധ്യത്തെ ശരിയായി മനസ്സിലാക്കുമ്പോൾ മാത്രമാണ് മതങ്ങൾക്ക് പരസ്പരം പൂരകങ്ങളായി വർത്തിച്ച് സമാധാനം സ്ഥാപിക്കുവാൻ സാധിക്കുന്നത്. ഈ വൈവിധ്യത്തെപ്പറ്റി ദൈവശാസ്ത്രജ്ഞനായ കാൾറാണറുടെ വീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. മതങ്ങൾ കേവലയാഥാർത്ഥ്യമല്ലെന്നും കേവലയാഥാർത്ഥ്യത്തെ ആവിഷ്‌കരിക്കുന്ന ആപേക്ഷികയാഥാർത്ഥ്യങ്ങൾ മാത്രമാണെന്നും അദ്ദേഹംപറഞ്ഞു വയ്ക്കുന്നു. മനുഷ്യർക്ക് ചിന്തിച്ച് മനസ്സിലാക്കാൻ സാധിക്കാത്തവിധം ദൈവം അഗ്രാഹ്യനാണ് എന്നതുപോലെതന്നെ മതങ്ങളും, അവയിലെ വെളിപാടുകളിൽ പൂർണ്ണതയുണ്ടെങ്കിൽപോലും, കേവലസത്യമായ ദൈവത്തെ ആവിഷ്‌കരിക്കുന്നതിൽ അപൂർണ്ണമാണ്. ഉപനിഷത്തുകളും ഇതുതന്നെയാണ് പറഞ്ഞുതരുന്നത്. ”ഏകം സത് വിപ്രാ ബഹുധാ വദന്തി” ദൈവം ഏകൻ എങ്കിലും നമ്മൾ അതിനെ പലരായി കാണുന്നു.’ ‘ആകാശാത് പതിതം തോയം യഥാഗച്ഛതി സാഗരം സർവ്വദേവ നമസ്‌കാരം കേശവം പ്രതിഗച്ഛതി”ആകാശത്തിൽനിന്നു പതിക്കുന്ന മഴവെള്ളം എപ്രകാരമാണോ പലപല നദികളിലൂടെ ഒഴുകി സമുദ്രത്തിലെത്തി ഒന്നായിത്തീരുന്നത് അതുപോലെതന്നെ എല്ലാ ദേവന്മാർക്കുമുള്ള ആരാധനയും ഏകദൈവത്തിൽതന്നെ എത്തിച്ചേരുന്നു. വ്യത്യസ്തങ്ങളായ മതങ്ങൾ അവയുടെ െവെവിധ്യംനിറഞ്ഞ സാംസ്‌ക്കാരിക സാമൂഹിക സാഹചര്യങ്ങളിൽനിന്ന് ഏകസത്യമായ ദൈവത്തെ നോക്കികാണുമ്പോൾ വിഭിന്നങ്ങളായി കാണപ്പെടാമെങ്കിലും സത്യം ഒന്നാണ്. ഇതാണ് മതാത്മകതയിലെ നാനാത്വത്തിൽ ഏകത്വം.

തുടരും…