നല്ലൊരു സംസ്കാരം വളർത്തിയെടുക്കാം

എല്ലാ ജനതകളും തലമുറകളും ദൈവത്തെ പരിശുദ്ധനായിട്ടാണ് പരിഗണിക്കുക. ഒരു വിധത്തിൽ ദൈവം മാത്രമാണ് പരിശുദ്ധൻ. എന്നാൽ ദൈവത്തോടു ബന്ധപ്പെട്ടു നില്ക്കുന്ന വ്യക്തികളും വസ്തുക്കളുംമറ്റും പരിശുദ്ധമായിട്ടാണ് കരുതപ്പെടുന്നത്. പരിശുദ്ധൻ, പരിശുദ്ധൻ എന്നു വിളിച്ചാണ് മിക്കവരും ദൈവത്തെ സ്തുതിക്കുന്നതും. ദൈവത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം ഈ ധാരണയാണുളളത്. വസ്തുക്കളും സ്ഥലങ്ങളും ഉൾപ്പെടെ ദൈവത്തോടും ദൈവാരാധനയോടും ബന്ധപ്പെട്ടു നില്ക്കുന്ന എല്ലാവരെയും എല്ലാറ്റിനെയും ദൈവത്തിന്റെ പരിശുദ്ധിയിൽ പങ്കുകാരായിട്ടാണു നാം കരുതുക.
പക്ഷേ മതവിശ്വാസികളെയും ശുശ്രൂഷികളെയും ആക്ഷേപിക്കുകയും വികലമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഇന്ന് സാധാരണമായിട്ടുണ്ട്. മതവിശ്വാസം നഷ്ട്ടപ്പെട്ടവരുണ്ടാകാം പക്ഷേ, അവർക്ക് മതവിശ്വാസത്തെ ആക്ഷേപിക്കുവാനോ മതവിശ്വാസത്തെ മുറിപ്പെടുത്തുവാനോ അവകാശമില്ല.
കാർട്ടൂണുകൾ പലപ്പോഴും വസ്തുതകളെ പലരീതിയിൽ ഫലിതരൂപമായി അവതരിപ്പിക്കുന്നത് മനസ്സിലാക്കാം പക്ഷേ, അവർക്കും മതവിശ്വാസത്തെ അവഹേളിക്കുവാനോ മതത്തെ വികലമായി അവതരിപ്പിക്കുവാനോ അവകാശമില്ല. കാർട്ടൂണിസ്റ്റുകൾ തെറ്റായ രീതികളിൽ വിശ്വാസത്തെ അവതരിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ ആവില്ല.
ഇന്ന് വിശ്വാസം ശക്തിപ്പെടുത്തുന്ന ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിക്കാൻ പലരും വൈമനസ്യം കാട്ടുകയാണ്. ഇതു വിശ്വാസത്തിലുളള കുറവിനെയാണ് സൂചിപ്പിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളിലുള്ള വീഴ്ച്ചകൾ വിശ്വാസത്തിലുള്ള ചോർച്ചയുടെ ഫലമായിട്ടേ കാണാൻ കഴിയു. വൈദികരും ശുശ്രൂഷികളും ഈ കാര്യത്തിൽ വീഴ്ച്ചകൾ വരുത്തുന്നത് സഭാംഗങ്ങളെയും വിപരീതമായി ബാധിക്കാറുണ്ട്. പ്രത്യേകിച്ച് ദൈവാലയത്തിൽ കയറുമ്പോഴും മറുവശത്തേക്ക് പോകുമ്പോഴും മദ്ബഹായെ വന്ദിക്കുന്ന രീതിയെല്ലാം മാറിമറയുകയാണെന്നു തോന്നുന്നു.
നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിക്കുന്നത് വിശ്വാസവളർച്ചയെയാണ് സൂചിപ്പിക്കുന്നത്. ഈയിടെ മെത്രാന്മാർ തിരുകർമ്മങ്ങളിൽ ഉപയോഗിക്കുന്ന അംശവടിയിൽ വയ്ക്കുന്ന കുരിശിനുപകരം തുണിക്കഷണം തൂക്കിയിട്ട് ഒരു മെത്രാനെ ആക്ഷേപിക്കുന്ന ചിത്രം കാണാനിടയായി. അത് വ്യക്തിഹത്യയുടെ രൂപമാണ്, മതവിശ്വാസത്തെ അവഹേളിക്കുന്ന ചിത്രീകരണമാണ്. വഴിതെറ്റിയ ചിത്രകാരന്മാരാണ് ഇങ്ങനെയുളള ചിത്രീകരണങ്ങൾക്കു തുനിയുന്നത്. പക്ഷേ, അത് അനേകം വിശ്വാസികളെ വേദനിപ്പിക്കുന്നു എന്നകാര്യം ഇത്തരം വഴിതെറ്റിയ കാർട്ടൂണിസ്റ്റുകൾ മനസ്സിലാക്കുന്നത് നല്ലതാണ്. മറ്റുള്ളവരെ വികലമായി അവതരിപ്പിക്കുന്നതിൽ സന്തുഷ്ടരാകുന്നവരെ സമൂഹം തളളിക്കളയേണ്ടതാണ്. വികലമായ മനസ്സുകളുടെ സൃഷ്ടികളാണ് ഇത്തരം ചിത്രീകരണങ്ങൾ.
ഇത്തരം നീക്കങ്ങൾക്കെതിരെ കാഴ്ചക്കാരും വായനക്കാരും പ്രതികരിക്കേണ്ടതുതന്നെയാണ്. മറ്റുള്ളവരെ ആദരിക്കാനും സൗഹൃദം പുലർത്താനും കഴിയുന്ന ഒരു സംസ്‌കാരമാണ് നമുക്കുവേണ്ടത്. അതിനുവേണ്ടി നാമെല്ലാവരും പരിശ്രമിക്കേണ്ടതാണ്. ആദരവിന്റെയും പരസ്പര ബഹുമാനത്തിന്റെയും സംസ്‌കാരം കെട്ടിപ്പടുക്കുവാൻ കൂട്ടായപരിശ്രമവും പാളിച്ചകൾക്കെതിരായ നീക്കങ്ങളിൽ വിശ്വാസികളുടെ പങ്കുചേരലും ആവശ്യമാണ്.
വിശുദ്ധമായവയെ ആദരിക്കുകയും വിശുദ്ധ ജീവിതങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരമാണ് വേണ്ടത്. വിശുദ്ധിതന്നെയായ ദൈവത്തിൽ വിശ്വസിക്കുകയും ദൈവഹിതമനുസരിക്കുകയും ചെയ്യുമ്പോഴാണ് നാം വിശുദ്ധിയുടെ സാക്ഷികളാകുന്നത്. വിശുദ്ധരോടും വിശുദ്ധമായവയോടും ആദരവുപുലർത്തുന്ന ഒരു സമൂഹസൃഷ്ടിക്കായി നമുക്കു പരി
ശ്രമിക്കാം. വിശുദ്ധിയെ എന്നും ആദരിക്കുക്കയും മാനിക്കുകയും ചെയ്യുന്ന ഒരു ജനതയെ വളർത്തിയെടുക്കുന്നതു നമുക്കു ലക്ഷ്യമാക്കാം.