റൂഹാക്ഷണ പ്രാർത്ഥന

പന്തക്കുസ്താതിരുനാളിൽ ആരംഭിച്ച ശ്ലീഹാക്കാലത്തിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ പ്രധാന ധ്യാനവിഷയം പരിശുദ്ധാത്മാവ് അഥവാ റൂഹാദ്കുദ്ശയാണ്. അതിനാൽ പരി.കുർബാനയിൽ റൂഹായുടെ പ്രവർത്തനത്തെ അനുസ്മരിക്കുന്ന റൂഹാക്ഷണ പ്രാർത്ഥനയെക്കുറിച്ച് വിചിന്തനം നടത്തുന്നത് ഉചിതമായിരിക്കും.

പരി.കുർബാന മുഴുവനും റൂഹായുടെ പ്രവർത്തനമാണെങ്കിലും നാലാംഗ്ഹന്തായുടെ അവസാന ഭാഗത്തായി നാം കാണുന്ന റൂഹായെ പ്രത്യേകമായി വിളിച്ചപേക്ഷിക്കുന്ന പ്രാർത്ഥനയാണ്‌ റൂഹാക്ഷണപ്രാർത്ഥന അഥവാ എപ്പിക്ലേസിസ്. ഇത് റൂഹായെ വിളിച്ച് അപ്പത്തിന്റെയും വീഞ്ഞിന്റെയും മേൽ ആവസിക്കാൻ അപേക്ഷിക്കുന്നു. ഒരു തള്ളക്കോഴി മുട്ടയുടെമേൽ അടയിരുന്ന് അതിനെ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള കോഴിക്കുഞ്ഞുങ്ങളായി മാറ്റുന്നതുപോലെ റൂഹാ അപ്പത്തിന്റെയും വീഞ്ഞിന്റെയുംമേൽ ആവസിച്ച് അതിനെ പുതിയരൂപത്തിലൂം ഭാവത്തിലും മിശിഹായുടെ ശരീരവും രക്തവുമാക്കി മാറ്റുന്നു. ഇത് പരി.കുർബാനയുടെ വളരെ മർമ്മപ്രധാനമായ ഭാഗമാണ്. ഇതിന്റെ ഒരു മുന്നാസ്വാദനമാണ് റാസകുർബാനയിൽ പുരോഹിതൻ ദൈവാലയമധ്യത്തിൽ മുട്ടുകുത്തി റൂഹായെ ക്ഷണിക്കുന്ന ഗീതം.

ആംഗ്യത്തിന്റെ പ്രതീകാത്മകത
ഈ പ്രാർത്ഥന ചൊല്ലുമ്പോൾ പുരോഹിതൻ കരങ്ങൾ ഉയർത്തി കുരിശാകൃതിയിൽ താഴേയ്ക്കു കൊണ്ടുവന്ന് ദിവ്യരഹസ്യങ്ങളുടെ മുകളിലായിപിടിക്കുന്നു. കുരിശാകൃതിയിൽ പിടിക്കുന്ന കരങ്ങളുടെ വിരലുകൾ അനക്കുകയാണെങ്കിൽ അതിന് ഒരു പ്രാവിന്റെ രൂപംവരുന്നത് കാണാൻ സാധിക്കും. ഇതുസഭാപിതാക്കന്മാർപറയുന്ന കാര്യമാണ്.

പുരോഹിതന്റെ ക്ഷണം
റൂഹാക്ഷണപ്രാർത്ഥനയിൽ റൂഹായെ ക്ഷണിക്കുന്നത് പുരോഹിതനാണ്. ഗമൂഹം അപ്പോൾ യാതൊന്നും ഉരുവിടുന്നില്ല. അല്ലെങ്കിൽ അധരംകൊണ്ട് ആ ക്ഷണത്തിൽ പങ്കുചേരുന്നില്ല. പകരം സമൂഹത്തോട് നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിക്കാനാണ് ശുശ്രൂഷി ആവശ്യപ്പെടുന്നത്. എന്നാൽ മറ്റ് അവസരങ്ങളിലെ പ്രാർത്ഥനകളിലും ഗാനങ്ങളിലുമൊക്കെ സമൂഹം മുഴുവനായി റൂഹായെ ക്ഷണിച്ച് പാടുകയും പ്രാർത്ഥിക്കുകയും ഒക്കെചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് ഇവിടെ പുരോഹിതൻമാത്രം റൂഹായെ ക്ഷണിക്കുകയും മറ്റുള്ളവർ നിശബ്ദരായിരിക്കുകയും ചെയ്യുന്നത്. ഇത് പുരോഹിതന് ആരാധനാസമൂഹത്തിലുള്ള പ്രഥമസ്ഥാനംമൂലമാണ്. ഉദാഹരണത്തിന് നമ്മുടെ വീട്ടിൽ കല്യാണമോ മറ്റ്ചടങ്ങുകളോ ഉണ്ടെങ്കിൽ കുടുംബനാഥനാണ് പ്രധാനപ്പെട്ട ആളുകളെ ക്ഷണിക്കുന്നത്. ഇതുപോലെ ആരാധനാസമൂഹത്തിന് നേതൃത്വം നൽകുന്ന പുരോഹിതനാണ് റൂഹായെ ഔദ്യോഗികമായി ക്ഷണിക്കുന്നത്.

എപ്പിക്ലേസിസ് എന്ന വാക്ക്
ഗ്രീക്ക് ഭാഷയിൽ റൂഹാക്ഷണപ്രാർത്ഥന എപ്പിക്ലേസിസ ്എന്നാണ് അറിയപ്പെടുന്നത്.
രണ്ടുവാക്കുകൾ ചേർന്ന് ഉണ്ടായിരിക്കുന്ന ഒരുപദമാണ് ഇത്. ‘എപ്പി’ എന്നാൽ മുകളിൽ എന്ന് അർത്ഥം. ‘ക്ലേസിസ്’ എന്നവാക്ക് ഉണ്ടായിരിക്കുന്നത് കെലെയോ എന്ന മൂലപദത്തിൽനിന്നാണ്. ഇതിന്റെ അർത്ഥം ക്ഷണം, വിളി എന്നൊക്കെയാണ്. എന്തിന്റെ എങ്കിലും മുകളിലേയ്ക്ക് ദൈവമേ എഴുന്നള്ളിവരണമേ എന്ന പ്രാർത്ഥനയെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. ദൈവം ഇറങ്ങിവന്ന് വിശുദ്ധീകരിക്കണം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. യഹൂദർ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് ചൊല്ലുന്ന ഒരു പ്രാർത്ഥനയായിരുന്നു ഇത്. അപ്പംവാഴ്ത്തുന്നതിനുള്ള യഹൂദരുടെ പ്രാർത്ഥന ബറാക്ക എന്നാണ് അറിയപ്പെട്ടിരുന്നത്. അപ്പവും പാനീയവും നൽകിയ ദൈവത്തിനു നന്ദിയർപ്പിക്കുക മാത്രമല്ല അവ ദൈവത്തിനു തിരികെ സമർപ്പിച്ച് വിശുദ്ധീകരിച്ച് ഭക്ഷ്യയോഗ്യമാക്കുക എന്നതുകൂടിയായിരുന്നു യഹൂദർ ഈ പ്രാർത്ഥനവഴി ഉദ്ദേശിച്ചിരുന്നത്. ദൈവനാമത്തെ സ്തുതിക്കാതെ അവ ഭക്ഷിക്കുന്നത് ദൈവനിഷേധമായിരുന്നു. ഈ യഹൂദപാരമ്പര്യം പരി.കുർബാനയിലേക്ക് സ്വീകരിക്കപ്പെട്ടു.

അരാധനക്രമ പശ്ചാത്തലത്തിൽ ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോമേൽ ആവസിക്കുന്നതിനായി ദൈവത്തെ വിളിച്ച് അപേക്ഷിക്കുന്നതിനാണ് എപ്പിക്ലേസിസ് എന്നുപറയുന്നത്.

തുടരും…