ലഘുലേഖയും ലളിതകലയും

0
628

”വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മിൽ പ്രത്യക്ഷത്തിൽ അകൽച്ചയിലാണെങ്കിലും അവർക്കിടയിലെ അന്തർധാര സജീവമായിരുന്നു.” കുറച്ചുകാലം മുമ്പ് ഇറങ്ങിയ ‘സന്ദേശം’ എന്ന ചലച്ചിത്രത്തിലെ പ്രശസ്തമായ സംഭാഷണ ശകലമാണ് ഇത്. കേരളത്തിലെ ആനുകാലിക സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ ഇതു വളരെ വാസ്തവമാണെന്നു തോന്നും. ഇവിടെ സംഘപരിവാർ ശക്തികളും ഇടതുപക്ഷ ചിന്താഗതിക്കാരും തമ്മിൽ പ്രത്യക്ഷത്തിൽ അകൽച്ചയിൽ തന്നെയാണ്. അവർ തമ്മിൽ വെറും ആശയഭിന്നതയോ വാക്കുകൾകൊണ്ടുള്ള പോരുകളോ മാത്രമല്ല ഉള്ളത്. ആയുധമെടുത്തുള്ള അടരാടലുകളും കൊലപാതകങ്ങളും ഇവിടെ സർവ്വസാധാരണമാണ്. എന്നാൽ ഇവർക്കിടയിൽ ചില അന്തർധാരകൾ രൂപപ്പെട്ടിട്ടുണ്ട്. എന്നു പറഞ്ഞാൽ, പരസ്പര സഹകരണത്തിന്റെ ചില മേഖലകൾ. ഈ സഹകരണം ഏറ്റവും പ്രധാനമായി പ്രകടമാകുന്നത് സഭയെയും ക്രൈസ്തവ വിശ്വാസത്തെയും ആക്രമിക്കുന്ന അവസരങ്ങളിലാണ്. ഇതിന്റെ ഏറ്റവും ഉചിതമായ ഉദാഹരണങ്ങളാണ് ഈ ദിവസങ്ങളിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

അതിൽ ഒന്നാമത്തേത് കോട്ടയം മെഡിക്കൽ കോളേജിൽ ലഘുലേഖ വിതരണം ചെയ്തതിന്റെ പേരിൽ ഒരു സുവിശേഷപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവമാണ്. സമാധാനപരമായി മതപ്രചരണം നടത്താൻ ഭരണഘടന സർവ്വ സ്വാതന്ത്ര്യവും നൽകുന്ന ഒരു രാഷ്ട്രത്തിൽ ഇതു സംഭവിച്ചു. ഇവിടെ ഭീഷണിയുണ്ടായിരുന്നില്ല, പ്രലോഭനമുണ്ടായിരുന്നില്ല. നിശബ്ദവും ശാന്തവുമായ പ്രേഷിതപ്രവർത്തനം മാത്രമാണ് ഉണ്ടായിരുന്നത്. ശ്രദ്ധേയമായ വസ്തുത ഇവിടെ പരാതിക്കാർ വർഗ്ഗീയ പ്രേരിതരായ സംഘപരിവാർ അനുയായികളും അറസ്റ്റ് നടപ്പിലാക്കുന്നത് മതനിരപേക്ഷ വർഗ്ഗീയവിരുദ്ധ സർക്കാരിന്റെ പോലീസുമാണ് എന്നതാണ്. ക്രിസ്തീയതയെ എതിർക്കുന്ന കാര്യത്തിൽ പരസ്പരവിരുദ്ധരായ ആശയഗതിക്കാർ ഒരുമിക്കുന്നു.

രണ്ടാമത്തേത് കുപ്രസിദ്ധമായ കാർട്ടൂൺ ആണ്. പൊതുശൗചാലയങ്ങളുടെ ഭിത്തിയിൽ പടംവരച്ച് കൈതെളിഞ്ഞ ഒരു സോ കോൾഡ് കാർട്ടൂണിസ്റ്റ് തന്റെ മാനസിക ബൗദ്ധിക നിലവാരത്തിനൊത്ത എന്തോ ഒന്ന് ഹാസ്യകൈരളി എന്ന ടിഷ്യൂവിൽ കുത്തിവരച്ചു. ആ ചെറിയ പുസ്തകം വായിക്കാനും മാത്രം നിലവാരം കുറഞ്ഞവർ കേരളസമൂഹത്തിൽ കുറവായതുകാരണം അധികമാളുകൾ ശ്രദ്ധിച്ചുമില്ല വിലമതിച്ചുമില്ല. അതുകൊണ്ടുതന്നെ ഈ മ്ലേച്ഛത പൊതു സമൂഹത്തിന്റെ മുമ്പിൽ പ്രദർശിപ്പിക്കണം. കുറെ കുബുദ്ധികളുടെ കയ്യടി വാങ്ങണം, ചർച്ചചെയ്യാൻ മുട്ടിനിൽക്കുന്ന ചാനലുകളിലൂടെ പ്രചരിപ്പിച്ച് ക്രിസ്തീയതയെ അവഹേളിക്കണം എന്നീ ദുരുദ്ദേശങ്ങളുമാണ് ലളിതകലാ അക്കാദമിയുടെ അവാർഡ് പ്രഖ്യാപനത്തിനു പിന്നിൽ. സംഘപരിവാർ ആശയങ്ങൾ പുലർത്തുന്നവരും ഇടതുപക്ഷ ആഭിമുഖ്യമുള്ളവരും കൈകോർത്തുകൊണ്ടുള്ള കുടിലതയാണ് ഇവിടെയും അരങ്ങുതകർക്കുന്നത്.

കുരിശ് ക്രിസ്ത്യാനികൾക്ക് രക്ഷയുടെ ചിഹ്നമാണ്, കർത്താവിന്റെ തന്നെ പ്രതീകമാണ്. അതിനു പകരം മ്ലേച്ഛത ചിത്രീകരിക്കുക എന്നത് വളരെ വേദനാ ജനകമാണ്. നല്ലിടയന്റെ വടിയും ഒരു ക്രിസ്തീയ ചിഹ്നംതന്നെയാണ്. ക്രിസ്തീയ മതചിഹ്നങ്ങൾ ഏതൊക്കെയാണെന്നു തീരുമാനിക്കുന്നത് ലളിതകലാ അക്കാദമിയോ ചാനൽ ചർച്ചക്കാരോ അല്ല അതു മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഭാഗമാണ്. ആ പാരമ്പര്യത്തെ ബഹുമാനിക്കാനുള്ള മനഃസ്ഥിതിയാണ് സർക്കാർ സംവിധാനങ്ങളും മാധ്യമങ്ങളും പൊതുജനങ്ങളും പ്രകടിപ്പിക്കേണ്ടത്. ഏറ്റവും ഹൃദയഭേദകമായ കാര്യം ഈ അവമാനിക്കലുകളെ പിന്തുണയ്ക്കാൻ ഏതാനും ക്രിസ്ത്യൻ നാമധാരികൾ ഉണ്ടായി എന്നതാണ്. ദിവസവും നെറ്റിയിൽ കുരിശുവരയ്ക്കുന്ന ഒരു വ്യക്തിക്ക് ഇത് എങ്ങനെ സാധിക്കും എന്നത് അത്ഭുതമുളവാക്കുന്നു. പൗലോസ് ശ്ലീഹാ ഫിലിപ്പിയിലെ സഭയോട് കണ്ണുനീരോടെ പറയുന്നതുപോലെ ‘പലരും കുരിശിന്റെ ശത്രുക്കളായി കഴിയുന്നു’ (ഫിലിപ്പി 3,18). ഇതിന്റെ കാരണവും പൗലോസ് ശ്ലീഹ വ്യക്തമാക്കുന്നുണ്ട്. ഉദരമാണ് അവരുടെ ദൈവം. പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടി എന്തും ചെയ്യാൻ ഒരുമ്പെടുന്നവർക്ക് ഉദരമല്ലാതെ മറ്റൊന്നും പ്രശ്‌നമല്ലല്ലോ. പൗലോസ് ശ്ലീഹ തുടർന്നു പറയുന്നു: ”ലജ്ജാകരമായവയിൽ അവർ അഭിമാനം കൊള്ളുന്നു. പരിശുദ്ധവും പരിപാവനവുമായ കുരിശിന്റെ സ്ഥാനത്ത് ലജ്ജാകരമായവ പ്രതിഫലിപ്പിച്ച് അതിൽ അഭിമാനം കൊള്ളുകയും അതിനെ അവാർഡ് നൽകി ആദരിക്കുകയും ചെയ്യുന്നവർ ക്രിസ്ത്യാനികളോടു മാത്രമല്ല കുരിശിനോടും ക്രൂശിതനോടുമാണ് ശത്രുത പുലർത്തുന്നത്. അല്ലെങ്കിലും കുരിശ് ചിലർക്ക് ഇടർച്ചയും മറ്റു ചിലർക്ക് ഭോഷത്തവുമാണല്ലോ (Cf. 1 കൊറി. 1,23).