മാർപ്പാപ്പായ്ക്ക് പ്ലെയ്‌നിൽ വിവാഹം ആശീർവദിക്കാമോ?

തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിലേയ്ക്ക് 2018-ൽ ഫ്രാൻസിസ് മാർപ്പാപ്പാ നടത്തിയ യാത്രയിൽ താൻ യാത്ര ചെയ്തിരുന്ന വിമാനത്തിൽ വച്ച് ഒരു വിവാഹം ആശീർവദിച്ചത് വാർത്താപ്രാധാന്യം നേടിയിരുന്നല്ലോ. വിമാനത്തിൽ വച്ച്, മാർപ്പാപ്പായ്ക്ക് ഒരു വിവാഹം സാധുവായി ആശീർവദിക്കാമോ എന്നുള്ള ചോദ്യമാണ് പലർക്കുമുള്ളത്.
ഒരു വിവാഹം സാധുവായി നടക്കണമെങ്കിൽ, അത് നടക്കുന്ന സ്ഥലം പ്രധാനപ്പെട്ടതാണ്. ഒരു വിമാനത്തിൽ വച്ച് നടത്തപ്പെടുന്ന വിവാഹം, ഇടവക ദൈവാലയത്തിൽ നടത്തപ്പെടുന്ന വിവാഹത്തെക്കാൾ വ്യത്യസ്ഥമാണ്. അങ്ങനെയെങ്കിൽ, ഈ വിവാഹകർമ്മം എങ്ങനെ നീതീകരിക്കപ്പെടും? പല രാജ്യങ്ങളിലും ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്ന വിവാഹത്തോടൊപ്പം, സിവിൽ നിയമപ്രകാരവും വിവാഹം രജിസ്റ്റർ ചെയ്യപ്പെടണമെന്ന നിയമമുണ്ട്. മാർപ്പാപ്പാ ആശീർവദിച്ച വിവാഹം 2010-ൽ സിവിൽ നിയമപ്രകാരം നടന്നതാണ്. അതിനുശേഷം അവർക്ക് ദൈവാലയത്തിൽവച്ച് വിവാഹം ആശീർവദിക്കാൻ സാധിക്കാതെ പോയി. സിവിൽ നിയമപ്രകാരമുള്ള വിവാഹം സാധുവായ വിവാഹമല്ല. അതിനാൽ അത് കൂദാശയുമല്ല. മേൽ പറഞ്ഞ ദമ്പതികൾ, തങ്ങളുടെ വിവാഹം ദൈവാലയത്തിൽ നടത്തുവാൻ നിശ്ചയിച്ച ദിവസമാണ് ചിലിയിൽ വലിയ ഭൂകമ്പം ഉണ്ടാകുകയും, അവരുടെ ദൈവാലയമുൾപ്പെടെ നശിച്ചു പോകുകയും ചെയ്തത്. ഇതിനോടകം, എട്ടു വർഷങ്ങൾ കടന്നുപോയി. അവരുടെ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ടായി. ഇങ്ങനെയിരിക്കെ, ചിലിയിലേയ്ക്കുള്ള മാർപ്പാപ്പായുടെ യാത്രയിൽ, അദ്ദേഹത്തോടൊപ്പം വിമാനത്തിൽ ഫോട്ടോയ്ക്കു പോസു ചെയ്യുന്ന വേളയിൽ മാർപ്പാപ്പാ അവരുടെ വിവരങ്ങൾ ചോദച്ചു മനസ്സിലാക്കി. സഭാനിയമപ്രകാരം അവർ വിവാഹിതരായിട്ടില്ലായെന്നു കണ്ട്, ആ യാത്രയിൽ തന്നെ മാർപ്പാപ്പാ അവരുടെ വിവാഹം ആശീർവദിച്ചു. ഇവിടെ മനസ്സിലാക്കേണ്ടത്, അവർ വിവാഹത്തെ സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു; വിവാഹ ആശീർവാദമൊഴികെ. സാധാരണയായി, ദമ്പതികളുടെ ഉഭയസമ്മതം, അധികാരപ്പെട്ട വൈദികന്റെ ആശീർവാദം, രണ്ടു സാക്ഷികളുടെ സാന്നിദ്ധ്യം എന്നിവ വിവാഹത്തിന്റെ സാധുതയ്ക്ക് ആവശ്യമാണ്. എന്നാൽ, സഭാനിയമപ്രകാരം ഒരു മെത്രാന്, ഒരു പ്രത്യേക വിവാഹം, പ്രത്യേക കാരണത്താൽ ഇടവക ദൈവാലയത്തിലല്ലാതെ മറ്റൊരു ദൈവാലയത്തിലോ, മറ്റേതെങ്കിലും വിശുദ്ധ സ്ഥലത്തോ വച്ച് നടത്താൻ അനുവദിക്കാവുന്നതാണ്. എന്നാൽ പൗരസ്ത്യ സഭകളിൽ, അവയുടെ പ്രത്യേക നിയമങ്ങൾ ഇക്കാര്യത്തിൽ പാലിക്കപ്പെടണം. എന്നാൽ സഭയിൽ മാർപ്പാപ്പായ്ക്കുള്ള പരമോന്നത അധികാരം ഏതു നിയമത്തിൽ നിന്നും ഇളവുനല്കുവാൻ അദ്ദേഹത്തിനു സാധിക്കും. അദ്ദേഹത്തിനുമാത്രമേ അതിനു സാധിക്കൂ.