സോഷ്യൽ മീഡിയ റീകണ്ടീഷനിംഗ്

0
606

‘റീകണ്ടീഷനിംഗ്’ എന്ന വാക്ക് സോഷ്യോളജിയുമായി ബന്ധപ്പെട്ട് ഉപയോഗിച്ചു പോരുന്നുണ്ട്. ഒരു സമൂഹത്തിലേയ്ക്ക് പുതിയതായി കടന്നുവരുന്ന ഒരു വ്യക്തിയുടെ പഴയ പെരുമാറ്റ രീതികളും ചിന്താശൈലികളും മാറ്റി പുതിയ സമൂഹത്തിന്റെ രീതികൾ പരിശീലിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഗ്രാമങ്ങളിൽ നിന്ന് പട്ടണത്തിലെ കോളേജുകളിൽ പഠിക്കാൻ വരുന്ന കുട്ടികളെ മുതിർന്ന വിദ്യാർത്ഥികൾ ഇപ്രകാരം ശൈലിമാറ്റത്തിന് വിധേയരാക്കാറുണ്ടല്ലോ.
ഈ റീകണ്ടീഷനിംഗ് ഇന്ന് സോഷ്യൽ മീഡിയയിൽ വളരെ ആവശ്യമാണ്. കാരണം ഈ രംഗം നിലവിൽ പലരും കണ്ടീഷനിംഗ് ചെയ്തു വച്ചിരിക്കുകയാണ്. സഭ സോഷ്യൽ മീഡിയയെകുറിച്ച് ചിന്തിക്കുകയും ഈ രംഗത്ത് ഇടപെടലുകൾ ആരംഭിക്കുകയും ചെയ്യുന്നത് ആക്രമണങ്ങൾ ശക്തമായപ്പോഴാണ്. എന്നാൽ ഈതിനു മുമ്പ് തന്നെ രാഷ്ട്രീയ പാർട്ടികളും ചില സാമൂഹിക ശക്തികളും മറ്റ് തല്പരകക്ഷികളും തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. തിരശീലയ്ക്കു പിന്നിൽ മറഞ്ഞിരുന്ന് പാവങ്ങളെ കളിപ്പിക്കുന്ന നാടകക്കാരനെപ്പോലെ ഊരും പേരും വെളിപ്പെടുത്താത്ത വ്യക്തികൾ ഫെയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും ഒക്കെ പുറകിൽ മറഞ്ഞിരുന്ന് തങ്ങൾ ചിന്തിക്കുന്നതുപോലെ നമ്മെക്കൊണ്ട് ചിന്തിപ്പിക്കുകയും തങ്ങളുടെ ശത്രുക്കളെ നമ്മളെക്കൊണ്ട് അക്രമിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ നിന്നും നമ്മൾ പുറത്തുകടന്നില്ലെങ്കിൽ അവർ സമർത്ഥമായി നമ്മെ ഉപയോഗിച്ചുകൊണ്ടിരിക്കും.

പുറത്തുകടക്കാൻ നമുക്ക് ഒരു റീകണ്ടീഷനിംഗ് ആവശ്യമാണ്. അതു സാധ്യമാകണമെങ്കിൽ അവർ നമ്മളെ എപ്രകാരമാണ് കണ്ടീഷനിംഗ് ചെയ്തിരിക്കുന്നത് എന്ന് അറിയണം. അവർ പല പോസ്റ്റുകളിലൂടെയും ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും മറ്റും തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നു. നിഷ്‌കളങ്കമായ തമാശകളെന്നും കാര്യഗൗരവവും യാഥാർത്ഥ്യവും നിറഞ്ഞ പോസ്റ്റകളെന്നും കരുതി നമ്മളിൽ പലരും അവ ഷെയർ ചെയ്യുന്നു. എന്നാൽ അവ പലരും പണംമുടക്കി ആളുകളെ കൊണ്ട് ചെയ്യിക്കുന്നതും യുവജനങ്ങൾക്ക് മൊബൈൽ ചാർജ് അയച്ചുകൊടുത്ത് അവരെക്കൊണ്ട് ഷെയർ ചെയ്യിക്കുന്നതുമാണ്. ഇയിടെ ഫെയ്ബുക്ക് നിർത്തലാക്കിയ പോരാളി ഷാജി എന്ന പേജ് ഇതിന് നല്ല ഉദാഹരണമാണ്. ആ പേജിന് ആറു ലക്ഷം ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്. അവരിൽ പലരും ഇതിലെ പോസ്റ്റുകൾ ഷെയർ ചെയ്തു കഴിയുമ്പോൾ എത്ര പേരിലേക്കാണ് ആ ആശയങ്ങൾ എത്തുന്നത്. കേരളത്തിലെ അതി പ്രമുഖനായ ഒരു കോടീശ്വരൻ മറ്റൊരു ഉദാഹരണമാണ്. സ്വന്തമായ ഒരു പി. ആർ ഏജൻസിയെ വച്ച് താൻ വലിയ മഹാമനസ്‌കനും ചാരിറ്റി പ്രവർത്തകനും സാമൂഹിക സേവകനും ആണെന്ന രീതിയിലുള്ള പോസ്റ്റുകൾ നിർമ്മിപ്പിച്ച് ഷെയർ ചെയ്യിക്കുന്നു. ഇപ്പോൾ ഒരു പ്രമുഖ പത്രവും ഇത് ഏറ്റെടുത്ത് അദ്ദേഹത്തിന്റെ അപദാനങ്ങളെ വാഴ്ത്തിക്കൊണ്ടിരിക്കുന്നു. ഇതുകാണുന്ന അനേകർ അദ്ദേഹത്തെ പുകഴ്ത്തുകയും അവേശത്തോടെ ഷെയർ ചെയ്യുകയും ചെയ്യുന്നു.

മറ്റൊന്ന് തീവ്രവാദികൾ ആളുകളുടെ അഭിരുചിക്ക് ഇണങ്ങിയ ഗ്രൂപ്പുകളും പേജുകളും ഉണ്ടാക്കുന്നു. ഉദാഹരണത്തിന് ജോബ് ഓറിയന്റേഷൻ, കരിയർ ഗൈഡൻസ്, സിനിമ, സ്‌പോർട്ട്‌സ്, രാഷ്ട്രീയം, ചാരിറ്റി തുടങ്ങിയ മേഖലകളെ സംബന്ധിക്കുന്ന ഗ്രൂപ്പുകളും പേജുകളും ഉണ്ടാക്കി അവയിലെ പോസ്റ്റുകളുടെ ഇടയ്ക്ക് തങ്ങളുടെ ആശയങ്ങൾ വിതറുകയും സഭാവിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ അവ എല്ലാ മേഖലകളിലും ഉള്ളവരുടെ ഇടയിൽ വൈറൽ ആകുന്നു.
വേറൊരു മാരകായുധം വ്യാജവാർത്തകളാണ്. കാരണം ഇവയ്ക്ക് ഒരിക്കലും മരണമില്ല. അതു തെറ്റാണ് ഏന്ന് എത്ര തവണ പ്രതികരണം നടത്തിയാലും കുറച്ചു നാളുകൾ കഴിയുമ്പോൾ വീണ്ടും പൊക്കിവിടും.
തീവ്രവാദികൾ സമർത്ഥമായി ഉപയോഗിക്കുന്ന ഒരു ആയുധമാണ് ചാരിറ്റി. ചാരിറ്റി സംഘടനകളോട് ആളുകൾക്ക് സ്‌നേഹം വളരെ കൂടുതലാണെന്ന് അവർക്ക് അറിയാം. ചാരിറ്റിയുടെ ബുർഖ ധരിച്ച് ഒരു തീവ്രവാദ സംഘടന ഈയിടെ തൃശൂർ ജൂബിലി ഹോസ്പിറ്റലിന് എതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച് വൈറൽ ആക്കിയത് നമ്മൾ കണ്ടതാണ്.

ക്രിസ്ത്യൻ പേരുകളിൽ ഫെയ്ക് ഐഡികളും അകൗണ്ടുകളും തുടങ്ങി സഭാവിരുദ്ധത പ്രചരിപ്പിക്കുന്നത് മറ്റൊരു തന്ത്രമാണ്. ക്രിസ്ത്യാനികൾ എല്ലാം സഭയ്ക്ക് എതിരാണ് എന്ന അന്തരീക്ഷം സോഷ്യൽ മീഡിയയാൽ ഉളവാക്കാൻ ഇത് ഉപകരിക്കുന്നു.
നെല്ലും പതിരും തിരിച്ചറിയാൻ പലർക്കും സാധിക്കുന്നില്ല. വാർത്തകൾ ഏറ്റവും വേഗം ഷെയർ ചെയ്യാൻ ആളുകൾക്ക് ആവേശം കൂടുതലാണ്. ആയിരം പ്രാവശ്യം നുണപറഞ്ഞാൽ അതു സത്യമാണ് എന്ന അവസ്ഥവരുന്നു. വിചാരത്തേക്കാൾ വികാരതീവ്രതയോടെ ആളുകൾ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളെ സമീപിക്കുന്നു. അതുകൊണ്ടുതന്നെ നമുക്ക് ഒരു റീകണ്ടീഷനിംഗ് ഈ രംഗത്ത് ആവശ്യമാണ്. ഇതിനോടുള്ള നമ്മുടെ സമീപനരീതികളും പെരുമാറ്റ ശൈലികളും മാറ്റണം. തെറ്റായ ആശയങ്ങളെ മനസ്സിലാക്കാൻ സാധിക്കണം. ഓരോ പോസ്റ്റും കാണുമ്പോൾ അതിൽ എന്ത് എന്നതിനേക്കാൾ അത് എന്തുകൊണ്ട് എന്നു ചിന്തിക്കാൻ നമുക്കു സാധിക്കുന്നെങ്കിൽ ഈ റീകണ്ടീഷനിംഗ് നമ്മളിൽ നടന്നുകഴിഞ്ഞു.