ശെമയോൻ ദ്‌തൈബൂസേഹ് (7th C)

താപസികതയുടെയും മൗതികതയുടെയും ആഴങ്ങളിൽ വ്യാപരിച്ചിരുന്ന പൗരസ്ത്യസുറിയാനി സഭയിലെ വിശ്രുത ദൈവശാസ്ത്രജ്ഞനാണ് ശെമയോൻ ദ്‌തൈബൂസേഹ്. കാതോലിക്കോസായിരുന്ന ഹനനീശോ ഒന്നാമന്റെ കാലത്ത് (ca. 685-692 AD) ജീവിച്ചിരുന്ന ഒരു സന്ന്യാസിയും അക്കാലത്തെ പേരുകേട്ട വൈദ്യന്മാരിൽ ഒരാളുമായിരുന്നു ശെമയോൻ. അക്കാരണത്താൽ അദ്ദേഹം ‘ലൂക്കാ’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റേതായി കരുതപ്പെടുന്ന ചില കൃതികളുടെ കൈയ്യെഴുത്തു പ്രതികളിൽ ശെമയോനെ, ‘റബാൻ ഷാബൂറിന്റെ ശിഷ്യൻ’എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ അദ്ദേഹം റബാൻ ഷാബൂറിന്റെ നേരിട്ടുള്ള ശിഷ്യനോ, അല്ലെങ്കിൽ ഷാബൂറിന്റെ പേരിൽ അറിയപ്പെട്ടിരുന്ന വടക്കുപടിഞ്ഞാറൻ ഇറാക്കിലുണ്ടായിരുന്ന ദയറായിലെ അംഗമോ ആയിരുന്നിരിക്കാം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് വളരെ ചുരുങ്ങിയ വിവരണങ്ങൾ മാത്രമേ നമുക്ക് ലഭ്യമായിട്ടുള്ളൂ. എന്നാൽ ഉന്നത ആദ്ധ്യാത്മിക ദർശനങ്ങൾ സ്വന്തമാക്കിയിരുന്ന ഈ മഹാതാപസികൻ താൻ സ്വീകരിച്ച നാമത്തിലൂടെ തന്നെക്കുറിച്ച് വാചാലനാകുന്നു. ശെമയോൻ ദ്‌തൈബൂസേഹ് എന്നാൽ ‘അവന്റെ (കർത്താവിന്റെ) കൃപയുടെ ശെമയോൻ’എന്നാണ് അർത്ഥം. താൻ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണെന്ന അവബോധം ശെമയോനെ എപ്പോഴും നയിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃതികളിലുടെനീളം ദൈവത്തിന്റ കൃപയെക്കുറിച്ചുള്ള പ്രബോധനങ്ങൾ നിറഞ്ഞുനില്ക്കുന്നു. നമ്മുടെ ജീവിതത്തിൽ ദൈവകൃപയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറയുന്നു: ‘ദൈവികകൃപ നമ്മെ സംരക്ഷിക്കുന്നില്ലെങ്കിൽ നമ്മുടെ തപിക്കുന്ന അദ്ധ്വാനത്തിനൊടുവിൽ ഒരു ചെറിയ വികാരം മതി മെഴുകുപോലെ നാം ഉരുകിത്തീരാൻ…നാം എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്’. വൈദ്യശാസ്ത്രസംബന്ധമായും ആധ്യാത്മികപരമായും അദ്ദേഹം പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടെങ്കിലും ‘കൃപയുടെ ഗ്രന്ഥം (Book of Grace)’ എന്ന പേരിൽ വിഖ്യാതമായ അവസാനത്തെ താപസികകൃതിയാണ് ഏറ്റവും പ്രധാനം. മാതൂത് മലയിൽ താമസിച്ചിരുന്ന താപസ്സരുടെ ഓർമകളാണ് അതിലുള്ളത്.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പൂർണതയിലേക്കുള്ള പ്രയാണത്തിൽ ഒരു താപസികൻ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. 1. തങ്ങൾ അഭിമുഖീകരിക്കാൻ പോകുന്ന കെണികളെക്കുറിച്ചോ അപകടങ്ങളെക്കുറിച്ചോ യാതൊരു മുന്നറിവും കൂടാതെ, അതിനുവേണ്ട തയ്യാറെടുപ്പുകളൊന്നുംകൂടാതെ ഈജിപ്തിൽനിന്ന് വാഗ്ദാനനാട്ടിലേക്ക് ചാടിപുറപ്പെട്ട ഇസ്രായേൽക്കാരുടെ അനുഭവം. തുടർയാത്രയിൽ ക്രമേണ അവർ പതിയിരിക്കുന്ന കെണികളെക്കുറിച്ച് അവബോധമുള്ളവരാകുന്നു. 2. ആർത്തൊഴുകുന്ന നദിയുടെ മദ്ധ്യത്തിൽ എത്തപ്പെട്ട അനുഭവം. ശക്തിയേറിയ ഒഴുക്കിൽപ്പെട്ട് വലയുന്ന അവർ അതിനിടയിൽ പർവതങ്ങളും കടലും കരയുമെല്ലാം കാണുന്നു. തണുത്ത കാറ്റും, കൂരിരുട്ടും, അവ്യക്തതയും, ദുഖവുമെല്ലാം അവരെ ക്ലേശിപ്പിക്കുന്നു. 3. അവസാനഘട്ടം ഭാസുരമായ പ്രകാശത്തിന്റെ ഘട്ടമാണ്. ആധ്യാത്മിക ആരോഹണത്തിൽ കോവണിയുടെ ഉച്ചിയിലെത്തിയ അവർ സമാധാനത്തിന്റെയും സുരക്ഷയുടെയും തുറമുഖത്തണയുന്നു.

വൈദ്യനായ ഈ താപസപിതാവിന്റെ വീക്ഷണത്തിൽ ശാരീരികസുസ്ഥിതിയിലുള്ളവനുമാത്രമേ ആധ്യാത്മികശിക്ഷണം നേടാൻ കരുത്തുണ്ടാകൂ. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള ആത്മാവ് കുടികൊള്ളുന്നു. പഴങ്ങളും ഇലകളും പരസ്പരബന്ധിതങ്ങളാണ്. ഇലകളാണ് പഴങ്ങളുടെ സംരക്ഷകർ. ഇപ്രകാരം ആത്മാവും ശരീരവും പരസ്പരസഹവർത്തിത്വത്തിൽ കഴിയേണ്ടിയിരിക്കുന്നു. ആത്മാവിനെ സംരക്ഷിക്കേണ്ടത് ശരീരമാണ്. പൂർണതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രബോധനങ്ങൾ മാർ ഫ്രാൻസീസ്‌ക്കോസ് പാപ്പായുടെ ആനന്ദിച്ചുല്ലസിക്കുവിൻ (Gaudete et Exultate) എന്ന പ്രമാണ രേഖയിൽ പ്രതിഫലിക്കുന്നില്ലേയെന്നു തോന്നിപ്പോകുന്നു. വന്ദ്യപിതാവായ ശെമയോന്റെ അഭിപ്രായത്തിൽ പൂർണ്ണത കുടികൊള്ളുന്നത് സഹജനോടുള്ള സ്‌നേഹത്തിലാണ്. പൂർണനായ ഒരുവൻ ദൈവികകൃപയാൽ നിറയുമ്പോൾ അപരന്റെ കുറവുകൾക്ക് മുമ്പിൽ അവൻ അന്ധനായിത്തീരുന്നു.

മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്തി വിമർശിക്കുന്നത് ഒരു കലയായി കരുതി പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ തലമുറയെ ശെമയോൻ ദ്‌തൈബൂസേഹിന്റെ ഈ വാക്കുകൾ ഇരുത്തി ചിന്തിപ്പിക്കും:
പൊള്ളയായ ആത്മാവിന്റെ ഉടമകളാണ് അയല്ക്കാരന്റെ ന്യായാധിപർ ചമഞ്ഞ് അവരുടെ നന്മതിന്മകളെ വിധിക്കുക. എന്നാൽ കൃപ നമ്മെ സന്ദർശിക്കുമ്പോൾ, നമ്മുടെ ഹൃദയമാകുന്ന ദർപ്പണത്തിൽ പതിക്കുന്ന സഹജസ്‌നേഹമാകുന്ന ഭാസുരപ്രകാശത്തിൽ ഈ ലോകത്തിൽ ഒരു പാപിയേയോ ഒരു ദുഷ്ടനേയോ കണ്ടെത്തുന്നതിൽ നാം പരാജയപ്പെടുന്നു. മറിച്ച് പിശാചുക്കളുടെ നിയന്ത്രണത്തിൽ ശാപങ്ങളുടെ ഇരുളിലാണ് നാം വ്യാപരിക്കുന്നതെങ്കിൽ നമ്മുടെ ദൃഷ്ടിയിൽ ഈ ലോകത്തിൽ ഒരു നല്ലവനോ, ഒരു നീതിമാനോ കാണില്ല. നമ്മുടെ മനസ്സിന്റെ മിഴികൾ അപരന്റെ ബലഹീനതകൾക്ക് മുമ്പിൽ പൂർണമായും അടയുമ്പോൾ നമ്മുടെ ഹൃദയം ദൈവത്താൽ നവ്യമാക്കപ്പെടും.